തിരയുക

ഫ്രാന്‍സീസ് പാപ്പാ റോമിനു പുറത്തുള്ള സാക്രൊഫാനൊയിലെ “ഫ്രത്തേര്‍ണ ദോമൂസില്‍” വെള്ളിയാഴ്ച (15/02/19) വൈകുന്നേരം ദിവ്യബലിയര്‍പ്പിക്കുന്നതിനെത്തുന്നു ഫ്രാന്‍സീസ് പാപ്പാ റോമിനു പുറത്തുള്ള സാക്രൊഫാനൊയിലെ “ഫ്രത്തേര്‍ണ ദോമൂസില്‍” വെള്ളിയാഴ്ച (15/02/19) വൈകുന്നേരം ദിവ്യബലിയര്‍പ്പിക്കുന്നതിനെത്തുന്നു  

ഭയം, സ്വേച്ഛാധിപത്യത്തിന്‍റെ ഉറവിടമാണെന്ന് മാര്‍പ്പാപ്പാ

അപരനോടും, പിരചയമില്ലാത്തവരോടും പാര്‍ശ്വവത്കൃതരോടും, പരദേശിയോടുമുള്ള ഭയം നമ്മില്‍ വര്‍ദ്ധമാനമാകത്തക്കവിധം നാം നമ്മിലേക്കു തന്നെ ചുരുങ്ങുന്നുവെന്നും അത് തോല്‍വിയുടെ അടയാളമാണെന്നും പാപ്പാ.

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ഭയമാണ് അടിമത്തത്തിന്‍റെ മൂലഹേതുവെന്ന് മാര്‍പ്പാപ്പാ.

വത്തിക്കാനില്‍ നിന്ന് 20 കിലോമീറ്ററിലേറെ വടക്കുമാറിയുള്ള “സാക്രൊഫാനൊ” എന്ന സ്ഥലത്ത്, ക്രിസ്തീയ സാമൂഹ്യസേവന സന്നദ്ധസംഘടനയായ, “ഭ്രാതൃ ഭവനം” എന്നര്‍ത്ഥമുള്ള “ഫ്രത്തേര്‍ണ ദോമൂസില്‍” വെള്ളിയാഴ്ച (15/02/19) വൈകുന്നേരം ദിവ്യബലിയര്‍പ്പിച്ച് വചനവിശകലനം നടത്തുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

ഇറ്റലിയിലെ കാരിത്താസ് സംഘടനയും കുടിയേറ്റക്കാര്‍ക്കാരെ സ്വീകരിക്കുന്നതില്‍ ശ്രദ്ധിക്കുന്നതിനായി ഇറ്റലിയിലെ കത്തോലിക്കാമെത്രാന്‍ സംഘം രൂപംകൊടുത്തിട്ടുള്ള സംഘടനയായ “മിഗ്രാന്തെസും” അഭയാര്‍ത്ഥികളെ സഹായിക്കുന്നതിനായി ഈശോസഭയുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന “അസ്താല്ലി” കേന്ദ്രവും സംയുക്തമായി ഫ്രത്തേര്‍ണ ദോമൂസ് മന്ദിരത്തില്‍ വെള്ളിയാഴ്ച (15/02/19) ആരംഭിച്ച “ഭയ വിമുക്തരായി” എന്ന പ്രമേയത്തോടുകൂടിയ, ത്രിദിന സമ്മേളനത്തോ‌ട് അനുബന്ധിച്ചായിരുന്നു പാപ്പായുടെ ദിവ്യബലി.

ദിവ്യബലിമദ്ധ്യേ വായിക്കപ്പെട്ട പുറപ്പാടിന്‍റെ പുസ്തകം 14-Ↄ○ അദ്ധ്യായത്തില്‍ നിന്നുള്ള ഭാഗത്തില്‍, മോശ, ഇസ്രായേല്‍ ജനത്തെ ഭയരഹിതരായിരിക്കാന്‍ ആഹ്വാനം ചെയ്യുന്നതും, സുവിശേഷ വായനയില്‍, അതായത് മത്തായിയുടെ സുവിശേഷം 14-Ↄ○ അദ്ധ്യായം 22-33 വരെയുള്ള വാക്യങ്ങളില്‍, യേശു, ഭയവിഹ്വലരായ ശിഷിരോടു ഭയപ്പെടേണ്ട എന്നു പറയുന്നതും അനുസ്മരിച്ച പാപ്പാ ഭയം സര്‍വ്വിധ സ്വേച്ഛാധിപത്യത്തിന്‍റെയും ഉറവിടമാണെന്നും കാരണം ജനത്തോടുള്ള ഭയത്താലാണ് സ്വേച്ഛാധിപതികളുടെ അതിക്രമങ്ങള്‍ വര്‍ദ്ധമാനമാകുന്നതെന്നും വിശദീകരിച്ചു.

നമ്മുടെ ഇക്കാലഘട്ടത്തിന്‍റെ തിന്മകളാലും ജുഗുപ്സാവഹമായ കാര്യങ്ങളാലും, നമ്മളും, ഇസ്രായേല്‍ ജനത്തെപ്പോലെതന്നെ സ്വാതന്ത്ര്യമെന്ന സ്വപ്നം വെടിയാന്‍ പ്രലോഭിതരാകുന്നുണ്ടെന്നു പാപ്പാ പറ‍ഞ്ഞു.

അപരനോടും, പിരചയമില്ലാത്തവരോടും പാര്‍ശ്വവത്കൃതരോടും, പരദേശിയോടുമുള്ള ഭയം നമ്മില്‍ വര്‍ദ്ധമാനമാകത്തക്കവിധം നാം നമ്മിലേക്കു തന്നെ ചുരുങ്ങുന്നുവെന്നും അത് തോല്‍വിയുടെ അടയാളമാണെന്നും പ്രസ്താവിച്ച പാപ്പാ, നാം വിളിക്കപ്പെട്ടിരിക്കുന്നത് ഭയത്തെ കീഴ്പ്പെടുത്തി സമാഗമത്തിന് സ്വയം തുറന്നുകൊടുക്കാനാണെന്ന് ഓര്‍മ്മിച്ചു.

അപരന്‍റെ സംസ്ക്കാരത്തിലേക്കു കടക്കുകയും അവരുടെ അവസ്ഥയോ‌ടു താദാത്മ്യം പ്രാപിക്കുകയും അവരുടെ ചിന്തകളും അനുഭവങ്ങളും മനസ്സിലാക്കുകയും ചെയ്യുക ആയാസകരമാണെന്നും ആകയാല്‍ പലപ്പോഴും നമ്മള്‍ അപരനുമായുള്ള കൂടിക്കാഴ്ചയില്‍ നിന്ന് പിന്മാറുകയും നമ്മുടെ സ്വയരക്ഷയ്ക്കായി മതിലുകള്‍ ഉയര്‍ത്തുകയുമാണ് ചെയ്യുന്നതെന്നും പാപ്പാ പറഞ്ഞു. 

അപരനുമായുള്ള സമാഗമം വേണ്ടെന്നു വയക്കുന്നത് മനുഷ്യോചിതമല്ല എന്ന വസ്തുത ചൂണ്ടിക്കാട്ടിയ പാപ്പാ നാം അപരനുമായി കൂടിക്കാഴ്ച നടത്തുമ്പോള്‍ ക്രിസ്തുമായിട്ടു തന്നെയാണ് കണ്ടുമുട്ടുന്നതെന്ന് ഉദ്ബോധിപ്പിച്ചു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

16 February 2019, 12:36