തിരയുക

at the grotto of Blessed Virgin Mary of Lourdes at the grotto of Blessed Virgin Mary of Lourdes 

ലൂര്‍ദ്ദുനാഥയുടെ തിരുനാളും ലോക രോഗീദിനവും

ഫെബ്രുവരി 11 ലൂര്‍ദ്ദുനാഥയുടെ തിരുനാള്‍ - ലോക രോഗീദിനാചരണം കൊല്‍ക്കത്തയില്‍. പാപ്പാ ഫ്രാന്‍സിസ് പ്രബോധിപ്പിച്ച സന്ദേശം : “ദാനമായ് കിട്ടി, കൊടുക്കുവിന്‍ ദാനമായ്...!”

പരിഭാഷ : ജോബ് നെല്ലിക്കല്‍

അഭിവാദ്യങ്ങള്‍
1 പ്രിയ സഹോദരങ്ങളേ, “ദാനമായ് കിട്ടിയത് നിങ്ങള്‍ ദാനമായ് കൊടുക്കുവിന്‍!”
(മത്തായി 10, 8). സുവിശേഷ പ്രഘോഷണത്തിനായി യേശു തന്‍റെ ശിഷ്യന്മാരെ അയച്ചപ്പോള്‍ അവരോട് അവിടുന്ന് അരുള്‍ചെയ്ത വാക്കുകളാണിവ. അവിടുത്തെ രാജ്യം അങ്ങനെ പ്രതിനന്ദിയില്ലാത്ത സ്നേഹ ചെയ്തികളിലൂടെ വളരണമെന്ന് അവിടുന്ന് ആഗ്രഹിച്ചു.

കൊല്‍ക്കത്തയില്‍ ലോക രോഗീദിനാചരണം
2 ഇന്ത്യയിലെ കൊല്‍ക്കത്തയില്‍ 2019 ഫെബ്രുവരി 11-ന് ലൂര്‍ദ്ദുനാഥയുടെ തിരുനാളില്‍ ആഘോഷിക്കുന്ന 27-Ɔമത് ലോക രോഗീ ദിനത്തില്‍, നല്ല സമറിയക്കാരന്‍റെപോലുള്ള ഉദാരമായ പ്രവൃത്തികളാണ് വിശ്വാസ്യതയുള്ള സുവിശേഷവത്ക്കരണത്തിന് അനിവാര്യമെന്ന് സകലരെയും, വിശിഷ്യ ദുര്‍ബലരെ അമ്മയായ സഭ ഓര്‍മ്മപ്പെടുത്തുകയാണ്. സാന്ത്വനസ്പര്‍ശം അനുഭവവേദ്യമാക്കുന്ന സ്നേഹലാളനം പോലെതന്നെ, അറിവിന്‍റെ വൈദഗ്ദ്ധ്യവും, ആര്‍ദ്രമായ കാരുണ്യവും, നേരായ രീതികളും, നിര്‍ലോഭം നല്കപ്പെടേണ്ട നല്ല വാക്കും നോട്ടവുമെല്ലാം രോഗീപരിചരണം പ്രതീക്ഷിക്കുന്നുണ്ട്.

ജീവന്‍ ദൈവത്തിന്‍റെ ദാനമല്ലേ!?
3 ദൈവത്തിന്‍റെ ദാനമാണ് ജീവന്‍. വിശുദ്ധ പൗലോസ് ചോദിക്കുന്നു, “നിങ്ങള്‍ക്ക് എന്ത് മാഹാത്മ്യമാണുള്ളത്? ദാനം കിട്ടിയതല്ലാതെ മറ്റെന്താണ് നിങ്ങള്‍ക്കുള്ളത്?” (1കൊറി. 4, 7).
ദാനമാണെന്നതിനാല്‍ മനുഷ്യജീവിതം സ്വകാര്യസ്വത്തായോ, വ്യക്തിഗത അവകാശമായോ കണക്കാക്കാനാവില്ല. പ്രത്യേകിച്ചും ആധുനിക വൈദ്യശാസ്ത്ര ജൈവസാങ്കേതിക രംഗങ്ങളില്‍ കൈവരിച്ചിട്ടുള്ള പുരോഗതിയിലൂടെ “ജീവന്‍റെ വൃക്ഷ”ത്തെ ഉപായങ്ങളാലോ കൃത്രിമമായ രീതികളാലോ തരപ്പെടുത്താമെന്നു വിചാരിക്കുന്നതു ശരിയല്ല (ഉല്പത്തി 3, 24).

ദാനത്തിന്‍റെയും പങ്കുവയ്ക്കലിന്‍റെയും സംസ്കാരം വളര്‍ത്താം
4 ഇന്നിന്‍റെ നിസംഗതയുടെയും “വലിച്ചെറിയല്‍ സംസ്കാര”ത്തിന്‍റെയും, ജീവിതശൈലിയില്‍ വ്യക്തിമാഹാത്മ്യവാദത്തിനും, സാമൂഹിക ശിഥിലീകരണത്തിനുമൊപ്പം, ജനതകള്‍ക്കും സംസ്കാരങ്ങള്‍ക്കുമിടയില്‍ സഹകരണ സാദ്ധ്യതകളും ബന്ധങ്ങളും പ്രോത്സാഹിപ്പിക്കുവാന്‍ സഹായകമാകുവാന്‍ ഏറ്റവും അനുയോജ്യമാകുന്നത് “ദാന”മാണെന്ന് (gift) ചൂണ്ടിക്കാണിക്കട്ടെ. ദാനത്തിന് ഒരു മുന്‍വ്യവസ്ഥയാണ് സംവാദം. അധികാരം പ്രയോഗിക്കുന്നതിനെക്കുറിച്ചുള്ള സമൂഹത്തിന്‍റെ സാമ്പ്രദായിക രീതികള്‍ തകര്‍ത്തുകൊണ്ട് മാനവിക വികാസത്തിനും വളര്‍ച്ചയ്ക്കുമുള്ള സാദ്ധ്യതകള്‍ സൃഷ്ടിക്കണമെങ്കില്‍ സംവാദം അനിവാര്യമാണ്.

“ദാനം” എന്നതിന്‍റെ അര്‍ത്ഥം വെറുതെ ഉപഹാരങ്ങള്‍ കൈമാറുന്നതിലും ഉപരിയാണ്. സ്വത്തുക്കളുടെയും വസ്തുക്കളുടെയും വെറുതെയുള്ള കൈമാറ്റവുമല്ല ദാനം, മറിച്ച് ഒരു “സ്വയം-നല്കല്‍” ആണത്. പാരിതോഷികം നല്കലില്‍നിന്ന് “ദാന”ത്തെ വ്യത്യസ്തമാക്കുന്നതിന്‍റെ കാരണം അത് ബന്ധങ്ങള്‍ കെട്ടിപ്പടുക്കുന്നതിനായി സ്വയം നല്കുന്നതിനുള്ള ആഗ്രഹം ഉള്‍ക്കൊള്ളുന്നതിലാണ്. അപ്പോള്‍, ദാനം എന്നത് സമൂഹത്തിന്‍റെ അടിസ്ഥാനമാകേണ്ട പരസ്പര അംഗീകാരമാണ്. ദൈവപുത്രന്‍റെ മനുഷ്യാവതാരത്തിലും പരിശുദ്ധാത്മദാനത്തിലും പാരമ്യത്തില്‍ എത്തിയ ദൈവസ്നേഹത്തിന്‍റെ പ്രതിഫലനമാണ് “ദാനം”.

അനിവാര്യമായ മറ്റുള്ളവരുടെ സഹായം
5 നാം ഓരോരുത്തരും ദരിദ്രരും, ആവശ്യക്കാരും, നിരാലംബരുമാണ്. ജനിക്കുമ്പോള്‍ത്തന്നെ മാതാപിതാക്കളുടെ പരിചരണം അതിജീവനത്തിനായി നമുക്ക് ആവശ്യമുണ്ട്. ജീവിതത്തിലെ ഓരോ ഘട്ടത്തിലും ഏതെങ്കിലും രീതിയില്‍ മറ്റുള്ളവരുടെ സഹായത്തില്‍ ആശ്രയിച്ചാണ് നാം മുന്നോട്ടു പോകുന്നത്. “സൃഷ്ടികള്‍” എന്ന നിലയില്‍ നമ്മുടെ പരിമിതികളെക്കുറിച്ച് മറ്റു വ്യക്തികളുടേയും സാഹചര്യങ്ങളുടേയും മുന്നില്‍ സദാ അവബോധമുള്ളവരാണു നാം. ഈ സത്യത്തെ തുറന്ന് അംഗീകരിച്ചാല്‍ നാം എളിമയുള്ളവരും, ജീവിതത്തില്‍ ഐക്യദാര്‍ഢ്യമെന്ന പുണ്യം പാലിക്കുന്നതില്‍ ശ്രദ്ധയുള്ളവരുമായിരിക്കും.

പരിമിതികളുള്ളവര്‍ നാം!
6 അങ്ങനെ നമ്മുടെ പരിമിതികളുടെ അംഗീകരിക്കല്‍, ഓരേ സമയം വ്യക്തിപരവും സാമൂഹ്യപരവുമായ  നന്മ ഉത്തരവാദിത്വത്തോടെ വളര്‍ത്തിയെടുക്കാന്‍ നമ്മെ നയിക്കും. നാം സ്വയം ഒരു ദ്വീപായോ, സ്വന്തമായൊരു ലോകമായോ കാണാതെ മറ്റുള്ളവരോടു ചേര്‍ന്നുള്ള സഹവര്‍ത്തിത്വത്തിന്‍റെ ദര്‍ശനം വളര്‍ത്തിയെടുത്താല്‍ പൊതുനന്മ ലക്ഷ്യമാക്കിയുള്ള ഐക്യദാര്‍ഢ്യം സമൂഹത്തില്‍ യാഥാര്‍ത്ഥ്യമാക്കാന്‍ സാധിക്കും.

ദൈവം പരിപാലകനായുള്ളവര്‍
മറ്റുള്ളവരെ ആശ്രയിക്കുന്നവരായോ ആവശ്യക്കാരായോ സ്വയം കാണുന്നതില്‍ നാം ഭയപ്പെടേണ്ടതില്ല, കാരണം വ്യക്തിപരമായോ സ്വന്തം പ്രയത്നംകൊണ്ടോ മാത്രം  പരിമിതികളെ തരണംചെയ്യുവാന്‍ നമുക്ക് കഴിയുകയില്ല. അതിനാല്‍ പരിമിതികളെ അംഗീകരിക്കുവാന്‍ ഭയക്കരുത്, കാരണം ദൈവം യേശുവില്‍ എളിമയോടെ മനുഷ്യരൂപത്തില്‍ നമ്മളിലേയ്ക്ക് ഇറങ്ങിവന്നു (ഫിലിപ്പിയര്‍ 2, 8). മാത്രമല്ല, നമ്മുടെ ഇല്ലായ്മയില്‍ സഹായമായും, നമ്മുടെ പ്രതീക്ഷകള്‍ക്ക് അതീതമായ ദാനങ്ങള്‍ നല്കിക്കൊണ്ടും അവിടുന്ന്  ഇന്നും നമ്മിലേയ്ക്കു വരുന്നുണ്ട്.

കൊല്‍ക്കത്തയിലെ കാരുണ്യത്തിന്‍റെ അമ്മ
7 ഇന്ത്യയിലെ പ്രസക്തമായ ലോക രോഗീദിനാചരണത്തിന്‍റെ വെളിച്ചത്തില്‍, പാവങ്ങളോടും രോഗികളോടുമുള്ള ദൈവത്തിന്‍റെ സ്നേഹം ദൃഷ്ടിഗോചരമാക്കിയ ഉപവിയുടെ മാതൃകയായ കൊല്‍ക്കത്തയിലെ പാവങ്ങളുടെ അമ്മയായ മദര്‍ തെരേസായുടെ രൂപം സന്തോഷത്തോടും ഭക്തിയോടുംകൂടെ ഓര്‍മ്മിക്കുകയാണ്. വിശുദ്ധപദ പ്രഖ്യാപന സമയത്ത് രേഖപ്പെടുത്തിയത് സന്ദേശത്തില്‍ അനുസ്മരിച്ചു, “അമ്മയുടെ ജീവിതത്തിന്‍റെ എല്ലാവശങ്ങളിലും, അജാത ശിശുക്കളുടെ ജീവന്‍ സംരക്ഷിക്കാനും, പരിത്യജിക്കപ്പെട്ടവരെയും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരെയും പരിചരിക്കാനും, സ്വാഗതാര്‍ഹമായ വിധത്തില്‍ പാവങ്ങളായ സകലരെയും സ്വീകരിക്കാനുമുള്ള സന്നദ്ധതയിലൂടെ മദര്‍ തെരേസ ദൈവിക കാരുണ്യത്തിന്‍റെ ഉദാരമതിയായ ദാതാവായിരുന്നു”. മരിക്കാനായി വഴിയോരങ്ങളില്‍ തള്ളപ്പെട്ടവരുടെ ദൈവികമായ അന്തസ്സിനു മുന്നില്‍ ഈ അമ്മ തലകുനിച്ച് അവരെ പരിചരിച്ചു.

ജീവിതത്തിനു  രുചി പകരുന്ന ഉപ്പ് - കാരുണ്യം
പാവങ്ങള്‍ക്കുവേണ്ടിയുള്ള അമ്മയുടെ ശബ്ദം ഈ ലോകത്തിന്‍റെ അധികാരികള്‍ക്കു മുന്നില്‍ എപ്പോഴും ഉയര്‍ന്നുനിന്നു, കാരണം അവര്‍  സൃഷ്ടിച്ച ദാരിദ്ര്യത്തിന്‍റെയും മാനുഷിക യാതനകളുടെയും തിന്മകളുടെ കുറ്റബോധം അവര്‍ക്കുണ്ടാകണം എന്ന് മദര്‍ ആഗ്രഹിച്ചു.
മദര്‍ തെരേസയെ സംബന്ധിച്ചിടത്തോളം തന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് രുചിപകര്‍ന്ന ഉപ്പായിരുന്നു കാരുണ്യം. തങ്ങളുടെ ദാരിദ്ര്യാവസ്ഥയെയും യാതനകളെയും ഓര്‍ത്ത് ചിന്താന്‍ കണ്ണീരില്ലാത്ത ഹതഭാഗ്യരുടെ ജീവിതത്തിന്‍റെ ഇരുട്ടില്‍ തെളിഞ്ഞ ദീപമായിരുന്നു അമ്മയുടെ കാരുണ്യം. നഗരങ്ങളില്‍ വസിച്ച പാവങ്ങളില്‍ ഏറ്റവും പാവപ്പെട്ടവരും ദൈവിക സാമീപ്യത്തിന്‍റെ ഇന്നും വിരിയുന്ന വാചാലവുമായ സാക്ഷ്യമാണ് മദര്‍ തെരേസയുടെ ഉപവിപ്രവൃത്തികള്‍ (Homily 4 sept. 2016).  

വേര്‍തിരിവുകള്‍ പാടില്ലാത്ത പരിചരണമേഖല
8 മതത്തിന്‍റെയോ, സംസ്കാരത്തിന്‍റെയോ വംശീയതയുടെയോ, ഭാഷയുടെയോ വേര്‍തിരിവുകളില്ലാതെയുള്ള നിസ്വാര്‍ത്ഥ സ്നേഹമായിരിക്കണം നമ്മുടെ പ്രവൃത്തികളുടെ ഓരേയൊരു മാനദണ്ഡമെന്ന് മനസ്സിലാക്കുവാന്‍ മദര്‍ തെരേസ നമ്മെ സഹായിക്കുന്നുണ്ട്. ആര്‍ദ്രമായ സ്നേഹവും ശ്രദ്ധയും ആവശ്യമുള്ള, യാതനകള്‍ അനുഭവിക്കുന്നവര്‍ക്ക് പ്രത്യാശയുടെയും ആനന്ദത്തിന്‍റെയും ചക്രവാളങ്ങള്‍ തുറക്കുവാന്‍ മാര്‍ഗ്ഗദര്‍ശിയായ ദൃഷ്ടാന്തമായി മദര്‍ ഇന്നും ജീവിക്കുന്നു.

സമറിയക്കാരന്‍റെ ഔദാര്യം
9 നല്ല സമറിയക്കാരന്‍റെ ആത്മചൈതന്യം വാചാലമായി പ്രകടമാക്കുന്ന രോഗീപരിചരണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് പ്രചോദനവും പിന്‍ബലവുമാകേണ്ടത് ഉദാരതയാണ്. അവയവദാനവും രക്തദാനവും സംഘടിപ്പിക്കുന്നവര്‍ക്കും രോഗികളുടെ സഹായത്തിനും യാതനയ്ക്കും പ്രതിജ്ഞാബദ്ധരായി പ്രവര്‍ത്തിക്കുന്ന സന്നദ്ധസേവകരുടെ കൂട്ടായ്മകള്‍ക്കും പ്രത്യേകം നന്ദിപ്രകടിപ്പിക്കുകയും പിന്‍തുണ നേരുകയും ചെയ്യുന്നു. രോഗബാധിതരായവരുടെ അവകാശങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്ന, പ്രത്യേകിച്ചും സവിശേഷ പരിഗണന അര്‍ഹിക്കുന്ന രോഗികളുടെ യാത്രയും മറ്റ് ആവശ്യങ്ങളും നിവര്‍ത്താന്‍ സഹായിക്കുന്നവരുടെ പ്രസ്ഥാനങ്ങള്‍ക്കും നന്ദിപറയുന്നു. അത്യപൂര്‍വ്വരോഗങ്ങളുടെ പിടിയിലമര്‍ന്ന പ്രത്യേക പരിചരണ അര്‍ഹിക്കുന്ന രോഗികളുടെ അവകാശങ്ങള്‍ക്കായി വാദിക്കുന്നവരും ഈ മേഖലയില്‍ സഭയ്ക്കുള്ള ശ്രദ്ധയും കരുതലും പ്രകടമാക്കുകയാണ്. അതുപോലെ രോഗപ്രതിരോധ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ പരിശ്രമങ്ങള്‍ ശ്ലാഘനീയമാണ്. രോഗീപരിചരണ സ്ഥാപനങ്ങളിലും സംവിധാനങ്ങളിലും കഴിയുന്നവരുടെ ആത്മീയ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്നവരെയും പ്രത്യേകം ഓര്‍ക്കുന്നു.

പരിചരണമേഖലയിലെ സന്നദ്ധസേവകര്‍
രോഗീ സങ്കേതങ്ങളിലും ഭവനങ്ങളിലും പരിചരണത്തിലൂടെയും ആത്മീയ പിന്‍ബലത്തിലൂടെയും നിങ്ങള്‍ നല്കുന്ന സന്നദ്ധസേവനങ്ങള്‍ പരമപ്രധാനമാണ്. ഈ സേവനങ്ങളുടെ പ്രയോജനം അനുഭവിക്കുന്ന ഏകരും, പ്രായമായവരും, ശാരീരികവും മാനസികവുമായി ദുര്‍ബലരുമായവര്‍ അസംഖ്യമാണ്. മതനിരപേക്ഷമായ ഒരു ലോകത്തില്‍ സഭയുടെ സാന്നിദ്ധ്യത്തിന്‍റെ പ്രതീകമായി തുടര്‍ന്നും പ്രവര്‍ത്തിക്കുവാന്‍ നിങ്ങളോട് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. രോഗിക്ക് തന്‍റെ വ്യക്തിപരമായ ചിന്തകളും വികാരങ്ങളും പങ്കുവയ്ക്കുവാന്‍ കഴിയുന്ന നല്ലൊരു സുഹൃത്താണ് സന്നദ്ധസേവകന്‍. പരിചരണം നിഷ്ക്രിയമായി ഏറ്റുവാങ്ങുന്ന ഒരു രോഗി എന്ന നിലയില്‍നിന്നും തുടര്‍ചികിത്സ സ്വീകരിക്കുന്നതില്‍ ക്രിയാത്മകമായി സഹകരിക്കുകയും പ്രത്യാശ പുലര്‍ത്തുകയും ചെയ്യുന്ന ഒരാളായി രോഗി പരിണമിക്കുവാന്‍ സന്നദ്ധസേവകന്‍റെ ശ്രദ്ധ സഹായിക്കുന്നു. ഉദാരമനസ്കരാകുവാനുള്ള ഉത്കടമായ ആഗ്രഹത്തില്‍നിന്നും ജനിക്കുന്ന മൂല്യങ്ങളും പെരുമാറ്റരീതികളും ജീവിതശൈലിയും സന്നദ്ധസേവകര്‍ പ്രചരിപ്പിക്കുന്നു. ആരോഗ്യപരിചരണത്തെ കൂടുതല്‍ മാനവികമാക്കുന്ന ഉപാധികൂടെയാണ് സന്നദ്ധസേവനം.

ക്രൈസ്തവ സ്ഥാപനങ്ങള്‍ ലാഭേച്ഛ വെടിയണം
10
നമ്മുടെ ലോകത്തിലെ കൂടുതല്‍ വികസിതമോ പിന്നോക്കം നില്ക്കുന്നതോ ആയ പ്രദേശങ്ങളിലോ, എവിടെയായാലും കത്തോലിക്കാ ആരോഗ്യപരിരക്ഷാ സ്ഥാപനങ്ങള്‍ സുവിശേഷ മുല്യങ്ങളുടെ വെളിച്ചത്തില്‍ പ്രവര്‍ത്തിക്കേണ്ടവരാകയാല്‍ ഉദാരമനസ്കതയുടെ ചൈതന്യമാണ് അവര്‍ക്ക് എവിടെയും പ്രചോദനമേകേണ്ടത്. എങ്ങിനെയും ലാഭമുണ്ടാക്കണമെന്നും, നല്കുമ്പോള്‍ തിരികെ കിട്ടണമെന്നും, ചൂഷണം എവിടെയും സാമൂഹ്യക്രമമായി നില്ക്കുകയുംചെയ്യുന്ന ലോകത്ത്, കത്തോലിക്കാ രോഗീപരിചരണ കേന്ദ്രങ്ങളും ആശുപത്രികളും സ്വയാര്‍പ്പണവും, ഉദാരതയും, ഐക്യദാര്‍ഢ്യവുംകൊണ്ട് വ്യത്യസ്തമായി പ്രവര്‍ത്തിക്കാന്‍ വിളിക്കപ്പെട്ടിരിക്കുന്നു.

ഔദാര്യത്തിന്‍റെ സംസ്കാരം വളര്‍ത്താം
11 എല്ലാ തലത്തിലും ഉദാരതയുടേയും (Culture of Generosity) ദാനത്തിന്‍റേയും സംസ്കാരം (culture of Gift) പ്രോത്സാഹിപ്പിക്കുവാന്‍ ഞാന്‍ ഓരോരുത്തരേയും ഉദ്ബോധിപ്പിക്കുകയാണ്. ലാഭത്തിന്‍റേയും വലിച്ചെറിയലിന്‍റേയും സംസ്കാരത്തെ മറികടക്കുവാന്‍ ഇത് അത്യന്താപേക്ഷിതമാണ്. കത്തോലിക്കാ ആരോഗ്യപരിരക്ഷാ സ്ഥാപനങ്ങള്‍ കേവലം ഒരു വ്യാപാര സംരംഭം നടത്തുക എന്ന കെണിയില്‍ അകപ്പെടാതിരിക്കട്ടെ. ലാഭത്തെക്കാള്‍ രോഗിക്ക് വ്യക്തിഗത പരിഗണന നല്കുവാന്‍ അവര്‍ ബദ്ധശ്രദ്ധരായിരിക്കണം. ആരോഗ്യം എന്നത് ആപേക്ഷികവും മറ്റുള്ളവരുമായുള്ള ഇടപെടലിനെ ആശ്രയിച്ചുള്ളതുമാണെന്ന് നമുക്കെല്ലാം അറിയാം. സൗഹൃദവും വിശ്വാസവും ഐക്യദാര്‍ഢ്യവും അതിനാവശ്യമുണ്ട്. പങ്കുവയ്ക്കുമ്പോള്‍ മാത്രം പൂര്‍ണ്ണമായി ആസ്വദിക്കപ്പെടുന്ന ഒരു നിധിയാണത്. ക്രൈസ്തവിക മേന്മയുടെ അളവുകോലാണ് ഉദാരമനസ്കതയോടെ ദാനം ചെയ്യുന്നതിലുള്ള ആനന്ദം.

ആരോഗ്യദായിനിയായ അമ്മയുടെ സംരക്ഷണം
12 ഞാന്‍ നിങ്ങളെ എല്ലാവരെയും ആരോഗ്യമാതാവായ പരിശുദ്ധ ലൂര്‍ദ്ദുനാഥയ്ക്കു ഭരമേല്പിക്കുന്നു. പരസ്പര സ്വീകരണത്തിന്‍റേയും ആശയ വിനിമയത്തിന്‍റേയും ചൈതന്യത്തില്‍ നമുക്ക് ദാനമായി കിട്ടിയത് ദാനമായി കൊടുക്കുവാന്‍ കന്യകാനാഥ എല്ലാവരെയും സഹായിക്കട്ടെ. മറ്റുള്ളവരുടെ ആവശ്യങ്ങളില്‍ ശ്രദ്ധയുള്ള സഹോദരങ്ങളായി ജീവിക്കുവാനും, ഉദാരമനസ്കതയോടെ നല്കുവാനും, നിസ്വാര്‍ത്ഥ സേവനം മറ്റുള്ളവര്‍ക്കു കാഴ്ചവയ്ക്കുന്നതിലുള്ള ആനന്ദം എന്തെന്നു മനസ്സിലാക്കുവാനും കന്യകാനാഥ നമ്മെ സഹായിക്കട്ടെ! സ്നേഹപൂര്‍വ്വം പ്രാര്‍ത്ഥന നേരുന്നു, എല്ലാവര്‍ക്കും അപ്പസ്തോലിക ആശീര്‍വ്വാദവും നല്കുന്നു.

വത്തിക്കാന്‍ സിറ്റിയില്‍നിന്നും ക്രിസ്തുവിലുള്ള ഐക്യത്തില്‍
                                                                                                                         + പാപ്പാ ഫ്രാന്‍സിസ്                                                                                                   

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

10 February 2019, 13:20