ഫ്രാന്‍സിസ് പാപ്പാ പനാമയിലായിരുന്നപ്പോള്‍ പകര്‍ത്തപ്പെട്ട ചിത്രം ഫ്രാന്‍സിസ് പാപ്പാ പനാമയിലായിരുന്നപ്പോള്‍ പകര്‍ത്തപ്പെട്ട ചിത്രം 

വിശുദ്ധിയിലേക്കുളള വിളി: അനുദിന ജീവിതവും സാര്‍വ്വത്രീക ക്ഷണവും

“GAUDETE ET EXSULTATE” അഥവാ “ആനന്ദിച്ചാഹ്ളാദിക്കുവിന്‍ ”എന്ന ഫ്രാന്‍സിസ്‍ പാപ്പായുടെ അപ്പോസ്തോലിക പ്രബോധനത്തിന്‍റെ ഒന്നാം അദ്ധ്യായത്തിലെ പത്തൊമ്പത് മുതല്‍ ഇരുപത്തൊന്നു വരെയുള്ള ഭാഗങ്ങളെ കുറിച്ചുളള വിചിന്തിനം

സി.റൂബിനി സി.റ്റി.സി

അപ്പോസ്തോലിക പ്രബോധനം

അപ്പോസ്തോലിക പ്രബോധനമെന്നത് കത്തോലിക്കാ സഭയില്‍ മാര്‍പ്പാപ്പാ പ്രസിദ്ധികരിക്കുന്ന ഔദ്യോഗിക ലേഖനങ്ങളുടെ വിവിധതരത്തിലുളള പരമ്പരകളില്‍പ്പെടുന്ന ഒരു ലേഖനമാണ്. ഇവയുടെ പ്രാധാന്യ ശൃംഖലയില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ചാക്രീക ലേഖനങ്ങള്‍ കഴിഞ്ഞാല്‍ തൊട്ടടുത്ത സ്ഥാനമാണ് അപ്പോസ്തോലിക പ്രബോധനങ്ങള്‍ക്കുളളത്.

ഒന്നാം അദ്ധ്യായo

വിശുദ്ധിയിലേക്കുള്ള വിളിയെക്കുറിച്ചാണ്. വിശുദ്ധിയുടെ പല ഉദാഹരണങ്ങളും നിരത്തി വിശുദ്ധിയിലേക്കുള്ള മാർഗ്ഗങ്ങൾ കാണിച്ചുതരുന്ന പാപ്പാ നാം ഓരോരുത്തരും അവരവരുടെ വിശുദ്ധിയുടെ തനിമയാർന്ന പാത കണ്ടെത്താൻ പരിശ്രമിക്കണമെന്ന് ഓർമ്മിപ്പിക്കുന്നു. ഈ അദ്ധ്യായത്തിന്‍റെ ആദ്യ ഭാഗത്തില്‍ത്തന്നെ വിശുദ്ധരായ വ്യക്തികളെ ഉദാഹരണമായി നല്‍കുകയും വിശുദ്ധിയിലേക്കുള്ള നമ്മുടെ പ്രയാണത്തില്‍ അവരുടെ സാന്നിദ്ധ്യം നമുക്കു പ്രചോദനാത്മകമാണെന്ന്  ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു.

അപരനിലുള്ള ആത്മീയതയെ അംഗീകരിക്കുക.

ഭാഷ, സംസ്ക്കാരം, ആചാരം, ആത്മീയം എന്നിങ്ങനെ മനുഷ്യനുമായി ബന്ധപ്പെട്ടിരിക്കുന്ന എല്ലാത്തലങ്ങളിലും നവോത്ഥാനത്തിന്‍റെയും, നവീകരണത്തന്‍റെയും അലകൾ ഇരമ്പിക്കൊണ്ടിരിക്കുന്നു. ആചാരങ്ങളെ മുറുകെ പിടിക്കുന്നവർ നവീനതകളിലെ നന്മയെ തിരിച്ചറിയാതെ പോകുന്നുവെന്നും, നവീനതകളെ സ്വീകരിക്കുന്നവർ ആചാരങ്ങളുടെ ആത്മാവിനെ വിസ്മരിക്കുന്നുവെന്നും പരസ്പരം കുറ്റപ്പെടുത്തി സമൂഹത്തിൽ അസ്വസ്ഥതകൾ സൃഷ്ടിക്കുന്ന ജീവിതത്തിന്‍റെ ഭാഗമായി തീരുകയാണ് നാമും നാമുൾപ്പെട്ടിരിക്കുന്ന സമൂഹവും.

ഓരോ വ്യക്തിയുടെയും വ്യക്തിത്വം രൂപപെടുന്നതിനു സമൂഹത്തിനു വലിയ പങ്കുള്ളതുപോലെ തന്നെ ഓരോ സമൂഹത്തിന്‍റ വളർച്ചയുടെ പിന്നിലും ഓരോ വ്യക്തിയുടെ സംഭാവനകളുണ്ടെന്ന് നമുക്ക് വിസ്മരിക്കാനാവില്ല. എന്നാൽ ഓരോ വ്യക്തിയുടെയും ആത്മീയത അവരവരെ കേന്ദ്രീകരിച്ചിരിക്കുന്നു. ഒരു വ്യക്തിക്കും മറ്റൊരാളുടെയും ആത്മീയ ജീവിതത്തെ അവലോഹനം ചെയ്യാൻ കഴിയുകയില്ല. അതിനു ഏറ്റവും നല്ല ഉദാഹരണം ഫ്രാൻസിസ് പാപ്പയുടെ വചനങ്ങളിൽ നിന്നും മനസ്സിലാക്കാം. ഒരവസരത്തിൽ ഒരാൾ താൻ നിരീശ്വരവാദിയാണെന്നു പാപ്പായോടു പറഞ്ഞപ്പോൾ അദ്ദേഹത്തോട് സ്വർഗ്ഗത്തിൽവെച്ച് നമുക്ക് കാണാം എന്നാണ് പാപ്പാ പറഞ്ഞത്. മനുഷ്യർ ധരിക്കുന്ന വസ്ത്രത്തിന്‍റെയോ, അനുഷ്ഠിക്കുന്ന ആചാരത്തിന്‍റെയോ, അധികാരത്തിന്‍റെയോ, തിരഞ്ഞെടുത്തിരിക്കുന്ന ജീവിതശൈലിയുടെയോ പേരിലല്ലാ ദൈവം മനുഷ്യരെ കാണുന്നത്. ദൈവം കാണുന്നത് ഓരോ വ്യക്തിയുടെയും പ്രവർത്തനങ്ങളിലുള്ള മനോഭാവത്തെയാണ്.

ഓരോ വിശുദ്ധനും ഓരോ ദൗത്യമാണ്

19. ദൈവത്തിന്‍റെ മുന്നിൽ തുല്യരായി പരിഗണിക്കപ്പെടുന്ന നമുക്ക് വ്യക്തിപരമായ ദൗത്യമാണ് നല്കപ്പെട്ടിരിക്കുന്നത്. എനിക്ക് നൽകിയ ദൗത്യത്തിന് ദൈവം എത്ര പ്രാധാന്യം നൽകുന്നുണ്ടോ അതുപോലെ മറ്റുള്ളവരുടെ ദൗത്യത്തിനും ദൈവം പ്രാധാന്യം നൽകുന്നുവെന്ന് ഓരോരുത്തരും സ്വയം ചിന്തിക്കണമെന്ന് പാപ്പാ ഓർമ്മിപ്പിക്കുന്നു. പരിശുദ്ധ പിതാവ് പറയുന്നത് പോലെ ഓരോ വിശുദ്ധനും ഓരോ ദൗത്യമാണ്. ദൈവ പദ്ധതിയുടെ പ്രതിഫലനവും, പൂര്‍ത്തീകരണവുമാണ്.

ഓരോ വ്യക്തിയും ഓരോ സുവിശേഷമാണ്. ഓരോ വ്യക്തിയും ഓരോ ചരിത്രമാണ്. അതിനാൽ എല്ലാവരെയും അവരായിരിക്കുന്ന തനിമയിൽ അവരുടെ നിറവുകളോടും കുറവുകളോടും അംഗീകരിക്കുന്നത്  നമ്മുടെ കടമയും നമ്മുടെ തന്നെ വ്യക്തിത്വത്തെ വെളിപ്പെടുത്തുന്ന മാർഗ്ഗവുമാണ്. മറ്റുള്ളവരെ ബഹുമാനിക്കുന്നതിലൂടെ ദൈവ സാദൃശ്യത്തിൽ ദൈവത്താൽ സൃഷ്ട്ടിക്കപ്പെട്ടിരിക്കുന്ന മനുഷ്യനിലുള്ള ദൈവത്തെയാണ് നാം സ്വീകരിക്കുന്നതെന്ന് പാപ്പാ പഠിപ്പിക്കുന്നു.

“ആനന്ദിച്ചാഹ്ളാദിക്കുവിന്‍ ” എന്ന ഫ്രാന്‍സിസ്‍ പാപ്പായുടെ അപ്പോസ്തോലിക  പ്രബോധനത്തിന്‍റെ ഒന്നാം അദ്ധ്യായത്തിലെ പത്തൊമ്പതാമത്തെ ഭാഗത്തെ  ധ്യാനപൂർവ്വം വായിക്കുമ്പോൾ പാപ്പാ വ്യക്തമാക്കുന്ന ‘ഞാൻ’, ‘നീ’’ എന്ന് അനുദിന ജീവിതത്തിൽ നാമാവർത്തിക്കുന്ന രണ്ടു വാക്കുകളെ കാണാൻ കഴിയും. സമൂഹത്തിൽ ‘ഞാൻ’ എന്ന വാക്കു പ്രാധാന്യമർഹിക്കുന്നു പോലെ  തന്നെ ‘നീ’ എന്ന വാക്കും പ്രാധാന്യമർഹിക്കുന്നു. ആദ്ധ്യാത്മിക ജീവിതത്തിൽ നാം മനസ്സിലാക്കേണ്ട ആഴമേറിയ സത്യവുമിതാണ്. എന്നിൽ നന്മയുള്ളതു പോലെ നിന്നിലും നന്മയുണ്ടെന്നു വിശ്വസിക്കുവാനും, നന്മയുടെ പ്രകാശം കൊണ്ട് തിന്മയെ നിർമ്മൂലമാക്കാനും പരിശ്രമിക്കണമെന്ന് പാപ്പാ ഓർമ്മിപ്പിക്കുന്നു.

ക്രിസ്തുവിന്‍റെ പരസ്യ ജീവിതത്തിന്‍റെ ആവിഷ്കാരമാണ് നാം

20.ആത്മീയത അവനവനിൽ രൂപപ്പെടുന്നതും വളരുന്നതും ഫലമണിയിക്കുന്നതുമാണ്. ക്രിസ്തു നമ്മോടു പറയുന്നത് നമ്മുടെ വിധി നിര്‍ണ്ണയിക്കപ്പെടുന്നത് നമ്മുടെ കർമ്മങ്ങളിൽ നാം പുലർത്തുന്ന മനോഭാവങ്ങളെ അടിസ്ഥാനത്തിലാണ്. ജന്മം കൊണ്ട് മാത്രമല്ല കർമ്മം കൊണ്ട് നമുക്ക് വിശുദ്ധി കൈവരിക്കാൻ സാധിക്കും. നന്മ സ്വരൂപനായ ദൈവം നന്മയിൽ ജീവിക്കാനാണ് നമ്മെ വിളിച്ചിരിക്കുന്നത്. ഈ വിളിയിലൂടെ ദൈവത്തിന്‍റെ സ്വഭാവത്തെയും, വിശുദ്ധിയേയും ഈ ഭൂമിയിൽ പുനർജനിപ്പിച്ചുകൊണ്ടേയിരിക്കണം എന്ന് പാപ്പാ പറയുന്നു. ദൈവ പിതാവിന്‍റെ സ്നേഹം അതിന്‍റെ പൂർണ്ണതയിൽ വെളിപ്പെടുത്തപ്പെട്ടതു മനുഷ്യാവതാരം ചെയ്ത ക്രിസ്തുവിലാണ്. ഭൂമിയിലെ ക്രിസ്തുവിന്‍റെ രഹസ്യ ജീവിതവും, പരസ്യ ജീവിതവും, സമൂഹ ജീവിതവും, അനാഥരോടും ആലംബഹീനരോടൊപ്പമുള്ള ജീവിതവും അവിടുന്ന് സ്വയം വരിച്ച ദാരിദ്ര്യ ജീവിതവുമെല്ലാം വ്യക്തമാക്കുന്നത് ദൈവത്തിന്‍റെ സ്നേഹത്തിന്‍റെ ഭാവങ്ങളെയാണ്. ക്രിസ്തുവിന്‍റെ പരസ്യ ജീവിതത്തിന്‍റെ ആവിഷ്കാരമാണ് നാമെന്ന് വ്യക്തമാക്കുവാൻ ഫ്രാൻസിസ് പാപ്പാ ‘ആത്മീയ പരിശീലനങ്ങൾ’(Spritual Exercises) എന്ന ഗ്രന്ഥത്തിൽ വിശുദ്ധ ഇഗ്‌നേഷ്യസ് ലയോളാ പഠിപ്പിക്കുന്ന വാക്കുകളെ ഓർമ്മിപ്പിക്കുന്നു.

“ക്രിസ്തുവിന്‍റെ ജീവിതത്തെ കുറിച്ചുള്ള ധ്യാനം നമ്മുടെ ജീവിതത്തിലെ തിരഞ്ഞെടുപ്പുകളിലും മനോഭാവങ്ങളിലും ആവിഷ്കരിക്കപ്പെടണം. കാരണം, ക്രിസ്തുവിന്‍റെ ജീവിതം അവിടുത്തെ രഹസ്യങ്ങളുടെ അടയാളമാണ്, പിതാവിന്‍റെ വെളിപാടാണ്. രക്ഷാകരണത്തിന്‍റെ രഹസ്യമാണ്, പിതാവായ ദൈവത്തിന്‍റെ സംഗ്രഹമാണ്. ക്രിസ്തു സ്വയം പിതാവിലും തന്നിലും ജീവിച്ചതുപോലെ നമ്മിലും ജീവിക്കുന്നു.

വിശുദ്ധി - ക്രിസ്തു നമ്മിൽ ജീവിക്കലാണ്.

21.  നമുക്ക് ലഭിച്ചതെല്ലാം ദൈവത്തിന്‍റെ ദാനമായിരിക്കെ മറ്റുള്ളവരുടെ പോരായ്മകളുടെ നേരെയുള്ള നമ്മുടെ പ്രതികരണങ്ങൾ പ്രതികാരത്തിന്‍റെ തലത്തിലെത്താതിരിക്കാനുള്ള പാഠമാന് പരിശുദ്ധ പിതാവ് പഠിപ്പിക്കുന്നത്. ചില  മനുഷ്യർ  അവരുടെ പ്രവർത്തികളിൽ  നന്മ കാണാൻ കഴിയാതെ  മറ്റുള്ളവർ ചെയ്യുന്ന നന്മകളെ വിസ്മരിക്കുന്നു. മറ്റുചിലർ അവർ ചെയ്യുന്ന എല്ലാറ്റിനെയും നന്മയായി കണ്ടു മറ്റുള്ളവരെ വിമർശിക്കുന്നു. വേറെ ചിലർ അവർ ചെയ്യുന്നത് മാത്രം നന്മയാണെന്നു കരുതി മറ്റുള്ളവരുടെ നന്മകളെ തിന്മയായി വിധിക്കുന്നു. എല്ലാവര്‍ക്കും വിശുദ്ധിയിലും നന്മയിലും ജീവിക്കാൻ അവകാശപ്പെട്ട ഈ ഭൂമിയിൽ മറ്റുള്ളവരുടെ സാധ്യതകളെ ഇല്ലാതാക്കാൻ പരിശ്രമിക്കുന്നവരോട് “ആനന്ദിച്ചാഹ്ളാദിക്കുവിന്‍ ” എന്ന അപ്പോസ്തോലിക പ്രബോധനത്തിലൂടെ പാപ്പാ പറയുന്നത് വിശുദ്ധി സാർവത്രീകമാണെന്നും ദൈവമാണ് വിശുദ്ധിയിൽ ജീവിക്കാൻ വ്യക്തികളെ ക്ഷണിക്കുന്നതെന്നുമാണ്.

വിജാതിയരുടെ അപ്പോസ്തലൻ എന്നറിയപ്പെടുന്ന വിശുദ്ധ പൗലോസ് പറയുന്നത് ഞാനല്ല;  ക്രിസ്തു എന്നിൽ ജീവിക്കുന്നു എന്നാണ്. ക്രിസ്തുവിന്‍റെ നാമം ഉച്ചരിക്കുന്നവരെ ഇല്ലാതാക്കാനുള്ള യാത്രയിൽ ക്രിസ്തുവിനെ കണ്ടെത്തിയ വ്യക്തിയുടെ ജീവിതം ക്രിസ്തുമയമാക്കപ്പെടുന്നു. ആയിരുന്ന അവസ്ഥയിൽ നിന്നും ആയിത്തീരേണ്ട അവസ്ഥയിലേക്ക് പൗലോസിനെ രൂപപെടുത്തിയത് ക്രിസ്തുവാണെങ്കിൽ നമ്മുടെയും ജീവിതത്തെ ക്രിസ്തുമയമാക്കാൻ ദൈവം ആഗ്രഹിക്കുന്നു. ഉപവിയുടെ പൂർണ്ണതയിൽ  ജീവിക്കുന്നതാണ്  വിശുദ്ധി എന്ന് ബെനഡിക്ട് പതിന്നാറാമൻ പാപ്പാ പറയുന്നു.  ക്രിസ്തുവിന്‍റെ ജീവിതം മുഴുവനിലും നിറഞ്ഞു നിന്നത് പാവങ്ങളോടുള്ള സ്‍നേഹവും, ആർദ്രതയുമാണ്. ക്രിസ്തുവിന്‍റെ ഈ ഉപവിയുടെ ആത്മാവിനെ ജീവിക്കുമ്പോൾ പരിശുദ്ധാതമാവ് മറ്റുള്ളവരുടെ ജീവിതത്തിലേക്ക് ക്രിസ്തുവിനെ നല്‍കാൻ നമ്മെ ഉപഹരണമാക്കിത്തീർക്കുമെന്നു പാപ്പാ ഉത്‌ബോധിപ്പിക്കുന്നു.

വിശുദ്ധിയിൽ ജീവിക്കാൻ നമ്മെ വിളിച്ചത് പോലെ തന്നെ നമ്മുടെ സഹോദരങ്ങളെയും ദൈവം വിളിച്ചിരിക്കുന്നുവെന്നു മനസ്സിലാക്കി മറ്റുള്ളവരിലെ നന്മയെ തിരിച്ചറിഞ്ഞ് സ്വന്തം ജീവിതത്തെ ക്രിസ്തുമയമാക്കാൻ പരിശ്രമിക്കാം, പ്രാർത്ഥിക്കാം.

    

 

 

            

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

21 February 2019, 10:16