Cerca

Vatican News
ഫ്രാന്‍സീസ് പാപ്പാ ലൊറേത്തൊയിലെ ബസിലിക്കയില്‍, "പരിശുദ്ധമറിയത്തിന്‍റെ ഭവനത്തില്‍" ദിവ്യപൂജാര്‍പ്പണ വേളയില്‍ 25/03/2019 ഫ്രാന്‍സീസ് പാപ്പാ ലൊറേത്തൊയിലെ ബസിലിക്കയില്‍, "പരിശുദ്ധമറിയത്തിന്‍റെ ഭവനത്തില്‍" ദിവ്യപൂജാര്‍പ്പണ വേളയില്‍ 25/03/2019  (ANSA)

പാപ്പായുടെ ലൊറേത്തൊ സന്ദര്‍ശനം!

ഫ്രാന്‍സീസ് പാപ്പാ ലൊറേത്തൊയില്‍ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രം സന്ദര്‍ശിച്ചു.

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

“ദൈവകൃപ നിറഞ്ഞവളേ, സ്വസ്തി” ഗബ്രിയേല്‍ ദൈവദൂതന്‍ മറിയത്തോടു പറഞ്ഞ ഈ വാക്കുകള്‍, ദൈവപുത്രന്‍റെ മനുഷ്യാവതാരരഹസ്യത്തെക്കുറിച്ചു ധ്യാനിക്കാന്‍ പറ്റിയ സവിശേഷ സ്ഥാനമായ ലൊറേത്തൊയിലെ മരിയന്‍ ദേവാലയത്തില്‍ തനിമയയോടെ മുഴങ്ങുന്നുവെന്ന് മാര്‍പ്പാപ്പാ.

വത്തിക്കാനില്‍ നിന്ന് 290 കിലോമീറ്ററോളം കിഴക്കുമാറി അഡ്രിയാറ്റിക് കടല്‍ത്തീരനത്തിനടുത്തു സ്ഥിതിചെയ്യുന്ന ലൊറേത്തൊയിലെ പരിശുദ്ധ കന്യകാമറിയത്തിന്‍റെ തീര്‍ത്ഥാടകേന്ദ്രം മംഗളാവാര്‍ത്താത്തിരുന്നാള്‍ ദിനമായിരുന്ന മാര്‍ച്ച് 25-ന് തിങ്കളാഴ്ച (25/03/2019) സന്ദര്‍ശിച്ച ഫ്രാന്‍സീസ് പാപ്പാ, പ്രസ്തുത ദേവാലയത്തിനകത്തുള്ള പരിശുദ്ധ മറിയത്തിന്‍റെ തിരുഭവനത്തിലെ അള്‍ത്താരയില്‍ രാവിലെ അര്‍പ്പിച്ച ദിവ്യബലിക്കു ശേഷം ദേവാലയാങ്കണത്തില്‍ സന്നിഹിതരായിരുന്ന പതിനായിരത്തോളം പേരെ സംബോധനചെയ്യുകയായിരുന്നു. 

പരിശുദ്ധ കന്യകാമറിയം ദൈവഹിതത്തിന് സമ്മതമരുളിക്കൊണ്ട് യേശുവിന്‍റെ  അമ്മയായിത്തീര്‍ന്ന ഇടമായ നസ്രത്തില്‍ നിന്ന് കൊണ്ടുവന്നതെന്ന് പാരമ്പര്യം പറയുന്ന മറിയത്തിന്‍റെ ഭവനത്തിന്‍റെ മതിലുകള്‍ ലൊറേത്തോയിലെ ദേവാലയത്തില്‍ ഉണ്ടെന്ന് അനുസ്മരിച്ച പാപ്പാ അത് മറിയത്തിന്‍റെ വീടാണെന്നറിയപ്പെടാന്‍ തുടങ്ങിയതു മുതല്‍ അവിടം ദൈവമാതാവിന്‍റെ സംപൂജ്യവും പ്രിയങ്കരവുമായ സാന്നിധ്യത്തിന്‍റെ ഇടമായി മാറിയെന്ന് പ്രസ്താവിച്ചു.

തിരുഭവനം യുവജനത്തിന്‍റെയും കുടുംബത്തിന്‍റെയും രോഗികളുടെയും ഗൃഹം ആണെന്ന് പാപ്പാ തന്‍റെ പ്രഭാഷണത്തില്‍ വിശദീകരിക്കുകയും സിനഡാനന്തര അപ്പസ്തോലിക പ്രബോധനം “ക്രിസ്തൂസ് വീവിത്ത്” (CHRISTUS VIVIT), “ക്രിസ്തു ജീവിക്കുന്നു” തിരുഭവനത്തില്‍ വച്ച് താന്‍ ഒപ്പുവച്ചത് അനുസ്മരിക്കുകയും ചെയ്തു.

ഈ തിരുഭവനം യുവതയുടെ വീടാണെന്നു പറയാന്‍ കാരണം, ഇവിടെയാണ്, കൃപാവരപൂരിതയായ യുവതി, അതായത്, പരിശുദ്ധ മറിയം, പുതിയ തലമുറകളെ അവരുടെ വിളി കണ്ടെത്താന്‍ സഹായിച്ചുകൊണ്ട് അവരോടു സംസാരിക്കുന്നതു തുടരുന്നതെന്ന് പാപ്പാ വിശദീകരിച്ചു.

മംഗളാവാര്‍ത്തവേളയില്‍ ദൈവവിളിയുടെ ത്രിമാനങ്ങള്‍ ആവിഷ്കൃതമാകുന്നുണ്ടെന്നും യുവജനങ്ങളെ അധികരിച്ചു വത്തിക്കാനില്‍ നടന്ന സിനഡുസമ്മേളനം ഈ മൂന്നു മാനങ്ങള്‍ വിശകലനം ചെയ്തുവെന്നും പ്രസ്താവിച്ച പാപ്പാ ദൈവവചനവും ദൈവിക പദ്ധതിയും ശ്രവിക്കല്‍, വിളി തിരിച്ചറിയറിയല്‍, തീരുമാനം എന്നിവയാണ് ഈ ത്രിമാനങ്ങള്‍ എന്ന് വ്യക്തമാക്കി.

മംഗളവാര്‍ത്താവേളയില്‍ ആദ്യം മറിയം ദൈവവചനം ശ്രവിക്കുകയും തുടര്‍ന്ന്, ദൈവദൂതന്‍റെ വാക്കുകള്‍ എങ്ങനെ നിറവേറ്റപ്പെടുമെന്ന് ചേദിച്ചുകൊണ്ട് ദൈവത്തിന്‍റെ  വിസ്മയ പ്രവര്‍ത്തികള്‍ കണ്ടെത്താന്‍ ശ്രമിക്കുകയും അവസാനമായി “അരുളിചെയ്തു പോലെ എന്നില്‍ നിറവവേറട്ടെ” എന്ന് ദൈവദൂതനോടു പ്രത്യുത്തരിച്ചുകൊണ്ടി  മറിയം തീരുമാനം അറിയിക്കുന്നതും പാപ്പാ ഈ മൂന്നു മാനങ്ങള്‍ എപ്രകാരം മംഗളാവാര്‍ത്താസംഭവത്തില്‍ തെളിയുന്നുവെന്ന് വിശദീകരിച്ചു.

മറിയത്തിന്‍റെ ശിക്ഷണത്തിന്‍ കീഴില്‍ സ്വന്തം ദൈവവിളി കണ്ടെത്താന്‍ പഠിക്കുന്നതിന് യുവതീയുവാക്കള്‍ക്ക് എത്താവുന്ന സവിശേഷമായ ഇടമാണ് ലൊറേത്തൊയെന്ന് പാപ്പാ പറഞ്ഞു.

ഇന്ന് അതിസൂക്ഷ്മം കൈകാര്യം ചെയ്യേണ്ട ഒരവസ്ഥയുള്ള ലോകത്തില്‍, സ്ത്രീയും പുരുഷനും തമ്മിലുളള വിവാഹം അടിത്തറയായുള്ള കുടുംബത്തിന് അതീവ പ്രാധാന്യവും സത്താപരമായ ഒരു ദൗത്യവും ഉണ്ടെന്ന് പാപ്പാ  മറിയത്തിന്‍റെ ഭവനം കുടുംബത്തിന്‍റെ വീടാണെന്ന് വിശദീകരിക്കവെ പറഞ്ഞു.

കുടുംബത്തെ സംബന്ധിച്ച ദൈവിക പദ്ധതി വീണ്ടും കണ്ടെത്തേണ്ടതിന്‍റെ പ്രാധാന്യവും പാപ്പാ ചൂണ്ടിക്കാട്ടി.

ശാരീരികമായും ആദ്ധ്യാത്മികമായും വേദനിക്കുന്നവര്‍ മറിയത്തിന്‍റെ ഭവനത്തില്‍ സ്വാഗതം ചെയ്യപ്പെടുകയും ആ അമ്മ തലമുറകളായി കര്‍ത്താവിന്‍റ കാരുണ്യം അവര്‍ക്ക് പകരുന്നുവെന്നും ഉദ്ബോധിപ്പിച്ചുകൊണ്ട് പാപ്പാ മറിയത്തിന്‍റെ ഭവനം രോഗികളുടെ ഭവനമാണെന്ന് വിശദീകരിച്ചു.

രോഗം കുടുംബത്തെ മുറിപ്പെടുത്തുന്നുവെന്നും എന്നാല്‍ രോഗികള്‍ കുടുംബത്തിനകത്ത് സ്വീകരിക്കപ്പെടണമെന്നും വീടും കുടുംബവുമാണ് രോഗികളെ സ്നേഹിക്കുകയും, അവര്‍ക്ക് താങ്ങാകുകയും, ധൈര്യം പകരുകയും ചെയ്യുന്ന പ്രഥമ ചികിത്സയെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.

ഈ പ്രഭാഷണാനന്തരം ഫ്രാന്‍സീസ് പാപ്പാ ചത്വരത്തില്‍ സന്നിഹിതരായിരുന്നവരുമൊത്ത് ത്രികാലപ്രാര്‍ത്ഥന ചൊല്ലി.

പ്രാര്‍ത്ഥനാന്തരം പാപ്പാ വിശ്വാസികളുടെ ഇടയിലേക്കിറങ്ങുകയും അവരുമൊത്ത് അല്പസമയം ചെലവഴിക്കുകയും ചെയ്തു.

തുടര്‍ന്ന് പാപ്പാ മെത്രാന്മാരുമൊത്തു ഉച്ചവിരുന്നില്‍ പങ്കെടുത്തതിനുശേഷം വത്തിക്കാനിലേക്കു മടങ്ങി. 

നസ്രത്തില്‍ പരിശുദ്ധ കന്യാകമറിയം ജനിച്ചുവളര്‍ന്നതും മംഗളവാര്‍ത്ത ലഭിച്ചതുമായ തിരുഭവനത്തിന്‍റെ മതിലുകള്‍ അടങ്ങിയ പ്രധാനഭാഗങ്ങള്‍ ലൊറേത്തൊയിലേക്കു കൊണ്ടുവരപ്പെട്ടുവെന്നാണ് പാരമ്പര്യം. ഈ ഭവനം ഉള്‍ക്കൊള്ളുന്നതാണ് ലൊറേത്തൊയിലെ തിരുഭവനത്തിന്‍റെ ബസിലിക്ക.

നസ്രത്തില്‍ നിന്ന് കുരിശു യുദ്ധകാലത്ത്, അതായത്, 1249-1293 വരെയുള്ള കാലയളവില്‍, ആണ്, ഈ ഭവനം ആദ്യം ക്രോവേഷ്യയിലേക്കും അവിടെനിന്ന് പിന്നീട് ലൊറേത്തൊയിലേക്കും കൊണ്ടുവരപ്പെട്ടതെന്ന് കരുതപ്പെടുന്നു. 


    

 

26 March 2019, 09:53