തിരയുക

Vatican News
ഫ്രാന്‍സീസ് പാപ്പാ പ്രതിവാര പൊതുകൂടിക്കാഴ്ച അനുവദിക്കാന്‍ എത്തുന്നു, വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ ചത്വരത്തില്‍ , 27/02/2019 ഫ്രാന്‍സീസ് പാപ്പാ പ്രതിവാര പൊതുകൂടിക്കാഴ്ച അനുവദിക്കാന്‍ എത്തുന്നു, വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ ചത്വരത്തില്‍ , 27/02/2019 

നമ്മില്‍, നമ്മുടെ കുടുംബത്തില്‍, ദൈവനാമം പൂജിതമാക്കപ്പെടണം!

ദൈവം പരിശുദ്ധനാണ്. എന്നാല്‍ നമ്മുടെ ജീവിതം വിശുദ്ധമല്ലെങ്കില്‍ ഒരു പൊരുത്തക്കേടുണ്ട്. ദൈവത്തിന്‍റെ വിശുദ്ധി നമ്മുടെ കര്‍മ്മങ്ങളിലും നമ്മുടെ ജീവിതത്തിലും പ്രതിഫലിക്കണം- ഫ്രാന്‍സീസ് പാപ്പാ

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ശൈത്യത്തിന്‍റെ പിടിയില്‍ നിന്ന് റോമാപുരി മോചിതമായിക്കൊണ്ടിരിക്കുന്നതിന്‍റെ ലക്ഷണങ്ങള്‍ പ്രകടമായിതുടങ്ങിയിരിക്കുന്നു. താപനില ക്രമേണ ഉയരുന്നു. ഇക്കഴിഞ്ഞ ദിനങ്ങളിലെ ശക്തമായ കാറ്റും തണുപ്പുമൊക്കെ മാറി നല്ല തെളിഞ്ഞ കാലാവസ്ഥയായിരുന്നു ഈ ബുധനാഴ്ച. (27/02/19). ആകയാല്‍ ബുധനാഴ്ചകളിലെ  പതിവനുസരിച്ച്, ഫ്രാന്‍സീസ് പാപ്പാ വത്തിക്കാനില്‍ അനുവദിച്ച പ്രതിവാര പൊതുകൂടിക്കാഴ്ചയുടെ വേദി വിശുദ്ധ പത്രോസിന്‍റെ  ബസിലിക്കയുടെ അതിവിശാലമായ ചത്വരമായിരുന്നു ഈയാഴ്ച. തണുപ്പു തുടങ്ങിയതിനു ശേഷം കഴിഞ്ഞ ആഴ്ചവരെ പൊതുകൂടിക്കാഴ്ച അരങ്ങേറിയത് പോള്‍ ആറാമന്‍ ശാലയിലായിരുന്നു. തന്നെ ഏവര്‍ക്കും കാണത്തക്കരീതിയില്‍ സജ്ജീകരിച്ചിട്ടുള്ള വെളുത്ത തുറന്ന വാഹനത്തില്‍ അങ്കണത്തിലേക്കു പ്രവേശിച്ച പാപ്പായെ വിവിധരാജ്യക്കാരായിരുന്ന പതിനായിരത്തിലേറെവരുന്ന ജനങ്ങള്‍ ആനന്ദാരവങ്ങളോടെ വരവേറ്റു.

ഏവര്‍ക്കും അഭിവാദ്യമര്‍പ്പിച്ചുകൊണ്ട്, പാപ്പാ, ജനസഞ്ചയത്തിനിടയിലൂടെ, വാഹനത്തില്‍ സാവധാനം നീങ്ങി. അംഗരക്ഷകര്‍ ഇടയ്ക്കിടെ തന്‍റെ പക്കലേക്ക് എടുത്തുകൊണ്ടുവന്ന പിഞ്ചു കുഞ്ഞുങ്ങളെ പാപ്പാ വാഹനം നിറുത്തി തൊട്ടുതലോടുകയും ആശീര്‍വദിക്കുകയും സ്നേഹചുംബനമേകുകയും ചെയ്യുന്നുണ്ടായിരുന്നു. പ്രസംഗവേദിക്കടുത്തുവച്ച വാഹനത്തില്‍ നിന്നിറങ്ങിയ പാപ്പാ നടന്ന് പ്രസംഗവേദിയിലെത്തുകയും റോമിലെ സമയം രാവിലെ 09.30 കഴിഞ്ഞപ്പോള്‍, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 2 മണിക്കു ശേഷം, ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന്  വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണമായിരുന്നു.

എസെക്കിയേല്‍ പ്രവാചകന്‍റെ പുസ്തകത്തില്‍ നിന്ന്:

“ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു:... നിങ്ങള്‍ അശുദ്ധമാക്കിയ എന്‍റെ  ശ്രേഷ്ഠനാമത്തിന്‍റെ പരിശുദ്ധി ഞാന്‍ തെളിയിക്കും. തങ്ങളുടെ കണ്‍മുന്നില്‍ വച്ച് നിങ്ങളിലൂടെ എന്‍റെ പരിശുദ്ധി ഞാന്‍ വെളിപ്പെടുത്തുമ്പോള്‍ ഞാനാണ് കര്‍ത്താവ് എന്ന് ജനതകള്‍ അറിയും” എസെക്കിയേല്‍ പ്രവാചകന്‍റെ പുസ്തകം, 36:22-23 വാക്യങ്ങളില്‍ നിന്ന്..

ഈ വിശുദ്ധഗ്രന്ഥഭാഗം വായിക്കപ്പെട്ടതിനെ തുടര്‍ന്ന് പാപ്പാ “സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ” എന്ന കര്‍ത്തൃപ്രാര്‍ത്ഥനയെ അധികരിച്ചു നടത്തിപ്പോരുന്ന പ്രബോധനപരമ്പര തുടര്‍ന്നു. “അങ്ങയുടെ  നാമം പൂജിതമാകണമെ”  എന്ന അപേക്ഷയായിരുന്നു പാപ്പായുടെ വിചിന്തനത്തിനാധാരം. ഇറ്റാലിയന്‍ ഭാഷയില്‍ ആയിരുന്ന തന്‍റെ മുഖ്യ പ്രഭാഷണത്തില്‍ പാപ്പാ ഇപ്രകാരം പറഞ്ഞു:

പ്രഭാഷണ സംഗ്രഹം:

പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം,

ശൈത്യകാലം വിടപറയുകയാണെന്നു തോന്നുന്നു, ആകയാല്‍, നമ്മള്‍ ചത്വരത്തിലേക്ക് വീണ്ടും എത്തിയിരിക്കുന്നു. എല്ലാവര്‍ക്കും അങ്കണത്തിലേക്കു സ്വാഗതം!

“സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ” എന്ന പ്രാര്‍ത്ഥനയുടെ പുനരാവിഷ്ക്കരണത്തില്‍ നാം ഇന്ന് അതിലടങ്ങിയിട്ടുള്ള ഏഴ് അഭ്യര്‍ത്ഥനകളില്‍ ആദ്യത്തേതായ “അങ്ങയുടെ നാമം പൂജിതമാകണമേ” എന്ന പ്രാര്‍ത്ഥനയാണ് മനനം ചെയ്യുക.

ഏഴ് അഭ്യര്‍ത്ഥനകള്‍

കര്‍ത്തൃപ്രാര്‍ത്ഥനയില്‍ അടങ്ങിയിട്ടുള്ള ഏഴ് അഭ്യര്‍ത്ഥനകളെ നമുക്ക് രണ്ടായി തരം തിരിക്കുക എളുപ്പമാണ്. ആദ്യത്തെ മൂന്നെണ്ണത്തിലും ദൈവപിതാവിനെ സൂചിപ്പിക്കുന്ന “അങ്ങ്” അഥവാ “നീ” ആണ് കേന്ദ്രസ്ഥാനത്തു വരുന്നത്. തുടര്‍ന്നുള്ള നലെണ്ണത്തിലും “നമ്മളും” നമ്മുടെ ആവശ്യങ്ങളുമാണ് മുഖ്യവിഷയം. പിതാവിനെ സംബന്ധിച്ച തന്‍റെ അഭിലാഷങ്ങളിലേക്ക് നമ്മെ പ്രവേശിപ്പിക്കുകയാണ് യേശു ആദ്യഭാഗത്തു ചെയ്യുന്നത്.  “അങ്ങയുടെ നാമം പൂജിതമാകണമേ, അങ്ങയുടെ രാജ്യം വരണമേ, അങ്ങയുടെ ഹിതം നറവേറണമേ എന്നീ പ്രാര്‍ത്ഥനകളാണ് ഈ ഭാഗത്തുള്ളത്. രണ്ടാം ഭാഗത്ത്, യേശു നമ്മിലേക്കു പ്രവേശിക്കുകയും നമ്മുടെ ആവശ്യങ്ങളുടെ ആവിഷ്ക്കര്‍ത്താവാകുകയും ചെയ്യുന്നു. അന്നന്നു വേണ്ടുന്ന ആഹാരം, പാപങ്ങളുടെ മോചനം, പ്രലോഭനത്തില്‍ വീഴാതിരിക്കാനുള്ള സഹായം, തിന്മയില്‍ നിന്നുള്ള മുക്തി എന്നിവയാണ് ഈ ആവശ്യങ്ങള്‍.

ക്രൈസ്തവ പ്രാര്‍ത്ഥനയുടെ പ്രഭവകേന്ദ്രം

ഓരോ ക്രിസ്തീയ പ്രാര്‍ത്ഥനയുടെയും, എല്ലാ മാനുഷിക പ്രാര്‍ത്ഥനകളുടെയും എന്നു ഞാന്‍ പറയും, പ്രഭവസ്ഥാനം ഇവിടയാണ്. ഒരുവശത്ത് ദൈവത്തെയും അവിടത്തെ രഹസ്യത്തെയും സൗന്ദര്യത്തെയും നന്മയെയും കുറിച്ചുള്ള ധ്യാനത്താലും, മറുവശത്ത്, ജീവിക്കാനാവശ്യമായവയ്ക്കും നല്ല ജീവിതത്തിനും വേണ്ടിയുള്ള ആത്മാര്‍ത്ഥവും ധീരവുമായ പ്രാര്‍ത്ഥനയാലും രൂപീകൃതമാണ് ഇത്. അങ്ങനെ, ലാളിത്യത്തിലും മൗലികതയിലും “സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ” എന്ന പ്രാര്‍ത്ഥന, അതു ചൊല്ലുന്നവനെ, പൊള്ളയായ വചനങ്ങള്‍ ഗുണീഭവിപ്പിക്കാതിരിക്കാന്‍ പരിശീലിപ്പിക്കുന്നു. കാരണം, യേശുതന്നെ പറയുന്നു “നിങ്ങള്‍ ചോദിക്കുന്നതിനു മുമ്പുതന്നെ നിങ്ങളുടെ ആവശ്യങ്ങള്‍ നിങ്ങളുടെ പിതാവ് അറിയുന്നു” (മത്തായി 6,8).

ദൈവത്തിന് നാം ഒരു സമസ്യയല്ല

നമ്മുടെ ഹൃദയത്തിലുള്ളത് അവിടത്തോടു വെളിപ്പെടുത്തുന്നതിനുവേണ്ടിയല്ല നാം ദൈവവുമായി സംസാരിക്കുന്നത്. അവ നമ്മെക്കാള്‍ കൂടുതല്‍ നന്നായി അവിടത്തേക്കറിയാം. ദൈവം നമ്മെ സംബന്ധിച്ചിടത്തോളം ഒരു രഹസ്യമാണെങ്കിലും നമ്മള്‍ അവിടത്തേക്ക് ഒരു സമസ്യ അല്ല. സ്വന്തം മക്കള്‍ക്ക്, സന്തോഷമാണോ സന്താപമാണോ,  അവര്‍ ആത്മാര്‍ത്ഥതപുലര്‍ത്തുന്നുണ്ടോ അതോ എന്തെങ്കിലും ഒളിച്ചുവയ്ക്കുന്നുണ്ടോ എന്നൊക്കെ ഒറ്റ നോട്ടത്തില്‍ മനസ്സിലാക്കുന്ന അമ്മയെപ്പോലെ ആണ് ദൈവം.

സമ്പൂര്‍ണ്ണ സമര്‍പ്പണം-ആദ്യപടി

ആകയാല്‍ ക്രിസ്തീയ പ്രാര്‍ത്ഥനയുടെ ആദ്യപടി  നമ്മെത്തന്നെ ദൈവത്തിന്,    അവിടത്തെ പരിപാലനയ്ക്ക് സമര്‍പ്പിക്കലാണ്.  കര്‍ത്താവേ എല്ലാം നിനക്കറിയമല്ലോ, ഞാന്‍ എന്‍റെ വേദന വിശദീകരിക്കേണ്ട കാര്യമില്ലല്ലോ , നീ എന്‍റെ ചാരെ ഉണ്ടായിരുന്നാല്‍ മതി, നീയാണ് എന്‍റെ പ്രത്യാശ എന്നു പറയുന്നതു പോലെയാണിത്. ഗിരിപ്രഭാഷണത്തില്‍ യേശു പറയുന്നത് ശ്രദ്ധേയമാണ്, കര്‍ത്തൃപ്രാര്‍ത്ഥന പഠിപ്പിച്ചതിനു ശേഷം  ഉടനെ അവിടന്ന് പറയുന്നു ഒന്നിനെക്കുറിച്ചും ഉല്‍ക്കണ്ഠാകുലരും ആകുലരുംരുമാകേണ്ടയെന്ന്. അത് ഒരു വൈരുദ്ധ്യമായി തോന്നാം. ആദ്യം, അന്നന്നു വേണ്ട അപ്പം ചോദിക്കാന്‍ നമ്മെ പഠിപ്പിക്കുന്നു, എന്നിട്ടു പറയുന്നു:

”എന്തുഭക്ഷിക്കും? എന്തു പാനം ചെയ്യും? എന്തു ധരിക്കും? എന്നോര്‍ത്തു നിങ്ങള്‍ ആകുലരാകേണ്ട” (മത്തായി 6,31) എന്നാല്‍ ഈ വൈരുദ്ധ്യം ഉപരിപ്ലവം മാത്രമാണ്, എന്തെന്നാല്‍ ക്രൈസ്തവന്‍റെ യാചനകള്‍ പിതാവിലുള്ള വിശ്വാസത്തെ ആവിഷ്ക്കരിക്കുന്നവയാണ്. ഈ വിശ്വാസമാണ് നമ്മുടെ ആവശ്യങ്ങള്‍ ആകുലതയും ഉല്‍ക്കണ്ഠയുമൊന്നും കൂടാതെ ചോദിക്കാന്‍ നമ്മെ പ്രാപ്തരാക്കുന്നത്.

ദൈവത്തിന്‍റെ വിശുദ്ധി നമ്മുടെ ജീവിതത്തില്‍ പ്രതിഫലിപ്പിക്കുക

‍അതുകൊണ്ടാണ് “അങ്ങയുടെ നാമം പൂജിതമാകണമേ” എന്നു പറഞ്ഞുകൊണ്ട് നാം പ്രാര്‍ത്ഥിക്കുന്നത്. “അങ്ങയുടെ നാമം പൂജിതമാകണമേ” എന്ന ആദ്യത്തെതായ ഈ അപേക്ഷയില്‍ പിതാവിന്‍റെ മനോഹാരിതയോടും മഹത്വത്തോടും യേശുവിനുള്ള മുഴുവന്‍ ആദരവും ദൈവം സത്യത്തില്‍ എന്തായിരക്കുന്നുവോ അപ്രകാരം എല്ലാവരും അവിടത്തെ  തിരിച്ചറിയുകയും സ്നേഹിക്കുകയും വേണമെന്ന യേശുവിന്‍റെ അഭിലാഷവും  ആവിഷ്കൃതമാകുന്നു. അതോടൊപ്പം തന്നെ നമ്മില്‍, നമ്മുടെ കുടുംബത്തില്‍, നമ്മുടെ സമൂഹത്തില്‍, ലോകം മുഴുവനിലും ദൈവത്തിന്‍റെ  നാമം പൂജിതമാക്കപ്പെടണം എന്ന പ്രാര്‍ത്ഥനയുമുണ്ട്. ദൈവമാണ് വിശുദ്ധീകരിക്കുന്നത്, അവിടത്തെ സ്നേഹത്താല്‍ നമ്മെ രൂപാന്തരപ്പെടുത്തുന്നത്, എന്നാല്‍ അതേസമയംതന്നെ,  നമ്മളും, നമ്മുടെ സാക്ഷ്യത്താല്‍ ദൈവത്തിന്‍റെ പരിശുദ്ധിയെ ലോകത്തിനു വെളിപ്പെടുത്തിക്കൊടുക്കുന്നു, അവിടത്തെ നാമം സന്നിഹിതമാക്കിത്തീര്‍ക്കുന്നു. ദൈവം പരിശുദ്ധനാണ്. എന്നാല്‍ നമ്മുടെ ജീവിതം വിശുദ്ധമല്ലെങ്കില്‍ ഒരു പൊരുത്തക്കേടുണ്ട്.  ദൈവത്തിന്‍റെ വിശുദ്ധി നമ്മുടെ കര്‍മ്മങ്ങളിലും നമ്മുടെ ജീവിതത്തിലും പ്രതിഫലിക്കണം.......

പിതാവിന്‍റെ സ്നേഹം

പ്രാര്‍ത്ഥന സകല ഭീതികളെയും അകറ്റുന്നു. പിതാവ് നമ്മെ സ്നേഹിക്കുന്നു, പുത്രന്‍ അവിടത്തെ കരങ്ങള്‍ നമ്മുടെ കരങ്ങളോടു ചേര്‍ത്തുയര്‍ത്തുന്നു, പരിശുദ്ധാരൂപി ലോകത്തിന്‍റെ രക്ഷയ്ക്കായി നിഗൂഢമായി പ്രവര്‍ത്തിക്കുന്നു. എന്നാല്‍ നമ്മളോ അനിശ്ചിതത്വത്തില്‍ പതറുന്നു. എന്നാല്‍ നമുക്ക് വലിയൊരുറപ്പുണ്ട്: ദൈവം എന്നെ സ്നേഹിക്കുന്നു; യേശു എനിക്കുവേണ്ടി ജീവന്‍ നല്കി! പരിശുദ്ധാത്മാവ് എന്‍റെ  ഉള്ളിലുണ്ട്. ഈ മഹാകാര്യം സുനിശ്ചിതമാണ്. തിന്മയോ? അത് ഭയപ്പെടുന്നു. ഇതു മനോഹരമാണ്. നന്ദി.   

ഈ വാക്കുകളില്‍ പാപ്പായുടെ, ഇറ്റാലിയന്‍ ഭാഷയിലായിരുന്ന, പ്രഭാഷണം അവസാനിച്ചതിനെ തുടര്‍ന്ന് അതിന്‍റെ സംഗ്രഹം ആംഗലവും അറബിയുമുള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെടുകയും ഓരോ വായനയുടെയും അവസാനം പാപ്പാ ആ ഭാഷാക്കാരെ ഇറ്റാലിയന്‍ ഭാഷയില്‍ അഭിവാദ്യം ചെയ്യുകയും ചെയ്തു.

പൊതുദര്‍ശന പരിപാടിയുടെ അവസാനം യുവജനത്തെയും വൃദ്ധജനത്തെയും രോഗികളെയും നവദമ്പതികളെയും പതിവുപോലെ സംബോധന ചെയ്ത പാപ്പാ, കര്‍ത്തൃപ്രാര്‍ത്ഥന ലത്തീന്‍ ഭാഷയില്‍ ആലപിക്കപ്പെട്ടതിനെ തുടര്‍ന്ന് എല്ലാവര്‍ക്കും  തന്‍റെ  അപ്പസ്തോലിക ആശീര്‍വ്വാദം നല്കി.

 

27 February 2019, 12:40