Vatican News
ഫ്രാന്‍സിസ് പാപ്പാ തപസ്സുകാല ധ്യാനത്തിലേക്കുളള യാത്രയില്‍...  ഫ്രാന്‍സിസ് പാപ്പാ തപസ്സുകാല ധ്യാനത്തിലേക്കുളള യാത്രയില്‍...   (AFP or licensors)

വിശുദ്ധിയില്‍ വളരാന്‍ ദൈവസ്വരം കേള്‍ക്കണം

“GAUDETE ET EXSULTATE” അഥവാ “ആനന്ദിച്ചാഹ്ലാദിക്കുവിൻ” എന്ന ഫ്രാന്‍സിസ്‍ പാപ്പായുടെ അപ്പോസ്തോലിക പ്രബോധനത്തിന്‍റെ ഒന്നാം അദ്ധ്യായത്തിലെ 29-34 വരെയുള്ള ഭാഗങ്ങളെ കുറിച്ചുളള വിചിന്തിനം

“ആനന്ദിച്ചാഹ്ലാദിക്കുവിൻ” എന്ന ഫ്രാന്‍സിസ്‍ പാപ്പായുടെ അപ്പോസ്തോലിക  പ്രബോധനത്തിൽ വിശുദ്ധിയിൽ വളരാൻ നാം അഭ്യസിക്കേണ്ട സാധനകളെ കുറിച്ച് പാപ്പാ സംസാരിക്കുന്നു. നാം ഓരോരുത്തരും ജീവിതത്തെ ജീവിക്കാൻ പരിശ്രമിക്കുന്നവരാണ്. ഈ ലോകത്തിൽ നിന്ന് കൊണ്ടാണ് നാം ഈ പരിശ്രമം നടത്തുന്നത്.  ലോകത്തിന്‍റെ ബഹളങ്ങളുടെ ഇടയിൽ നിന്ന് കൊണ്ടാണ്  ശാന്തമായി ജീവിക്കാൻ നാം പരിശ്രമിക്കുന്നത്. പുറം ലോകത്തിന്‍റെ ശബ്ദങ്ങളിൽ നിന്നും മാറി നിൽക്കാതെ നമ്മുടെ ആന്തരീക ലോകത്തിൽ എത്തിപ്പെടാൻ നമുക്ക് കഴിയുകയില്ല. അതിനു ദൈവത്തിന്‍റെ ശബ്ദത്തെ മറ്റു ശബ്ദങ്ങളിൽ നിന്നും തിരിച്ചറിയാൻ കഴിയണം. വിശുദ്ധിയിൽ വളരാൻ ദൈവം നൽകുന്ന നിർദ്ദേശങ്ങളെ ശ്രവിക്കണമെങ്കിൽ ശാന്തതയുടെ ലോകം നമ്മിൽ രൂപപ്പെടുത്തണ​മെന്നത് അത്യാവശ്യമാണ്.

പ്രണിധാന ജീവിതം

29. ഉപഭോഗ സംസ്കാരത്തിന്‍റെ മക്കളാണെന്ന്‌ വിശേഷിപ്പിക്കാവുന്ന രീതിയിലാണ് നമ്മുടെ ജീവിതം. നിരന്തരമായി നാം ഉപയോഗിക്കുന്ന നവീന ഉപകരണങ്ങളുടെയും, നമ്മുടെ യാത്രകളിലെ വിസ്മയങ്ങളുടെയും, ഉപഭോഗ വസ്തുക്കളുടെയും, പ്രദര്‍ശനങ്ങളുടെയും ശബ്ദ ലഹരിയിലായിരിക്കുമ്പോൾ ദൈവശബ്ദം ശ്രവിക്കുന്നതിനുള്ള സാഹചര്യങ്ങൾ നമ്മുടെ ജീവിതത്തിൽ നിന്നും അന്യമായിക്കൊണ്ടിരിക്കുന്നു. മോഹന വാഗ്ദാനങ്ങളിലും,സുഖലോലുപതകളിലുംആമഗ്നരായിരിക്കുന്നുവെന്ന് നമ്മെ ഓർമ്മിപ്പിക്കുന്ന പാപ്പാ ഈ ലോകത്തിലെ നമ്മുടെ താത്കാലിക നിലനില്‍പ്പിനായി ഇവയെ മാത്രം ആശ്രയിച്ച് യഥാർത്ഥ സത്യങ്ങളെ നിഷേധിക്കുമ്പോൾ നഷ്ടമാകുന്നത് നമ്മുടെ ജീവിതത്തിന്‍റെ അർത്ഥവും, ജീവിതം തന്നെയുമാണെന്നു ഉത്‌ബോധിപ്പിക്കുന്നു. നമ്മെ വശീകരിക്കുന്ന ലോകത്തിൽ ജീവിക്കുമ്പോൾ എങ്ങനെയാണ് ദൈവവുമായി സംസാരിക്കാൻ കഴിയുന്നത്? നമ്മുടെ ഹൃദയത്തിന്‍റെ ഉള്ളിൽ മന്ത്രിക്കുന്ന ദൈവത്തോടു സംഭാഷണം ചെയ്യുന്നതിനു എന്ത് മാര്‍ഗ്ഗമാണ് നാം സ്വീകരിക്കേണ്ടതെന്ന് പാപ്പാ നമ്മെ പഠിപ്പിക്കുന്നു.

 30-31 ദൈവശബ്ദത്തെ വിസ്മരിക്കുന്ന ലോകത്തിന്‍റെ ശബ്ദങ്ങൾ നമ്മുടെ വിശ്രമ സമയത്തെ പോലും അപകടത്തിലേക്ക് നയിക്കുന്നു. ഇത് നമ്മുടെ പ്രേഷിത പ്രവർത്തനങ്ങളോടു ഇഷ്ടക്കേട് തോന്നിപ്പിക്കുകയും സമർപ്പണത്തെ തളർത്തുകയും, നന്മ ചെയ്യാനുള്ള നമ്മുടെ വിശാല മനസ്സിനെയും പ്രയത്‌നത്തെയും നിര്‍വീര്യമാക്കുകയും ചെയ്യുന്നു. അത് കൊണ്ട് നമുക്ക് വിശുദ്ധിയുടെ ആത്മാവ് ആവശ്യമാണ്. ഈ ആത്മാവ് നമ്മുടെ  കർമ്മങ്ങളെയും, വ്യക്തിപരമായ ജീവിതത്തെയും, സുവിശേഷവത്ക്കരണത്തിനായുള്ള നമ്മുടെ പരിശ്രമങ്ങളെയും ആത്മ സമർപ്പണത്തോടെ നിർവ്വഹിക്കുവാൻ നമ്മെ സഹായിക്കും.

പൂർണ്ണ മനുഷ്യരായി ജീവിക്കുക

32-34 നാമായിരിക്കുന്ന അവസ്ഥയെയും, നാം ആയിത്തീരേണ്ട അവസ്ഥയെയും കുറിച്ച് വിശുദ്ധി നമ്മെ പഠിപ്പിക്കുന്നു. നമ്മുടെ ആത്മീയ ജീവിതത്തെയും, അനുദിന ജീവിതത്തെയും ഒരേ പോലെ ജീവിക്കാൻ കഴിയണം. ഈ രണ്ടു ജീവിതവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. നമ്മുടെ അനുദിന ജീവിതത്തിലൂടെയാണ് മറ്റുള്ളവർ നമ്മുടെ ആദ്ധ്യാത്മികതയെ തിരിച്ചറിയുന്നത്. ആത്മീയ ജീവിതത്തിനു കൂടുതൽ പ്രാധാന്യം നൽകി പൊതു ജീവിതം ആവശ്യപ്പെടുന്ന ഉത്തരവാദിത്വങ്ങളിൽ കുറവു വരുത്തുന്നതും, ആത്മീയത ഇല്ലാതെ അലക്ഷ്യമായി ജീവിക്കുന്നതും വിശുദ്ധിയിൽ നിന്നും  നമ്മെ അകറ്റിനിർത്തുന്നതാണെന്നു നാം തിരിച്ചറിയണം.

“ആനന്ദിച്ചാഹ്ലാദിക്കുവിൻ” എന്ന ഫ്രാന്‍സിസ്‍ പാപ്പായുടെ അപ്പോസ്തോലിക  പ്രബോധനത്തിൽ വിശുദ്ധിയെ ഭയത്തോടെ സമീപിക്കേണ്ടാവശ്യമില്ലെന്ന് പാപ്പാ പഠിപ്പിക്കുന്നു. വിശുദ്ധി നമ്മുടെ ശക്തിയേയോ, സന്തോഷത്തെയോ, ചൈതന്യത്തെയോ നമ്മിൽ നിന്നും എടുത്തു മാറ്റുന്നില്ല. മറിച്ച് നമ്മെ സൃഷ്ടിച്ചപ്പോൾ നാം എന്തായി തീരണമെന്ന് പിതാവായ ദൈവം ആഗ്രഹിച്ചുവോ അതേ പോലെ ആയിത്തീരാനും, നമ്മുടെ ആന്തരീക ലോകത്തിൽ നമ്മോടു തന്നെ വിശ്വസ്ഥരായിരിക്കാനും നമ്മെ സഹായിക്കുമെന്ന് പാപ്പാ ഓർമ്മിപ്പിക്കുന്നു.       

ഈ ലോകത്തിൽ ജീവിക്കുന്ന നാം എത്രയെത്ര മുഖങ്ങളോടാണ് ജീവിക്കുന്നത്. മറ്റുള്ളവരുടെ മുന്നിൽ നല്ലവരായി നമ്മെ പ്രതിഷ്ഠിക്കുവാനും, നമ്മുടെ സൽപേരിനും, സന്തോഷത്തിനും, അധികാരത്തിനും, നിലനിപ്പിനും വേണ്ടി ഈ ലോകത്തിൽ പല മുഖങ്ങളുമായി നാം പ്രത്യക്ഷപ്പെടുന്നു. നാമെത്ര മുഖങ്ങൾ സൂക്ഷിച്ചാലും ദൈവ തിരുമുഖത്തിന്‍റെ മുന്നിൽ ഒരു ദിവസം നാം നില്‍ക്കേണ്ടവരാണെന്ന് നാം മറന്നു പോകുകയും ചെയ്യുന്നു. എന്നാൽ നാം നമ്മോടു വിശ്വസ്ഥരായിരിക്കണമെന്നു പാപ്പാ ഉത്‌ബോധിപ്പിക്കുന്നു. അതിനു ദൈവത്തിന്‍റെ തിരുമുഖത്തെ നാം ധ്യാനിക്കണം. ഈ ധ്യാനം നമ്മെ ദൈവാശ്രയത്തിലേക്കു നയിക്കും. ദൈവത്തെ ആശ്രയിച്ച് ജീവിക്കുമ്പോൾ തിന്മയുടെ അടിമത്വത്തിൽ നിന്നും നമുക്ക് വിമോചനം ലഭിക്കുമെന്നും നമ്മുടെ ജീവിതത്തിന്‍റെ ശ്രേഷ്ഠതയെ തിരിച്ചറിയാൻ കഴിയുമെന്നും പാപ്പാ പഠിപ്പിക്കുന്നു. വിശുദ്ധിയുടെ ജീവിതം നമ്മെ കൂടുതൽ ധൈര്യമുള്ളവരാക്കുന്നു.  ജീവിതത്തിലുണ്ടാകുന്ന സഹനങ്ങളെ സാഹസീകതകളായി കണ്ട് അതിനെ അതിജീവിക്കാൻ ബലം നൽകുന്നു.

സഹനങ്ങളെ സാഹസീകതകളായി കാണാം

ദുരിദങ്ങൾക്കിടയിലും ദൈവത്തെ മാത്രം ആശ്രയിച്ചു വിശുദ്ധിയിലേക്ക് പ്രവേശിച്ച വിശുദ്ധ ജോസ്ഫിന്‍ ബഖീത്തായെ ഉദാഹരണമാക്കുന്ന പാപ്പാ, ഏഴാം വയസ്സിൽ  നാടുകടത്തപ്പെടുകയും, അടിമയായി വില്‍ക്കപ്പെടുകയും, ക്രൂരരായ  അധികാരികളുടെ കരങ്ങളാൽ സഹനങ്ങൾ ഏറ്റെടുക്കുകയും ചെയ്ത വിശുദ്ധയാണ്. സഹനങ്ങളുടെ മുന്നില്‍ നില്‍ക്കുമ്പോഴും ദൈവത്തിൽ മാത്രം ആശ്രയിക്കുകയും, മനുഷ്യനല്ല  ദൈവമാണ് യഥാർത്ഥ സത്യമെന്നു തിരിച്ചറിയുകയും, മനസ്സിലാക്കുകയും ചെയ്തു. ദൈവം എല്ലാ മനുഷ്യരുടെയും സർവ്വാധികാരിയാണെന്നു തിറിച്ചറിയിപ്പിച്ച അനുഭവങ്ങൾ ബഖീത്തായെ ജ്ഞാനത്തിന്‍റെ ഉറവിടത്തിലേക്കാണ് നയിച്ചതെന്ന് വെളിപ്പെടുത്തുന്നു.

ക്രൈസ്തവ ജീവിതം വിശുദ്ധിക്കുവേണ്ടിയുള്ളതും വിശുദ്ധിയുടെ ജീവിതവുമാണ്. നാം നമ്മുടെ ദൗത്യം നിര്‍വ്വഹിക്കുമ്പോഴും, പ്രവർത്തിക്കുമ്പോഴും വിശുദ്ധിയിൽ ജീവിക്കാൻ പരിശ്രമിക്കണം. ഈ പരിശ്രമത്തിന്‍റെ യാത്രയിൽ നാം കടന്നു പോകേണ്ട കഠിനവഴികളുണ്ട്. ക്രിസ്തു പറയുന്നത് പോലെ ബലം പ്രയോഗിക്കുന്നവർക്കു മാത്രമേ സ്വർഗ്ഗരാജ്യം കൈവശപ്പെടുത്താനാകുകയുള്ളു. ഈ ബലപ്രയോഗം തന്നെയാണ് സത്യത്തിനും,നീതിക്കും,സമത്വത്തിനും വേണ്ടിയുള്ള നമ്മുടെ ആത്മാർത്ഥമായ അർപ്പണവും, അനുഭവിക്കേണ്ടി വരുന്ന സഹനങ്ങളും. ഈ സഹനങ്ങളെ കണ്ടു ഭയപെടാതെ ധീരതയോടെ വിശുദ്ധിയുടെ ചുവടുകൾ വച്ച് നീങ്ങണമെന്നു പാപ്പാ നമ്മോടാവശ്യപ്പെടുന്നു. അതിനായി നമ്മുടെ കാഴ്ച്ചകളെയും, കാഴ്ച്ചപ്പാടുകളെയും ഉന്നതമാക്കി നിറുത്തണം. ദൈവത്താൽ സ്നേഹിക്കപ്പെടാനും,സ്വതന്ത്രമാക്കപ്പെടാനും നാം നമ്മെ അനുവദിക്കണം.

പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടാൻ നാം ഭയപ്പെടരുത്. നമ്മുടെ ബലഹീനതകളും, ദൈവ കൃപയുടെ ബലവും തമ്മിലുള്ള കണ്ടുമുട്ടല്‍ വിശുദ്ധിയുടെ പാതകളിലുളളത് കൊണ്ട് വിശുദ്ധി നമ്മെ ഒരിക്കലും ചെറിയ മനുഷ്യരാക്കുന്നില്ല എന്ന് പാപ്പാ പഠിപ്പിക്കുന്നു. “ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തം വിശുദ്ധനാകാതിരിക്കുന്നതാണ്” എന്ന് പറഞ്ഞ ലിയോൺ ബ്ളോയി എന്ന എഴുത്തുകാരന്‍റെ വാക്കുകളെ അനുസ്മരിച്ചു കൊണ്ടാണ് “ആനന്ദിച്ചാഹ്ലാദിക്കുവിൻ” എന്ന അപ്പോസ്തോലിക പ്രബോധനത്തിലെ വിശുദ്ധിയിലേക്കുള്ള വിളിയെക്കുറിച്ച് വിശദീകരിക്കുന്ന ഒന്നാം അദ്ധ്യായത്തെ പാപ്പാ പൂർത്തികരിക്കുന്നത്. 

14 March 2019, 15:31