Vatican News
വത്തിക്കാനില്‍ ഞായറാഴ്ച (17/02/2019) ത്രികാലപ്രാര്‍ത്ഥനയ്ക്കണഞ്ഞ വിശ്വാസികള്‍! വത്തിക്കാനില്‍ ഞായറാഴ്ച (17/02/2019) ത്രികാലപ്രാര്‍ത്ഥനയ്ക്കണഞ്ഞ വിശ്വാസികള്‍!  (Vatican Media)

പ്രകമ്പനമുളവാക്കുന്ന വൈരുദ്ധ്യാത്മക "വചനം"!

സുവിശേഷ സൗഭാഗ്യങ്ങള്‍: നമ്മുടെ നയനങ്ങളെ തുറക്കുന്ന യേശു വചനങ്ങള്‍, പാപ്പായുടെ ത്രികാലപ്രാര്‍ത്ഥനാ വിചിന്തനം

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ഞായറാഴ്ചകളിലെ പതിവനുസരിച്ച്, ഈ ഞായറാഴ്ച (17/02/19) മദ്ധ്യാഹ്നത്തില്‍,  ഫ്രാന്‍സീസ് പാപ്പാ നയിച്ച ത്രികാലപ്രാര്‍ത്ഥനയില്‍ സംബന്ധിക്കുന്നതിന് വിവിധരാജ്യക്കാരായിരുന്ന നിരവധി വിശ്വാസികള്‍ വിശുദ്ധ പത്രോസിന്‍റെ  ബസിലിക്കയുടെ അങ്കണത്തിലും ചത്വരത്തിനു പുറത്തും സന്നിഹിതരായിരുന്നു. ശൈത്യ കാലമെങ്കിലും വസന്ത കാലം വിരിഞ്ഞുവെന്നു തോന്നുമാറുള്ള നല്ല തെളിഞ്ഞ മന്ദോഷ്ണ കാലാവസ്ഥയായിരുന്നു അനുഭവപ്പെട്ടത്. 

ത്രികാലജപം നയിക്കുന്നതിനായി, റോമിലെ സമയം ഉച്ചയ്ക്ക് 12 മണിക്ക്, ഇന്ത്യയിലെ സമയം, വൈകുന്നേരം 4.30 ന് അരമനയുടെ മുകളിലത്തെ നിലയിലുള്ള ജാലകത്തിങ്കല്‍ പാപ്പാ പ്രത്യക്ഷനായപ്പോള്‍, വിശ്വാസികളുടെ കരഘോഷവും ആനന്ദാരവങ്ങളും ഉയര്‍ന്നു.

വത്തിക്കാനില്‍, വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ ചത്വരത്തില്‍ ബസിലിക്കയ്ക്ക് അഭിമുഖമായി നില്ക്കുകയാണെങ്കില്‍ അങ്കണത്തിന്‍റെ വലത്തുഭാഗത്തെ സ്തംഭാവലിക്ക് പിന്നിലായി കാണപ്പെടുന്ന അരമന കെട്ടിടസമുച്ചയത്തിന്‍റെ ഒരുഭാഗത്തിന്‍റെ ഏറ്റവും മുകളിലത്തെ നിലയിലുള്ള പത്തു ജാലകങ്ങളില്‍ വലത്തു നിന്നു രണ്ടാമത്തെതാണ് പാപ്പാ ഞായറാഴ്ചകളില്‍ ത്രികാലപ്രാര്‍ത്ഥന നയിക്കുന്നതിനായി പ്രത്യക്ഷപ്പെടുന്ന ജനല്‍. ആ ജാലകത്തിങ്കല്‍ മന്ദസ്മിതത്തോടെ കൈകള്‍ ഉയര്‍ത്തി  എല്ലാവരെയും അഭിവാദ്യം ചെയ്തുകൊണ്ട് പ്രത്യക്ഷനായ പാപ്പാ ത്രികാലജപം നയിക്കുന്നതിനുമുമ്പ് വിശ്വാസികളെ സംബോധനചെയ്തു. ഈ ഞായറാഴ്ച (17/02/19) ലത്തീന്‍ റീത്തിന്‍റെ   ആരാധനക്രമമനുസരിച്ച്  വിശുദ്ധകുര്‍ബ്ബാനമദ്ധ്യേ വായിക്കപ്പെട്ട വിശുദ്ധഗ്രന്ഥഭാഗങ്ങളില്‍, ലൂക്കായുടെ സുവിശേഷം,  ആറാം  അദ്ധ്യായം 17.20-26 വരെയുമുള്ള വാക്യങ്ങള്‍, അതായത്, സുവിശേഷ സൗഭാഗ്യങ്ങള്‍, ആയിരുന്നു പാപ്പായുടെ വിചിന്തനത്തിനാധാരം. 

പാപ്പാ ഇറ്റാലിയന്‍ ഭാഷയില്‍ തന്‍റെ പ്രഭാഷണം ആരംഭിച്ചത് ഇപ്രകാരമായിരുന്നു:

പ്രിയ സഹോദരീസഹോദരന്മാരേ ശുഭദിനം!

ശക്തവും മൂര്‍ച്ചയേറിയതുമായ വാക്കുകള്‍

ഇന്നത്തെ സുവിശേഷം, (ലൂക്കായുടെ സുവിശേഷം, ആറാം  അദ്ധ്യായം 17.20-26 വരെയുമുള്ള വാക്യങ്ങള്‍), നമ്മുടെ മുന്നില്‍ അവതരിപ്പിക്കുന്നത് വിശുദ്ധ ലൂക്കായുടെ ഭാഷ്യാനുസൃത സുവിശേഷ സൗഭാഗ്യങ്ങളാണ്. നാലു സൗഭാഗ്യങ്ങളും “നിങ്ങള്‍ക്കു ദുരിതം” എന്ന പ്രയോഗത്തോടുകൂടിയ നാലു ശാസനകളും അടങ്ങിയതാണ് ഈ ഭാഗം. ശക്തവും മൂര്‍ച്ചയേറിയതുമായ ഈ വാക്കുകളാല്‍ യേശു നമ്മുടെ കണ്ണുകളെ തുറക്കുകയും ബാഹ്യരൂപങ്ങള്‍ക്ക് അതീതമായി, പുറംകാഴ്ചയ്ക്കതീതിമായി നിന്ന്, അവിടത്തെ വീക്ഷണത്തോടു കൂടി കാണാന്‍ നമ്മെ പ്രാപ്തരാക്കുകയും അവസ്ഥകളെ വിശ്വാസത്തോടുകൂടി വിവേചിച്ചറിയാന്‍ നമ്മെ പഠിപ്പിക്കുകയും ചെയ്യുന്നു.

അനുഗ്രഹീതര്‍

ദരിദ്രരും വിശപ്പനുഭവിക്കുന്നവരും ദുഃഖിതരും പീഢിതരും അനുഗ്രിഹീതരാണെന്ന് യേശു പ്രഖ്യാപിക്കുന്നു; സമ്പന്നരും, സംതൃപ്തരും സന്തോഷിച്ചു ചിരിക്കുന്നവരും ജനങ്ങളാല്‍ പ്രശംസിക്കപ്പെടുന്നവരുമായവര്‍ക്ക് യേശു താക്കീതു നല്കുന്നു. സുവിശേഷ സൗഭാഗ്യത്തില്‍ കാണപ്പെടുന്ന ഈ വൈരുദ്ധ്യത്തിനു നിദാനം ദൈവം വേദനിക്കുന്നവര്‍ക്ക് സമീപസ്ഥനായിരിക്കുകയും അവരെ അടിമത്തത്തില്‍ നിന്ന് മോചിപ്പിക്കാന്‍ ഇടപെടുകയും ചെയ്യുന്നു എന്ന യാഥാര്‍ത്ഥ്യമാണ്. യേശു ഇതു കാണുന്നു; യേശു മുന്‍കൂട്ടിത്തന്നെ  നിഷേധാത്മകമായ യാഥര്‍ത്ഥ്യത്തിനപ്പുറം സുവിശേഷ സൗഭാഗ്യങ്ങളെ കാണുന്നു. അതുപോലെ തന്നെ, ഇന്നു സുഭിക്ഷതയില്‍ കഴിയുന്നവരെ ഉദ്ദേശിച്ചുള്ള “നിങ്ങള്‍ക്കു ദുരിതം” എന്ന ശാസന അവരെ സ്വാര്‍ത്ഥതയുടെ അപകടകരമായ ചതിയില്‍ നിന്ന് തട്ടിയുണര്‍ത്തുന്നതിനും ഇനിയും അവര്‍ക്ക് സമയമുള്ളപ്പോള്‍ത്തന്നെ സ്നേഹത്തിന്‍റെ യുക്തിയിലേക്ക് അവരെ പ്രവേശിപ്പിക്കുന്നതിനും വേണ്ടിയാണ്. 

കപട വാഗ്ദാനങ്ങളുമായി എത്തുന്നവര്‍

കര്‍ത്താവില്‍ പൂര്‍ണ്ണമായി വിശ്വാസമര്‍പ്പിക്കുന്നതില്‍ അടങ്ങിയിരിക്കുന്നതായ വിശ്വസിക്കുക എന്നതിന്‍റെ അഗാധ പൊരുളിനെക്കുറിച്ചു മനനം ചെയ്യാനുള്ള ക്ഷണമാണ്, ആകയാല്‍, ഇന്നത്തെ സുവിശേഷം. ജീവിക്കുന്ന സത്യദൈവത്തിന് ഹൃദയം തുറന്നു കൊടുക്കുന്നതിന് ലൗകിക വിഗ്രഹങ്ങളെ ഇടിച്ചു തകര്‍ക്കുക എന്നതാണ് വിവക്ഷ; അവിടത്തേക്കു മാത്രമെ നമ്മുടെ അസ്തിത്വത്തിന് നാം ഏറ്റം അഭിലഷിക്കുന്നതും പ്രാപിക്കാന്‍ ബുദ്ധിമുട്ടുള്ളതുമായ പൂര്‍ണ്ണതയേകാന്‍ സാധിക്കുകയുള്ളു. സഹോദരീ സഹോദരമാരേ, സന്തോഷത്തിന്‍റെ വിതരണക്കാരെന്ന് അവകാശപ്പെടുന്നവര്‍ നമ്മുടെ ഇന്നത്തെ കാലഘട്ടത്തിലും നിരവധിയാണ്: അവര്‍ വരുകയും  ചുരുങ്ങിയ സമയം കൊണ്ടു നേട്ടങ്ങള്‍ നേടാമെന്നും വലിയ സമ്പാദ്യങ്ങള്‍ കൈയ്യെത്തും ദൂരെയാണെന്നും ഏതൊരു പ്രശ്നത്തിനും മാന്ത്രിക പരിഹാരങ്ങളുണ്ടെന്നും തുടങ്ങിയ പലവാഗ്ദാനങ്ങളും നല്കുന്നു. ഇവിടെ ഒന്നാമത്തെ കല്പനയ്ക്കെതിരായ, അതായത്, ദൈവത്തിന്‍റെ സ്ഥാനത്ത് വിഗ്രഹത്തെ പ്രതിഷ്ഠിക്കുന്നതായ, പാപത്തിലേക്ക് അറിയാതെ തന്നെ എളുപ്പത്തില്‍ വഴുതിവീഴുന്നു.

വിഗ്രഹാരാധന

ബിംബാരാധനയും ബിംബങ്ങളും മറ്റു കാലങ്ങളിലേതാണെന്ന പ്രതീതിയുളവാകുന്നുണ്ടെങ്കിലും, സത്യത്തില്‍, അത് എക്കാലത്തുമുണ്ട്. ഇന്നും അതുണ്ട്. അവ ചില ആനുകാലിക മനോഭാവങ്ങളെ അനേകം സാമൂഹ്യ വിശകലനങ്ങളേക്കാള്‍ നന്നായി വിശദീകരിക്കുന്നുണ്ട്.

യേശു നമ്മുടെ നയങ്ങള്‍ തുറക്കുന്നു

ആകയാല്‍, യേശു യാഥാര്‍ത്ഥ്യത്തിലേക്കു നമ്മുടെ നയനങ്ങളെ തുറക്കുകയാണ്. നാം ആനന്ദമുള്ളവരായിരിക്കാനും ആനുഗ്രഹീതരായിരിക്കാനും വിളിക്കപ്പെട്ടിരിക്കുന്നു. ദൈവത്തിന്‍റെയും അവിടത്തെ രാജ്യത്തിന്‍റെയും, ക്ഷണികമല്ലാത്തതും നിത്യജീവതത്തോളം നീണ്ടുനില്ക്കുന്നതുമായവയുടെയും പക്ഷത്ത് നാം ആകുന്നതിന് ആനുപാതികമായിട്ടായിരിക്കും നമ്മള്‍ അപ്രകാരമായിത്തീരുക. ദൈവതിരുമുമ്പില്‍ ദരിദ്രരാണെന്ന അവബോധം നാം പുലര്‍ത്തുമ്പോള്‍ മാത്രമെ നമ്മള്‍ സന്തോഷമുള്ളവരായിത്തീരൂ. ഇത് സുപ്രധാനമാണ്: “കര്‍ത്താവേ, എനിക്ക് നിന്നെ ആവശ്യമുണ്ട്”, ദൈവത്തിനുമുന്നില്‍ നാം ദരിദ്രരാണെന്ന അവബോധമുള്ളവരായിരിക്കുകയും, ദൈവത്തെപ്പോലെ തന്നെ, നാം ദരിദ്രരുടെയും വേദനിക്കുന്നവരുടെയും വിശക്കുന്നവരുടെയും ചാരെ ആയിരിക്കുകയും ചെയ്യുകയാണെങ്കില്‍ നമുക്കു സന്തോഷമനുഭവിക്കാന്‍ സാധിക്കും. നമ്മള്‍ ദൈവതിരുമുമ്പില്‍ ദരിദ്രരരും ദു:ഖിതരും, വിശപ്പനുഭവിക്കുന്നവരുമാണ്. ഈ ലോക സമ്പത്തുണ്ടെങ്കിലും അവയെ പൂജാവിഗ്രഹങ്ങളാക്കാതിരിക്കുകയും നമ്മുടെ ആത്മാവിനെ അവയ്ക്ക് വില്ക്കാതിരിക്കുകയും നമ്മുടെ സഹോദരങ്ങളുമായി സമ്പത്ത് പങ്കുവയ്ക്കുകയും ചെയ്യുമ്പോഴെല്ലാം നമുക്ക് ആനന്ദിക്കാന്‍ സാധിക്കും. ഇന്നത്തെ ആരാധനാക്രമം നമ്മെ ക്ഷണിക്കുന്നത് ഒരിക്കല്‍ കൂടി ആത്മശോധന ചെയ്യാനും ഹൃദയത്തില്‍ സത്യമുള്ളവരായിരിക്കാനുമാണ്.  

നിര്‍ണ്ണായക സന്ദേശം

യേശുവിന്‍റെ സുവിശേഷസൗഭാഗ്യങ്ങള്‍ നിര്‍ണ്ണായകമായ ഒരു സന്ദേശമാണ്. ഭൗതികവും ക്ഷണികവുമായ വസ്തുക്കളില്‍ വിശ്വാസമര്‍പ്പിക്കാതിരിക്കാനും പലപ്പോഴും മരണത്തിന്‍റെ കച്ചവടക്കാരായി മാറുന്ന ധൂമ വ്യാപാരികളും വ്യാമോഹത്തിന്‍റെ വദഗ്ദ്ധരുമായവരെ സന്തോഷമന്വേഷിച്ച് പിന്‍ചെല്ലാതിരിക്കാനും നമ്മെ പ്രേരിപ്പിക്കുന്ന ഒരു സന്ദേശമാണിത്. അരുത്, അവരെ പിന്‍ചെല്ലരുത്. പ്രത്യാശ പകരാന്‍ അപര്യാപ്തരാണവര്‍. നയനങ്ങള്‍ തുറക്കാനും യാഥാര്‍ത്ഥ്യത്തിലേക്കു തുളച്ചുകയറുന്ന നോട്ടത്തിനുടമകളാകാനും  ലോകത്തിന്‍റതായ അരൂപി നമ്മില്‍ പരത്തുന്ന വെള്ളെഴുത്തില്‍ നിന്ന് സൗഖ്യം പ്രാപിക്കാനും കര്‍ത്താവു നമ്മെ സഹായിക്കുന്നു. അവിടത്തെ വൈരുദ്ധ്യമാര്‍ന്ന വചനം നമ്മില്‍ പ്രകമ്പനമുളവാക്കുകയും നമ്മെ സത്യത്തില്‍ സമ്പന്നരും സംതൃപ്തരുമാക്കുകയും നമുക്കു സന്തോഷവും ഔന്നത്യവും പ്രദാനം ചെയ്യുകയും ചെയ്യുന്നതെന്താണ് എന്ന് തിരിച്ചറിയാന്‍ നമ്മെ പ്രാപ്തരാക്കുകയും ചെയ്യും. ചുരുക്കിപ്പറഞ്ഞാല്‍, നമ്മുടെ ജീവിതത്തിന് യഥാര്‍ത്ഥത്തില്‍ അര്‍ത്ഥവും പൂര്‍ണ്ണതയും പകരുന്നത് എന്താണെന്ന് തിരിച്ചറിയാന്‍. നമ്മുടെ ജീവിതത്തില്‍ ഫലങ്ങളുളവാക്കുന്നതിനും നമ്മെ നിരാശപ്പെടുത്താത്ത സന്തോഷത്തിന്‍റെ സാക്ഷികളായിത്തീരുന്നതിനും ഈ സുവിശേഷം തുറന്ന മനസ്സോടും ഹൃദയത്തോടും കൂടെ ശ്രവിക്കാന്‍ കന്യകാ മറിയം നമ്മെ സഹായിക്കട്ടെ. ദൈവം നല്കുന്ന ഈ ആനന്ദം ഒരിക്കലും നിരാശപ്പെടുത്തില്ല. 

ഈ വാക്കുകളെ തുടര്‍ന്ന് കര്‍ത്താവിന്‍റെ മാലാഖ എന്നാരംഭിക്കുന്ന പ്രാര്‍ത്ഥന നയിച്ച പാപ്പാ എല്ലാവര്‍ക്കും തന്‍റെ അപ്പസ്തോലികാശീര്‍വ്വാദം നല്കി.

കുട്ടികളുടെ സംരക്ഷണത്തെ അധികരിച്ച് ഒരു സമ്മേളനം

അടുത്ത വ്യാഴാഴ്ച (21/02/19) മുതല്‍ ഞായറാഴ്ച (24/02/19) വരെ വത്തിക്കാനില്‍ കത്തോലിക്കാമെത്രാന്‍സംഘങ്ങളുടെ തലവന്മാരുടെ ഒരു സമ്മേളനം നടക്കാന്‍ പോകുന്നതും ഇതിന്‍റെ ചര്‍ച്ചാവിഷയം സഭയില്‍ കുട്ടികളുടെ സംരക്ഷണം ആണെന്നതും

ആശീര്‍വ്വാദാനന്തരം ഫ്രാന്‍സീസ് പാപ്പാ ചത്വരത്തില്‍ സന്നിഹിതരായിരുന്നവരെ അഭിവാദ്യം ചെയ്യവെ അനുസ്മരിച്ചു.

ഈ സമ്മേളനത്തിനു വേണ്ടി പ്രാര്‍ത്ഥനാസഹായം പാപ്പാ അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

നമ്മുടെ ഇക്കാലഘട്ടത്തിലെ അടിന്തരമായ ഒരു വെല്ലുവിളിക്കുമുന്നില്‍ അതിശക്തമായ അജപാലന ഉത്തരവാദിത്വത്തിന്‍റെതായ ഒരു നടപടി എന്ന നിലയിലാണ് താന്‍ ഈ സമ്മേളനം വിളിച്ചുകൂട്ടുന്നതെന്ന് പാപ്പാ വ്യക്തമാക്കി.

തുടര്‍ന്ന് പാപ്പാ റോമാക്കാരും വിവിധ രാജ്യക്കാരുമായിരുന്ന തീര്‍ത്ഥാടകരെയും അഭിവാദ്യം ചെയ്തു.

തദ്ദനന്തരം എല്ലാവര്‍ക്കും  ശുഭ ഞായര്‍ ആശംസിച്ച പാപ്പാ, തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ മറക്കരുതെന്ന പതിവഭ്യര്‍ത്ഥന നവീകരിക്കുകയും ചെയ്തു. അതിനുശേഷം, എല്ലാവര്‍ക്കും നല്ല ഉച്ചവിരുന്നു നേരുകയും വീണ്ടും കാണാം, “അരിവെദേര്‍ച്ചി" (arrivederci) എന്ന് ഇറ്റാലിയന്‍ ഭാഷയില്‍ പറയുകയും ചെയ്തുകൊണ്ട് പാപ്പാ സുസ്മേരവദനനായി കൈകള്‍ വീശി ജാലകത്തിങ്കല്‍ നിന്ന് പിന്‍വാങ്ങി.

 

17 February 2019, 13:29