തിരയുക

Vatican News
ഫ്രാന്‍സീസ് പാപ്പാ ഞായറാഴ്ച നയിച്ച മദ്ധ്യാഹ്ന പ്രാര്‍ത്ഥനയില്‍ സംബന്ധിക്കുന്ന വിശ്വാസികളുടെ സഞ്ചയം, വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ അങ്കണത്തില്‍, 10/02/2019 ഫ്രാന്‍സീസ് പാപ്പാ ഞായറാഴ്ച നയിച്ച മദ്ധ്യാഹ്ന പ്രാര്‍ത്ഥനയില്‍ സംബന്ധിക്കുന്ന വിശ്വാസികളുടെ സഞ്ചയം, വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ അങ്കണത്തില്‍, 10/02/2019  (Vatican Media )

കര്‍ത്താവ് നമ്മിലും വന്‍കാര്യങ്ങള്‍ പ്രവര്‍ത്തിക്കുന്നു-പാപ്പാ

വിശ്വാസത്തോടുകൂടിയ വിധേയത്വം വിസ്മയ ഫലം പുറപ്പെടുവിക്കും- ഫ്രാന്‍സീസ് പാപ്പായടു ത്രികാലപ്രാര്‍ത്ഥനാ സന്ദേശം

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ഞായറാഴ്ചകളിലെ പതിവനുസരിച്ച്, ഈ ഞായറാഴ്ച (10/02/19) മദ്ധ്യാഹ്നത്തില്‍,  ഫ്രാന്‍സീസ് പാപ്പാ നയിച്ച ത്രികാലപ്രാര്‍ത്ഥനയില്‍ സംബന്ധിക്കുന്നതിന് വിവിധരാജ്യക്കാരായിരുന്ന നിരവധി വിശ്വാസികള്‍ വിശുദ്ധ പത്രോസിന്‍റെ  ബസിലിക്കയുടെ അങ്കണത്തില്‍, സന്നിഹിതരായിരുന്നു. ശൈത്യത്തിന്‍റെ കാഠിന്യമില്ലാത്ത നല്ല കാലാവസ്ഥയായിരുന്നു അനുഭവപ്പെട്ടത്.

ത്രികാലജപം നയിക്കുന്നതിനായി, റോമിലെ സമയം ഉച്ചയ്ക്ക് 12 മണിക്ക്, ഇന്ത്യയിലെ സമയം, വൈകുന്നേരം 4.30 ന് അരമനയുടെ മുകളിലത്തെ നിലയിലുള്ള ജാലകത്തിങ്കല്‍ പാപ്പാ പ്രത്യക്ഷനായപ്പോള്‍, വിശ്വാസികളുടെ കരഘോഷവും ആനന്ദാരവങ്ങളും ഉയര്‍ന്നു.

വത്തിക്കാനില്‍, വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ ചത്വരത്തില്‍ ബസിലിക്കയ്ക്ക് അഭിമുഖമായി നില്ക്കുകയാണെങ്കില്‍ അങ്കണത്തിന്‍റെ വലത്തുഭാഗത്തെ സ്തംഭാവലിക്ക് പിന്നിലായി കാണപ്പെടുന്ന അരമന കെട്ടിടസമുച്ചയത്തിന്‍റെ ഒരുഭാഗത്തിന്‍റെ ഏറ്റവും മുകളിലത്തെ നിലയിലുള്ള പത്തു ജാലകങ്ങളില്‍ വലത്തു നിന്നു രണ്ടാമത്തെതാണ് പാപ്പാ ഞായറാഴ്ചകളില്‍ ത്രികാലപ്രാര്‍ത്ഥന നയിക്കുന്നതിനായി പ്രത്യക്ഷപ്പെടുന്ന ജനല്‍. ആ ജാലകത്തിങ്കല്‍ മന്ദസ്മിതത്തോടെ കൈകള്‍ ഉയര്‍ത്തി  എല്ലാവരെയും അഭിവാദ്യം ചെയ്തുകൊണ്ട് പ്രത്യക്ഷനായ പാപ്പാ ത്രികാലജപം നയിക്കുന്നതിനുമുമ്പ് വിശ്വാസികളെ സംബോധനചെയ്തു.

ഈ ഞായറാഴ്ച (10/02/19) ലത്തീന്‍ റീത്തിന്‍റെ   ആരാധനക്രമമനുസരിച്ച്  വിശുദ്ധകുര്‍ബ്ബാനമദ്ധ്യേ വായിക്കപ്പെട്ട വിശുദ്ധഗ്രന്ഥഭാഗങ്ങളില്‍, ലൂക്കായുടെ സുവിശേഷം,  അഞ്ചാം അദ്ധ്യായം 1-11 വരെയുള്ള വാക്യങ്ങള്‍, അതായത്, ഗനേസറത്തു തടാകത്തിന്‍റെ തീരത്തു നില്ക്കുകയായിരുന്ന യേശു അവിടെ കിടന്നിരുന്ന രണ്ടുവള്ളങ്ങളില്‍ ശിമയോന്‍റെ  വള്ളത്തില്‍ കയറിയിരുന്നു ജനങ്ങളെ പഠിപ്പിക്കുന്നതും രാത്രിമുഴുവന്‍ അദ്ധ്വാനിച്ചിട്ടും മീന്‍ കിട്ടാതിരുന്ന ശിമയോനും കൂട്ടരും യേശുവിന്‍റെ നിര്‍ദ്ദേശാനുസരണം വലയിറക്കിയപ്പോള്‍ അത്ഭുതകരമാംവിധം വലനിറയെ മീന്‍ കിട്ടുന്നതും യേശുവിന്‍റെ  ക്ഷണം സ്വീകരിച്ച് ശിമയോനും സെബദീപുത്രന്മാരായ യാക്കോബും യോഹന്നാനും വലയും വള്ളവും എല്ലാം ഉപേക്ഷിച്ചു അവിടത്തെ അനുഗമിക്കുന്നതുമായ സംഭവം, ആയിരുന്നു പാപ്പായുടെ വിചിന്തനത്തിനാധാരം.

പാപ്പായുടെ പ്രഭാഷണം:

പ്രിയ സഹോദരീസഹോദരന്മാരേ ശുഭദിനം!

യേശുവിന്‍റെ വിസ്മയ കര്‍മ്മം

ഇന്നത്തെ സുവിശേഷം, ലൂക്കായുടെ സുവിശേഷം, അഞ്ചാം അദ്ധ്യായം 1-11 വരെയുള്ള വാക്യങ്ങള്‍, നമ്മുടെ മുന്നില്‍ അവതരിപ്പിക്കുന്നത് വിശുദ്ധ പത്രോസിന്‍റെ വിളിയാണ്. നമുക്കറിയാവുന്നതു പോലെ, ശിമയോന്‍ എന്നായിരുന്നു അദ്ദേഹത്തിന്‍റെ പേര്. മീന്‍പിടുത്തക്കാരനായിരുന്നു ശിമയോന്‍. ഗലീലിയിലെ തടാകത്തിന്‍റെ തീരത്തു നില്ക്കുകയായിരുന്ന യേശു ശിമയോന്‍ മറ്റു മത്സ്യബന്ധകരോടൊപ്പം വല വൃത്തിയാക്കിക്കൊണ്ടിരിക്കുന്നതു കണ്ടു. ശിമയോന്‍ പരിക്ഷീണിതനും നിരാശനുമായിരുന്നു, കാരണം അവര്‍ രാത്രിമുഴുവനും അദ്ധ്വാനിച്ചിട്ടും ഒന്നും കിട്ടിയിരുന്നില്ല. എന്നാല്‍ യേശു അപ്രതീക്ഷിതമായ ഒരു പ്രവര്‍ത്തിയാല്‍ അവരെ വിസ്മയത്തിലാഴ്ത്തുന്നു: അവിടന്ന് വള്ളത്തില്‍ കയറുകയും കരയില്‍നിന്ന് അല്പം അകലേയ്ക്ക് വള്ളം നീക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നു. കാരണം അതിലിരുന്നു ജനങ്ങളോട് സംസാരിക്കാന്‍ യേശു ആഗ്രഹിച്ചു. വലിയൊരു ജനക്കൂട്ടം അവിടെ ഉണ്ടായിരുന്നു. അങ്ങനെ യേശു ശിമയോന്‍റെ വള്ളത്തിലിരുന്നു തീരത്തുണ്ടായിരുന്ന ജനങ്ങളെ പഠിപ്പിച്ചു. അവിടത്തെ വചസ്സുകള്‍ ശിമയോന്‍റെ ഹൃദയത്തിലും വിശ്വാസമുളവാക്കുന്നു. അപ്പോള്‍ യേശു മറ്റൊരു അപ്രതീക്ഷിത നീക്കം നടത്തുന്നു, അവിടന്നു പറയുന്നു: “മീന്‍ പിടിക്കാന്‍ ആഴത്തിലേക്കു നീക്കി വലയിറക്കുക”. (ലൂക്ക:5,4)

പത്രോസിന്‍റെ പ്രതികരണഭാവങ്ങള്‍- വൈമുഖ്യവും വിശ്വാസവും

ആദ്യം ശിമയോന്‍ ഒരു വിസ്സമതഭാവത്തോടെ പറയുന്നു: “ഗുരോ, രാത്രിമുഴുവന്‍ അദ്ധ്വാനിച്ചിട്ടും ഞങ്ങള്‍ക്കൊന്നും കിട്ടിയില്ല....”. മത്സ്യബന്ധനത്തില്‍ വിദഗ്ധനെന്ന നിലയില്‍ ശിമയോന് പറയാമായിരുന്നു, “ രാത്രി ഒന്നും കിട്ടിയില്ല, പിന്നെയാണ് പകല്‍” എന്ന്. എന്നാല്‍ യേശുവിന്‍റെ സാന്നിധ്യത്താല്‍ പ്രചോദിതനായും അവിടത്തെ വചനത്താല്‍ പ്രബുദ്ധനായും ശിമയോന്‍ പറയുന്നു: ”എങ്കിലും നീ പറഞ്ഞതനുസരിച്ച് വലയിറക്കാം” (വാക്യം 5) നമ്മളും നല്കാന്‍ വിളിക്കപ്പെട്ടിരിക്കുന്ന വിശ്വാസത്തിന്‍റെ  പ്രത്യുത്തരമാണിത്. തന്‍റെ ശിഷ്യരോട്, വിശിഷ്യ, സഭയില്‍ ഉത്തരവാദിത്വമുള്ള സകലരോടും, കര്‍ത്താവ് ആവശ്യപ്പെടുന്ന സന്നദ്ധതാമനോഭാവമാണിത്. പത്രോസിന്‍റെ  വിശ്വാസത്തോടുകൂടിയ വിധേയത്വം വിസ്മയകരമായ ഒരു ഫലം പുറപ്പെടുവിക്കുന്നു: “വലയിറക്കിയപ്പോള്‍ വളരെയേറെ മത്സ്യം കിട്ടി” (വാക്യം 6).

വചനത്തിന്‍റെ ശക്തിയുടെ അടയാളം

ഇത് അത്ഭുതകരമായ മീന്‍പിടുത്തമായിരുന്നു, യേശുവിന്‍റെ വചനത്തിന്‍റെ ശക്തിയുടെ അടയാളമായിരുന്നു: നാം വിശാല മനസ്ക്കതയോടെ അവിടത്തെ സേവിക്കുമ്പോള്‍ അവിടന്നു നമ്മില്‍ വന്‍കാര്യങ്ങള്‍ പ്രവര്‍ത്തിക്കുന്നു. നാമോരോരുത്തരോടും അവിടന്നു വര്‍ത്തിക്കുന്നതിങ്ങനെയാണ്: നമ്മുടെ ജീവിതമാകുന്ന വഞ്ചിയില്‍ അവിടത്തെ സ്വീകരിക്കാനും അവിടത്തോടൊപ്പം വീണ്ടും പുറപ്പെടാനും അത്ഭുതങ്ങളാല്‍ നിറഞ്ഞ പുതിയ ഒരു സമുദ്രത്തില്‍ വഞ്ചി തുഴയാനും അവിടന്ന് നമ്മോടാവശ്യപ്പെടുന്നു. നന്മയുടെയും കാരുണ്യത്തിന്‍റെയും സാക്ഷികളായരിക്കുന്നതിന് നമ്മുടെ ഇക്കാലാഘട്ടത്തിലെ നരകുലത്തിന്‍റെ തുറന്ന സാഗരത്തിലേക്ക് പോകാനുള്ള യേശുവിന്‍റെ  ക്ഷണം, വിരസതയില്‍ നിപതിക്കുന്ന അപകടം പലപ്പോഴുമുള്ള നമ്മുടെ അസ്തിത്വത്തിന് നൂതനമായ ഒരര്‍ത്ഥം പ്രദാനം ചെയ്യുന്നു. ദിവ്യഗുരു നമുക്കേകുന്ന വിളിക്കുമുന്നില്‍ ചിലപ്പോഴൊക്കെ നാം വിസ്മയസ്തബ്ധരും സന്ദേഹമുള്ളവരുമായിപ്പോകുകയും, നമ്മു‌ടെ കഴിവില്ലായ്മയാല്‍ നാം ആ വിളിയെ നിരസിക്കാന്‍ പ്രലോഭിതരുമാകുകയും ചെയ്യാം. പത്രോസും, വിസ്മയകരമായ ആ മീന്‍ പിടുത്തത്തിനു ശേഷം യേശുവിനോടു പറയുന്നു:” കര്‍ത്താവേ, എന്നില്‍ നിന്നകന്നു പോകണമേ, ഞാന്‍ പാപിയാണ്” (വാക്യം 8). എന്നാല്‍, പത്രോസ് ഇതു പറയുന്നത്, കര്‍ത്താവാണെന്ന് താന്‍ തിരിച്ചറിഞ്ഞവന്‍റെ മുന്നില്‍ മുട്ടുകുത്തിയാണ്. യേശുവാകട്ടെ അവന് ധൈര്യം പകര്‍ന്നുകൊണ്ട് ഇപ്രകാരം അരുളിചെയ്തു: “ഭയപ്പെടേണ്ട; നീ ഇപ്പോള്‍ മുതല്‍ മനുഷ്യരെ പിടിക്കുന്നവനാകും” (വാക്യം10), കാരണം, നാം യേശുവില്‍ വിശ്വാസമര്‍പ്പിക്കുകയാണെങ്കില്‍ അവിടന്നു നമ്മെ പാപത്തില്‍ നിന്നു മോചിക്കുകയും നമ്മുടെ മുന്നില്‍ പുതിയൊരു ചക്രവാളം തുറന്നിടുകയും ചെയ്യും: അത് അവിടത്തെ ദൗത്യത്തില്‍ സഹകരിക്കുക എന്നതാണ്.

യഥാര്‍ത്ഥ അത്ഭുതം?

ക്ഷീണിതരും നിരാശരുമായിരുന്ന മീന്‍പിടുത്തക്കാരായ ശിമയോനും കൂട്ടര്‍ക്കുമായി യേശു പ്രവര്‍ത്തിച്ച ഏറ്റവും വലിയ അത്ഭുതം വല നിറയെ മത്സ്യം ലഭ്യമാക്കിയതല്ല മറിച്ച്, പരാജയങ്ങള്‍ക്കു മുന്നില്‍ നിരാശയുടെയും അധൈര്യത്തിന്‍റെയും ഇരകളാകാതിരിക്കാന്‍ അവരെ സഹായിച്ചതാണ്. തന്‍റെ വചനത്തിന്‍റെയും ദൈവരാജ്യത്തിന്‍റെയും പ്രഘോഷകരും സാക്ഷികളുമായിത്തീരാന്‍ യേശു അവരെ തുറവുള്ളവരാക്കി. ആ ശിഷ്യരുടെ ഉത്തരം ഉടനടിയുള്ളതും സമ്പൂര്‍ണ്ണവുമായിരുന്നു: “വള്ളങ്ങള്‍ കരയ്ക്കടിപ്പിച്ചിതിനുശേഷം എല്ലാം ഉപേക്ഷിച്ച് അവര്‍ അവനെ അനുഗമിച്ചു”. (വാക്യം 11).

പരിശുദ്ധ മറിയത്തിന്‍റെ മാദ്ധ്യസ്ഥ്യം

ദൈവഹിതത്തോടുള്ള അവിളംബ സംസക്തിയുടെ മാതൃകയായ പരിശുദ്ധ കന്യകാമറിയം കര്‍ത്താവിന്‍റെ വിളിയുടെ ആകര്‍ഷണീയത അനുഭവിച്ചറിയാന്‍ നമ്മെ സഹായിക്കുകയും അവിടത്തെ രക്ഷാകര വചനം സകലയിടത്തും പ്രസരിപ്പിക്കുന്നതില്‍ അവിടന്നുമായി സഹകരിക്കുന്നതിന് നമ്മെ സന്നദ്ധരാക്കിത്തീര്‍ക്കുകയും ചെയ്യട്ടെ.  

ഈ വാക്കുകളെ തുടര്‍ന്ന് കര്‍ത്താവിന്‍റെ മാലാഖ എന്നാരംഭിക്കുന്ന പ്രാര്‍ത്ഥന നയിച്ച പാപ്പാ എല്ലാവര്‍ക്കും തന്‍റെ അപ്പസ്തോലികാശീര്‍വ്വാദം നല്കി.

ആശീര്‍വ്വാദാനന്തരം ഫ്രാന്‍സീസ് പാപ്പാ ചത്വരത്തില്‍ സന്നിഹിതരായിരുന്നവരെ അഭിവാദ്യം ചെയ്തു.

മനുഷ്യക്കടത്തിനറുതിവരുത്തുന്നതിനായുള്ള പ്രാര്‍ത്ഥന

അനുവര്‍ഷം ഫെബ്രുവരി 8 ന് വിശുദ്ധ ജോസഫൈന്‍ ബക്കീത്തയുടെ തിരുന്നാള്‍ ദിനത്തില്‍ മനുഷ്യക്കടത്തിനെതിരായ ലോകദിനം ആചരിക്കപ്പെടുന്നത് അനുസ്മരിച്ചുകൊണ്ട് പാപ്പാ ഇക്കഴിഞ്ഞ വെള്ളിയാഴ്ച (08/02/19) മനുഷ്യക്കടത്തിനെതിരായ അഞ്ചാം ലോകദിനം  ആചരിക്കപ്പെട്ടതിനെക്കുറിച്ചു പരാമര്‍ശിച്ചു.

“മനുഷ്യക്കടത്തിനെതിരെ ഒറ്റക്കെട്ടായി” എന്ന ഈ ദിനാചരണത്തിന്‍റെ മുദ്രാവാക്യം എല്ലാവരുമൊത്ത് ആവര്‍ത്തിച്ച പാപ്പാ ഈ വാക്യം മറക്കരുതെന്ന് പറഞ്ഞു.

മനുഷ്യക്കടത്ത് എന്ന വെല്ലുവിളിയെ ജയിക്കാന്‍ ഊര്‍ജ്ജങ്ങള്‍ സംയോജിപ്പിക്കാനുള്ള ക്ഷണമാണ് ഈ മുദ്രാവാക്യം എന്ന് പ്രസ്താവിച്ച പാപ്പാ, ഈ വെല്ലുവിളിക്കെതിരെ പോരാടുന്നവര്‍ക്ക്, പ്രത്യേകിച്ച, നിരവധിയായ സന്ന്യാസിനികള്‍ക്ക്, നന്ദി പറഞ്ഞു.

ഈ വിപത്തിന്‍റെ കാരണങ്ങള്‍ ഇല്ലാതാക്കുന്നതിനും മനുഷ്യക്കടത്തിനിരകളായവര്‍ക്ക് സംരക്ഷണം ഉറപ്പാക്കുന്നതിനും വേണ്ടി നിശ്ചയദാര്‍ഢ്യത്തോടെ പരിശ്രമിക്കാന്‍ പാപ്പാ സര്‍ക്കാരുകളോ‍ട് പ്രത്യേകം അഭ്യര്‍ത്ഥിച്ചു.

സ്ത്രീപുരുഷന്മാരെയും കുട്ടികളെയും ചൂഷ​ണം ചെയ്യുന്നതിനെയും അടിമകളാക്കുന്നതിനെയും അപലപിച്ചുകൊണ്ട് ഈ യത്നത്തോട് സഹകരിക്കാന്‍ നമുക്കു സാധിക്കുമെന്നും നാം അതു ചെയ്യണമെന്നും പറഞ്ഞ പാപ്പാ പ്രാര്‍ത്ഥനയാണ് ഈ പൊതുവായ പരിശ്രമത്തിന് സഹായകമായ ശക്തിയെന്ന് പ്രസ്താവിച്ചു.

ഈ വാക്കുകളെ തുടര്‍ന്ന് പാപ്പാ, വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ ചത്വരത്തില്‍ വിതരണം ചെയ്യപ്പെട്ട, വിശുദ്ധ ജോസഫൈന്‍ ബക്കീത്തയോടുള്ള പ്രാര്‍ത്ഥന തന്നോടൊപ്പം ചൊല്ലാന്‍ എല്ലാവരെയും ക്ഷണിച്ചുകൊണ്ട് ഇപ്രകാരം പ്രാര്‍ത്ഥിച്ചു:

വിശുദ്ധ ജോസഫൈന്‍ ബക്കീത്തയോട്......

ശൈശവത്തില്‍ തന്നെ അടിമയായി വില്‍ക്കപ്പെടുകയും അവാച്യമായ ബുദ്ധിമുട്ടുകളും സഹനങ്ങളും അനുഭവിക്കുകയും ചെയ്തവളാണ് വിശുദ്ധ ജോസഫൈന്‍. ശാരീരകമായ അടിമത്തത്തില്‍ നിന്ന് ഒരിക്കല്‍ മോചിതയായ നീ ക്രിസ്തുവും അവിടത്തെ സഭയുമായുള്ള സമാഗമത്തില്‍ യഥാര്‍ത്ഥ രക്ഷ കണ്ടെത്തി. വിശുദ്ധ ജോസഫൈന്‍ ബക്കീത്താ, അടിമത്തത്തില്‍ കുടുങ്ങിയിരിക്കുന്ന സകലരെയും നീ സഹായിക്കണേ.

അവരുടെ ബന്ധനത്തിന്‍റെ ചങ്ങല തകര്‍ക്കപ്പെടുന്നതിനായി നീ അവര്‍ക്കുവേണ്ടി ദൈവത്തിന്‍റെ കാരുണ്യം യാചിക്കണമേ.

ഭീഷണിക്കിരകളായവരും, മനുഷ്യക്കടത്തിനാല്‍ വ്രണിതരും, അപായപ്പെടുത്തപ്പെടുന്നവരുമായവര്‍ക്ക് ദൈവംതന്നെ മോചനമരുളട്ടെ. ഈ അടിമത്തത്തെ അതിജീവിച്ചവര്‍ക്ക് നീ സമാശ്വാസമേകുകയും മുറിവുകള്‍ ഉണക്കപ്പെടുന്നതിനായി യേശുവിനെ വിശ്വാസത്തിന്‍റെയും പ്രത്യാശയുടെയും മാതൃകയായി കാണാന്‍ അവരെ പഠിപ്പിക്കുകയും ചെയ്യണമേ.

ഔന്നത്യവും സ്വാതന്ത്ര്യവും നിഷേധിക്കപ്പെട്ട അനേകരായ സഹോദരീസഹോദരന്മാരുടെ കഷ്ടപ്പാടുകളും മുറിവുകളും കാണുന്നതിന് കണ്ണുകള്‍ തുറക്കുന്നതിനായി  ഞങ്ങള്‍ നിസ്സംഗതയില്‍ വീഴാതിരിക്കുന്നതിനും സഹായത്തിനായുള്ള അവരുടെ രോദനം ശ്രവിക്കാന്‍ കഴിയുന്നതിനും ‍ഞങ്ങള്‍ക്കെല്ലാവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കാനും മാദ്ധ്യസ്ഥ്യം വഹിക്കാനും ഞങ്ങള്‍ നിന്നോട് യാചിക്കുന്നു.

വിശുദ്ധ ജോസഫൈന്‍ ബക്കീത്താ, ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കേണമേ.  

ഈ പ്രാര്‍ത്ഥനയെ തുടര്‍ന്ന് പാപ്പാ റോമാക്കാരും വിവിധ രാജ്യക്കാരുമായിരുന്ന തീര്‍ത്ഥാടകരെയും ഇറ്റലിയുടെ ഉത്തരഭാഗത്തുള്ള സ്കിയൊ എന്ന പ്രദേശത്തു നിന്നെത്തിയിരുന്ന “കിനാവുകളുടെ ഭിക്ഷുക്കള്‍” എന്ന പേരിലുള്ള സംഗീത കലാകാരന്മാരുടെ സംഘത്തെയും അഭിവാദ്യം ചെയ്തു.

തദ്ദനന്തരം എല്ലാവര്‍ക്കും  ശുഭ ഞായര്‍ ആശംസിച്ച പാപ്പാ, തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ മറക്കരുതെന്ന പതിവഭ്യര്‍ത്ഥന നവീകരിക്കുകയും ചെയ്തു. അതിനുശേഷം, എല്ലാവര്‍ക്കും നല്ല ഉച്ചവിരുന്നു നേരുകയും വീണ്ടും കാണാം, “അരിവെദേര്‍ച്ചി" (arrivederci) എന്ന് ഇറ്റാലിയന്‍ ഭാഷയില്‍ പറയുകയും ചെയ്തുകൊണ്ട് പാപ്പാ സുസ്മേരവദനനായി കൈകള്‍ വീശി ജാലകത്തിങ്കല്‍ നിന്ന് പിന്‍വാങ്ങി.

11 February 2019, 12:48