തിരയുക

Vatican News
Divine Master Retreat House chapel in Ariccia Divine Master Retreat House chapel in Ariccia  (Vatican Media)

ഓര്‍മ്മയുടെ വഴികളിലാണ് ഭാവിയുടെ വഴി തെളിയുന്നത്

അരീച്യയിലെ ധ്യാനത്തിന്‍റെ മൂന്നാം ദിവസത്തെ സായാഹ്നപ്രഭാഷണത്തിലെ ചില ചിന്തകള്‍.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

ശുശ്രൂഷ പ്രകടനമല്ല സാക്ഷ്യമാണ്
പ്രേഷിത ജീവിതം വ്യക്തിയുടെ പ്രകടനമല്ല, ദൈവവചനത്തിന്‍റെ ശുശ്രൂഷയില്‍ നല്കേണ്ട സാക്ഷ്യമാണ്. സമകാലീന മനുഷ്യന്‍റെ കാലത്തിനൊത്തെന്ന് പറയുന്ന ജീവിതവും പ്രത്യയശാസ്ത്രവും ഭൂമിയെ ഭ്രമിപ്പിക്കുന്നതാണ്. സമകാലീന ജീവിതം ഭൂതകാലത്തില്‍നിന്ന് പരിണമിക്കാത്തതും, അത് ഭാവിയെ ഗൗനിക്കാത്തതുമാണ്. അത് ഒരു ക്ഷണപ്രഭയോ, മിന്നൊളിയോ തരുന്നില്ലെന്നു പറഞ്ഞ് ഭൂതകാലത്തെ നിഷേധിച്ചും, ഭാവിയെക്കുറിച്ചുള്ള കരുതലോ, കൂസലോ ഇല്ലാതെ ജീവിക്കുന്ന ശൈലി ഇന്നിന്‍റെ ചിന്താഗതിയാണ് (Contemporary ideology).

‘ആധിപത്യപരമായ വീക്ഷണം’ 
വ്യക്തികളുടെയും പ്രസ്ഥാനങ്ങളുടെയും ഇപ്രകാരമുള്ള ‘ആധിപത്യപരമായ വീക്ഷണം’  (hegemonic) ഭൂമിയില്‍ മനുഷ്യജീവിതത്തിന്‍റെ മേന്മയെ ശോഷിപ്പിക്കുകയാണ്. ഇത് കെട്ടുറപ്പില്ലാത്ത ഒരു വര്‍ത്തമാനകാലത്തിന്‍റെ ശോച്യമായ അവസ്ഥയും, സമകാലീന മനുഷ്യന്‍റെ രോഗാവസ്ഥയുമാണ്. ഇന്നിന്‍റെ നവസാങ്കേതികതയാല്‍ കീഴ്പ്പെടുത്തപ്പെട്ട ഈ സമകാലീന ചിന്താഗതിയും പ്രത്യയ ശാസ്ത്രവും, പഴയകാര്യങ്ങള്‍ നന്മയാണെങ്കില്‍പ്പോലും, അവ ഓര്‍ക്കുന്നതും നന്ദിയുള്ളവരായിരിക്കുന്നതും ക്ലേശകരമായി കാണുന്നു. ഓര്‍ക്കുക എന്നതും, നന്ദിപറയുക എന്നതുമെല്ലാം ഇക്കൂട്ടര്‍ക്ക് കഠിനതരമായ കാര്യങ്ങളായി മാറിയിട്ടുണ്ട്.  

നന്മകള്‍ ഓര്‍മ്മിക്കാത്ത അലക്ഷ്യര്‍
എന്നാല്‍ ഓര്‍മ്മിക്കുന്നതിലും നന്ദിയുള്ളവരായിരിക്കുന്നതിലും കാണിക്കുന്ന അലസതയും അനാസ്ഥയും, ചരിത്രത്തിലും സമയത്തിലും ജീവിക്കുന്നതിനുള്ള സ്ഥിരോത്സാഹവും ജീവിതനിഷ്ഠയും ലക്ഷ്യബോധവും വ്യക്തിജീവിതത്തില്‍ ഇല്ലാത്തതുകൊണ്ടാണ്. ഓര്‍മ്മയുടെ വഴികളില്‍നിന്നു മാത്രമേ ഇന്നിന്‍റെ മനുഷ്യന് ഭാവിയുടെ വഴി തെളിഞ്ഞുവരുന്നതെന്ന് ആബട്ട് ജ്യാന്നി വിശദീകരിച്ചു.

ഓര്‍മ്മ വിശ്വാസ ജീവിതത്തിന്‍റെ ഭാഗം
പഴയ നിയമത്തില്‍ ഇസ്രായേല്‍ ജനത കാണിച്ച ഓര്‍മ്മയുടെയും നന്ദിയുടെയും ജീവിതപശ്ചാത്തലത്തില്‍, ഓര്‍മ്മ നമ്മുടെ വിശ്വാസ ജീവിതത്തിന്‍റെ ഭാഗമാണ്. അത് പഴയനിയമത്തില്‍ ദൈവജനം നല്കിയ നന്മകളുടെ ഓര്‍മ്മയും, അവയുടെ അടിസ്ഥാനത്തില്‍ വളരുന്ന “നിയമാവര്‍ത്തനപര”മായ സംഭവവികാസങ്ങളുമാണ്.

“ഇതെന്‍റെ ഓര്‍മ്മയ്ക്കായ് ചെയ്യുവിന്‍!”
പുതിയ നിമയമത്തില്‍ ക്രിസ്തു നമുക്കായി നല്കിയ ദിവ്യകാരുണ്യം, നവഇസ്രായേലായ സഭയുടെ നിത്യേനയുള്ള ജീവിതത്തിന്‍റെ ഓര്‍മ്മച്ചെപ്പിലെ ദൈവിക നന്മകളുടെയും കൃതജ്ഞതാസ്തോത്രത്തിന്‍റെയും മങ്ങാത്ത സ്മരണകളുടെ അടയാളമാണ്. ക്രിസ്തു അന്ത്യത്താഴ വിരുന്നില്‍ അതു ലോകത്തിനായി സ്ഥാപിച്ചത്, “ഇതു നിങ്ങള്‍ എന്‍റെ ഓര്‍മ്മയ്ക്കായ് ചെയ്യുവിന്‍…” എന്ന് ആഹ്വാനംചെയ്തു കൊണ്ടാണ്  (ലൂക്കാ 22, 19). സുവിശേഷവത്കൃതമായ ആനന്ദത്തില്‍, അതിനാല്‍ എപ്പോഴും നന്ദിയുടെ സ്മരണകള്‍ നിറഞ്ഞുനില്ക്കും. ക്രിസ്തുവിന്‍റെ ഉത്ഥാനസന്തോഷത്തിലേയ്ക്ക് നയിക്കുന്ന ദൈവിക സ്മരണകളുടെ മണിച്ചെപ്പായ പരിശുദ്ധ ദിവ്യകാരുണ്യത്തിലേയ്ക്കാണ് വിശ്വാസികള്‍, പ്രത്യേകിച്ച് സഭാശുശ്രൂഷകര്‍ ഉറ്റുനോക്കി അനുദിനം ജീവിക്കേണ്ടത്.

14 March 2019, 17:43