ഫ്രാന്‍സീസ് പാപ്പാ, ഇറ്റലിയിലെ ജീവനുവേണ്ടിയുള്ള പ്രസ്ഥാനങ്ങളുടെ സംയുക്ത സമിതിയുടെ എഴുപതോളം പേരടങ്ങുന്ന ഭരണസമിതിയെ ശനിയാഴ്ച (02/02/19) വത്തിക്കാനില്‍ സ്വീകരിച്ചപ്പോള്‍ ഫ്രാന്‍സീസ് പാപ്പാ, ഇറ്റലിയിലെ ജീവനുവേണ്ടിയുള്ള പ്രസ്ഥാനങ്ങളുടെ സംയുക്ത സമിതിയുടെ എഴുപതോളം പേരടങ്ങുന്ന ഭരണസമിതിയെ ശനിയാഴ്ച (02/02/19) വത്തിക്കാനില്‍ സ്വീകരിച്ചപ്പോള്‍ 

എവിടെ ജീവനുണ്ടോ അവിടെ പ്രത്യാശയുണ്ട്-പാപ്പാ

ജീവന് ഇടം നല്കിയാല്‍ മാത്രമെ മുന്നോട്ട് ആത്മവിശ്വാസത്തോടെ നോക്കാന്‍ നമുക്കു സാധിക്കുകയുള്ളു. ആകയാല്‍ ജീവന്‍റെ സംരക്ഷണത്തിന്‍റെ ആധാരം ജീവനെ, ഉദരത്തില്‍ കഴിയുന്ന ജീവനെ സ്വീകരിക്കുന്നതിലാണ്- ഫ്രാന്‍സീസ് പാപ്പാ

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ജീവന്‍ മൊട്ടിടുമ്പോള്‍ത്തന്നെ അതിനെ നശിപ്പിക്കുമ്പോള്‍ നാം നമ്മുടെ വിളിയെ ഒറ്റുകൊടുക്കുകയാണ് ചെയ്യുന്നതെന്ന് പാപ്പാ.

ഇറ്റലിയില്‍ ജീവനുവേണ്ടി പ്രവര്‍ത്തിക്കുന്ന അറുനൂറിലേറെ പ്രസ്ഥാനങ്ങളോ കേന്ദ്രങ്ങളോ ഉള്‍പ്പെടുന്ന സംയുക്ത സമിതിയുടെ എഴുപതോളം പേരടങ്ങുന്ന ഭരണസമിതിയെ ശനിയാഴ്ച (02/02/19) വത്തിക്കാനില്‍ സ്വീകരിച്ച് സംബോധന ചെയ്യുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

ഇറ്റലിയിലെ കത്തോലിക്കാസഭ ഫെബ്രുവരിയിലെ പ്രഥമ ഞായറാഴ്ച ജീവനുവേണ്ടിയുളള ദിനമായി ആചരിക്കുന്നതിനോടനുബന്ധിച്ചായിരുന്നു ഈ കൂടിക്കാഴ്ച.

“നിന്നെ ഞാന്‍ പരിപാലിക്കും. മാതൃത്വത്തിന്‍റെ മാതൃത” എന്ന പ്രമേയം നാല്പ്പത്തിയൊന്നാമത്തെതായ ഈ ദിനാചരണം സ്വീകരിച്ചിരിക്കുന്നതിനെക്കുറിച്ചു സൂചിപ്പിച്ച പാപ്പാ ഗര്‍ഭാവസ്ഥയെയും കുഞ്ഞിന്‍റെ ജനനത്തെയും യാന്ത്രികമൊ ശാരീരികമൊ ആയ ഒരു വസ്തുതയായി കാണാനല്ല പ്രത്യുത, സ്ത്രീയെ അവളുടെ കുഞ്ഞുമായി ഒന്നിപ്പിക്കുന്ന ആ ബന്ധത്തിന്‍റെയും കൂട്ടായ്മയുടെയും കോണിലൂടെ നോക്കാനാണ് ഈ പ്രമേയം നമ്മെ ക്ഷണിക്കുന്നതെന്ന് പറഞ്ഞു.

എവിടെ ജീവനുണ്ടോ അവിടെ പ്രത്യാശയുണ്ടെന്നും ജീവന് ഇടം നല്കിയാല്‍ മാത്രമെ മുന്നോട്ട് ആത്മവിശ്വാസത്തോടെ നോക്കാന്‍ നമുക്കു സാധിക്കുകയുള്ളുവെന്നും പാപ്പാ പ്രസ്താവിച്ചു.

ആകയാല്‍ ജീവന്‍റെ സംരക്ഷണത്തിന്‍റെ ആധാരം ജീവനെ, ഉദരത്തില്‍ കഴിയുന്ന ജീവനെ സ്വീകരിക്കുന്നതിലാണെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

02 February 2019, 13:58