തിരയുക

ഫ്രാന്‍സീസ് പാപ്പാ ത്രികാലാപ്രാര്‍ത്ഥനാ വേളയില്‍ ആശീര്‍വ്വാദം നല്ക്കുന്നു-വത്തിക്കാന്‍,24/02/2019 ഫ്രാന്‍സീസ് പാപ്പാ ത്രികാലാപ്രാര്‍ത്ഥനാ വേളയില്‍ ആശീര്‍വ്വാദം നല്ക്കുന്നു-വത്തിക്കാന്‍,24/02/2019 

കാരുണ്യ സംസ്കൃതിയും സ്നേഹ വിപ്ലവവും!

നിന്ദനത്തോടും ദ്രോഹത്തോടും സ്നേഹം കൊണ്ടു പ്രത്യുത്തരിക്കാനുള്ള ആഹ്വാനം ലോകത്തില്‍ നവമായൊരു സംസ്കൃതിക്ക് ജന്മമേകി. അത് കാരുണ്യത്തിന്‍റെ സംസ്കൃതിയാണ്. ജീവിതത്തില്‍ യഥാര്‍ത്ഥ വിപ്ലവം സൃഷ്ടിച്ച ഈ സംസ്ക്കാരത്തെ നാം നല്ലവണ്ണം പഠിക്കുകയും പ്രാവര്‍ത്തികമാക്കുകയും വേണം.- ഫ്രാന്‍സീസ് പാപ്പായുടെ ത്രികാലപ്രാര്‍ത്ഥനാ സന്ദേശം

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ഞായറാഴ്ചകളിലെ പതിവനുസരിച്ച്, ഈ ഞായറാഴ്ച (24/02/19) മദ്ധ്യാഹ്നത്തില്‍,  ഫ്രാന്‍സീസ് പാപ്പാ നയിച്ച ത്രികാലപ്രാര്‍ത്ഥനയില്‍ സംബന്ധിക്കുന്നതിന് വിവിധരാജ്യക്കാരായിരുന്ന നിരവധി വിശ്വാസികള്‍ വിശുദ്ധ പത്രോസിന്‍റെ  ബസിലിക്കയുടെ അങ്കണത്തില്‍, സന്നിഹിതരായിരുന്നു. കാറ്റ് ശക്തമായിരുന്നെങ്കിലും ആദിത്യകിരണങ്ങള്‍ ഒളിപരിത്തിയ  സുദിനമായിരുന്ന അന്ന് പാപ്പാ, ത്രികാലജപം നയിക്കുന്നതിനായി, റോമിലെ സമയം ഉച്ചയ്ക്ക് 12 മണിക്ക്, ഇന്ത്യയിലെ സമയം, വൈകുന്നേരം 4.30 ന് അരമനയുടെ മുകളിലത്തെ നിലയിലുള്ള ജാലകത്തിങ്കല്‍ പ്രത്യക്ഷനായപ്പോള്‍, വിശ്വാസികളുടെ കരഘോഷവും ആനന്ദാരവങ്ങളും ഉയര്‍ന്നു.

വത്തിക്കാനില്‍, വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ ചത്വരത്തില്‍ ബസിലിക്കയ്ക്ക് അഭിമുഖമായി നില്ക്കുകയാണെങ്കില്‍ അങ്കണത്തിന്‍റെ വലത്തുഭാഗത്തെ സ്തംഭാവലിക്ക് പിന്നിലായി കാണപ്പെടുന്ന അരമന കെട്ടിടസമുച്ചയത്തിന്‍റെ ഒരുഭാഗത്തിന്‍റെ ഏറ്റവും മുകളിലത്തെ നിലയിലുള്ള പത്തു ജാലകങ്ങളില്‍ വലത്തു നിന്നു രണ്ടാമത്തെതാണ് പാപ്പാ ഞായറാഴ്ചകളില്‍ ത്രികാലപ്രാര്‍ത്ഥന നയിക്കുന്നതിനായി പ്രത്യക്ഷപ്പെടുന്ന ജനല്‍.

ആ ജാലകത്തിങ്കല്‍ മന്ദസ്മിതത്തോടെ കൈകള്‍ ഉയര്‍ത്തി  എല്ലാവരെയും അഭിവാദ്യം ചെയ്തുകൊണ്ട് പ്രത്യക്ഷനായ പാപ്പാ ത്രികാലജപം നയിക്കുന്നതിനുമുമ്പ് വിശ്വാസികളെ സംബോധനചെയ്തു. ഈ ഞായറാഴ്ച (24/02/19) ലത്തീന്‍ റീത്തിന്‍റെ   ആരാധനക്രമമനുസരിച്ച് വിശുദ്ധകുര്‍ബ്ബാനമദ്ധ്യേ വായിക്കപ്പെട്ട വിശുദ്ധഗ്രന്ഥ ഭാഗങ്ങളില്‍, ലൂക്കായുടെ സുവിശേഷം,  ആറാം അദ്ധ്യായം 27-38 വരെയുള്ള വാക്യങ്ങള്‍, അതായത്, ശത്രുക്കളെ സ്നേഹിക്കാനും ശപിക്കുന്നവരെ അനുഗ്രഹിക്കാനും തിന്മയെ നന്മകൊണ്ടു ജയിക്കാനും പ്രതിഫലേച്ഛ കൂടാതെ, നിസ്വാര്‍ത്ഥ സേവനം ചെയ്യാനും യേശുനാഥന്‍ ജനസഞ്ചയത്തെ ഉദ്ബോധിപ്പിക്കുന്ന സംഭവം, ആയിരുന്നു പാപ്പായുടെ വിചിന്തനത്തിനാധാരം. 

പാപ്പായുടെ പ്രഭാഷണം :

മനുഷ്യപ്രകൃതിക്കതീതമായ ശത്രുസ്നേഹം

പ്രിയ സഹോദരീസഹോദരന്മാരേ ശുഭദിനം!

ക്രിസ്തീയ ജീവിതത്തിന്‍റെ കേന്ദ്രാശയവും സവിശേഷതയുമായ ശത്രുസ്നേഹത്തെ സംബന്ധിക്കുന്നതാണ് ഈ ഞായറാഴ്ചത്തെ സുവിശേഷ ഭാഗം (ലൂക്കാ: 6,27-38). യേശുവിന്‍റെ വാക്കുകകള്‍ സുവ്യക്തങ്ങളാണ്: “എന്‍റെ വാക്കു ശ്രവിക്കുന്ന നിങ്ങളോടു ഞാന്‍ പറയുന്നു: ശത്രുക്കളെ സ്നേഹിക്കുവിന്‍, നിങ്ങളെ ദ്വേഷിക്കുന്നവര്‍ക്കു  നന്മചെയ്യുവിന്‍, ശപിക്കുന്നവരെ അനുഗ്രഹിക്കുവിന്‍; അധിക്ഷേപിക്കുന്നവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുവിന്‍” (ലൂക്കാ:6,27-28). ഇത് ഐച്ഛികമല്ല, മറിച്ച്, ഒരു കല്പനയാണ്. എന്നാല്‍ ഇത് എല്ലാവര്‍ക്കുമുള്ളതല്ല, മറിച്ച്, “എന്നെ ശ്രവിക്കുന്ന നിങ്ങള്‍” എന്ന് യേശു വിശേഷിപ്പിക്കുന്ന ശഷ്യര്‍ക്കുള്ളതാണ്. ശത്രുക്കളെ സ്നേഹിക്കുകയെന്നത് നമ്മുടെ ശക്യതയ്ക്ക് അതീതമാണെന്ന് യേശുവിന് നല്ലവണ്ണമറിയാം, അതുകൊണ്ടാണ് അവിടന്ന് മനുഷ്യനായിത്തീര്‍ന്നത്: നാം ആയിരിക്കുന്നതുപോലെ തുടരാന്‍ അനുവദിക്കാതെ നമ്മെ അവിടത്തെയും നമ്മുടെയും പിതാവിന്‍റേതായ ഉപരി ശ്രേഷഠമായ ഒരു സ്നേഹത്തിന് പ്രാപ്തരായ സ്ത്രീപുരുഷന്മാരാക്കി രൂപാന്തരപ്പെടുത്തുന്നതിനാണ് അവിടന്ന് മനുഷ്യപ്രകൃതി സ്വീകരിച്ചത്. ഈ സ്നേഹമാണ് തന്നെ ശ്രവിക്കുന്നവര്‍ക്ക് യേശു പ്രദാനം ചെയ്യുന്നത്. അപ്പോള്‍ അത് സാധ്യമായിത്തീരും. അവിടത്തെ സ്നേഹത്താലും അവിടത്തെ അരൂപിയാലും അവിടത്തോടു കൂടെ നമുക്ക്, നമ്മെ സ്നേഹിക്കാത്തവരെയും, നമുക്കു തിന്മ ചെയ്യുന്നവരെപ്പോലും, സ്നേഹിക്കാന്‍ സാധിക്കും.

ദൈവത്തിന്‍റെ സ്നേഹത്തിന്‍റെ വിജയം

ഇപ്രകാരം, ദൈവത്തിന്‍റെ സ്നേഹം  സകല ഹൃദയങ്ങളിലും വെറുപ്പിന്‍റെയും പകയുടെയുംമേല്‍ വിജയക്കൊടി നാട്ടണമെന്ന് യേശു ആഗ്രഹിക്കുന്നു. ക്രിസ്തുവിന്‍റെ  കുരിശില്‍ പരമകാഷ്ഠയില്‍ എത്തുന്ന സ്നേഹത്തിന്‍റെ യുക്തി ക്രൈസ്തവന്‍റെ  സവിശേഷതയാണ്. അത് സോദരഹൃദയത്തോടുകൂടി സകലരുമായും കൂടിക്കാഴ്ച്ച നടത്തുന്നതിന് പ്രചോദനമേകുകയും ചെയ്യുന്നു. മനുഷ്യന്‍റെ നൈസര്‍ഗ്ഗിക വാസനകളെയും വൈരനിര്യാതനത്തിന്‍റെതായ ലോകനിയമത്തെയും എപ്രകാരം അതിജീവിക്കാന്‍ കഴിയും? ഈ ഞായറാഴ്ചത്തെ സുവിശേഷഭാഗത്തുതന്നെ യേശു ഇതിനുത്തരം നല്കുന്നുണ്ട്:“നിങ്ങളുടെ പിതാവ് കരുണയുള്ളവനായിരിക്കുന്നതുപോലെ  നിങ്ങളും കരുണയുള്ളവരായിരിക്കുവിന്‍” (ലൂക്കാ:6,36) യേശുവിനെ ശ്രവിക്കുകയും ത്യാഗം സഹിച്ചും അവിടത്തെ അനുഗമിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നവന്‍ ദൈവത്തിന്‍റെ മകനായിത്തീരുകയും സ്വര്‍ഗ്ഗസ്ഥനായ പിതാവിനോട് യഥാര്‍ത്ഥ  സാദൃശ്യമുള്ളവനായിത്തീരാന്‍ തുടങ്ങുകയും ചെയ്യുന്നു. പറയാനൊ ചെയ്യാനൊ സാധിക്കുമെന്ന് ഒരിക്കല്‍പ്പോലും കരുതാത്തതും അപമാനകരമെന്ന് ചിന്തിച്ചിരുന്നതുമായ കാര്യങ്ങള്‍ ചെയ്യാന്‍ നാം കഴിവുറ്റവരായിത്തീരുകയും അവ ഇപ്പോള്‍ നമുക്ക് സന്തോഷവും സമാധാനവും പ്രദാനം ചെയ്യുകയും ചെയ്യുന്നു. ആകയാല്‍ ഇനി നമുക്ക് വാക്കുകളിലൊ പ്രവൃത്തികളിലൊ അക്രമാസക്തരാകേണ്ട കാര്യമില്ല; സ്നിഗ്ദ്ധതയും നന്മയുമുള്ളവരായിരിക്കാന്‍ പ്രാപ്തരാണ് നാമെന്ന് നാം സ്വയം കണ്ടെത്തുന്നു. ഇവയുടെയെല്ലാം ഉറവിടം നാമല്ല, പ്രത്യുത ദൈവമാണെന്ന് നാം മനസ്സിലാക്കുന്നു. ആകയാല്‍ നാം അതെക്കുറിച്ച് അഹങ്കരിക്കുന്നില്ല എന്നു മാത്രമല്ല നാം കൃതജ്ഞതാഭാവം പുലര്‍ത്തുകയും ചെയ്യുന്നു.

സ്നേഹത്തിന്‍റെ അതിശ്രേഷ്ഠത

സ്നേഹത്തെക്കാള്‍ ശ്രേഷ്ഠവും ഫലദായകവുമായ മറ്റൊന്നുമില്ല: അത് മനുഷ്യവ്യക്തിക്ക് സമ്പൂര്‍ണ്ണ ഔന്നത്യം പ്രദാനം ചെയ്യുന്നു. നേരെമറിച്ച്, വിദ്വേഷവും പകയുമാകട്ടെ, ദൈവച്ഛായയില്‍ സൃഷ്ടിക്കപ്പെട്ട ജീവിയുടെ സൗന്ദര്യത്തെ വികൃതമാക്കിക്കൊണ്ട് ആ ഔന്നത്യത്തെ ക്ഷയിപ്പിക്കുന്നു.

കാരുണ്യസംസ്കൃതി-സ്നേഹത്തിന്‍റെ വിപ്ലവം

നിന്ദനത്തോടും ദ്രോഹത്തോടും സ്നേഹം കൊണ്ടു പ്രത്യുത്തരിക്കാനുള്ള ആഹ്വാനം ലോകത്തില്‍ നവമായൊരു സംസ്കൃതിക്ക് ജന്മമേകി. അത് കാരുണ്യത്തിന്‍റെ  സംസ്കൃതിയാണ്. ജീവിതത്തില്‍ യഥാര്‍ത്ഥ വിപ്ലവം സൃഷ്ടിച്ച ഈ സംസ്ക്കാരത്തെ  നാം നല്ലവണ്ണം പഠിക്കുകയും പ്രാവര്‍ത്തികമാക്കുകയും വേണം. അത് എക്കാലത്തെയും നിണസാക്ഷികള്‍ നായകരായുള്ള സനേഹത്തിന്‍റെ വിപ്ലവമാണ്. നമ്മോടു തെറ്റുചെയ്യുന്നവരോടുള്ള സ്നേഹത്താല്‍ മുദ്രിതമായ നമ്മുടെ പെരുമാറ്റം ഫലരഹിതമാകില്ലയെന്ന് യേശു ഉറപ്പു നല്കുന്നു. അവിടന്നരുളിച്ചെയ്യുന്നു: “ക്ഷമിക്കുവിന്‍, നിങ്ങളോടും ക്ഷമിക്കപ്പെടും. കൊടുക്കുവിന്‍, നിങ്ങള്‍ക്കും കിട്ടും... നിങ്ങള്‍ അളക്കുന്ന അളവുകൊണ്ടുതന്നെ നിങ്ങള്‍ക്കും അളന്നു കിട്ടും.” (ലൂക്കാ 6,37-38). ഇത് മനോഹരമാണ്. നാം ഉദാരമാനസ്സരും കാരുണ്യമുള്ളവരുമാണെങ്കില്‍ ദൈവം നമുക്കും നല്കും എന്നത് മനോഹരമായ ഒരു സംഗതിയാണ്. നാം മാപ്പു നല്കണം, കാരണം ദൈവം നമ്മോടു ക്ഷമിച്ചിരിക്കുന്നു, എന്നും നമ്മോടു പൊറുക്കുന്നു. നാം എല്ലാം ക്ഷമിക്കുന്നില്ലെങ്കില്‍ നമ്മുടെ തെറ്റുകളെല്ലാം പൊറുക്കപ്പെടുമെന്ന് നാം കരുതരുത്. മറിച്ച, നമ്മുടെ ഹൃദയങ്ങള്‍ കാരുണ്യത്തിലേക്കു തുറക്കപ്പെടുകയും സാഹോദര്യാശ്ലേഷത്താല്‍ പൊറുക്കലിന് സ്ഥിരീകരണമേകുകയും കൂട്ടായ്മയുടെ കെട്ടുകള്‍ മുറുക്കുകയും ചെയ്താല്‍, നാം, തിന്മയെ നന്മ കൊണ്ട് ജയിക്കുക സാധ്യമാണെന്ന് ലോകത്തിനുമുന്നില്‍ പ്രഖ്യാപിക്കുകയാണ്. ചിലപ്പോഴൊക്കെ നാം എളുപ്പത്തില്‍ ഓര്‍ക്കുക നല്ല കാര്യങ്ങളല്ല, മറിച്ച്, മറ്റുള്ളവര്‍ നമ്മോടു ചെയ്ത തെറ്റുകളും തിന്മകളുമാണ്. രോഗംപോലെ ആയിത്തീരും വിധം ഈ രീതി തുടരുന്നവരുമുണ്ട്. അവര്‍ അനീതികളുടെ സമാഹര്‍ത്താക്കളാണ്. അവര്‍ മോശമായ ചെയ്തികള്‍ മാത്രമാണ് ഓര്‍ത്തിരിക്കുക. ഇതല്ല മാര്‍ഗ്ഗം. നേരെ വിപരീതമായിട്ടാണ് നാം പ്രവര്‍ത്തിക്കേണ്ടതെന്ന് യേശു പറയുന്നു. സല്‍പ്രവര്‍ത്തികള്‍ ഓര്‍ക്കുക. ആരെങ്കിലും വൃഥഭാഷണവും പരദൂഷണവുമായി വരുമ്പോള്‍ പറയുക: “ശരിതന്നെ, എന്നാല്‍ അയാളില്‍ ഈ നന്മയുണ്ട്...”. അങ്ങനെ സംഭാഷണ ശൈലിയെ തിരിച്ചുവിടുക. ഇതാണ് കാരുണ്യത്തിന്‍റെ വിപ്ലവം.

യേശുവിന്‍റെ പവിത്രവും തീ പോലെ ജ്വലിക്കുന്നതും നമ്മെ രൂപാന്തരപ്പെടുത്തുന്നതും എവിടെയും സ്നേഹത്തിന്‍റെ വിജയത്തിന് സാക്ഷ്യമേകിക്കൊണ്ട് പ്രതിഫലേച്ഛകൂടാതെ നന്മചെയ്യാന്‍ നമ്മെ പ്രാപ്തരാക്കുന്നതുമായ ഈ വാക്കുകളുടെ ഹൃദയത്തില്‍ തൊടാന്‍ പരിശുദ്ധ കന്യകാമറിയം നമ്മെ സഹായിക്കട്ടെ.   

ഈ വാക്കുകളെ തുടര്‍ന്ന് കര്‍ത്താവിന്‍റെ മാലാഖ എന്നാരംഭിക്കുന്ന പ്രാര്‍ത്ഥന നയിച്ച പാപ്പാ എല്ലാവര്‍ക്കും തന്‍റെ അപ്പസ്തോലികാശീര്‍വ്വാദം നല്കി.

വത്തിക്കാനില്‍ നടന്ന സമ്മേളനത്തെക്കുറിച്ച്....

ആശീര്‍വ്വാദാനന്തരം ഫ്രാന്‍സീസ് പാപ്പാ, കുട്ടികളുടെ സംരക്ഷണം എന്ന സുപ്രധാനവിഷയത്തെ അധികരിച്ചുള്ള സമ്മേളനം ഞായറാഴ്ച (24/02/19) രാവിലെ വത്തിക്കാനില്‍ സമാപിച്ചത് അുസ്മരിച്ചു. 

പാത്രിയാര്‍ക്കീസുമാര്‍, എല്ലാ കത്തോലിക്കാമെത്രാന്‍സംഘങ്ങളുടെയും അദ്ധ്യക്ഷന്മാര്‍, പൗരസ്ത്യ കത്തോലിക്കാ സഭകളുടെ തലവന്മാര്‍, സമര്‍പ്പിതജീവിതസമൂഹങ്ങളുടെ മേലധികാരികള്‍, റോമന്‍ കൂരിയായിലെ തന്‍റെ സഹകാരികള്‍ എന്നിവര്‍ ഈ സമ്മേളനത്തില്‍ ക്ഷണിക്കപ്പെട്ടിരുന്നുവെന്നും പാപ്പാ പറഞ്ഞു.

സഭാശുശ്രൂഷകര്‍ കുട്ടികളെ ലൈംഗികചൂഷണത്തിനിരകളാക്കിയത് സഭയെ ഏറെ അപകീര്‍ത്തിപ്പെടുത്തിയ വസ്തുതയെക്കുറിച്ചു പാപ്പാ പരാമര്‍ശിക്കുകയും ലൈംഗികചൂഷണത്തിനിരകളായവരുടെ നാടകീയമായ സഹനങ്ങളും അവരുടെ കാര്യത്തിലുള്ള, നീതികരിക്കാനാവാത്ത അശ്രദ്ധയും സഭയില്‍ ഉത്തരവാദിത്വമുള്ളവര്‍ കുറ്റവാളികളെ മറച്ചുവയ്ക്കാന്‍ ശ്രമിച്ചതും സഭയ്ക്കുണ്ടായ ഈ മാനഹാനിക്ക് കാരണങ്ങളാണെന്ന് വിശദീകരിക്കുകയും ചെയ്തു.

ഇത് എല്ലാ ഭൂഖണ്ഡങ്ങളിലും വ്യാപകമായ ഒരു പ്രശ്നമാകയാല്‍ കൂട്ടുത്തരവാദിത്വത്തോടും പത്രോസിന്‍റെ പിന്‍ഗാമിയും മെത്രാന്മാരും തമ്മിലുള്ള സംഘാതാത്മകതയോടും കൂടി ലോകമാസകലമുള്ള കത്തോലിക്കാസമൂഹങ്ങളുടെ ഇടയന്മാര്‍ ഒത്തൊരുമിച്ച് അതിനെ നേരിടണം എന്നതാണ് തന്‍റെ ഹിതം എന്ന് പാപ്പാ വ്യക്തമാക്കി.

ലൈംഗികാതിക്രമത്തിന് ഇരകളായവരുടെ സാക്ഷ്യം ശ്രവിക്കുകയും ഒത്തൊരുമിച്ചു പ്രാര്‍ത്ഥിക്കുകയും ദൈവത്തോടും, ദ്രോഹിക്കപ്പെട്ട വ്യക്തികളോടും മാപ്പപേക്ഷിക്കുകയും ചെയ്തത് അനുസ്മരിച്ച പാപ്പാ, സത്യത്തില്‍ നീതി നടപ്പാക്കുകയും അധികാരം, മനസ്സാക്ഷി, ലൈംഗികത എന്നിവയുടെ ദുര്‍വിനിയോഗത്തെ സമൂലം ഇല്ലാതാക്കുകയും ചെയ്യാനുള്ള ഉത്തരവാദിത്വത്തെയും കടമയെയുക്കുറിച്ച് തങ്ങള്‍ അവബോധമുള്ളവരാകുകയും ചെയ്തുവെന്നും പറഞ്ഞു.

കുട്ടികള്‍ക്ക് സമ്പൂര്‍ണ്ണ സംരക്ഷണം ഉറപ്പേകുന്നതാകണം സഭയുടെ സകല പ്രവര്‍ത്തനങ്ങളും വേദികളുമെന്നും ലൈംഗികാതിക്രമങ്ങള്‍ പോലുള്ള കുറ്റകൃത്യങ്ങള്‍ മേലില്‍ ആവര്‍ത്തിക്കപ്പെടാതിരിക്കുന്നതിനുവേണ്ട സാധ്യമായ സകല നടപടികളും സ്വീകരിക്കണമെന്നും പാപ്പാ പറഞ്ഞു. 

യേശുവിന്‍റെ പ്രബോധനമനുസരിച്ചുള്ള സേവനം കുഞ്ഞുങ്ങളുടെ ശിക്ഷണം എന്നീ സ്വന്തം ദൗത്യങ്ങള്‍ നിര്‍വ്വഹിക്കുന്നതില്‍ വിശ്വാസ്യതയും വിശ്വസ്തതയും സഭയ്ക്ക് നിരുപാധികം വീണ്ടെടുക്കാന്‍ കഴിയണമെന്നും പാപ്പാ വ്യക്തമാക്കി.

ലോകമെങ്ങുമുള്ള ബാലികാബാലന്മാരും ആണ്‍കുട്ടികളും പെണ്‍കുട്ടികളുമുള്‍പ്പടെയുള്ള ദശലക്ഷക്കണക്കിന് ഇളംപ്രായക്കാരെ പീഢനത്തിനിരകളാക്കുന്നതായ ഗുരുതരമായ വ്യാധിയുടെ സകല രൂപങ്ങളെയും സമൂലം പിഴുതെറിയുന്നതിന്, എല്ലാ നാടുകളിലും അന്താരാഷ്ട്രതലത്തിലും സന്മനസ്സുള്ള സകലരോടും  സമൂഹത്തിന്‍റെ രചനാത്മക ശക്തികളോടും എല്ലാ ഘടകങ്ങളോടും ചേര്‍ന്ന് മുഴുവന്‍ ഹൃദയത്തോടും കാര്യക്ഷമതയോടും കൂടെ സഹകരിക്കാന്‍ അപ്രകാരം സാധിക്കുമെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു.   

ഈ വാക്കുകളെ തുടര്‍ന്ന് പാപ്പാ റോമാക്കാരും വിവിധ രാജ്യക്കാരുമായിരുന്ന തീര്‍ത്ഥാടകരെയും അഭിവാദ്യം ചെയ്തു.

തദ്ദനന്തരം എല്ലാവര്‍ക്കും  ശുഭ ഞായര്‍ ആശംസിച്ച പാപ്പാ, തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ മറക്കരുതെന്ന പതിവഭ്യര്‍ത്ഥന നവീകരിക്കുകയും ചെയ്തു. അതിനുശേഷം, എല്ലാവര്‍ക്കും നല്ല ഉച്ചവിരുന്നു നേരുകയും വീണ്ടും കാണാം, “അരിവെദേര്‍ച്ചി" (arrivederci) എന്ന് ഇറ്റാലിയന്‍ ഭാഷയില്‍ പറയുകയും ചെയ്തുകൊണ്ട് പാപ്പാ സുസ്മേരവദനനായി കൈകള്‍ വീശി ജാലകത്തിങ്കല്‍ നിന്ന് പിന്‍വാങ്ങി.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

24 February 2019, 13:00