തിരയുക

Vatican News
ഫ്രാന്‍സീസ് പാപ്പാ ഗലീലീയൊ ഫൗണ്ടേഷനിലെ അംഗങ്ങളുമൊത്ത് വത്തിക്കാനില്‍-08/02/19 ഫ്രാന്‍സീസ് പാപ്പാ ഗലീലീയൊ ഫൗണ്ടേഷനിലെ അംഗങ്ങളുമൊത്ത് വത്തിക്കാനില്‍-08/02/19  (Vatican Media)

മനുഷ്യക്കടത്ത് ഘോര കുറ്റകൃത്യം, ഫ്രാന്‍സീസ് പാപ്പാ

മനുഷ്യക്കടത്തിന്‍റെ കെണിയില്‍പ്പെട്ടിരിക്കുന്നവരുടെ ദുര്യോഗത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുക എന്നത് ക്രൈസ്തവരുടെ അടിയന്തരവും അത്യന്താപേക്ഷിതവുമായ കടമ.

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ദാരിദ്ര്യം, ചൂഷണം എന്നിവയാല്‍ യാതനകളനുഭവിക്കുന്നവരുടെ, പ്രത്യേകിച്ച്. ഘോര കുറ്റകൃത്യമായ മനുഷ്യക്കടത്തിന്‍റെ കെണിയില്‍പ്പെട്ടിരിക്കുന്നവരുടെ, ദുരിതാവസ്ഥയെക്കുറിച്ച് അവബോധം സൃഷ്ടിക്കാന്‍ ഗലീലിയൊ ഫൗണ്ടേഷന്‍ നല്കുന്ന സംഭാവനകളെ മാര്‍പ്പാപ്പാ ശ്ലാഘിക്കുന്നു.

വിശ്വാസ പ്രചാരണത്തിനും എക്യുമെനിസത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന ഗലീലിയൊ ഫൗണ്ടേഷന്‍റെ  അംഗങ്ങളും അഭ്യുദയകാംക്ഷികളുമടങ്ങിയ ഇരുപതിലേറെപ്പേരുടെ ഒരു സംഘത്തെ വെള്ളിയാഴ്ച (08/02/19) വത്തിക്കാനില്‍ സ്വീകരിച്ച് സംബോധന ചെയ്യുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

ഈ അവബോധം സൃഷ്ടിക്കല്‍ പ്രക്രിയ ഇന്നത്തെ ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം, അടിയന്തരവും അത്യന്താപേക്ഷിതവുമായ ഒരു കടമയാണെന്ന് ഉദ്ബോധിപ്പിച്ച പാപ്പാ മനുഷ്യക്കടത്തിനിരകളായവരുടെ സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥയായ വിശുദ്ധ ജോസഫൈന്‍ ബക്കീത്തയുടെ തിരുന്നാള്‍ ദിനത്തില്‍ തന്നെ ഈ കൂടിക്കാഴ്ച നടന്നത് ഒരിക്കലും യാദൃശ്ചിക സംഭവമല്ലെന്നു പറഞ്ഞു.

വേദനാപൂര്‍ണ്ണമായ സ്വന്തം അനുഭവം കൊണ്ട്, അടിമത്തം എന്ന യാഥാര്‍ത്ഥ്യവും അതിന്‍റെ നിന്ദ്യവും ഭീകരവുമായ തിക്തഫലങ്ങളും എന്താണെന്ന് മനസ്സിലാക്കിയവളാണ് വിശുദ്ധ ബക്കീത്ത എന്നു പാപ്പാ കൂട്ടിച്ചേര്‍ത്തു. 

ദൈവകൃപയാല്‍ വിശുദ്ധ ബക്കീത്തയ്ക്കും യഥാര്‍ത്ഥ സ്വാതന്ത്ര്യവും സന്തോഷവും അനുഭവിച്ചറിയാന്‍ സാധിച്ചുവെന്നും പാപ്പാ പ്രസ്താവിച്ചു.

സമൂഹത്തിന്‍റെ തുറന്ന മുറിവും ക്രിസ്തുവിന്‍റെ ഗാത്രത്തിനേല്ക്കുന്ന ചാട്ടവാറടിയും നരകുലത്തിനെതിരായ കുറ്റകൃത്യവുമായ അടിമത്തത്തിന്‍റെ സകല ആധുനിക രൂപങ്ങള്‍ക്കുമെതിരെ കൂടുതല്‍ നിശ്ചയദാര്‍ഢ്യത്തോടെ പോരാടാന്‍ മാത്രമല്ല അവളുടെ ഉദാത്തമാതൃകയില്‍ നിന്നു പഠിക്കാനും വിശുദ്ധ ബക്കീത്തയുടെ ജീവിത വിശുദ്ധി ആഹ്വാനം ചെയ്യുന്നുവെന്നു പാപ്പാ പറഞ്ഞു.

പാവപ്പെട്ടവനെ ആര്‍ദ്രതയോടും സൗമ്യതയോടും സഹാനുഭൂതിയോടും കൂടെ എങ്ങനെ പരിചരിക്കണമെന്ന് ആ വിശുദ്ധ നമ്മെ പഠിപ്പിക്കുന്നുവെന്ന് പാപ്പാ കൂട്ടിച്ചേര്‍ത്തു.      

തങ്ങളുടെ തനതായ വിളികളിലും ഉത്തരവാദിത്വങ്ങളിലും കര്‍ത്താവിനെ പിന്‍ചെല്ലുകയെന്ന അനന്യമായ മാര്‍ഗ്ഗങ്ങളുള്ള അല്‍മായരെന്ന നിലയില്‍ അവര്‍ക്ക്, സുവിശേഷത്തിന്‍റെ രക്ഷാകരസന്ദേശം ഇക്കാലഘട്ടത്തിലെ ജനങ്ങളെ, വിശിഷ്യ, വേധ്യരായവരെ അറിയിക്കുന്നതില്‍ സത്താപരമായ ഒരു പങ്കു വഹിക്കാനുണ്ടെന്ന് പാപ്പാ ഓര്‍മ്മപ്പെടുത്തുകയും ചെയ്തു.

 

08 February 2019, 13:12