The Jesuit Priest, Paulo dall'Oglio missing in Syria The Jesuit Priest, Paulo dall'Oglio missing in Syria 

പാപ്പാ ഫ്രാന്‍സിസിന്‍റെ പക്കല്‍ മകനെ തേടിയെത്തിയ അമ്മ

സിറിയയില്‍ ബന്ധിയാക്കപ്പട്ട ഈശോസഭാ വൈദികന്‍, പാവ്ലോ ദലോലീയോയുടെ കുടുംബവുമായി പാപ്പാ ഫ്രാന്‍സിസ് കൂടിക്കാഴ്ച നടത്തി.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

പാപ്പായെ  കാണാന്‍ ഫാദര്‍  ദലോലിയോയുടെ അമ്മ
ജനുവരി 30-Ɔο തിയതി ബുധനാഴ്ച രാവിലെയാണ് ഫാദര്‍ പാവ്ലോ ദലോലീയോയുടെ അമ്മയും, നാലു സഹോദരിമാരും ഒരു സഹോദരനും ചേര്‍ന്നു വത്തിക്കാനിലെ പേപ്പല്‍ വസതി സാന്താ മാര്‍ത്തയില്‍ (Santa Marta) പാപ്പാ ഫ്രാന്‍സിസിനെ കാണാന്‍ എത്തിയത്.

രണഭൂമിയിലെ  സമാധാനത്തിന്‍റെ  പ്രയോക്താവ്
റോമാ സ്വദേശിയായ ഈശോസഭാംഗമാണ് ഫാദര്‍ പാവ്ലോ ദലോലിയോ (Jesuit Priest, Paulo dall’Oglio). എന്നും നീതിയുടെയും സമാധാനത്തിന്‍റെയും പാതയിലെ പ്രയോക്താവായിരുന്നു ഫാദര്‍ ദലോലിയോ. അറബി ഭാഷയില്‍ പ്രാവീണ്യമുള്ള അദ്ദേഹം, ഇസ്ലാമിക മതത്തെക്കുറിച്ചും ഗഹനമായ പാണ്ഡിത്യമുള്ള വ്യക്തിയാണ്. വൈദികനായ നാള്‍മുതല്‍ സിറിയയുടെ സാമൂഹ്യമേഖലയിലെ പ്രേഷിതനായിരുന്നു അദ്ദേഹം.

ഭരണപക്ഷത്തിന്‍റെ അപ്രീതിക്ക് പാത്രീഭൂതന്‍
സിറിയയിലെ മാര്‍ മൂസാ കത്തോലിക്ക ആശ്രമം കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം സിറിയന്‍ പ്രസി‍ഡന്‍റ്, ബാഷാര്‍ അല്‍ ആസാദിനെ വിമര്‍ശിച്ചിക്കുകയും എതിര്‍പക്ഷവുമായി ചര്‍ച്ചകളില്‍ ഏര്‍പ്പെടുകയുംചെയ്തു എന്ന പേരില്‍ 2012-ല്‍ നാടുകടത്തപ്പെട്ടതായി ഡിക്രി പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ 2013-ല്‍ ഈ സമാധാനസേവകന്‍ കൊല്ലപ്പെട്ടതായും ആഗോളതലത്തില്‍ വാര്‍ത്ത പുറത്തുവന്നിട്ടുള്ളതാണ്.

ഒരമ്മയുടെ പ്രത്യാശ
പാപ്പാ ഫ്രാന്‍സിസിന്‍റെ 27-Ɔമത് അപ്പസ്തോലിക പര്യടനം തെക്കന്‍ അറേബ്യന്‍ രാജ്യമായ യുഎഇയിലേയ്ക്കു ഫെബ്രുവരി 3, ഞായറാഴ്ച ആരംഭിക്കാനിരിക്കെ, തന്‍റെ മകനെ കണ്ടുകിട്ടാന്‍ പാപ്പായ്ക്കു സാധിച്ചേക്കും എന്ന പ്രത്യാശയും മനസ്സിലേറ്റിയായിക്കണം 90 വയസ്സുള്ള വിധവയായ അമ്മ ദലോലിയോ  നേര്‍ക്കാഴ്ചയ്ക്ക് വത്തിക്കാനില്‍ എത്തിയത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

01 February 2019, 09:58