ഫ്രാന്‍സീസ് പാപ്പാ  “ദൈവത്തിന്‍റെ വിശുദ്ധ യോഹന്നാന്‍റെ ആതുരസേവന സഹോദരര്‍” (HOSPITALLER BROTHERS OF ST.JOHN OF GOD) എന്ന സന്ന്യസ്ത സമൂഹത്തിലെ അംഗങ്ങള്‍ക്ക് വത്തിക്കാനില്‍ ദര്‍ശനം അനുവദിച്ച വേളയില്‍, 01/02/19 ഫ്രാന്‍സീസ് പാപ്പാ “ദൈവത്തിന്‍റെ വിശുദ്ധ യോഹന്നാന്‍റെ ആതുരസേവന സഹോദരര്‍” (HOSPITALLER BROTHERS OF ST.JOHN OF GOD) എന്ന സന്ന്യസ്ത സമൂഹത്തിലെ അംഗങ്ങള്‍ക്ക് വത്തിക്കാനില്‍ ദര്‍ശനം അനുവദിച്ച വേളയില്‍, 01/02/19 

യേശുവിന്‍റെ സഹാനൂഭൂതിയും കാരുണ്യവും അനുഭവവേദ്യമാക്കുക-പാപ്പാ

ദൈവത്തിന്‍റെ വിശുദ്ധ യോഹന്നാന്‍ ദൈവത്തിന്‍റെ ഉറ്റസ്നേഹിതനും രോഗിയോടും നര്‍ദ്ധനനോടും അനുകമ്പയുള്ള മനുഷ്യനുമായിരുന്നുവെന്ന് മാര്‍പ്പാപ്പാ.

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

വിവേചനബുദ്ധി, സാമീപ്യ-ആതിഥ്യ മനോഭാവം, ദൗത്യം പങ്കുവയ്ക്കല്‍ എന്നീ മൂന്നു കാര്യങ്ങളില്‍ ശ്രദ്ധയുള്ളവരായിരിക്കാന്‍ മാര്‍പ്പാപ്പാ “ദൈവത്തിന്‍റെ വിശുദ്ധ യോഹന്നാന്‍റെ ആതുരസേവന സഹോദരര്‍” (HOSPITALLER BROTHERS OF ST.JOHN OF GOD) എന്ന സന്ന്യസ്ത സമൂഹത്തിലെ അംഗങ്ങള്‍ക്ക് പ്രചോദനം പകരുന്നു.

ഈ സമൂഹത്തിന്‍റെ പൊതുയോഗത്തില്‍, അതായത്, ജനറല്‍ ചാപ്റ്ററില്‍, പങ്കെടുക്കുന്ന നൂറോളം പേരെ വെള്ളിയാഴ്ച (01/02/19) വത്തിക്കാനില്‍ സ്വീകരിച്ച അവസരത്തിലാണ് ഫ്രാന്‍സീസ് പാപ്പാ ഇതെക്കുറിച്ചു പരാമര്‍ശിച്ചത്.

സഭയുടെ ജീവിതത്തിലും സമര്‍പ്പിത ജീവിതത്തിലും മൗലികമായ ഒരു മനോഭാവമാണ് വിവേചനബുദ്ധി എന്നുദ്ബോധിപ്പിച്ച പാപ്പാ അത് ഗതകാലത്തിലേക്കു നോക്കി നമ്മുടെ ചരിത്രത്തെയും സിദ്ധിയെയും ശുദ്ധീകരിക്കാനും കച്ചിയില്‍ നിന്ന് ധാന്യം വേര്‍തിരിച്ചെടുക്കാനും പ്രാധന്യമര്‍ഹിക്കുന്നതെന്തൊ അതില്‍ നയനങ്ങളൂന്നാനും നമ്മെ പ്രാപ്തരാക്കുമെന്ന് വിശദീകരിച്ചു.

ദൈവത്തിന്‍റെ വിശുദ്ധ യോഹന്നാന്‍ ദൈവത്തിന്‍റെ ഉറ്റസ്നേഹിതനും രോഗിയോടും നര്‍ദ്ധനനോടും അനുകമ്പയുള്ള മനുഷ്യനുമായിരുന്നുവെന്നനുസ്മരിച്ച പാപ്പാ സാമീപ്യം ആതിഥ്യഭാവം എന്നീ ഗുണങ്ങളെക്കുറിച്ചു സൂചിപ്പിച്ചുകൊണ്ട്, അത്യുത്സാഹവും അനുകമ്പയും പരിശുദ്ധാരൂപിയുടെ ഊര്‍ജ്ജങ്ങളാണെന്നും അവ ആതുരസേവന ശ്രുശ്രൂഷയ്ക്ക് അര്‍ത്ഥം നല്കുമെന്നും പ്രസ്താവിച്ചു.

യേശുവിനോടുള്ള സ്നേഹവായ്പ് ഇല്ലാത്ത പക്ഷം സമര്‍പ്പിതനിലും മാമ്മോദീസ സ്വീകരിച്ചവനിലും യഥാര്‍ത്ഥ അനുകമ്പയ്ക്ക് ഇടമുണ്ടാകില്ല എന്ന വസ്തുതയും പാപ്പാ ചൂണ്ടിക്കാട്ടി.

ദൗത്യം പങ്കുവയ്ക്കപ്പെടണമെന്ന ആശയം വിശദീകരിച്ച പാപ്പാ അതു സുപ്രധാനമാണെന്നും, കാരണം, സിദ്ധികള്‍ ആകമാനസഭയ്ക്കും അഖിലലോകത്തിനും വേണ്ടിയുള്ളതാണെന്നും ഉദ്ബോധിപ്പിച്ചു.

ആകയാല്‍ സിദ്ധിയിലും ആദ്ധ്യാത്മികതയിലും ക്രിസ്തീയാതിഥ്യദൗത്യത്തിലും അല്മയാവിശ്വാസികളെയും പരിശീലിപ്പിച്ചെടുക്കുന്നതില്‍ ഉപേക്ഷ വിചാരിക്കരുതെന്നു പാപ്പാ പറഞ്ഞു.

യേശുവിന്‍റെ സഹാനുഭൂതിയും കാരുണ്യവും രോഗികള്‍ക്കും  ആവശ്യത്തിലിരിക്കുന്നവര്‍ക്കും അനുഭവവേദ്യമാക്കാന്‍ പാപ്പാ പ്രചോദനം പകരുകയും ചെയ്തു.  

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

01 February 2019, 13:41