തിരയുക

Superior General of the Jesuits, Fr. Arturo Sosa Abascal sj Superior General of the Jesuits, Fr. Arturo Sosa Abascal sj 

ഈശോസഭയ്ക്കു പാപ്പാ ഫ്രാന്‍സിസിന്‍റെ നവീകരണ ക്ഷണം

സുപ്പീരിയര്‍ ജനറല്‍, ഫാദര്‍ അര്‍ത്തൂരോ സോസാ അബാസ്കളിന് എഴുതിയ കത്തിലൂടെ നവീകരണത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ നല്കി :

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

സുപ്പീരിയര്‍ ജനറലിന്‍റെ അഭിമുഖത്തില്‍നിന്ന്
ആത്മീയ വിവേചനത്തോടെ പ്രേഷിതമേഖലയെ നവീകരിക്കാന്‍ പാപ്പാ ഫ്രാന്‍സിസ് ഈശോ സഭാംഗങ്ങളെ ക്ഷണിച്ചു.  സുപ്പീരിയര്‍ ജനറല്‍, ഫാദര്‍ അര്‍ത്തൂരോ സോസാ വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തിനു ഫെബ്രുവരി 20-‍Ɔο തിയതി നല്കിയ അഭിമുഖത്തിലാണ് പാപ്പാ ആവശ്യപ്പെട്ട നവീകരണ പദ്ധതി അദ്ദേഹം വെളിപ്പെടുത്തിയത്.

പാപ്പാ ഫ്രാന്‍സിസ് കത്തിലൂടെ നടത്തിയ അഭ്യര്‍ത്ഥന
ഫെബ്രുവരി 6-ന് ഈശോസഭയുടെ സുപ്പൂരിയര്‍ ജനറല്‍, ഫാദര്‍ ആര്‍ത്തൂരോ സോസാ അബാസ്കളിന് കൈപ്പടയില്‍ എഴുതിയ കത്തിലൂടെയാണ്  ഈശോസഭയുടെ ആഗോള പ്രേഷിത പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഒരു രൂപരേഖ പാപ്പാ ഫ്രാന്‍സിസ് നിര്‍ദ്ദേശിച്ചത്.

അപ്പസ്തോലിക അധികാരത്തിലുള്ള നിര്‍ദ്ദേശങ്ങള്‍
പാപ്പായുടെ സാധാരണ അപ്പസ്തോലിക പ്രബോധനാധികാരം, ഭരണസീമയില്‍ നടന്ന സിനഡു സമ്മേളനങ്ങള്‍, ദേശീയ മെത്രാന്‍ സമിതികളുടെ പ്രബോധനങ്ങള്‍, “സുവിശേഷ സന്തോഷം” എന്ന (Evangelium Gaudium) അപ്പസ്തോലിക പ്രബോധനം എന്നിവയെ ആധാരമാക്കി ഈശോസഭയുടെ പ്രേഷിത മുന്‍ഗണനകള്‍ക്കായി 4 പ്രധാന പ്രവര്‍ത്തന മേഖലകള്‍ പാപ്പാ ഫ്രാന്‍സിസ് മുന്നോടു വച്ചത്.

ഒരു ദശവത്സര പദ്ധതി
അടുത്ത രണ്ടുവര്‍ഷത്തിലൂടെയുള്ള പ്രത്യേക പ്രേഷിത വിവേചനത്തിനും തിരഞ്ഞെടുപ്പുകള്‍ക്കുമായി ഈശോ സഭാംഗങ്ങളെ ക്ഷണിക്കുന്നതാണ്, നാലു വ്യത്യസ്ത അപ്പസ്തോലിക മേഖലകള്‍ ഉള്‍ക്കൊള്ളുന്ന നവീകരണപദ്ധതി. എന്നാല്‍ അടുത്ത പത്തു വര്‍ഷക്കാലത്തേയ്ക്ക് – 2019 മുതല്‍ 2029 വരെയുള്ളതാണ് ഈ നവീകരണ പദ്ധതി.

നവീകരണത്തിനുള്ള  നാലു പ്രേഷിത മേഖലകള്‍
ഈശോസഭാംഗങ്ങളോട് പാപ്പാ ഫ്രാന്‍സിസ് കത്തിലൂടെ ആവശ്യപ്പെട്ട 4 പ്രേഷിതമേഖലകള്‍ സഭയുടെ സുപ്പൂരിയര്‍ ജനറല്‍, ഫാദര്‍ അര്‍ത്തൂരോ സോസ വെളിപ്പെടുത്തിയതനുസരിച്ച് താഴെ ചേര്‍ക്കുന്നു:

1. വിവേചനത്തിലൂടെ ആത്മീയ അനുഷ്ഠാനങ്ങള്‍ നവീകരിക്കുക
വിവേചനത്തിലൂടെയുള്ള ആത്മീയാഭ്യാസങ്ങളാണ് ആദ്യത്തേത്. ഈശോസഭാ സിദ്ധിയുടെ പ്രത്യേകതകളായ ആത്മീയാനുഷ്ഠനങ്ങള്‍ തന്നെയാണ്, വിവേചനത്തിന്‍റെ ക്രിയാത്മകതയിലൂടെ കണ്ടെത്താന്‍ പാപ്പാ ഫ്രാന്‍സിസ് ആവശ്യപ്പെടുന്നത്. നവമായ രീതികള്‍ വിവിധ പ്രേഷിത സാഹചര്യങ്ങള്‍ക്കും സഭയിലെ വിവിധ ഗ്രൂപ്പുകള്‍ക്കും ഇണങ്ങുന്ന വിധത്തില്‍ വിവേചിച്ച് എടുക്കേണ്ടതുണ്ടെന്ന് സുപ്പൂരിയര്‍ ജനറല്‍, ഫാദര്‍ അര്‍ത്തൂരോ സോസാ വ്യക്തമാക്കി.

2. പരിത്യക്തരുടെ പക്ഷംചേരുക
പാവങ്ങളുടെ ലോകത്തേയ്ക്കുള്ള കിനിഞ്ഞിറങ്ങലാണിത്. അതിനായി പ്രേഷിതമേഖല നഗര പ്രാന്തങ്ങളിലേയ്ക്കും ഗ്രാമങ്ങളിലേയ്ക്കും വ്യാപിപ്പിക്കേണ്ടിയിരിക്കുന്നു. അത് സാമൂഹ്യനീതിയുടെ പാതയാണെന്നും ഫാദര്‍ സോസ പറഞ്ഞു. സമൂഹത്തില്‍ അനീതിയുടെ തട്ടുകള്‍ സൃഷ്ടിക്കുന്ന സാമ്പത്തികവും രാഷ്ട്രീയവും സാമൂഹികവുമായ ഘടനകള്‍ ഇല്ലാതാക്കുകയാണ് ഇതിന്‍റെ പിന്നിലെ വെല്ലുവിളിയെന്നും അദ്ദേഹം വിശദീകരിച്ചു.

3. യുവജനങ്ങളെ പിന്‍തുണയ്ക്കുക
യുവജനങ്ങളുടെ കൂടെയായിരിക്കണമെങ്കില്‍ ലോകത്തിന്‍റെ ഗതിവിഗതികളെ അവരുടെ കാഴ്ചപ്പാടില്‍ കാണാന്‍ ഓരോ ഈശോസഭാംഗത്തിനും സാധിക്കുകയെന്നതാണ് ഈ മേഖലയിലെ വലിയ ഉത്തരവാദിത്ത്വം. യുവജനങ്ങളുടെ സംസ്ക്കാരത്തിലേയ്ക്ക് സഭയെ നയിക്കാനും അവര്‍ക്കായി സഭയുടെ പ്രേഷിത രംഗങ്ങളില്‍ ഇടംകണ്ടെത്താനും, അവരുടെ വളര്‍ച്ചയുടെ ക്രിയാത്മകതയ്ക്കുതകുന്ന സാദ്ധ്യതകള്‍ തുറന്നിടാനുമുള്ള വെല്ലുവിളിയാണിത്. ഇതിന് യുവജനങ്ങളില്‍നിന്നുതന്നെ ഒത്തിരി പഠിക്കാനുണ്ടെന്ന് ഫാദര്‍ സോസാ അഭിമുഖത്തില്‍ സമ്മതിച്ചു.

4. പൊതുഭവനമായ ഭൂമിയുടെ സംരക്ഷണ പരിപാടിയില്‍ പങ്കുചേരുക
ഭൂമിക്കു സംഭവിക്കുന്ന നാശനഷ്ടങ്ങളെ ഇല്ലാതാക്കുന്ന സാമുഹിക പദ്ധതിയും പരിശ്രമവും അടിയന്തിരമാണ്. എന്നാല്‍ വിവേചിച്ചെടുത്താല്‍ സഭാംഗങ്ങള്‍ക്ക് പ്രാദേശികമായും ദേശീയമായും തനിമയാര്‍ന്ന പ്രവര്‍ത്തന പദ്ധതികള്‍ ആവിഷ്ക്കരിക്കാന്‍ സാധിക്കുമെന്ന് ഫാദര്‍ സോസാ പറഞ്ഞു.

പാപ്പാ ഫ്രാന്‍സിസ് ഈശോസഭയ്ക്കു നല്കുന്ന ഈ മുന്‍ഗണനകള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ പരിശ്രമിക്കുമെന്നും, അതിനായി സഭാംഗങ്ങള്‍ക്കിടയില്‍ സഹകരണം വളര്‍ത്തിയെടുക്കാനുള്ള സംവിധാനങ്ങള്‍ ആസൂത്രണംചെയ്യുമെന്നും ഫാദര്‍ സോസാ പ്രസ്താവിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

21 February 2019, 09:15