തിരയുക

ഫ്രാന്‍സീസ് പാപ്പാ, സഭയില്‍ കുട്ടികള്‍ക്ക് സംരക്ഷണം ഉറപ്പാക്കപ്പെടേണ്ടതിനെ അധികരിച്ച് വത്തിക്കാനില്‍ നടന്ന ചതുര്‍ദിന സമ്മേളനത്തിന്‍റെ സമാപന ദിവ്യബലിയര്‍പ്പണ വേളയില്‍ 24/02/2019 ഫ്രാന്‍സീസ് പാപ്പാ, സഭയില്‍ കുട്ടികള്‍ക്ക് സംരക്ഷണം ഉറപ്പാക്കപ്പെടേണ്ടതിനെ അധികരിച്ച് വത്തിക്കാനില്‍ നടന്ന ചതുര്‍ദിന സമ്മേളനത്തിന്‍റെ സമാപന ദിവ്യബലിയര്‍പ്പണ വേളയില്‍ 24/02/2019 

കുഞ്ഞുങ്ങള്‍ക്ക് സുരക്ഷിതമായ ഇടമാകണം സഭ-പാപ്പാ

ലൈംഗിക പീഢന പ്രശ്നത്തെ, കൂട്ടുത്തരവാദിത്വത്തോടും പത്രോസിന്‍റെ പിന്‍ഗാമിയും മെത്രാന്മാരും തമ്മിലുള്ള സംഘാതാത്മകതയോടും കൂടി, ലോകമാസകലമുള്ള കത്തോലിക്കാസമൂഹങ്ങളുടെ ഇടയന്മാര്‍ ഒത്തൊരുമിച്ച് നേരിടണം - ഫ്രാന്‍സീസ് പാപ്പാ

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

കുട്ടികള്‍ക്ക് സമ്പൂര്‍ണ്ണ സംരക്ഷണം ഉറപ്പേകുന്നതാകണം സഭയുടെ സകല പ്രവര്‍ത്തനങ്ങളും വേദികളുമെന്നും, ലൈംഗികാതിക്രമങ്ങള്‍ പോലുള്ള കുറ്റകൃത്യങ്ങള്‍ മേലില്‍ ആവര്‍ത്തിക്കപ്പെടാതിരിക്കുന്നതിനുവേണ്ട സാധ്യമായ സകല നടപടികളും സ്വീകരിക്കപ്പെടണമെന്നും പാപ്പാ.

ഞായറാഴ്ച (24/02/19) വത്തിക്കാനില്‍ നയിച്ച മദ്ധ്യാഹ്നപ്രാര്‍ത്ഥനാവേളയില്‍ ആശീര്‍വ്വാദാനന്തരം ഫ്രാന്‍സീസ് പാപ്പാ, "സഭയില്‍ കുട്ടികള്‍ക്ക് സംരക്ഷണം" ഉറപ്പാക്കുന്നതിനെ അധികരിച്ചുള്ള സമ്മേളനം അന്നു (24/02/19) രാവിലെ വത്തിക്കാനില്‍ സമാപിച്ചതിനെക്കുറിച്ചു സംസാരിക്കുകയായിരുന്നു.

പാത്രിയാര്‍ക്കീസുമാര്‍, എല്ലാ കത്തോലിക്കാമെത്രാന്‍സംഘങ്ങളുടെയും അദ്ധ്യക്ഷന്മാര്‍, പൗരസ്ത്യ കത്തോലിക്കാ സഭകളുടെ തലവന്മാര്‍, സമര്‍പ്പിതജീവിതസമൂഹങ്ങളുടെ മേലധികാരികള്‍, റോമന്‍ കൂരിയായിലെ തന്‍റെ സഹകാരികള്‍ എന്നിവരായിരുന്നു ഈ സമ്മേളനത്തില്‍ പങ്കെടുത്തത് എന്നതും പാപ്പാ അനുസ്മരിച്ചു.

കുട്ടികള്‍ ലൈംഗികചൂഷണത്തിനിരകളാക്കപ്പെടുന്ന പ്രശ്നം, ഏറെ നാളുകളായി ,സഭയ്ക്കകത്തുതന്നെയും പൊതുജനത്തിനിടയിലും, സഭയ്ക്ക് വലിയ അപമാനം വരുത്തിയിരിക്കയാണെന്നും,  ലൈംഗിക ചൂഷണത്തിന് ഇരകളായവരുടെ നാടകീയമായ സഹനങ്ങളും അവരുടെ കാര്യത്തിലുള്ള നീതികരിക്കാനാവാത്ത അശ്രദ്ധയും, സഭാധികാരികള്‍  കുറ്റവാളികളെ മറച്ചുവയ്ക്കാന്‍ ശ്രമിച്ചതും സഭയ്ക്കുണ്ടായ ഈ മാനഹാനിക്ക് കാരണങ്ങളാണെന്നും പാപ്പാ വിശദീകരിച്ചു.

ഇത് എല്ലാ ഭൂഖണ്ഡങ്ങളിലും വ്യാപകമായ ഒരു പ്രശ്നമാകയാല്‍, അതിനെ, കൂട്ടുത്തരവാദിത്വത്തോടും പത്രോസിന്‍റെ പിന്‍ഗാമിയും മെത്രാന്മാരും തമ്മിലുള്ള സംഘാതാത്മകതയോടും കൂടി ലോകമാസകലമുള്ള കത്തോലിക്കാസമൂഹങ്ങളുടെ ഇടയന്മാര്‍ ഒത്തൊരുമിച്ച് നേരിടണം എന്ന തന്‍റെ ബോധ്യം പാപ്പാ വ്യക്തമാക്കി.

യേശുവിന്‍റെ പ്രബോധനമനുസരിച്ചുള്ള സേവനം, കുഞ്ഞുങ്ങളുടെ ശിക്ഷണം എന്നീ സ്വന്തം ദൗത്യങ്ങള്‍ നിര്‍വ്വഹിക്കുന്നതില്‍ വിശ്വാസ്യതയും വിശ്വസ്തതയും നിരുപാധികം വീണ്ടെടുക്കാന്‍ സഭയ്ക്ക് കഴിയണമെന്നും പാപ്പാ പറഞ്ഞു.

ആണ്‍കുട്ടികളും പെണ്‍കുട്ടികളുമുള്‍പ്പടെയുള്ള ദശലക്ഷക്കണക്കിന് ഇളംപ്രായക്കാരെ പീഢനത്തിനിരകളാക്കുന്നതായ ഗുരുതരമായ വിപത്തിന്‍റെ സകല രൂപങ്ങളെയും സമൂലം പിഴുതെറിയുന്നതിന്, എല്ലാ നാടുകളിലും, അന്താരാഷ്ട്രതലത്തിലും, സന്മനസ്സുള്ള സകലരോടും  സമൂഹത്തിന്‍റെ രചനാത്മക ശക്തികളോടും എല്ലാ ഘടകങ്ങളോടും ചേര്‍ന്ന്, സര്‍വ്വാത്മനാ കാര്യക്ഷമതയോടു കൂടെ സഹകരിക്കാന്‍ അപ്രകാരം സഭയക്ക് സാധിക്കുമെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു.   

ലൈംഗികാതിക്രമത്തിന് ഇരകളായവരുടെ സാക്ഷ്യം, വത്തിക്കാനില്‍ നടന്ന സമ്മേളനത്തില്‍, ശ്രവിക്കുകയും ഒത്തൊരുമിച്ചു പ്രാര്‍ത്ഥിക്കുകയും ദൈവത്തോടും, ദ്രോഹിക്കപ്പെട്ട വ്യക്തികളോടും മാപ്പപേക്ഷിക്കുകയും ചെയ്തത് അനുസ്മരിച്ച പാപ്പാ, സത്യത്തില്‍ നീതി നടപ്പാക്കുകയും അധികാരം, മനസ്സാക്ഷി, ലൈംഗികത എന്നിവയുടെ ദുര്‍വിനിയോഗത്തെ സമൂലം ഇല്ലാതാക്കുകയും ചെയ്യാനുള്ള തങ്ങളുടെ ഉത്തരവാദിത്വത്തെയും കടമയെയുക്കുറിച്ചുള്ള അവബോധം സുദൃഢമാക്കുകയും  ചെയ്തുവെന്ന് പറഞ്ഞു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

25 February 2019, 09:25