ഫ്രാന്‍സീസ് പാപ്പാ മൈക്രൊസോഫ്റ്റിന്‍റെ പ്രസിഡന്‍റ് ബ്രാഡ് സ്മിത്തിനെ വത്തിക്കാനില്‍ സ്വീകരിക്കുന്നു-13-02-2019 ഫ്രാന്‍സീസ് പാപ്പാ മൈക്രൊസോഫ്റ്റിന്‍റെ പ്രസിഡന്‍റ് ബ്രാഡ് സ്മിത്തിനെ വത്തിക്കാനില്‍ സ്വീകരിക്കുന്നു-13-02-2019 

മൈക്രോസോഫ്റ്റ് പ്രസിഡന്‍റ് വത്തിക്കാനില്‍

നിര്‍മ്മിതബുദ്ധി പൊതുനന്മയുടെ സാക്ഷാത്ക്കാരത്തിനും ലോകത്തില്‍ ഇന്നും കാണപ്പെടുന്ന ഡിജിറ്റല്‍ തലത്തിലുള്ള വിടവ് നികത്താനുള്ള പ്രവര്‍ത്തനങ്ങള്‍ക്കും സഹായകമായി ഭവിക്കട്ടെ- ഫ്രാന്‍സീസ് പാപ്പായും മൈക്രൊസോഫ്റ്റിന്‍റെ പ്രസിഡന്‍റ് ബ്രാഡ് സ്മിത്തും.

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

നിര്‍മ്മിത ബുദ്ധിയുടെ, അഥവാ, കൃത്രിമ ബുദ്ധിയുടെ (ARTIFICIAL INTELLIGENCE) മേഖലയിലെ ധാര്‍മ്മികതയ്ക്കായി ഒരു അന്താരാഷ്ട്ര പുരസ്ക്കാരം മൈക്രോസോഫ്റ്റ്, ജീവനുവേണ്ടിയുള്ള പൊന്തിഫിക്കല്‍ അക്കാദമിയുമായി സഹകരിച്ച് ഏര്‍പ്പെടുത്തും.

ഇക്കഴിഞ്ഞ ബുധനാഴ്ച  (13/02/19) വത്തിക്കാനില്‍ ഫ്രാന്‍സീസ് പാപ്പാ മൈക്രൊസോഫ്റ്റിന്‍റെ പ്രസിഡന്‍റ് ബ്രാഡ് സ്മിത്തിനെ ജീവനുവേണ്ടിയുള്ള പൊന്തിഫിക്കല്‍ അക്കാദമിയുടെ അദ്ധ്യക്ഷന്‍ ആര്‍ച്ച്ബിഷപ്പ് വിന്‍ച്ചേന്‍സൊ  പാല്യയോടൊപ്പം കൂടിക്കാഴ്ചയ്ക്കായി സ്വീകരിച്ചവേളയില്‍ ഇരുവരും പാപ്പായെ ധരിപ്പിച്ചതാണ് ഇതെന്ന് ഈ കൂടിക്കാഴ്ചയെ അധികരിച്ച് പുറപ്പെടുവിച്ച ഒരു പത്രക്കുറിപ്പില്‍ പരിശുദ്ധസിംഹാസനത്തിന്‍റെ  പ്രസ്സ് ഓഫീസിന്‍റെ മേധാവി അലെസ്സാന്ത്രൊ ജിസോത്തി വെളിപ്പെടുത്തി.

നിര്‍മ്മിത ബുദ്ധി പൊതുനന്മയുടെ സാക്ഷാത്ക്കാരത്തിനും ലോകത്തില്‍ ഇന്നും കാണപ്പെടുന്ന ഡിജിറ്റല്‍ തലത്തിലുള്ള വിടവ് നികത്താനുള്ള പ്രവര്‍ത്തനങ്ങള്‍ക്കും സഹായകമായി ഭവിക്കേണ്ടതിനെക്കുറിച്ച് ഇവര്‍ പാപ്പായുമായി ചര്‍ച്ചചെയ്തുവെന്നും പത്രക്കുറിപ്പില്‍ കാണുന്നു.

ജീവനുവേണ്ടിയുള്ള പൊന്തിഫിക്കല്‍ അക്കാദമിയുടെ, 2020-ല്‍ സംഘടിപ്പിക്കപ്പെടുന്ന, സമ്പൂര്‍ണ്ണ സമ്മേളനത്തിന്‍റെ ചര്‍ച്ചാപ്രമേയം നിര്‍മ്മിത ബുദ്ധി ആയിരിക്കും.

ഈ മാസം 25-27 വരെ നടക്കാന്‍ പോകുന്ന, ഇക്കൊല്ലത്തെ സമ്പൂര്‍ണ്ണ സമ്മേളനത്തിന്‍റെ വിചിന്തന പ്രമേയം “യന്ത്രമനുഷ്യധാര്‍മ്മികത: മനുഷ്യരും യന്ത്രങ്ങളും ആരോഗ്യവും” എന്നതാണ്.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

14 February 2019, 12:52