തിരയുക

ഫ്രാന്‍സിസ് പാപ്പാ  പൊതു കൂടികാഴ്ച്ചയില്‍ പ്രഭാഷണം നല്‍കുന്നു ഫ്രാന്‍സിസ് പാപ്പാ പൊതു കൂടികാഴ്ച്ചയില്‍ പ്രഭാഷണം നല്‍കുന്നു 

വിശുദ്ധിക്ക് വിഘ്നം സൃഷ്ടിക്കുന്ന ശത്രുക്കള്‍

“GAUDETE ET EXSULTATE” അഥവാ “ആനന്ദിച്ചാഹ്ലാദിക്കുവിൻ” എന്ന ഫ്രാന്‍സിസ്‍ പാപ്പായുടെ അപ്പോസ്തോലിക പ്രബോധനത്തിന്‍റെ രണ്ടാം അദ്ധ്യായത്തിലെ 35 ആം ഭാഗത്തെ കുറിച്ചുളള വിചിന്തിനം.

സി.റൂബിനി സി.റ്റി.സി

അപ്പോസ്തോലിക പ്രബോധനം

അപ്പോസ്തോലിക പ്രബോധനമെന്നത് കത്തോലിക്കാ സഭയില്‍ മാര്‍പ്പാപ്പാ പ്രസിദ്ധികരിക്കുന്ന ഔദ്യോഗിക ലേഖനങ്ങളുടെ വിവിധതരത്തിലുളള പരമ്പരകളില്‍പ്പെടുന്ന ഒരു ലേഖനമാണ്. ഇവയുടെ പ്രാധാന്യ ശൃംഖലയില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ചാക്രീക ലേഖനങ്ങള്‍ കഴിഞ്ഞാല്‍ തൊട്ടടുത്ത സ്ഥാനമാണ് അപ്പോസ്തോലിക പ്രബോധനങ്ങള്‍ക്കുളളത്.

രണ്ടാമദ്ധ്യായം:

വിശുദ്ധിയുടെ വഴിയില്‍ നാം അഭിമുഖികരിക്കേണ്ടി വരുന്ന രണ്ടു ശത്രുക്കളാണ് “ഗ്നോസ്റ്റിസിസം”(Gnosticism),പെലേജിയനിസം”(Pelagianism) എന്ന പാഷണ്ഡതകള്‍. ഈ രണ്ടു പാഷണ്ഡതകളെയും സൂക്ഷിക്കാൻ പാപ്പാ നിർദ്ദേശിക്കുന്നു. എല്ലാം അറിയാമെന്ന ചിന്തയും, കരുണയില്ലാതെ നിയമങ്ങളിൽ മുറുകെ പിടിച്ചു നില്‍ക്കുന്ന മനോഭാവവും വിശുദ്ധിയുടെ മാർഗ്ഗത്തെ വിദൂരത്തിലാക്കുന്നുവെന്ന് പാപ്പാ ഓർമ്മിപ്പിക്കുന്നു.

ഈ ലോകത്തിൽ നടക്കുന്ന ആക്രമങ്ങളുടെയും, യുദ്ധങ്ങളുടെയും പിന്നിൽ മതവും വിശ്വാസവും കൂടി കാരണങ്ങളാക്കപ്പെടുന്ന സാഹചര്യങ്ങളിലാണ് നാം ജീവിക്കുന്നത്. നിത്യ ചൈതന്യമായ ദൈവത്തെ പ്രാപിക്കാൻ സഹായിക്കുന്ന മതത്തെ സ്വാർത്ഥതയുടെ ചമയം പൂശി അശാന്തിയുടെയും, അക്രമത്തിന്‍റെയും ആയുധമാക്കി മത വിശ്വാസത്തെ മാറ്റിയിരിക്കുന്ന ഒരു കാലഘട്ടത്തിലാണ് ഇന്ന് നാം ജീവിക്കുന്നത്. നമ്മുടെ വിശ്വാസ ജീവിതത്തിനും, വിശുദ്ധിയിലേക്കുള്ള വിളിക്കും തടസ്സവും അപകടവും സൃഷ്ടിക്കുന്ന ആദര്‍ശങ്ങളുടെയും, സിദ്ധാന്തങ്ങളുടെയും, പാഷാണ്ഡതകളുടെയും കെണിയിൽ  വീഴാതിരിക്കാൻ സഭാ പിതാക്കന്മാരുടെ പഠനങ്ങളിലൂടെയും, മാർപ്പാപ്പാമാരുടെ ചാക്രീക ലേഖനങ്ങൾ, അപ്പോസ്തോലിക പ്രബോധനങ്ങള്‍, ദൈവ ശാസ്ത്രജ്ഞൻമാരുടെ പഠനങ്ങള്‍ എന്നിവയിലൂടെ തിരുസഭാ മാതാവ് സഭാമക്കളെ സംരക്ഷിക്കുന്നുണ്ട്.

35. ആധുനിക ലോകത്തിൽ ജീവിക്കുന്ന നമ്മെ വിശുദ്ധിയിൽ വളരാൻ തടസ്സമായിരിക്കുന്ന വൈദഗ്‌ദ്ധ്യമുള്ള രണ്ട് ശത്രുക്കളെ കുറിച്ച് ഫ്രാൻസിസ് പാപ്പാ  “ആനന്ദിച്ചാഹ്ലാദിക്കുവിൻ” എന്ന തന്‍റെ അപ്പോസ്തോലിക  പ്രബോധനത്തിന്‍റെ രണ്ടാം അദ്ധ്യായത്തിൽ വ്യക്തമായി നമ്മെ പഠിപ്പിക്കുന്നു. ആദിമ ക്രൈസ്തവ സഭയിൽ നിലനിന്നിരുന്നതും ആധുനിക കാലത്തിൽ പകർച്ചവ്യാധിയായി നമ്മുടെ സമൂഹത്തിൽ  നിലനിൽക്കുന്നതും വിശുദ്ധിയെ  തെറ്റായ രൂപത്തിൽ അവതരിപ്പിച്ചു നമ്മെ വഴിതെറ്റിക്കുകയും ചെയ്യുന്ന രണ്ട് പാഷാണ്ഡതകളാണ് ഗ്നോസ്റ്റിസിസവും (Gnosticism), പെലേജിയനിസവും(Pelagianism). 

ഗ്നോസ്റ്റിസിസം (Gnosticism)

ഗ്നോസ്റ്റിസിസം ആദിമ നൂറ്റാണ്ടു മുതൽ സഭയിൽ പടർന്ന ഒരു പാഷാണ്ഡതയാണ്. വിജ്ഞാനം എന്നർത്ഥമുള്ള ഗ്നോസിസ് എന്ന ഗ്രീക്ക് പദത്തിൽ നിന്നാണ് ഇത് ഉരുത്തിരിയുന്നത്. സത്യമായ തിരിച്ചറിവു ലഭിക്കുന്നവർക്കായി നീക്കിവച്ചിട്ടുള്ള ആത്മരക്ഷ കൈവരിക്കാനുതകുന്ന ഒരു രഹസ്യവിജ്ഞാനം ഉണ്ടെന്ന് ഈ പാഷാണ്ഡത പഠിപ്പിച്ചു.

മനുഷ്യാത്മാവ് നൈസർഗ്ഗീകമായി നല്ലതാണെന്നും അത് നൈസർഗ്ഗീകമായി തിന്മയായ അല്ലെങ്കിൽ മായയായ ശരീരത്തിന്‍റെ  തടവിലാക്കപ്പെട്ടിരിക്കയാണെന്നും  അതിനാൽ ശരീരമാകുന്ന തടവിൽ നിന്ന് ആത്മാവിനെ തുറന്നു വിടാനുള്ള താക്കോലാണ് ഈ രഹസ്യവിജ്ഞാനമെന്നും പഠിപ്പിക്കുന്നു. ശരീരത്തെയും ആത്മാവിനേയും വേർതിരിച്ചുള്ള ഈ അബദ്ധപഠനം, യേശു ഈ രഹസ്യവിജ്ഞാനത്തിന്‍റെ ദൂതനാണെന്നും യേശുവിന്‍റെ മനുഷ്യാവതാരത്തിൽ ശരീരം യാഥാർത്ഥമല്ല എന്നു ചിന്തിക്കുന്നത്തലം വരെ എത്തി. ഈ പാഷാണ്ഡത സഭയിൽ വിദൂരഫലങ്ങളുളവാക്കി. ശരീരവുമായി ബന്ധപ്പെട്ടതെല്ലാം തിന്മയാണെന്നും അക്ഷരാർത്ഥത്തിൽ  ആത്മാവിനെ രക്ഷിക്കാൻ അതെല്ലാം നശിപ്പിക്കേണ്ടതാണെന്നും എന്ന ചിന്തയും രൂപപ്പെട്ടു. ആത്മാവിനു മാത്രം അമിത പ്രധാന്യം കൊടുത്ത് ശരീരത്തെ തിന്മ മാത്രമായി തഴയുന്ന പ്രവണതയാണ് ഈ പാഷാണ്ഡത നല്‍കിയത്.

നമ്മുടെ ശരീരം ദൈവത്തിന്‍റെ ആലയമാണെന്നും അതിനെ വിശുദ്ധിയോടെ സൂക്ഷിക്കണമെന്നും വചനം നമ്മെ പഠിപ്പിക്കുമ്പോൾ ശരീരം തിന്മയായി മാറുന്നതെങ്ങനെയാണ്. ക്രിസ്തു നമ്മുടെ ആത്മാവിന്‍റെയും ശരീരത്തിന്‍റെയും മനസ്സിന്‍റെയും നാഥനാണ്. അതുകൊണ്ടു ശരീരം കൂടാതെ ഈശ്വരസാക്ഷാത്കാരം പ്രാപിക്കാനാവുമെന്നു ചിന്തിക്കുന്നതും പ്രവർത്തിക്കുന്നതും സ്വീകാര്യമല്ല.

പെലേജിയനിസം (Pelagianism) 

ആദിപാപം മനുഷ്യപ്രകൃതിയെ മലിനപ്പെടുത്തിയില്ല എന്നും മനുഷ്യർക്ക് നന്മയും തിന്മയും സ്വയം തിരഞ്ഞെടുക്കാൻ കഴിയുമെന്നും അതിന് പ്രത്യേക ദൈവകൃപയുടെ ആവശ്യമില്ല എന്നും പഠിപ്പിക്കുന്ന മറ്റൊരു പാഷാണ്ഡതയായിരുന്നു.

354 മുതല്‍ 420/440 വരെയുള്ള കാലഘട്ടത്തിൽ ജീവിച്ചിരുന്നെന്ന് കരുതപ്പെടുന്ന പെലേജിയൂസ് എന്ന സന്യാസിയുടെ നാമത്തിൽ അറിയപ്പെടുന്ന ഈ പാഷാണ്ഡത ദൈവം മനുഷ്യനെ സൃഷ്ടിച്ചപ്പോൾ അവന് നൽകിയ കഴിവുകൾ മാത്രം ഉപയോഗിച്ച് ദൈവകൃപയില്ലാതെ തന്നെ മനുഷ്യന് രക്ഷപ്രാപിക്കാൻ കഴിയുമെന്ന വീക്ഷണമാണ് നൽകുന്നത്. നമ്മുടെ കാലഘട്ടത്തിലും പല ക്രിസ്ത്യാനികളും യാഥാർഥ്യത്തെ തിരിച്ചറിയാതെ കത്തോലിക്കാ സഭയുടെ സത്യമെന്നു തെറ്റുധരിച്ച് ദൈവത്തെ മാറ്റി നിറുത്തി മനുഷ്യ കേന്ദ്രീകൃതമായി സർവ്വതും ഉടനെ സാധൂകരിക്കാനാവുമെന്നു ചിന്തിച്ച് വഞ്ചന നിറഞ്ഞ പാഷാണ്ഡതകളാൽ വശീകരിക്കപ്പെടുന്നുവെന്നു  ഫ്രാൻസിസ് പാപ്പാ നമ്മെ ഓർമ്മപ്പെടുത്തുന്നു. ദൈവകൃപ കൂടാതെ രക്ഷനേടാമെന്ന ചിന്താധാര നമ്മെ നാശത്തിലേക്കാണ് നയിക്കുന്നത്.

സൃഷ്ടിയുടെ ആരംഭം മുതൽ ഇന്ന് വരെ സത്യം എപ്പോഴും തെറ്റുധരിക്കപ്പെടുന്നു. അസത്യം സത്യമായി അംഗീകരിക്കപ്പെടുന്നുവെങ്കിലും നിത്യ സത്യമായ ദൈവത്തിന്‍റെ മുന്നിൽ അസത്യത്തിനു പ്രകാശിക്കാൻ കഴിയുകയില്ല. നാം ജീവിക്കുന്ന ലോകത്തിൽ   നമ്മുടെ വിശ്വാസ സത്യങ്ങളെ  പോലും വഞ്ചന നിറഞ്ഞ പഠനങ്ങളും,  ആദര്‍ശങ്ങളും  ചില സമയത്തിൽ നമ്മിൽ നിന്നും അകറ്റി നിർത്തുന്നു. ഈ അപകടങ്ങളെ കുറിച്ച് അവബോധം ഉള്ളവരായിരിക്കണമെന്നാണ് ഈ അദ്ധ്യായത്തിൽ പാപ്പാ ഊന്നി പറയുന്നത്.

ഗ്നോസ്റ്റിസിസം(Gnosticism), പെലേജിയനിസം(Pelagianism) എന്ന രണ്ട് പാഷാണ്ഡതകളെ സ്വീകരിക്കുമ്പോൾ നാം നമ്മിൽ മാത്രം ആശ്രയിക്കുന്നവരും നമുക്കായി മാത്രം ജീവിക്കുന്നവരുമായി തീരുമെന്ന് ഓർമ്മിപ്പിക്കുന്ന പാപ്പാ മറ്റുള്ളവരെക്കാൾ നാം ഉന്നതരാണെന്നു സ്വയം കരുതി സുവിശേഷവത്ക്കരണം നടത്തുന്നതിന് പകരം മറ്റുള്ളവരെ കുറിച്ച് വിശകലനം ചെയ്യാനും, അവരെ തരം താഴ്ത്തി കാണിക്കുവാനും ശ്രമിക്കുന്നു. ദൈവത്തിന്‍റെ കൃപയ്ക്കു വാതിൽ തുറന്നു കൊടുക്കാതെ മറ്റുള്ളവരെ പരിശോധിക്കുന്നതിന് നമ്മുടെ ശക്തിയെ വിനിയോഗിക്കുന്നുവന്നു ഓർമ്മപ്പെടുത്തുകയും ചെയ്യുന്നു. ഇങ്ങനെ പ്രവർത്തിക്കുമ്പോൾ ദൈവത്തെ കുറിച്ചോ, മറ്റുള്ളവരിലുള്ള നന്മയെ കുറിച്ചോ ചിന്തിക്കാതെ സ്വയം ശ്രേഷ്ടരായി കരുതി നമ്മിൽത്തന്നെ കുടുങ്ങി കിടക്കുകയും, സഭാപഠനങ്ങളിൽ നിന്നുകന്നും ജീവിക്കുന്നു.

ദൈവമൊഴികെ മറ്റൊന്നിലും രക്ഷയില്ല എന്ന സത്യമാണ് യഥാർത്ഥത്തിൽ നമ്മുടെ ശക്തിയും,ബലവും. ജീവിത ദുരിതങ്ങളിലായിരിക്കുമ്പോൾ എല്ലാ വാതിലുകളും അടക്കയ്ക്കപ്പെട്ടുവെന്നു കരുതുന്ന സമയത്തിൽ ഒരിക്കലും അടയ്ക്കാത്ത വാതിലായും  വഴിയായും നമ്മുടെ മുന്നിൽ വരുന്നത് ദൈവം മാത്രമാണ്. സ്വന്തം ശരീരത്തിൽ പീഡകളേറ്റു കുരിശുമരണത്തിലൂടെ രക്ഷ വാങ്ങി തന്ന ദൈവ പുത്രനെ ദൈവം നൽകിയ കഴിവുകൾ കൊണ്ട് നിഷേധിക്കുന്നത് ദൈവത്തോട് മനുഷ്യൻ കാണിക്കുന്ന ക്രൂരതയാണ്.

ദൈവാശ്രയമില്ലാതെ  ജീവിക്കാനാവുമെന്ന ചിന്ത ലോകത്തെ ഭരിച്ചുകൊണ്ടിരിക്കുന്നു. സ്വന്തം കഴിവുകളിലും, നേട്ടങ്ങളിലും സന്തോഷം കണ്ടെത്താനുള്ള മനുഷ്യന്‍റെ ഓട്ടത്തിൽ പണവും,പദവിയും അവന്‍റെ മുന്നിൽ ദൈവങ്ങളായി പ്രത്യക്ഷപ്പെടുന്നു. മനുഷ്യന് ദൈവം നൽകിയ കഴിവുകളെ ദൈവ മഹത്വത്തിനായി ഉപയോഗിക്കാതെ കഴിവുകളെ ദൈവമായി കാണുന്ന  കെണികളെ തിരിച്ചറിയണമെന്ന് പാപ്പാ നമ്മോടാവശ്യപ്പെടുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

21 March 2019, 11:39