ഫ്രാന്‍സീസ് പാപ്പാ കത്തോലിക്കാസഭയുടെയും പൗരസ്ത്യ ഓര്‍ത്തഡോക്സ് സഭകളുടെയും ദൈവശാസ്ത്ര സംഭാഷണത്തിനായുള്ള അന്താരാഷ്ട്ര സംയുക്തസമിതിയുടെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തുന്നു, വത്തിക്കാന്‍ 01/02/19 ഫ്രാന്‍സീസ് പാപ്പാ കത്തോലിക്കാസഭയുടെയും പൗരസ്ത്യ ഓര്‍ത്തഡോക്സ് സഭകളുടെയും ദൈവശാസ്ത്ര സംഭാഷണത്തിനായുള്ള അന്താരാഷ്ട്ര സംയുക്തസമിതിയുടെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തുന്നു, വത്തിക്കാന്‍ 01/02/19 

വിശ്വാസാനുസൃത ജീവിതസാക്ഷ്യമേകാന്‍ വിളിക്കപ്പെട്ടവര്‍!

മദ്ധ്യപൂര്‍വ്വദേശം സംഘര്‍ഷത്തിന്‍റെ വേദിയായി തുടരാതെ സമാധാനത്തിന്‍റെ ഭൂമിയായി തീരണം-പാപ്പാ

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

കിഴക്കിന്‍റെയും പടിഞ്ഞാറിന്‍റെയും ദൈവശാസ്ത്രാവതരണങ്ങള്‍ പരസ്പര വിരുദ്ധങ്ങളല്ല, പ്രത്യുത, പരസ്പരപൂരകങ്ങളാണെന്ന് കത്തോലിക്കാസഭയുടെയും പൗരസ്ത്യ ഓര്‍ത്തഡോക്സ് സഭകളുടെയും ദൈവശാസ്ത്ര സംഭാഷണത്തിനായുള്ള സംയുക്തസമിതിയുടെ ചര്‍ച്ചകള്‍ പ്രസ്പഷ്ടമാക്കുന്നുവെന്ന് മാര്‍പ്പാപ്പാ സന്തുഷ്ടി പ്രകടിപ്പിക്കുന്നു.

ഈ അന്താരാഷ്ട്രസമിതിയുടെ ഒരാഴ്ച നീണ്ട സമ്മേളനത്തില്‍ പങ്കെടുത്ത ഇരുപത്തിയാറംഗ പ്രതിനിധിസംഘത്തെ വെള്ളിയാഴ്ച (01/02/19) വത്തിക്കാനില്‍ സ്വീകരിച്ച് സംബോധന ചെയ്യുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

“സഹോദരര്‍ ഏകമാനസ്സരായി ഒന്നിച്ചു വസിക്കുന്നത് എത്ര വിശിഷ്ടവും സന്തോഷപ്രദവുമാണ്” എന്ന 133-Ↄ○ സങ്കീര്‍ത്തനവാക്യം പാപ്പാ അനുസ്മരിച്ചു.

കര്‍ത്താവ് നമ്മെ സദാ വിളിക്കുന്നതു, കൂടുതലായും, വിശ്വാസാനുസൃത ജീവിതസാക്ഷ്യമേകുന്നതിനും ഐക്യത്തിനായി ആത്മാര്‍ത്ഥമായി പരിശ്രമിക്കുന്നതിനുമാണെന്ന് പാപ്പാ ഓര്‍മ്മിപ്പിച്ചു.

താനുമായി കൂടിക്കാഴ്ചയ്ക്കെത്തിയിരിക്കുന്നവരില്‍ കൂടുതലും യുദ്ധം, അതിക്രമം, പീഢനങ്ങള്‍ എന്നിവയാല്‍ ഭീകരങ്ങളായ പരീക്ഷണങ്ങള്‍ക്ക് വിധേയമാക്കപ്പെട്ട മദ്ധ്യപൂര്‍വ്വദേശത്തെ സഭകളില്‍ നിന്നുള്ളവരാണെന്ന് എടുത്തു പറഞ്ഞ പാപ്പാ ആ ദേശത്തിനുവേണ്ടി ഇറ്റിലിയിലെ ബാരിയില്‍ വച്ച് കഴിഞ്ഞവര്‍ഷം വിവിധ സഭകളുടെ തലവന്മാരുമൊത്ത് പ്രാര്‍ത്ഥിച്ചത് അനുസ്മരിച്ചു.

മദ്ധ്യപൂര്‍വ്വദേശം സംഘര്‍ഷത്തിന്‍റെ വേദിയായി തുടരാതെ സമാധാനത്തിന്‍റെ  ഭൂമിയായി തീരണമെന്നു പറഞ്ഞു.

അധികാരത്തിന്‍റെയും ദാരിദ്ര്യത്തിന്‍റെയും പുത്രിയായ യുദ്ധം അവകാശത്തിന്‍റെയും നീതിയുടെയും മകളായ സമാധാനത്തിന് വഴിമാറണമെന്നും നമ്മുടെ ക്രൈസ്തവ സഹോദരങ്ങള്‍ അവിടെ തുല്യ അവകാശമുള്ള പൗരന്മാരായി പൂര്‍ണ്ണമായും അംഗീകരിക്കപ്പെടണമെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

01 February 2019, 12:45