തിരയുക

ഫ്രാന്‍സീസ് പാപ്പാ “ക്രിസ്തൂസ് വീവിത്ത്” (CHRISTUS VIVIT  “ക്രിസ്തു ജീവിക്കുന്നു”) എന്ന സിനഡാനന്തര അപ്പസ്തോലികോപദേശത്തില്‍  ഒപ്പു വയ്ക്കുന്നു, ലൊറേത്തൊയിലെ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ തിരുഭവനത്തിന്‍റെ ബസിലിക്കയിലെ  തിരുഭവനത്തിന്‍റെ കപ്പേളയില്‍ വച്ച്, 25/03/2019. ഫ്രാന്‍സീസ് പാപ്പാ “ക്രിസ്തൂസ് വീവിത്ത്” (CHRISTUS VIVIT “ക്രിസ്തു ജീവിക്കുന്നു”) എന്ന സിനഡാനന്തര അപ്പസ്തോലികോപദേശത്തില്‍ ഒപ്പു വയ്ക്കുന്നു, ലൊറേത്തൊയിലെ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ തിരുഭവനത്തിന്‍റെ ബസിലിക്കയിലെ തിരുഭവനത്തിന്‍റെ കപ്പേളയില്‍ വച്ച്, 25/03/2019. 

“ക്രിസ്തൂസ് വീവിത്ത്” സിനഡാനന്തര അപ്പസ്തോലിക പ്രബോധനം

ഫ്രാന്‍സീസ് പാപ്പാ ലൊറേത്തൊ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തില്‍

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

“ക്രിസ്തൂസ് വീവിത്ത്” (CHRISTUS VIVIT) അതായത്, “ക്രിസ്തു ജീവിക്കുന്നു” എന്ന സിനഡാനന്തര അപ്പസ്തോലികോപദേശത്തില്‍ പാപ്പാ ഒപ്പുവച്ചു.

വത്തിക്കാനില്‍ നിന്ന് 290 കിലോമീറ്ററോളം കിഴക്കുമാറി, അഡ്രിയാറ്റിക് കടല്‍ത്തീരത്തിനടുത്തു സ്ഥിതിചെയ്യുന്ന ലൊറേത്തൊയിലെ പരിശുദ്ധ കന്യകാമറിയത്തിന്‍റെ തീര്‍ത്ഥാടനകേന്ദ്രം മംഗളാവാര്‍ത്താത്തിരുന്നാള്‍ ദിനമായിരുന്ന മാര്‍ച്ച് 25-ന് തിങ്കളാഴ്ച (25/03/2019) സന്ദര്‍ശിച്ച ഫ്രാന്‍സീസ് പാപ്പാ പ്രസ്തുത ബസിലിക്കയുടെ അകത്തുളള, മറിയത്തിന്‍റെ ഭവനത്തിന്‍റെ കപ്പേളയില്‍, രാവിലെ അര്‍പ്പിച്ച ദിവ്യബലിയുടെ അവസാനത്തിലാണ് അള്‍ത്താരയില്‍ വച്ചുതന്നെ ഈ അപ്പസ്തോതിലികോപദേശത്തില്‍ ഒപ്പു വച്ചത്.

2018 ഒക്ടോബര്‍ 3 മുതല്‍ 28 വരെ വത്തിക്കാനില്‍ യുവജനത്തെ അധികരിച്ച് സംഘടിപ്പിക്കപ്പെട്ട, “യുവജനവും വിശ്വാസവും ദൈവവിളി തിരിച്ചറിയലും” എന്ന ചര്‍ച്ചാപ്രമേയം സ്വീകരിച്ചിരുന്ന, മെത്രാന്മാരുടെ സിനഡുസമ്മേളനത്തില്‍ ഉരുത്തിരിഞ്ഞ തീരുമാനങ്ങളും നിര്‍ദ്ദേശങ്ങളും ആശയങ്ങളുമെല്ലാം ഇഴകോര്‍ത്ത് പാപ്പാ തയ്യാറാക്കിയിരിക്കുന്നതാണ് ഈ സിനഡാനന്തര അപ്പസ്തോലികോപദേശം. 

ഒരു തീര്‍ത്ഥാടകന്‍ എന്ന നിലയിലാണ് മരിയഭക്തനായ ഫ്രാന്‍സീസ് പാപ്പാ, ലൊറേത്തൊയില്‍, പരിശുദ്ധ കന്യാകമറിയത്തിന്‍റെ പവിത്ര സന്നിധാനത്തില്‍ തിങ്കളാഴ്ച എത്തിയത്.

നസ്രത്തില്‍ പരിശുദ്ധ കന്യാകമറിയം ജനിച്ചുവളര്‍ന്നതും മംഗളവാര്‍ത്ത ലഭിച്ചതുമായ തിരുഭവനത്തിന്‍റെ മതിലുകള്‍ അടങ്ങിയ പ്രധാനഭാഗങ്ങള്‍ ലൊറേത്തൊയിലേക്കു കൊണ്ടുവരപ്പെട്ടുവെന്നാണ് പാരമ്പര്യം. ഈ ഭവനം ഉള്‍ക്കൊള്ളുന്നതാണ് ലൊറേത്തൊയിലെ തിരുഭവനത്തിന്‍റെ ബസിലിക്ക. 

നസ്രത്തില്‍ നിന്ന് കുരിശു യുദ്ധകാലത്ത്, അതായത്, 1249-1293 വരെയുള്ള കാലയളവില്‍, ആണ്, ഈ ഭവനം ആദ്യം ക്രോവേഷ്യയിലേക്കും അവിടെനിന്ന് പിന്നീട് ലൊറേത്തൊയിലേക്കും കൊണ്ടുവരപ്പെട്ടതെന്ന് കരുതപ്പെടുന്നു. 

ലൊറേത്തൊയിലെ നാഥ ‘വൈമാനികരുടെ മദ്ധ്യസ്ഥ”യായും (The Patroness of Pilots ) വണങ്ങപ്പെടുന്നു.

ഇറ്റലിയില്‍ നിന്ന് ലൂര്‍ദ്ദ് ഉള്‍പ്പടെയുള്ള മരിയന്‍ തീര്‍ത്ഥാടന കേന്ദ്രങ്ങളിലേക്ക് രോഗികളെ കൊണ്ടുപോകുന്ന സംഘടനയില്‍പ്പെട്ട എണ്ണൂറോളം യുവതീയുവാക്കളും ലൊറേത്തോയില്‍ ഫ്രാന്‍സീസ് പാപ്പായെ സ്വീകരിക്കാന്‍ എത്തിയിരുന്നു. 

വത്തിക്കാനില്‍ നിന്ന് ഹെലിക്കോപ്റ്ററിലായിരുന്നു പാപ്പായുടെ ലോറേത്തൊ യാത്ര. ലൊറേത്തൊ പ്രിലേച്ചറിന്‍റെ ചുമതലയുള്ള ആര്‍ച്ചുബിഷപ്പ് ഫാബിയൊ ദല്‍ ചിന്‍, ലൊറെത്തൊ സ്ഥിതിചെയ്യുന്ന മാര്‍ക്കെ പ്രദേശത്തിന്‍റെ അധിപന്‍ ലൂക്ക ചെറിഷ്യോളി, ലൊറേത്തൊ നഗരാധിപന്‍ പാവൊളൊ നിക്കൊളേത്തി തുടങ്ങിയവര്‍ ചേര്‍ന്നാണ് പാപ്പായെ സ്വീകരിച്ചത്.

ഹെലിക്കോപ്റ്ററില്‍ നിന്നിറങ്ങിയ പാപ്പാ ലൊറേത്തൊയിലെ തിരുഭവനത്തിന്‍റെ  ബസിലിക്കയിലേക്കു പോകുകയും ബസിലിക്കയില്‍ തിരുഭവനത്തിന്‍റെ കപ്പേളയില്‍ ദിവ്യബലി അര്‍പ്പിക്കുകയും ചെയ്തു.

വിശുദ്ധ കുര്‍ബ്ബനായുടെ അവസാനം “ക്രിസ്തൂസ് വീവിത്ത്” സിനഡാനന്തര അപ്പസ്തോലികോപദേശം ഒപ്പുവയ്ക്കുകയും ആശീര്‍വ്വാദം നല്കുകയും ചെയ്തതിനു  ശേഷം പാപ്പാ സങ്കീര്‍ത്തിയില്‍ വച്ച്, ഈ ബസിലിക്കയില്‍ അജപാലന ശുശ്രൂഷ നിര്‍വ്വഹിക്കുന്ന കപ്പൂച്ചിന്‍ വൈദികരെ അഭിവാദ്യം ചെയ്യുകയും തനദ്ദനന്തരം ബസിലിക്കയില്‍ സന്നിഹിതരായിരുന്ന രോഗികളുടെ ചാരെയെത്തി അവര്‍ക്ക് സാന്ത്വനം പകരുകയും ചെയ്തു. 

തദ്ദനന്തരം പാപ്പാ ദേവാലയാങ്കണത്തില്‍ സന്നിഹിതരായിരുന്ന പതിനായിരത്തോളം പേരെ സംബോധനചെയ്തു. ഈ പ്രഭാഷണാനന്തരം ഫ്രാന്‍സീസ് പാപ്പാ ചത്വരത്തില്‍ സന്നിഹിതരായിരുന്നവരുമൊത്ത് ത്രികാലപ്രാര്‍ത്ഥന ചൊല്ലി. പ്രാര്‍ത്ഥനാന്തരം പാപ്പാ വിശ്വാസികളുടെ ഇടയിലേക്കിറങ്ങുകയും അവരുമൊത്ത് അല്പസമയം ചെലവഴിക്കുകയും ചെയ്തു. തുടര്‍ന്ന് പാപ്പാ മെത്രാന്മാരുമൊത്തു ഉച്ചവിരുന്നില്‍ പങ്കെടുത്തതിനുശേഷം വത്തിക്കാനിലേക്കു മടങ്ങി.         

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

25 March 2019, 13:23