പാപ്പാ മതമൈത്രിയുടെയും ഐക്യത്തിന്‍റെയും ദൂതുമായി യുഎഇയില്‍!

ഫ്രാന്‍സീസ് പാപ്പായുടെ ചരിത്രപ്രധാന വിദേശ അപ്പസ്തോലിക പര്യടനം -ഒരു തിരനോട്ടം.

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

“വ്യത്യസ്തരെങ്കിലും നാമെല്ലാവരും സഹോദരങ്ങളാണെന്ന് സ്ഥിരീകരിച്ചുകൊണ്ട്, മതമൈത്രിയുടെ ചരിത്രത്തില്‍ പുതിയൊരു താള്‍ എഴുതിച്ചേര്‍ക്കുന്നതിന്” (പാപ്പായുടെ വീഡിയൊ സന്ദേശത്തില്‍ നിന്ന് 3101/19) ഫ്രാന്‍സീസ് പാപ്പാ യുണൈറ്റഡ് അറബ് എമിറേറ്റ്സില്‍ എത്തിയിരിക്കുന്നു.

ഞായറാഴ്ച (03/01/19) ഉച്ചയ്ക്ക്, റോമിലെ സമയം, 1.30 ഓടെ, ഇന്ത്യയിലെ സമയം വൈകുന്നേരം 6 മണിയോടെ ആരംഭിച്ച പാപ്പായുടെ ഈ ചരിത്രപ്രാധാന്യമേറിയ യാത്ര ചൊവ്വാഴ്ച (05/01/19) വൈകുന്നേരം സമാപിക്കും. ചൊവ്വാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് 1 മണിയോടെ, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 2.30 ന് പാപ്പാ റോമിലേക്കുള്ള മടക്കയാത്ര ആരംഭിക്കും.

ഫ്രാന്‍സീസ് പാപ്പായുടെ ഇരുപത്തിയേഴാം വിദേശ ഇടയസന്ദര്‍ശനമാണിത്. ഒരു ഗള്‍ഫ്  നാട്ടില്‍ പാദമൂന്നുന്ന പ്രഥമ പത്രോസിന്‍റെ പിന്‍ഗാമി എന്ന സ്ഥാനവും ഫ്രാന്‍സീസ് പാപ്പായക്ക് സ്വന്തം.

യാത്രാരംഭം

ഞായറാഴ്ച ഉച്ചയ്ക്ക് ത്രികാലപ്രാര്‍ത്ഥന നയിച്ചതിനുശേഷമാണ് ഫ്രാന്‍സീസ് പാപ്പാ വത്തിക്കാനില്‍ നിന്ന് 29 കിലോമീറ്റര്‍ അകലെ, ഫ്യുമിച്ചീനൊയിലുള്ള “ലെയൊണാര്‍ദൊ  ദ വിഞ്ചി” (LEONARDO DA VINCI) അന്താരാഷ്ട്ര വമാനത്താവളത്തിലേക്ക് കാറില്‍ യാത്രയായത്. ത്രികാലപ്രാര്‍ത്ഥനയ്ക്കു മുമ്പ്  പാപ്പാ, തന്‍റെ വാസയിടമായ, “ദോമൂസ് സാംക്തെ മാര്‍ത്തെ” മന്ദിരത്തില്‍ മദ്ധ്യപൂര്‍വ്വദേശക്കാരായ ക്രൈസ്തവരും മുസ്ലീംഗളുമുള്‍പ്പെട്ട ഒരു സംഘവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

പാപ്പാ പാര്‍പ്പിടരഹിതര്‍ക്കായുള്ള അഭയകേന്ദ്രത്തില്‍....

വിമാനത്താവളത്തില്‍ എത്തിയ പാപ്പാ, അവിടെ അഭയം തേടുന്ന പാവപ്പെട്ടവര്‍ക്കും പാര്‍പ്പിടരഹിതര്‍ക്കും  സഹായം നല്കുന്ന അഭയകേന്ദ്രം സന്ദര്‍ശിച്ചു. “കടന്നുപോകുന്ന ജീവിതങ്ങള്‍, ഒരു വിമാനത്താവളത്തിന്‍റെ  മാനുഷിക വദനം” എന്ന പദ്ധതിയുടെ ഭാഗമായിട്ടാണ് ഈ അഭയകേന്ദ്രം പ്രവര്‍ത്തിക്കുന്നത്. ഈ വിമാനത്താവളം സ്ഥിതിചെയ്യുന്ന പ്രദേശവും ഭരണസീമയില്‍പ്പെടുന്ന “പോര്‍ത്തൊ സാന്ത റുഫീന രൂപതയും, കാരിത്താസ്‍ ഉപവിപ്രവര്‍ത്തന സംഘടനയുടെ രൂപതാഘടകവും വിമാനത്താവള ഇടവകയും തമ്മിലുളള ധാരണയനുസരിച്ച് 2017 ലാണ് ഈ അഭയകേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചത്.

റോമിലെ അന്താരാഷ്ട്രവിമാനത്താവളം സ്ഥിതിചെയ്യുന്ന ഫ്യുമിച്ചിനൊ എന്ന സ്ഥലം “പോര്‍ത്തൊ സാന്ത റുഫീന” രൂപതയുടെ സഭാഭരണധികാരസീമയില്‍ വരുന്നതിനാല്‍ പ്രസ്തുതരൂപതയുടെ അദ്ധ്യക്ഷന്‍ ബിഷപ്പ് ജീനൊ റെയാലിയുള്‍പ്പടെയുളള സഭാപ്രതിനിധികളും വിമാനത്താവളാധികാരികളും മറ്റും പാപ്പായെ സ്വീകരിച്ച് യാത്രയയ്ക്കാന്‍ വിമാനത്താവളത്തില്‍ സന്നിഹിതരായിരുന്നു. പതിവുപോലെ കറുത്തയാത്രാസഞ്ചിയുമേന്തി വ്യാമായനപ്പടവുകള്‍ കയറിയ പാപ്പാ ആകാശനൗകയുടെ വാതിലിനു മുന്നിലെത്തിയപ്പോള്‍ തിരിഞ്ഞു നിന്ന് കൈകള്‍ വീശി മന്ദസ്മിതത്തോടെ യാത്ര ചോദിച്ചു. അല്‍ ഇത്താലിയയുടെ ബോയിംഗ് 777 ആയിരുന്നു വ്യോമയാനം. അതിലേറിയ പാപ്പായെയും അനുചരരെയും വഹിച്ചുകൊണ്ട് വിമാനം റോമിലെ സമയം ഉച്ചയ്ക്ക് 1.30 ഓടെ യുണൈറ്റഡ് അറബ് എമിറേറ്റ്സിന്‍റെ തലസ്ഥാന നഗരിയായ അബുദാബി ലക്ഷ്യം വച്ച് പറന്നുയര്‍ന്നു.

പാപ്പാ വ്യോമയാനത്തില്‍

വിമാനത്തില്‍ വച്ച് പരിശുദ്ധസിംഹാസനത്തിന്‍റെ വക്താവ് അലെസ്സാന്ത്രൊ ജിസോത്തി വ്യോമയാനത്തില്‍ ഉണ്ടായിരുന്ന വിവിധരാജ്യാക്കാരായ മാദ്ധ്യമപ്രവര്‍ത്തകരുടെ നാമത്തില്‍ പാപ്പായ്ക്ക് സ്വാഗതമോതി. ഈ സ്വാഗതവാക്കുകള്‍ക്ക് ഏതാനും വാക്കുകളില്‍ നന്ദി പറഞ്ഞ പാപ്പാ ഞായറാഴ്ച രാവിലെ അബുദാബിയില്‍ മഴയായിരുന്നുവെന്ന വിവരം ലഭിച്ചതും അനുഗ്രഹ വൃഷ്ടിയായി അത് കാണപ്പെടുന്നതും അനുസ്മരിച്ചു.   

വൃദ്ധജനവും യുവജനവും തമ്മിലുള്ള സംഭാഷണം പ്രമേയമാക്കി ബൊസെ ആശ്രമം രൂപകല്പന ചെയ്ത മുദ്രയുടെ പതിപ്പുകള്‍ വത്തിക്കാന്‍റെ മാദ്ധ്യമവിഭാഗത്തിന്‍റെ   തലവന്‍ പാവൊളൊ റുഫീനി എല്ലാവര്‍ക്കും വിതരണം ചെയ്യുമെന്ന് അറിയിക്കുകയും നന്ദി പ്രകാശിപ്പിക്കുകയും ചെയ്തുകൊണ്ട് പാപ്പാ തന്‍റെ ഇരിപ്പിടത്തില്‍ സ്ഥാനം പിടിച്ചു.

സന്ദേശങ്ങള്‍ ആകാശനൗകയില്‍ നിന്ന്

ഇറ്റലിക്കു പുറമെ, മാള്‍ട്ട, ഗ്രീസ്, ഈജിപ്റ്റ്, സൗദി അറേബിയ, ബഹറിന്‍ എന്നീ നാടുകളുടെ വ്യോമപാതയും ഉപയോഗപ്പെടുത്തിയ വിമാനം, റോമിനും അബുദാബിക്കും ഇടയ്ക്കുള്ള 4298 കിലോമീറ്റര്‍ വ്യോമദൂരം പിന്നിടുന്നതിന് ആറുമണിക്കൂറോളം എടുത്തു.                                                                           

ഈ യാത്രാവേളയില്‍ വിമാനം ഏതെല്ലാം രാജ്യങ്ങളുടെ മുകളിലൂടെ പറന്നുവോ ആ രാഷ്ട്രങ്ങളുടെ തലവന്മാര്‍ക്ക് പാപ്പാ വ്യോമയാനത്തില്‍ നിന്ന്, പതിവുപോലെ, ആശംസാ സന്ദേശങ്ങള്‍ അയച്ചു.

സമാധാനത്തിന്‍റെയും ജനതകള്‍ തമ്മിലുള്ള സാഹോദര്യത്തിന്‍റെയും തീര്‍ത്ഥാടകനായി താന്‍ യുണൈറ്റഡ് അറബ് എമിറേറ്റ്സിലേക്കു യാത്രയാരംഭിച്ചിരിക്കുന്ന വേളയില്‍ ഇറ്റലിയിലെ ജനങ്ങള്‍ക്ക് സര്‍വ്വവിധ നന്മകളും ആശംസിക്കുന്നുവെന്ന് ഇറ്റലിയുടെ പ്രസിഡന്‍റ് സേര്‍ജൊ മത്തരേല്ലയ്ക്കയച്ച സന്ദേശത്തില്‍ പാപ്പാ അറിയിച്ചു.

മാള്‍ട്ടയുടെ പ്രസിന്‍റ് മരീ ലൂയിസ് കൊളെയിരൊ പ്രേക്കയക്കും ഗ്രീസിന്‍റെ പ്രസിഡന്‍റ്  പ്രൊകോപിസ് പാവുളൊ പൗലോസിനും ഈജിപ്തിന്‍റെ പ്രസിഡന്‍റ് അബ്ദെല്‍ ഫത്ത അല്‍ സിസിയ്ക്കും സൗദി അറേബിയയുയെ രാജാവ് സല്‍മന്‍ ബിന്‍ അബ്ദുള്‍ അസീസ് അല്‍ സൗദിനും ബഹറിന്‍റെ രാജാവ് ഷെയ്ക്ക് ഹമദ് ബിന്‍ ഇസാ അല്‍ ഖലീഫയ്ക്കും അയച്ച പ്രത്യേകം പ്രത്യേകം സന്ദേശങ്ങളില്‍ പാപ്പാ ഈ നാടുകള്‍ക്ക് സന്തോഷ സമാധാനങ്ങളും ക്ഷേമവും ആശംസിച്ചു.

അബുദാബി

യുണൈറ്റഡ് അറബ് എമിറേറ്റ്സിന്‍റെ തലസ്ഥാനമായ അബുദാബി വലിപ്പത്തില്‍ രണ്ടാം സ്ഥാനമുള്ള നഗരമാണ്. ദുബായ് ആണ് ഒന്നാം സ്ഥാനത്തു നില്ക്കുന്നത്. യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ ഏഴു അംഗരാഷ്ട്രങ്ങളില്‍ ഒന്നായ അബുദാബി എമിറേറ്റിന്‍റെ  തലസ്ഥാനം കൂടിയായ അബുദാബിപട്ടണത്തിലെ നിവാസികളുടെ സംഖ്യ 14 ലക്ഷത്തി അമ്പതിനായിരത്തിലേറെവരും. അബുദാബി എമിറേറ്റില്‍ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ വസിക്കുന്നതും ഈ തുറമുഖപട്ടണത്തിലാണ്. പൂര്‍ണ്ണമായും മനുഷ്യനിര്‍മ്മിതമാണ് ഈ അത്യാധുനിക തുറമുഖം. അബുദാബി (ABU DHABI) എന്ന അറബ് പദത്തിന്  “കലമാന്‍റെ നിലം” എന്നാണര്‍ത്ഥം. പേര്‍ഷ്യന്‍ ഉള്‍ക്കടലിലുള്ള ഈ നഗരത്തിലാണ് ലോകത്തിലെ എണ്ണ ശേഖരത്തിന്‍റെ 9 ശതമാനവും പ്രകൃതിവാതക ശേഖരത്തിന്‍റെ 5 ശതമാനവും ഉള്ളത്. 1958 ല്‍ ഈ എണ്ണ ശേഖരം കണ്ടെത്തുന്നതിനു മുമ്പ് ഇത് ഒരു സാധാരണ പട്ടണമായിരുന്നു. പതിനെട്ടാം നൂറ്റാണ്ടിലാണ് ഈ പട്ട​ണം സ്ഥാപിതമായത്. ഭിന്നമത വര്‍ഗ്ഗ രാജ്യ സംസ്ക്കാരങ്ങളില്‍പ്പെട്ടവരാണ് ഇവിടെ വസിക്കുന്നത്. ആകയാല്‍ ഇവി‌ടെ സംസാരഭാഷകള്‍ പലതാണ്.

ദക്ഷിണ അറേബിയ അപ്പസ്തോലിക് വികാരിയാത്ത്

യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ കത്തോലിക്കാസഭയുടെ ആസ്ഥാനം അബുദാബിയിലാണ്. 2011 മെയ് 31 ന് സ്ഥാപിതമായ ദക്ഷിണ അറേബിയ അപ്പസ്തോലിക് വികാരിയാത്താണ് സഭയുടെ പ്രവര്‍ത്തനങ്ങള്‍ അവിടെ ഏകോപിപ്പിക്കുന്നത്. യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ നാല്പ്പത്തിയൊന്ന് ലക്ഷത്തിലേറെ നിവാസികളില്‍ കത്തോലിക്കര്‍ പത്തുലക്ഷത്തിനടുത്താണ്. 16 ഇടവകകളിലായി 13 രൂപതാവൈദികരുള്‍പ്പടെ അറുപത്തിയഞ്ചോളം വൈദികരാണ് ഇവരുടെ അജപാലനകാര്യങ്ങളില്‍ ശ്രദ്ധിക്കാനുള്ളത്. അമ്പതില്‍പ്പരം സന്ന്യസ്തരും അത്രയും തന്നെ സന്ന്യാസിനികളും ദക്ഷിണ അറേബിയ അപ്പസ്തോലിക് വികാരിയാത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 27 വിദ്യഭ്യാസ കേന്ദ്രങ്ങളും 10 ഉപവിപ്രവര്‍ത്തന കേന്ദ്രങ്ങളും ഉണ്ട്.

ഫ്രാന്‍സിസ്ക്കന്‍ സമൂഹാംഗമായ ബിഷപ്പ് പോള്‍ ഹിന്‍റെര്‍ ആണ് അപ്പസ്തോലിക് വികാരി.                 

ആറുമണിക്കൂറോളം പറന്ന വ്യോമയാനം പ്രാദേശിക സമയം രാത്രി 10.15-ന്, ഇന്ത്യയിലെ സമയം രാത്രി 11.45-ന് അബുദാബിയിലെ പ്രസിഡന്‍ഷ്യല്‍ വിമാനത്താവളത്തില്‍ ഇറങ്ങി.‌

വിമാനത്താവളത്തില്‍ വരവേല്‍പ്പ്

പാപ്പായെ സ്വീകരിക്കാന്‍ അബുദാബിയുടെ കീരീടാവകാശിയായ ഷെയ്ക് മൊഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും പാരമ്പര്യ വേഷങ്ങളണിഞ്ഞ്, പൂ‍ച്ചെണ്ടേന്തിയ രണ്ടു കുട്ടികളും രാഷ്ട്രത്തിന്‍റെയും സഭയുടെയും പ്രതിനിധികളും വിമാനത്താവളത്തില്‍ സന്നിഹിതരായരുന്നു.

യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ അപ്പസ്തോലിക് നുണ്‍ഷ്യൊ ആര്‍ച്ചുബിഷപ്പ് പദീല്ല ഫ്രാന്‍സിസ്കൊയും പാപ്പായുടെ ഈ സന്ദര്‍ശനത്തിന്‍റെ പരിപാടികളുടെ ഔദ്യാഗികചുമതലവഹിക്കുന്നവ്യക്തിയും വിമാനത്തില്‍ കയറി പാപ്പായെ സ്വീകരിച്ച് പുറത്തേക്കാനയിച്ചു. വിമാനത്തില്‍ നിന്ന് കവചിത പാലത്തിലൂടെ  നടന്ന് വിമാനത്താവളക്കെട്ടിടത്തിനകത്തേക്കുള്ള പ്രവേശനകവാടത്തില്‍ ​എത്തിയ പാപ്പായെ  അബുദാബിയുടെ കീരീടാവകാശിയും യു.എ.ഇയുടെ ഉപസൈനികമേധാവിയുമായ ഷെയ്ക് മൊഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഹസ്തദാനമേകി സ്വീകരിച്ചു. ഇരുവരും കൈകകള്‍ ചേര്‍ത്തുപിടിച്ച് അവിടെത്തന്നെ നിന്നുകൊണ്ട്, ദ്വിഭാഷിയുടെ സഹായത്തോടെ, അല്പ നേരം സൗഹൃദസംഭാഷണം നടത്തി. തുടര്‍ന്ന് ചുവന്ന പരവാതാനി വിരിച്ച ഇടനാഴിയിലൂടെ  മുന്നോട്ടു നീങ്ങിയ പാപ്പായെ ഇടയ്ക്കുവച്ച് പാരമ്പര്യവേഷധാരികളായ രണ്ടു ബാലികാബാലന്മാര്‍ മഞ്ഞപൂച്ചെണ്ടു നല്കി സ്വീകരിച്ചു. പുഷ്മപമഞ്ജരി പാപ്പായ്ക്കേകിയ ബാലന്‍ പാപ്പായെ, പാപ്പായുടെ മാതൃഭാഷയായ സ്പാനിഷില്‍ സ്വാഗതം ചെയ്യുകയും പാപ്പാ അതേ ഭാഷയില്‍ പ്രത്യുത്തരിക്കുകയും ചെയ്തു.‌

പാപ്പാ ഈ ബാലികാബാലന്മാര്‍ക്ക്   ഹസ്തദാനമേകുകയും ചെറു സമ്മാനങ്ങള്‍ നല്കുകയും ചെയ്തു.

അവിടെനിന്നു ഷെയ്ക് മൊഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി സംസാരിച്ചുകൊണ്ട് മുന്നോട്ടുപോയ പാപ്പാ സൈനികോപചാരം സ്വീകരിക്കുകയും സന്നിഹിതരായിരുന്ന രാഷ്ട്ര പ്രതിനിധികളുടെ ഓരൊരുത്തരുടെയും അടുത്തുചെന്ന് അവരെ പരിചയപ്പെടുകയും ഹസ്തദാനമേകുകുകയും ചെയ്തു. തദ്ദനന്തരം ഷെയ്ക് മൊഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ സഭാ പ്രതിനിധികളെ പരിചയപ്പെടുകയും അവര്‍ക്ക്  ഹസ്തദാനമേകുകയും ചെയ്തു. അതിനുശേഷം അല്‍ അഷറിലെ മുഖ്യ ഇസ്ലാം പണ്ഡിതനായ ഇമാം അഹമ്മദ് അല്‍ തയിബുമായുള്ള കൂടിക്കാഴ്ചയായിരുന്നു. അദ്ദേഹം പാപ്പായെ സ്നേഹാശ്ലേഷം നല്കി സ്വീകരിച്ചു. ഏതാനും നിമിഷത്തെ സൗഹൃദ സംഭാഷണത്തെത്തുടര്‍ന്ന് മുന്നോട്ടു നീങ്ങിയ പാപ്പായെ വെള്ള അറബ് വസ്ത്രധാരികള്‍ നിരന്നു നിന്ന് കൊട്ടുവാദ്യ വാദനത്തോടെ പാട്ടു പാടി ആദരിച്ചു.

വിമാനത്താവളത്തില്‍ നിന്നു പുറത്തേക്കുള്ള വാതിലിനടുത്തെത്തിയപ്പോള്‍ പാപ്പായും ഷെയ്ക് മൊഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും അല്പസമയം കൂടി സംഭാഷണത്തില്‍ ഏര്‍പ്പെടുകയും യാത്ര പറഞ്ഞു പുറത്തേക്കിറങ്ങിയ പാപ്പാ അവിടെ തയ്യാറാക്കിയിരുന്ന വാഹനത്തിലേറുകയും ചെയ്തു. ഷെയ്ക് മൊഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും അനുചരരും കൈകള്‍ വീശി പാപ്പായെ യാത്രയാക്കി.

 പാപ്പാ അല്‍ മുഷ്രിഫ് മന്ദിരത്തിലേക്ക്......

യു.എ.ഇ വിശിഷ്ട അതിഥികള്‍ക്കായി ഒരുക്കിയിരിക്കുന്ന അല്‍ മുഷ്രിഫ് മന്ദിരത്തിലേക്കായിരുന്നു പാപ്പായുടെ യാത്ര. വിമാനത്താവളത്തില്‍ നിന്ന് മുപ്പതോളം കിലോമീറ്റര്‍ അകലെയാണ് പാപ്പായുടെ താല്ക്കാലിക വസതിയായി മാറിയ ഈ മന്ദിരം. അബുദാബി നഗരത്തിന്‍റെ ഹൃദയഭാഗത്താണ് അല്‍ മുഷ്രിഫ് മന്ദിരം സ്ഥിതിചെയ്യുന്ന അതേ നാമത്തിലുള്ള പ്രദേശം.

ഞായറാഴ്ച രാത്രി അവിടെ വിശ്രമിച്ച പാപ്പായുടെ തിങ്കളാഴ്ച്ചത്തെ പരിപാടികള്‍ ഷെയ്ക് മൊഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി അദ്ദേഹത്തിന്‍റെ ഔദ്യോഗിക വസതിയില്‍ ഔദ്യോഗിക സ്വാഗത സ്വീകരണ ചടങ്ങില്‍ പങ്കെടുക്കല്‍, അദ്ദേഹവുമായുള്ള സൗഹൃദ കൂടിക്കാഴ്ച,  മുതിര്‍ന്നവരുടെ മുസ്ലീം സമിതിയംഗങ്ങളുമായുള്ള കൂടിക്കാഴ്ച (MUSLIM COUNCIL OF ELDERS), യു.എ.ഇയുടെ സ്ഥാപകന്‍റെ സ്മാരക സന്ദര്‍ശനം മതന്താരസമ്മേളനം എന്നിവ ആയിരുന്നു.

അല്‍ മുഷ്റിഫ് പാലസില്‍ തിങ്കളാഴ്ച രാവിലെ സ്വകാര്യ ദിവ്യബലി അര്‍പ്പിച്ച പാപ്പാ പ്രാതലിനു ശേഷം 10 കിലോമീറ്ററോളം അകലെയുള്ള രാഷ്ട്രത്തലവന്‍റെ  ഔദ്യോഗിക വസതിയിലേക്ക് കാറില്‍ യാത്രയായി. ഇരുവശത്തുമായി അണിനിരന്ന അശ്വരൂഢരുടെ അകമ്പടിയോടെയായിരുന്നു യാത്ര.

പ്രസിഡന്‍ഷ്യല്‍ പാലസ്

150 ഹെക്ടര്‍, അതായത്, 370 ലേറെ ഏക്കര്‍ വ്യാപിച്ചുകിടക്കുന്ന ഒരു പ്രദേശത്താണ് ഒരുലക്ഷത്തി അറുപതിനായിരം ചതുരശ്രമീറ്റര്‍ വലിപ്പമുള്ള ഈ മന്ദിരം സ്ഥിതിചെയ്യുന്നത്. 2017 ലാണ് ഈ കെട്ടിടത്തിന്‍റെ പണി പൂര്‍ത്തിയായത്. സഫടികവും സ്വര്‍ണ്ണവും പതിച്ച 70 താഴിക്കുടങ്ങളുള്ള ഈ സൗധം രത്നങ്ങളും സ്വര്‍ണ്ണവും വെണ്ണക്കല്ലുകളും കൊണ്ട് അലംകൃതമാണ്. 12 മീറ്റര്‍ ഉയരവും 8 മീറ്റര്‍ വീതിയുമുള്ള പ്രവേശനകവാടം ഉരുക്കും വെങ്കവും കൊണ്ട് നിര്‍മ്മിതമാണ്. അത്യാധുനിക സംവിധാനമാണ് ഈ വാതില്‍ അടയ്ക്കുന്നതിനും തുറക്കുന്നതിനുമായി ഉപയോഗപ്പെടുത്തിയിരിക്കുന്നത്. ഈ കെ‌ട്ടിട സമുച്ചയത്തിനകത്ത് ഒരു ഇസ്ലാം പള്ളിയും സൈനികര്‍ക്കായുള്ള പാര്‍പ്പിടങ്ങളും ഉണ്ട്.

കൂടിക്കാഴ്ച പ്രസിഡന്‍ഷ്യല്‍ പാലസില്‍

രാഷ്ട്രത്തലവന്‍റെ മന്ദിരത്തിലേക്കുള്ള രാജവീഥിയിലേക്ക് പാപ്പാ പ്രവേശിച്ചപ്പോള്‍ വാനവീഥിയില്‍ സൈനിക വ്യോമയാനങ്ങള്‍ പേപ്പല്‍ നിറങ്ങളായ വെള്ളയും മഞ്ഞയും വര്‍ണ്ണങ്ങള്‍ വിതറി പറന്നു.

പാപ്പായുടെ കാര്‍ മുഖ്യകവാടത്തിലൂടെ, മനോഹരമായ ജലധാരായന്ത്രങ്ങള്‍ ഇരുവശവും ക്രമീകരിച്ചിരിക്കുന്ന വീഥി കടന്നപ്പോള്‍ പീരങ്കികള്‍ മുഴങ്ങി. പ്രസിഡന്‍റിന്‍റെ മന്ദിരത്തിനു മുന്നില്‍ വാഹനത്തില്‍ നിന്നിറങ്ങിയ പാപ്പായെ അബുദാബിയുടെ കിരീടാവകാശി ഷെയ്ക് മൊഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും യുഎഇയുടെ വൈസ്പ്രസിഡന്‍റ് ഷെയ്ക്ക് മുഹമ്മദ് ബിന്‍ റഷീദ് അല്‍ മക്തൂം ഹസ്തദാനം നല്കി സ്വീകരിച്ചു.

യുണൈറ്റഡ് അറബ് എമിറേറ്റ്സിന്‍റെ, 2004 നവമ്പര്‍ 2 ന് മരണമടഞ്ഞ, സ്ഥാപകനും, പ്രഥമ പ്രസിഡന്‍റും ആയ ഷെയ്ക്ക് സയിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്‍റെ പുത്രനായ അബുദാബിയുടെ കിരീടാവകാശി ഷെയ്ക് മൊഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് നാലു ആണ്‍മക്കളും 5 പെണ്‍മക്കളുമുണ്ട്. അദ്ദേഹത്തിന്‍റെ പത്നി സലാമ ബിന്‍റ് ഹംദാന്‍ അല്‍ നഹ്യാന്‍ ആണ്.

പ്രസിഡന്‍റിന്‍റെ ഔദ്യോഗിക വസതിയിലെത്തിയ പാപ്പാ സൈനികോപചാരം സ്വീകരിച്ചു. തുടര്‍ന്ന് ആദ്യം വത്തിക്കാന്‍റെയും...... പിന്നീട് യുഎഇയുടെയും ദേശീയ ഗാനങ്ങള്‍ സൈനികബാന്‍് വാദനം ചെയ്തു. അതിനുശേഷം പാപ്പായോടൊപ്പം എത്തിയ സഭാപ്രതിനിധികള്‍ ഓരോരുത്തരായി ഷെയ്ക്കിനും പാപ്പായ്ക്കും യുഎഇ യുടെ വൈസ്പ്രസിഡന്‍റായ ഷെയ്ക്ക് മുഹമ്മദ് ബിന്‍ റഷീദ് അല്‍ മക്തൂമിനും ഹസ്തദാനമേകി. യുഎഇയുടെ പ്രതിനിധികള്‍ പാപ്പായെ പരിചയപ്പെടുകയും ചെയ്തു. തദ്ദനന്തരം പാപ്പായും ഷെയ്ക് മൊഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും  സ്വകാര്യസംഭാഷണത്തില്‍ ഏര്‍പ്പെട്ടു. തുടര്‍ന്ന്  വിശിഷ്ടാതിഥികള്‍ സന്ദര്‍ശനക്കുറിപ്പുകള്‍ രേഖപ്പെടുത്തുന്ന ഗ്രന്ഥത്തില്‍ പാപ്പാ തന്‍റെ  സന്ദേശം കുറിച്ച് ഒപ്പുവച്ചു. അതിനു ശേഷം പാപ്പായും ഷെയ്ക് മൊഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും സമ്മാനങ്ങള്‍ കൈമാറി.

ഈ കൂടിക്കാഴ്ചാനന്തരം പാപ്പാ അല്‍ മുഷ്രിഫ് മന്ദിരത്തിലേക്കു മടങ്ങുകയും ഉച്ചഭക്ഷണം കഴിക്കുകയും ചെയ്തു.

തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് പാപ്പായുടെ പ്രഥമ പരിപാടി ലോകത്തില്‍ വച്ച് ഏറ്റവും വലിയ മുസ്ലീം പള്ളികളില്‍ ഒന്നായ ഷെയ്ക് സയിദിന്‍റെ നാമത്തിലുള്ള  പള്ളിസന്ദര്‍ശനമായിരുന്നു.  40000 പേര്‍ക്ക് സ്ഥലസൗകര്യമുള്ള ഈ പള്ളിയുടെ വളപ്പ് 12 ഹെക്ടര്‍ സ്ഥലത്തായി വ്യാപിച്ചുകിടക്കുന്നു. യുഎഇയുടെ സ്ഥാപകനായ ഷെയ്ക്ക് സയിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്‍റെ ആഗ്രഹപ്രകാരമാണ് ഇത് പണികഴിപ്പിക്കപ്പെട്ടത്. 82 കുംഭഗോപുരങ്ങളും 1100 സ്തംഭങ്ങളും 107 മീറ്റര്‍ ഉയരമുള്ള 4 മിനാരങ്ങളും ഈ ഇസ്ലാം ദേവാലയത്തിന്‍റെ സവിശേഷതകളാണ്. നിസ്ക്കാരത്തിനായുള്ള ഇടം 7000 പേരെ ഉള്‍ക്കൊള്ളത്തക്ക വിസ്താരമുള്ളതാണ്. മദ്ധ്യത്തിലായി 24 കാരറ്റ് സ്വര്‍ണ്ണം പതിച്ചതും സ്വറോസ്കി പളുങ്കുകളാല്‍ തീര്‍ത്തതുമായ ഭീമാകാരമായ ഒരു തൂക്കുവിളക്കുമുണ്ട്.

ഈ ദേവാലയത്തിലെത്തിയ പാപ്പായെ അല്‍ അഷറിലെ മുഖ്യ ഇസ്ലാം പണ്ഡിതനായ ഇമാം അഹമ്മദ് അല്‍ തയിബും വിദേശകാര്യമന്ത്രിയും സഹിഷ്ണുത, സാസ്ക്കാരികം എന്നിവയ്ക്കായുള്ള മന്ത്രിയും ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് പാപ്പാ ഷെയ്ക്ക് സയിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്‍റെ ശവകുടീരം സന്ദര്‍ശിച്ചു. അതിനുശേഷം പാപ്പാ മുസ്ലീം പള്ളിയുടെ തുറസ്സായിടത്തേക്ക് ഇമാം അഹമ്മദ് അല്‍ തയിബിനോടൊപ്പം എത്തി. അവിടെ വച്ച് പാപ്പാ മുതിര്‍ന്നവരുടെ ഇസ്ലാം സമിതിയുമായി (മുസ്ലീം കൗണ്‍സില്‍ ഓഫ് എല്‍ഡേഴ്സ്) കൂടിക്കാഴ്ച നടത്തി. ഇസ്ലാം സമൂഹങ്ങളില്‍ സമാധാനം പരിപോഷിപ്പിക്കുന്നതിനുള്ള സ്വതന്ത്ര അന്താരാഷ്ട്ര സംഘടനയാണ് ഇത്. ഇതിന്‍റെ ആസ്ഥാനം അബുദാബിയാണ്. നീതി സ്വാതന്ത്ര്യം ആധുനികവത്ക്കരണം എന്നീ രംഗങ്ങളില്‍ ശ്രദ്ധേയരായിട്ടുള്ള ഇസ്ലാം പണ്ഡിതരും വിദഗ്ധരും വശിഷ്ട വ്യക്തികളുമാണ് ഈ സമതിയില്‍ അംഗംങ്ങളായിട്ടുള്ളത്.

 

                      

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

04 February 2019, 13:50