തിരയുക

Vatican News
Pope Francis addressed the 42nd Governing Council of International Fund for Agricultural Development Pope Francis addressed the 42nd Governing Council of International Fund for Agricultural Development  (ANSA)

ലോകനീതിക്കു വഴിതുറക്കുന്ന പാവങ്ങളുടെ വിശപ്പടക്കല്‍

രാജ്യാന്തര കാര്‍ഷിക വികസന നിധിക്കായുള്ള സ്ഥാപനം, ഐഫാഡിന്‍റെ (IFAD) 42-Ɔമത് പൊതുസമ്മേളനത്തില്‍ പാപ്പാ ഫ്രാന്‍സിസ് നല്കിയ പ്രഭാഷണത്തിന്‍റെ പ്രധാനാംശങ്ങള്‍ :

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

യുഎന്‍ കാര്‍ഷിക വികസന നിധിക്കുള്ള പൊതുസമ്മേളനം
ഫെബ്രുവരി 14-Ɔο തിയതി വ്യാഴാഴ്ച രാവിലെ യുഎന്നിന്‍റെ റോമിലെ, രാജ്യാന്തര കാര്‍ഷിക വികസന നിധിക്കായുള്ള സ്ഥാപനം, ഐഫാഡിന്‍റെ (International Fund for Agricultural Development - IFAD ) 42-Ɔമത് പൊതുസമ്മേളനത്തെ അഭിസംബോധനചെയ്യവെയാണ് പാപ്പാ ഫ്രാന്‍സിസ് ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.  രാഷ്ട്രപ്രതിനിധികളെയും, ഇറ്റലിയുടെ ഭരണസമിതിയുടെ പ്രസിഡന്‍റിനെയും, സന്നിഹിതരായ മറ്റു മാന്യവ്യക്തികളെയും അഭിസംബോധന ചെയ്തുകൊണ്ടാണ് പാപ്പാ ഫ്രാന്‍സിസ് പ്രഭാഷണം ആരംഭിച്ചത്.

പാവങ്ങളുടെ കാര്യം ഓര്‍പ്പിക്കാന്‍...!
1. ലോകത്ത് ദാരിദ്ര്യം അനുഭവിക്കുന്ന ജനകോടികളുടെ ആവശ്യങ്ങളെക്കുറിച്ച് അനുസ്മരിപ്പിക്കാനാണ് യുഎന്‍ കേന്ദ്രത്തില്‍ താന്‍ നില്ക്കുന്നതെന്ന് ആമുഖമായി പാപ്പാ പ്രസ്താവിച്ചു. പാവങ്ങളുടെ കരച്ചില്‍ കേള്‍ക്കാതെ എങ്ങനെ അവരെ അഭിമുഖീകരിക്കാനാകും? അവര്‍ ജീവിക്കുന്നത് യാതനകളുടെ സങ്കീര്‍ണ്ണമായ ലോകത്താണ് :  മോശമായ വായു, ജീവനോപാധികള്‍ വറ്റിയ പ്രകൃതി, മലീമസമായ പുഴകള്‍, അമ്ലാംശം വര്‍ദ്ധിച്ച മണ്ണ്, കൃഷിക്ക് ജലമില്ലാത്ത തരിശായ വയലേലകള്‍, ശോച്യമായ ശുചീകരണ സൗകര്യങ്ങള്‍, വികൃതവും വാസയോഗ്യവുമല്ലാത്ത ഭവനങ്ങള്‍ എന്നിവ എവിടെയും സാധാരണ അനുഭവമാണ്.

ദാരിദ്ര്യം പെരുകുമ്പോഴും വളരുന്ന സങ്കേതികത
2. കാലാന്തരത്തില്‍ ശിഥിലീകരിക്കപ്പെടുന്ന സമൂഹ്യ ചുറ്റുപാടുകളിലും, സമൂഹം വന്‍നേട്ടങ്ങള്‍ കൊയ്യുന്നുണ്ട്. മറ്റ് അറിവിന്‍റെയും സാങ്കേതിക വികസനത്തിന്‍റെയും മേഖലയിലാണെന്നു മാത്രം. അതായത് നന്മയുടെ ലക്ഷ്യങ്ങളില്‍ മുന്നേറാന്‍ കഴിവുള്ള സമൂഹത്തിന്‍റെ മുഖംതന്നെയാണ് നാം ഇവിടെ വരച്ചുകാട്ടുന്നത്. ഗൗരവമായി വിലയിരുത്തുമ്പോള്‍ ദാരിദ്ര്യത്തിനും വിശപ്പിനും എതിരായ യുദ്ധത്തില്‍ വിജയംവരിക്കാന്‍ കരുത്തുള്ള സമൂഹമാണ് നാം. ഈ പോരാട്ടത്തില്‍ ഇനിയും മുന്നേറുമ്പോള്‍, കേള്‍ക്കുന്ന മുറവിളി ഇതായിരിക്കും – ദാരിദ്ര്യത്തിന് വര്‍ത്തമാനമോ ഭാവിയോ ഇല്ല, മറിച്ച് ഭൂതകാലം മാത്രം!

എണ്‍പതു കോടിയിലധികം പാവങ്ങള്‍
3. ജനകോടികള്‍ ദാരിദ്ര്യത്തില്‍ കഴിയുന്ന യഥാര്‍ത്ഥ്യത്തിന്‍റെ തുടര്‍ക്കഥയ്ക്ക് ആഗോളസമൂഹം ദൃക്സാക്ഷിയാണ്. ലോകത്തെ ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനം യാഥാര്‍ത്ഥ്യമാകണമെങ്കില്‍ ദീര്‍ഘകാലമായി നാം പ്രഖ്യാപിക്കുന്ന ഗ്രാമീണവികസനം യാഥാര്‍ത്ഥ്യമാവണം. കാരണം, വിശപ്പും ദാരിദ്ര്യവും അനുഭവിക്കുന്ന എണ്‍പതു കോടിയിലധികം ജനങ്ങള്‍ (820 millions) ഇന്ന് കണക്കുകള്‍ പ്രകാരം ലോകത്തുണ്ട്. അവര്‍ കൃഷിയിലും ഭക്ഷ്യോല്പന്നങ്ങളുടെ അദ്ധ്വാനത്തിലും വ്യാപൃതരാണ്. എന്നാല്‍ ഇന്നു കാണുന്ന, നഗരങ്ങളിലേയ്ക്കുള്ള ഗ്രാമീണരുടെ പുറപ്പാടും വന്‍കുടിയേറ്റവും ആഗോളവ്യാപകമായി നിരീക്ഷിക്കപ്പെട്ടിട്ടുള്ളതും അവഗണിക്കാനാവാത്തതുമാണ്.

പുരോഗതിയുടെ യഥാര്‍ത്ഥ വീക്ഷണം
5. പുരോഗതി പ്രാദേശികമാക്കണം. അതായത് വ്യക്തിയുടെയും സമൂഹത്തിന്‍റെയും പുരോഗതി നാം ഉറപ്പുവരുത്തണം. മനുഷ്യാന്തസ്സിന് ഇണങ്ങുന്ന ഒരു ജീവിതശൈലി നാം ചുറ്റുമുള്ള പാവങ്ങള്‍ക്കായി രൂപപ്പെടുത്തണം.

പാവങ്ങള്‍ക്കുവേണ്ടി സുതാര്യതയോടെ
6. വികേന്ദ്രീകൃതമായ പ്രവര്‍ത്തനങ്ങളിലൂടെ, പ്രത്യേകിച്ച് അറിവിന്‍റെയും അവബോധത്തിന്‍റെയും പ്രവര്‍ത്തനങ്ങളിലൂടെയും, വിവിധ മേഖലകള്‍ തമ്മിലുള്ള സഹകരണത്തിലൂടെയും ഐഫാഡ് (IFAD) മെച്ചപ്പെട്ട വികസനം ആര്‍ജ്ജിച്ചിട്ടുള്ളത് അനുസ്മരണീയമാണ്. എന്നാല്‍ ധനത്തിന്‍റെ ഉല്പത്തിയും, പ്രവര്‍ത്തന ലക്ഷ്യങ്ങള്‍ മാറ്റിമറിക്കലുമെല്ലാം സംഭവിക്കുമ്പോള്‍ തെളിവുകളുടെ അടിസ്ഥാനത്തിലും, അറിവോടുംകൂടെ പ്രവര്‍ത്തിക്കുവാനും കുറവുകള്‍ തിരുത്തുവാനും പ്രസ്ഥാനം സന്നദ്ധരാകേണ്ടതാണ്. ലോകത്തെ ഏറ്റവും ആവശ്യത്തിലായിരിക്കുന്നവരുടെ ജീവിതാവസ്ഥ മെച്ചപ്പെടുത്തുവാനുള്ള സമര്‍പ്പിതപാതയില്‍ ധൈര്യപൂര്‍വ്വവും സുതാര്യതയോടുംകൂടെ മുന്നേറണമെന്ന് പാപ്പാ ഫ്രാന്‍സിസ് അഭ്യര്‍ത്ഥിച്ചു.

ഗ്രാമീണലോകത്തെ നവമായ പദ്ധതികള്‍
7. ഗ്രാമീണ ലോകത്ത് ഐഫാഡ് ഒരുക്കുന്ന പദ്ധതികളെയും നവീനതകളെയും കച്ചവടരീതികളെയും (business initiatives)  അഭിനന്ദിക്കുന്നു. പോഷകാഹാരക്കുറവും വിശപ്പും ഇല്ലായ്മചെയ്ത്, വികസനത്തിന് സുസ്ഥിതിയുള്ള വഴി തെളിയിക്കാന്‍ പ്രസ്ഥാനത്തിന് (IFAD) സാധിക്കട്ടെ! “മനസ്സാക്ഷിയുള്ള ശാസ്ത്രവികസനം” അനിവാര്യമാണ്! അത് പാവങ്ങളുടെ പക്ഷംചേരുന്ന വികസനവും സാങ്കേതികതയുമായിരിക്കും! ഒരിക്കലും പരമ്പരാഗത അറിവിനും സംസ്കാരത്തിനും നവസാങ്കേതികത വിരുദ്ധമാകരുത്.

കാര്‍ഷിക വികസനത്തിനായുള്ള രാജ്യാന്തര നിധിക്കുള്ള പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവരുടെയും പരിശ്രമങ്ങള്‍ ഭൂമുഖത്തെ പാവങ്ങളുടെ വിശപ്പ് ദൂരീകരിക്കാന്‍ ഫലവത്താകട്ടെ! അത് ലോകത്ത് പ്രകടമായ നീതിക്കും സമൃദ്ധിക്കും വഴിതുറക്കട്ടെ!

14 February 2019, 16:46