തിരയുക

Vatican News
The close up of Mother of Loreto with the Son The close up of Mother of Loreto with the Son 

ലോകത്തെ യുവജനങ്ങള്‍ക്കുള്ള കത്ത് പാപ്പാ പ്രകാശിപ്പിക്കും

മാര്‍ച്ച് 25 തിങ്കളാഴ്ച ഇറ്റലിയിലെ ലൊരേറ്റോ നാഥയുടെ തിരുനടയില്‍...

- ഫാദര്‍ വില്യം  നെല്ലിക്കല്‍ 

എല്ലാ യുവജനങ്ങള്‍ക്കുമുള്ള കത്ത്
യുവജനങ്ങളെ സംബന്ധിച്ച മെത്രാന്മാരുടെ സിനഡു സമ്മേളനത്തിന്‍റെ പ്രബോധന രേഖയാണ്
(The Post synodal Document) ഇറ്റലിയിലെ ലൊരേറ്റോ മേരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തില്‍വച്ചു പാപ്പാ ഫ്രാന്‍സിസ് യുവജങ്ങള്‍ക്കുള്ള കത്തായി പ്രകാശനംചെയ്യാന്‍ പോകുന്നത്. ലോകത്തെ എല്ലാ യുവജനങ്ങളെയും പാപ്പാ ഫ്രാന്‍സിസ് ഈ നീണ്ടകത്തില്‍ അഭിസംബോധനചെയ്യും. 2018 ഒക്ടോബര്‍ മാസത്തിലാണ് വത്തിക്കാനില്‍വച്ച് “യുവജനങ്ങളും അവരുടെ ദൈവവിളിയും ജീവിതതിരഞ്ഞെടുപ്പുകളും” എന്ന വിഷയത്തെ ആധാരമാക്കി ഒരുമാസം നീണ്ട സിനഡുസമ്മേളനം നടന്നത്.

ലൊരേറ്റോയില്‍ ഒരപൂര്‍വ്വ തീര്‍ത്ഥാടകന്‍
അതിപുരാതനവും വിശ്വവിഖ്യാതവുമായ ഈ മേരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തില്‍ പാപ്പാ ഫ്രാന്‍സിസ് എത്തുന്നത് ഒരു തീര്‍ത്ഥാടകനായിട്ടാണ്. മാര്‍ച്ച് 25, തിങ്കളാഴ്ച പ്രാദേശിക സമയം രാവിലെ 9 മണിക്ക് വത്തിക്കാനില്‍നിന്നും 200-കിലോമീറ്ററില്‍ അധികം അകലെയുള്ള ലൊരേറ്റോയില്‍ ഹെലിക്കോപ്റ്ററില്‍ എത്തിച്ചേരുന്ന പാപ്പാ, ലൊരേറ്റോ നാഥയുടെ തിരുനടയില്‍ സമൂഹബലിയര്‍പ്പിക്കും. ദിവ്യബലിയുടെ അന്ത്യത്തിലായിരിക്കും യുവജനങ്ങള്‍ക്കായി വിളിച്ചുകൂട്ടിയ സിനഡു സമ്മേളനത്തിന്‍റെ പഠനങ്ങളും തീര്‍പ്പുകളും ഉള്‍ച്ചേര്‍ത്തുള്ള പ്രമാണരേഖ പാപ്പാ പ്രബോധിപ്പിക്കുന്നത്.

ലൊരേറ്റോയില്‍ പാപ്പായുടെ പരിപാടികള്‍
വിശ്വാസികള്‍ക്കൊപ്പം അര്‍പ്പിക്കുന്ന സമൂഹബലി, വചനപ്രഭാഷ​ണം, ദിവ്യബലിയുടെ അന്ത്യത്തില്‍ നടത്തപ്പെടുന്ന യുവജനങ്ങളെ സംബന്ധിച്ച സിനഡിന്‍റെ ഫലപ്രാപ്തിയായ പ്രമാണരേഖയുടെ പ്രകാശനം (Post Synodal Document), ലൊരേറ്റൊ തീര്‍ത്ഥാടന കേന്ദ്രത്തിന്‍റെ സംരക്ഷകരായ ഫ്രാന്‍സിസ്ക്കന്‍ സമൂഹവുമായി നടത്തുന്ന നേര്‍ക്കാഴ്ച, രോഗീസന്ദര്‍ശനവും ആശീര്‍വ്വാദവും.
 
ത്രികാലപ്രാര്‍ത്ഥനയും മടക്കയാത്രയും
തിങ്കളാഴ്ച പ്രാദേശിക സമയം 12 മണിയോടെ തീര്‍ത്ഥാടനകേന്ദ്രത്തില്‍ സമ്മേളിക്കുന്ന വിശ്വാസികളെ പൊതുവായി അഭിസംബോധനചെയ്യുന്ന പാപ്പാ, അവര്‍ക്കൊപ്പം ത്രികാലപ്രാര്‍ത്ഥനചൊല്ലി ആശീര്‍വ്വാദം നല്കും. തുടര്‍ന്ന് ലൊരേറ്റോ അതിരൂപതയിലെ മെത്രാന്മാര്‍ക്കൊപ്പം ഉച്ചഭക്ഷണം കഴിച്ചശേഷം ഹെലിക്കോപ്റ്ററില്‍ പാപ്പാ വത്തിക്കാനിലേയ്ക്കു മടങ്ങും.

24 March 2019, 13:14