തിരയുക

Pope Francis to begin the Lent in Aventine Hill, Basilica of San Sabina - Ash Wednesday   (file photo) Pope Francis to begin the Lent in Aventine Hill, Basilica of San Sabina - Ash Wednesday (file photo) 

വിഭൂതിത്തിരുനാള്‍ ആചരണം : പാപ്പായുടെ കാര്‍മ്മികത്വത്തില്‍

സഭയിലെ തപസ്സാചരണം മാര്‍ച്ച് 6, വിഭൂതിത്തിരുനാളോടെ ആരംഭിക്കുന്നു.

- ഫാദര്‍ വില്യം നെല്ലിക്കല്‍

വിഭൂതിത്തിരുനാളില്‍ റോമിലെ വിശുദ്ധ സബീനയുടെ നാമത്തിലുള്ള മഹാദേവാലയത്തിലെ തിരുക്കര്‍മ്മങ്ങള്‍ക്ക് പാപ്പാ ഫ്രാന്‍സിസ് മുഖ്യകാര്‍മ്മികത്വം വഹിക്കും. 

സാന്‍ ആസ്ലമില്‍നിന്നും സാന്‍ സബീനയിലേയ്ക്ക്
വത്തിക്കാനില്‍നിന്നും 6 കി.മീ അകലെയുള്ള അവെന്‍റൈന്‍ കുന്നിലെ സാന്‍ അന്‍സ്ലമിന്‍റെ ബെനഡിക്ടൈന്‍ ആശ്രമദേവാലയത്തില്‍ ബുധനാഴ്ച  പ്രാദേശിക സമയം വൈകുന്നേരം 4.30-ന് കാറില്‍ പാപ്പാ എത്തിച്ചേരും. വിശുദ്ധ ആന്‍സ്ലമിന്‍റെ ദേവാലയത്തില്‍നിന്നും ആരംഭിക്കുന്ന ആമുഖമായുള്ള അനുതാപ പ്രദക്ഷിണത്തെ തുടര്‍ന്ന് സമീപത്തുള്ള വിശുദ്ധ സബീനയുടെ മഹാദേവാലയത്തിലായിരിക്കും ഭസ്മാശീര്‍വ്വാദം, ഭസ്മാഭിഷേകം, സമൂഹബലിയര്‍പ്പണം എന്നീ തിരുക്കര്‍മ്മങ്ങള്‍ക്ക് പാപ്പാ നേതൃത്വംനല്കുന്നത്.

ഭസ്മാഭിഷേകവും  സമൂഹദിവ്യബലിയും
അവന്‍റൈന്‍ കുന്നില്‍നിന്നും സഹകാര്‍മ്മികര്‍ക്കൊപ്പമുള്ള ഒരു കി. മീറ്ററോളം നീളുന്ന പ്രദക്ഷിണത്തെ തുടര്‍ന്ന് വിശുദ്ധ സബീനയുടെ മഹാദേവാലയത്തില്‍ സഹകാര്‍മ്മികരോടും ശുശ്രൂഷകരോടുമൊപ്പം എത്തിച്ചേരുന്ന പാപ്പാ, ആമുഖമായുള്ള അനുതാപപ്രാര്‍ത്ഥനയെ തുടര്‍ന്ന്, ഭസ്മാശീര്‍വ്വാദം, ഭസ്മാഭിഷേകം എന്നീ കര്‍മ്മങ്ങള്‍ നടത്തും. തുടര്‍ന്ന് വചനപാരായണമാണ്. പാപ്പാ വചനപ്രഭാഷണം നടത്തും. വിശ്വാസികളുടെ പ്രാര്‍ത്ഥനയോടെ ദിവ്യബലി തുടരും. വിഭൂതിത്തിരുനാളോടെ ആരംഭിക്കുന്ന വലിയ നോമ്പ് ഏപ്രില്‍ 20-ന് അനുഷ്ഠിക്കുന്ന ക്രിസ്തുവിന്‍റെ ഉത്ഥാനനാള്‍വരെ നീണ്ടുനില്കും.

ബുധനാഴ്ചത്തെ പൊതുകൂടിക്കാഴ്ചാ പരിപാടി
വിഭൂതിത്തിരുനാള്‍ ദിനം, മാര്‍ച്ച് 6 ബുധനാഴ്ച രാവിലെ വത്തിക്കാനില്‍ പതിവുള്ള പൊതുകൂടിക്കാഴ്ച പരിപാടിയും പ്രാര്‍ത്ഥനയും പാപ്പാ ഫ്രാന്‍സിസ് പതിവുപോലെ നയിക്കും.  

കുറിപ്പ്
പാപ്പാ ഫ്രാന്‍സിസിന്‍റെ വിഭൂതിത്തിരുനാള്‍ ആചരണം തത്സമയസംപ്രേഷണം വത്തിക്കാന്‍ ടെലിവിഷന്‍ കാണുവാന്‍ https://www.youtube.com/vaticannews അല്ലെങ്കിള്‍ https://www.vaticannews.va/ml.html

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

05 March 2019, 09:10