തിരയുക

ഫ്രാന്‍സീസ് പാപ്പാ ,കുട്ടികളുടെ സംരക്ഷണത്തെ അധികരിച്ചുള്ള സമ്മേളന വേദിയില്‍, വത്തിക്കാന്‍, 22/02/2019 ഫ്രാന്‍സീസ് പാപ്പാ ,കുട്ടികളുടെ സംരക്ഷണത്തെ അധികരിച്ചുള്ള സമ്മേളന വേദിയില്‍, വത്തിക്കാന്‍, 22/02/2019 

സഭയില്‍ സ്ത്രൈണപ്രതിഭ പ്രതിബിംബിക്കുന്നു-പാപ്പാ

സഭയുടെ മുറിവുകളെക്കുറിച്ചു സംസാരിക്കാന്‍ ഒരു സ്ത്രീയെ ക്ഷണിക്കുമ്പോള്‍ സ്വന്തം മുറിവുകളെക്കുറിച്ചു പറയാന്‍ സഭയെത്തന്നെ ക്ഷണിക്കുകയാണ് ചെയ്യുന്നത്- ഫ്രാന്‍സീസ് പാപ്പാ

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

സ്ത്രീ, സഭയുടെ രൂപമാണെന്ന് മാര്‍പ്പാപ്പാ.

സഭയില്‍ കുട്ടികളുടെ സംരക്ഷണം ഉറപ്പാക്കപ്പെടുന്നതിനു ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചു ചര്‍ച്ചചെയ്തു തീരുമാനങ്ങള്‍ എടുക്കുന്നതിന് ഫ്രാന്‍സീസ് പാപ്പാ വത്തിക്കാനില്‍ വിളിച്ചുകൂട്ടിയിരിക്കുന്ന കത്തോലിക്കാമെത്രാന്‍ സംഘങ്ങളുടെ അദ്ധ്യക്ഷന്മാരുടെ സമ്മേളനത്തിന്‍റെ രണ്ടാം ദിനത്തില്‍, അതായത്, വെള്ളിയാഴ്ച (22/02/19) വൈകുന്നേരം ഫ്രാന്‍സീസ് പാപ്പാ മുന്നൊരുക്കമൊന്നും കൂടാതെ ഈ യോഗത്തെ സംബോധന ചെയ്യുകയായിരുന്നു.

അല്‍മായര്‍ക്കും കുടുംബത്തിനും ജീവനും വേണ്ടിയുള്ള റോമന്‍ കൂരിയവിഭാഗത്തില്‍ അല്‍മായര്‍ക്കുവേണ്ടിയുള്ള ഘടകത്തിന്‍റെ ഉപകാര്യദര്‍ശി ആയ ശ്രീമതി ലിന്‍റ ഗിസോണിയുടെ പ്രബന്ധാവതരണത്തിനു ശേഷം ഉടനെയായിരുന്നു പാപ്പായുടെ ഹ്രസ്വ പ്രഭാഷണം.

സഭതന്നെ സഭയെക്കുറിച്ചു സംസാരിക്കുന്ന ഒരു പ്രതീതിയാണ് ഗിസോണിയെ ശ്രവിച്ചവേളയില്‍ തനിക്കുണ്ടായതെന്ന് പാപ്പാ പറഞ്ഞു.

ഇവിടെ ശൈലിയെക്കുറിച്ചു മാത്രമല്ല താന്‍ സൂചിപ്പിക്കുന്നതെന്നും ഒരു സ്ത്രീയായ സഭയില്‍ സ്ത്രൈണപ്രതിഭ പ്രിതിബിംബിക്കുന്നുവെന്നും പാപ്പാ വ്യക്തമാക്കി.

സഭയുടെ മുറിവുകളെക്കുറിച്ചു സംസാരിക്കാന്‍ ഒരു സ്ത്രീയെ ക്ഷണിക്കുമ്പോള്‍ സ്വന്തം മുറിവുകളെക്കുറിച്ചു പറയാന്‍ സഭയെത്തന്നെ ക്ഷണിക്കുകയാണ് ചെയ്യുന്നതെന്നും, സ്ത്രീയും മണവാട്ടിയും അമ്മയുമായ സഭയുടെ പ്രതിരൂപമാണ് സ്ത്രീയെന്നും പാപ്പാ പറഞ്ഞു.

ഇത് ഒരു ശൈലിയാണെന്നും ഈ ശൈലിയുടെ അഭാവത്തില്‍ ദൈവജനത്തെക്കുറിച്ചു സംസാരിച്ചാല്‍ അത് സഭാ മാതാവ് ജന്മമേകിയ ഒരു കുടുംബം എന്ന നിലയിലാകില്ല മറിച്ച് സംഘടനാതലത്തിലായി ഭവിക്കുമെന്നും പാപ്പാ വിശദീകരിച്ചു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

23 February 2019, 12:57