വിശുദ്ധ ജോസഫൈന്‍ ബക്കീത്ത വിശുദ്ധ ജോസഫൈന്‍ ബക്കീത്ത 

മനുഷ്യക്കടത്തിനെതിരെ പോരാടുക, പാപ്പാ സര്‍ക്കാരുകളോട്

“മനുഷ്യക്കടത്തിനെതിരെ ഒറ്റക്കെട്ടായി” :മനുഷ്യക്കടത്ത് എന്ന വെല്ലുവിളിയെ ജയിക്കാന്‍ സകല ഊര്‍ജ്ജങ്ങളും സംയോജിപ്പിക്കാനുള്ള ക്ഷണമാണ് ഈ മുദ്രാവാക്യം, ഫ്രാന്‍സീസ് പാപ്പാ

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

മനുഷ്യക്കടത്ത് എന്ന വിപത്തിന്‍റെ മൂലകാരണങ്ങള്‍ ഇല്ലാതാക്കുന്നതിനു വേണ്ടി നിശ്ചയദാര്‍ഢ്യത്തോടെ യത്നിക്കാന്‍ മാര്‍പ്പാപ്പാ സര്‍ക്കാരുകളോട് അഭ്യര്‍ത്ഥിക്കുന്നു.

വത്തിക്കാനില്‍ ഞായറാഴ്ച (10/02/19) മദ്ധ്യാഹ്നത്തില്‍, പതിവുപോലെ, നയിച്ച ത്രികാലപ്രാര്‍ത്ഥനാവേളയില്‍, ആശീര്‍വ്വാദാനന്തരം ആണ് ഫ്രാന്‍സീസ് പാപ്പാ ഈ അഭ്യര്‍ത്ഥന നടത്തിയത്.

മനുഷ്യക്കടത്തിനിരകളായവര്‍ക്ക് സംരക്ഷണം ഉറപ്പാക്കേണ്ടതിന്‍റെ ആവശ്യകതയും പാപ്പാ എടുത്തുകാട്ടി. 

മനുഷ്യക്കടത്തിനെതിരായ ആഗോളദിനം

അനുവര്‍ഷം ഫെബ്രുവരി 8 ന് വിശുദ്ധ ജോസഫൈന്‍ ബക്കീത്തയുടെ തിരുന്നാള്‍ ദിനത്തില്‍ മനുഷ്യക്കടത്തിനെതിരായ ലോകദിനം ആചരിക്കപ്പെടുന്നത് അനുസ്മരിച്ചുകൊണ്ട് പാപ്പാ ഇക്കഴിഞ്ഞ വെള്ളിയാഴ്ച (08/02/19) മനുഷ്യക്കടത്തിനെതിരായ അഞ്ചാം ലോകദിനം  ആചരിക്കപ്പെട്ടതിനെക്കുറിച്ചു പരാമര്‍ശിച്ചു.

“മനുഷ്യക്കടത്തിനെതിരെ ഒറ്റക്കെട്ടായി” എന്ന ഈ ദിനാചരണത്തിന്‍റെ മുദ്രാവാക്യം മുഴക്കാന്‍ എല്ലാവരെയും ക്ഷണിച്ച പാപ്പാ ഈ വാക്യം മറക്കരുതെന്ന് പറഞ്ഞു.

മനുഷ്യക്കടത്ത് എന്ന വെല്ലുവിളിയെ ജയിക്കാന്‍ ഊര്‍ജ്ജങ്ങള്‍ സംയോജിപ്പിക്കാനുള്ള ക്ഷണമാണ് ഈ മുദ്രാവാക്യം എന്ന് പ്രസ്താവിച്ച പാപ്പാ, ഈ വെല്ലുവിളിക്കെതിരെ പോരാടുന്നവര്‍ക്ക്, പ്രത്യേകിച്ച, നിരവധിയായ സന്ന്യാസിനികള്‍ക്ക്, നന്ദി പറഞ്ഞു.

സ്ത്രീപുരുഷന്മാരും കുട്ടികളും ചൂഷണം ചെയ്യപ്പെടുകയും അടിമകളാക്കപ്പെടുകയും ചെയ്യുന്ന സംഭവങ്ങളെ അപലപിച്ചുകൊണ്ട് മനുഷ്യക്കടത്തുവിരുദ്ധ പോരാട്ടത്തോടു സഹകരിക്കാന്‍ നമുക്കു സാധിക്കുമെന്നും നാം അതു ചെയ്യണമെന്നും പറഞ്ഞ പാപ്പാ പ്രാര്‍ത്ഥനയാണ് ഈ പൊതുവായ പരിശ്രമത്തിന് സഹായകമായ ശക്തിയെന്ന് പ്രസ്താവിച്ചു.

ഈ ഞായറാഴ്ച, വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ ചത്വരത്തില്‍ വിതരണം ചെയ്യപ്പെട്ട, വിശുദ്ധ ജോസഫൈന്‍ ബക്കീത്തയോടുള്ള പ്രാര്‍ത്ഥന തന്നോടൊപ്പം ചൊല്ലാന്‍ എല്ലാവരെയും ക്ഷണിച്ചുകൊണ്ട് ഇപ്രകാരം പ്രാര്‍ത്ഥിച്ചു:

പ്രാര്‍ത്ഥന

ഒരു കുട്ടിയായിരിക്കുമ്പോള്‍ തന്നെ അടിമയായി വില്‍ക്കപ്പെടുകയും അവാച്യമായ ബുദ്ധിമുട്ടുകളും സഹനങ്ങളും അനുഭവിക്കുകയും ചെയ്തവളാണ് വിശുദ്ധ ജോസഫൈന്‍. ശാരീരകമായ അടിമത്തത്തില്‍ നിന്ന് ഒരിക്കല്‍ മോചിതയായ നീ ക്രിസ്തുവും അവിടത്തെ സഭയുമായുള്ള സമാഗമത്തില്‍ യഥാര്‍ത്ഥ രക്ഷ കണ്ടെത്തി. വിശുദ്ധ ജോസഫൈന്‍ ബക്കീത്താ, അടിമത്തത്തില്‍ കുടുങ്ങിയിരിക്കുന്ന സകലരെയും നീ സഹായിക്കണേ.

അവരുടെ ബന്ധനത്തിന്‍റെ ചങ്ങല തകര്‍ക്കപ്പെടുന്നതിനായി നീ അവര്‍ക്കുവേണ്ടി ദൈവത്തിന്‍റെ കാരുണ്യം യാചിക്കണമേ.

ഭീഷണിക്കിരകളായവരും, മനുഷ്യക്കടത്തിനാല്‍ വ്രണിതരും, അപായപ്പെടുത്തപ്പെടുന്നവരുമായവര്‍ക്ക് ദൈവംതന്നെ മോചനമരുളട്ടെ. ഈ അടിമത്തത്തെ അതിജീവിച്ചവര്‍ക്ക് നീ സമാശ്വാസമേകുകയും മുറിവുകള്‍ ഉണക്കപ്പെടുന്നതിനായി യേശുവിനെ വിശ്വാസത്തിന്‍റെയും പ്രത്യാശയുടെയും മാതൃകയായി കാണാന്‍ അവരെ പഠിപ്പിക്കുകയും ചെയ്യണമേ.

ഔന്നത്യവും സ്വാതന്ത്ര്യവും നിഷേധിക്കപ്പെട്ട അനേകരായ സഹോദരീസഹോദരന്മാരുടെ കഷ്ടപ്പാടുകളും മുറിവുകളും കാണുന്നതിന് കണ്ണുകള്‍ തുറക്കുന്നതിനായി  ഞങ്ങള്‍ നിസ്സംഗതയില്‍ വീഴാതിരിക്കുന്നതിനും സഹായത്തിനായുള്ള അവരുടെ രോദനം ശ്രവിക്കാന്‍ കഴിയുന്നതിനും ‍ഞങ്ങള്‍ക്കെല്ലാവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കാനും മാദ്ധ്യസ്ഥ്യം വഹിക്കാനും ഞങ്ങള്‍ നിന്നോട് യാചിക്കുന്നു.

വിശുദ്ധ ജോസഫൈന്‍ ബക്കീത്താ, ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കേണമേ.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

11 February 2019, 09:00