തിരയുക

Vatican News
Pope Francis leads the Ash Wednesday Holy Mass in the Basilica of San Sabina Pope Francis leads the Ash Wednesday Holy Mass in the Basilica of San Sabina 

തപസ്സാചരണത്തിനു പാപ്പാ ഫ്രാന്‍സിസ് തുടക്കം കുറിച്ചു

അവന്‍റൈന്‍ കുന്നിലെ വിശുദ്ധ സബീനയുടെ ബസിലിക്കയിലെ വിഭൂതിയാചരണത്തോടെ സഭയിലെ വലിയനോമ്പ് ആരംഭിച്ചു.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

മനുഷ്യജീവിതങ്ങള്‍ക്ക് സാന്ത്വനമാകേണ്ട തപസ്സാചരണം
വ്യഗ്രതപ്പെട്ട മനുഷ്യജീവിതങ്ങള്‍ക്ക് സാന്ത്വനമേകാന്‍ തപസ്സനുഷ്ഠാനത്തിനു സാധിക്കുമെന്ന സന്ദേശവുമായിട്ടായിരുന്നു പാപ്പാ ഫ്രാന്‍സിസ് റോമിലെ വിഭൂതിത്തിരുനാളിന്‍റെ തിരുക്കര്‍മ്മങ്ങള്‍ക്ക് നേതൃത്വംനല്കിയത്. മാര്‍ച്ച് 6, ബുധനാഴ്ച പ്രാദേശിക സമയം വൈകുന്നേരം 4.30-ന് റോമിലെ അവന്‍റൈന്‍ കുന്നില്‍ സാന്‍ ആന്‍സ്ലമിന്‍റെ നാമത്തിലുള്ള ആശ്രമ ദേവാലയത്തില്‍നിന്നും പാപ്പാ ഫ്രാന്‍സിസിന്‍റെ നേതൃത്വത്തില്‍ ഇറങ്ങിയ അനുതാപ പ്രദക്ഷിണത്തോടെ തിരുക്കര്‍മ്മങ്ങള്‍ക്ക് തുടക്കമായി.

സാന്‍ സബീനയിലേയ്ക്ക് പ്രദക്ഷിണത്തോടെ തുടക്കം
സമീപത്തുള്ള സാന്‍ സബീനയുടെ മഹാദേവാലയത്തില്‍ എത്തിച്ചേര്‍ന്ന പ്രദക്ഷിണം – ആമുഖപ്രാര്‍ത്ഥന, വചനപാരായണം, പാപ്പാ ഫ്രാന്‍സിസിന്‍റെ വചനപ്രഭാഷണം, ഭസ്മാശീര്‍വ്വാദം, വിശ്വാസികളുടെ ശിരസ്സിലെ ഭസ്മംപൂശല്‍ എന്നിവയോടെ തുടര്‍ന്നു.

അനുതാപത്തിനുള്ള കാഹളനാദം
ജോവേല്‍ പ്രവാചകന്‍റെ ഭാഷയില്‍ വിഭൂതിത്തിരുനാള്‍ ദൈവജനത്തിന്‍റെ അനുതാപത്തിനുള്ള കാഹളമാണെന്ന് പാപ്പാ അനുസ്മരിപ്പിച്ചു (ജോവേല്‍ 2, 15). അത് കര്‍ത്താവിങ്കലേയ്ക്കു തിരിയാനുള്ള കാഹളനാദമാണ്. ജീവിതത്തില്‍ അലക്ഷ്യമായി നീങ്ങുന്നവര്‍ക്ക് ലക്ഷ്യം നല്കാനും, കാതലായ കാര്യങ്ങളില്‍ ശ്രദ്ധപതിക്കാനും, വിശ്വസ്തതയോടെ ജീവിത ഉത്തരവാദിത്ത്വങ്ങളില്‍ വ്യാപരിക്കാനും ദൈവം നമ്മെ വിളിക്കുകയാണ്. അങ്ങനെ പ്രാര്‍ത്ഥനയിലൂടെയും ഉപവാസത്തിലൂടെയും ഉപവിപ്രവര്‍ത്തനങ്ങളിലൂടെയും മനുഷ്യരെ ദൈവത്തിങ്കലേയ്ക്കും സഹോദരങ്ങളിലേയ്ക്കും അടുപ്പിക്കുന്ന അനുഗ്രഹത്തിന്‍റെ ദിനങ്ങളാകട്ടെ ഇതെന്നും പാപ്പാ ഫ്രാന്‍സിസ് ആശംസിച്ചു.

സമാപനാശീര്‍വ്വാദം
ഭസ്മംപൂശലിനെ തുടര്‍ന്ന് പാപ്പാ ഫ്രാന്‍സിസിന്‍റെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെട്ട സമൂഹബലിയോടെ ഏപ്രില്‍ 20, പെസഹാരാത്രിയില്‍ സമാപിക്കുന്ന 50 നാളുകള്‍ നീളുന്ന സഭയിലെ നോമ്പിന് തുടക്കംകുറിച്ചു.  

06 March 2019, 18:16