തിരയുക

Vatican News
ഫ്രാന്‍സീസ് പാപ്പാ പൊതുകൂടിക്കാഴ്ച അനുവദിക്കുന്നതിനെത്തുന്നു, വത്തിക്കാനില്‍ പോള്‍ ആറാമന്‍ ശാലയില്‍ 06-02-19 ഫ്രാന്‍സീസ് പാപ്പാ പൊതുകൂടിക്കാഴ്ച അനുവദിക്കുന്നതിനെത്തുന്നു, വത്തിക്കാനില്‍ പോള്‍ ആറാമന്‍ ശാലയില്‍ 06-02-19  (ANSA)

പാപ്പായുടെ യു.എ.ഇ സന്ദര്‍ശനം-തിരനോട്ടം

ഫ്രാന്‍സീസ് പാപ്പാ തന്‍റെ യു എ ഇ സന്ദര്‍ശനാനുഭവം പൊതുകൂടിക്കാഴ്ചയ്ക്കെത്തിയവരുമായി പങ്കുവച്ചു.

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

അറേബ്യന്‍ മണ്ണില്‍ ആദ്യമായി ഒരു പത്രോസിന്‍റെ പിന്‍ഗാമി ദിവ്യബലിയര്‍പ്പിച്ചു. ഈ ചരിത്രം കുറിച്ച ത്രിദിന അപ്പസ്തോലിക സന്ദര്‍ശനം കഴിഞ്ഞ് ചൊവ്വാഴ്ച (05/2/19) വത്തിക്കാനില്‍ തിരിച്ചെത്തിയ ഫ്രാന്‍സീസ് പാപ്പാ തന്‍റെ പതിവു പരിപാടികള്‍ പുനരാരംഭിച്ചു. ബുധനാഴ്ചകളില്‍ പതിവുള്ള പൊതുദര്‍ശന പരിപാടിയും പാപ്പാ ഒഴിവാക്കിയില്ല. ഇക്കൊല്ലത്തെ അഞ്ചാമത്തെ പ്രതിവാരപൊതുകൂടിക്കാഴ്ചയായിരുന്നു  ഈ ബുധനാഴ്ച (06/02/18) പാപ്പാ അനുവദിച്ചത്. രാവിലെ തണുപ്പുണ്ടായിരുന്നെങ്കിലും,  അര്‍ക്കാംശുക്കള്‍, വസന്തകാല പ്രതീതിയുളവാക്കുമാറ്, ഒളി വിതറി. പൊതുദര്‍ശനപരിപാടിയില്‍ പങ്കെടുക്കുന്നതിന് വിവിധരാജ്യക്കാരായിരുന്ന തീര്‍ത്ഥാടകരും സന്ദര്‍ശകരുമായി ഏഴായിരത്തിലേറെപ്പേര്‍ എത്തിയിരുന്നു. വിശുദ്ധ പത്രോസിന്‍റെ  ബസിലിക്കയുടെ അടുത്തുള്ള അതിവിശാലമായ പോള്‍ ആറാമന്‍ ശാല ആയിരുന്നു പൊതുദര്‍ശനപരിപാടിയുടെ വേദി ഈ ആഴ്ചയും. പാപ്പാ ശാലയിലെത്തിയപ്പോള്‍  കരോഘോഷവും ആനന്ദാരവങ്ങളുമുയര്‍ന്നു. പാപ്പാ ഏവര്‍ക്കും അഭിവാദ്യമര്‍പ്പിച്ചുകൊണ്ട്, ജനങ്ങള്‍ക്കിടയിലൂടെ, പ്രത്യേകം തിരിച്ചിരുന്ന, ഇടനാഴിയിലൂടെ സാവധാനം നീങ്ങി. പാപ്പാ കുഞ്ഞുങ്ങളെ തൊട്ടുതലോടുകയും ആശീര്‍വദിക്കുകയും സ്നേഹചുംബനമേകുകയും മുതിര്‍ന്നവരില്‍ ചിലരുമായി കുശലം  പറയുകയും ചെയ്യുന്നുണ്ടായിരുന്നു. പാപ്പയുടെ കരസ്പര്‍ശനത്തിനായും പാപ്പായ്ക്ക് ചെറുസമ്മാനങ്ങളേകാനും കരങ്ങള്‍ നീളുന്നതും കാണാമായിരുന്നു. ഇതിനിടയ്ക്ക് ഒരാള്‍ വച്ചു നീട്ടിയ പാനീയം പാപ്പാ രുചിച്ചു നോക്കി.   പ്രസംഗവേദിയിലെത്തിയ പാപ്പാ, റോമിലെ സമയം രാവിലെ 09.30 ഓടെ, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 2 മണിയോടെ, ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന്  വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണമായിരുന്നു.

വചനഭാഗം:

“1നോഹയെയും പുത്രന്മാരെയും അനുഗ്രഹിച്ചുകൊണ്ടു ദൈവം പറഞ്ഞു: സന്താനപുഷ്ടുയുള്ളവരായി പെരുകി ഭൂമിയില്‍ നിറയുവിന്‍....5 ജീവരക്തത്തിനു മനുഷ്യനോടും മൃഗത്തോടും ഞാന്‍ കണക്കുചോദിക്കും. ഓരോരുത്തനോടും സഹോദരന്‍റെ ജീവനു ഞാന്‍ കണക്കു ചോദിക്കും” (ഉല്‍പ്പത്തി 9:1.5)                 

ഈ വിശുദ്ധഗ്രന്ഥഭാഗം വായിക്കപ്പെട്ടതിനുശേഷം, ജനസഞ്ചയത്തെ സംബോധനചെയ്ത പാപ്പാ ഇക്കഴിഞ്ഞ 3 മുതല്‍ 5 വരെ (03-05/02/19) യുണൈറ്റഡ് അറബ് എമിറേറ്റ്സില്‍ താന്‍ നടത്തിയ ഇടയസന്ദര്‍ശനം പുനരവലോകനം ചെയ്തു. ഇറ്റാലിയന്‍ ഭാഷയിലായിരുന്ന തന്‍റെ മുഖ്യ പ്രഭാഷണത്തില്‍ പാപ്പാ ഇപ്രകാരം പറഞ്ഞു:

പ്രഭാഷണസംഗ്രഹം:

പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം,

ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ഞാന്‍ യുണൈറ്റഡ് അറബ് എമിറേറ്റ്സില്‍ ഒരു ഹ്രസ്വ സന്ദര്‍ശനം നടത്തി. ചെറുതെങ്കിലും അതീവ പ്രാധാന്യമേറിയതായിരുന്നു അത്. 2017 ല്‍ ഈജിപ്തിലെ അല്‍-അഷറില്‍ നടന്ന കൂടിക്കാഴ്ചയുമായി ബന്ധപ്പെടുത്തി, ഈ സന്ദര്‍ശനം, ക്രൈസ്തവ ഇസ്ലാം സംഭാഷണത്തിന്‍റെ ചരിത്രത്തിലും മാനവസാഹോദര്യത്തില്‍ അധിഷ്ഠിതമായ വിശ്വശാന്തി പരിപോഷിപ്പിക്കുന്നതിലും പുതിയൊരു താള്‍ എഴുതിച്ചേര്‍ത്തു.

അറേബ്യന്‍ ഉപദ്വീപില്‍ ഒരു പാപ്പാ പാദമൂന്നിയത് നടാടെയാണ്. സുല്‍ത്താന്‍ അല്‍ മാലിക് അല്‍ കമിലിനെ വിശുദ്ധ ഫ്രാന്‍സീസ് അസീസ്സി സന്ദര്‍ശിച്ചിട്ട് 800 വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ ഫ്രാന്‍സീസ് എന്നു പേരുള്ള ഒരു പാപ്പാ അവിടെ എത്തണമെന്ന് ദൈവം അഭിലഷിച്ചു. ഞാന്‍ ഈ യാത്രയിലുടനീളം പലപ്പോഴും വിശുദ്ധ ഫ്രാന്‍സീസിനെക്കുറിച്ച് ചിന്തിച്ചു. ഈ സന്ദര്‍ശനത്തിന്‍റെ വിഭിന്നങ്ങളായിരുന്ന വേളകളില്‍ സുവിശേഷത്തെയും ക്രിസ്തുവിന്‍റെ സ്നേഹത്തെയും ഹൃദയത്തില്‍ പേറാന്‍ വിശുദ്ധന്‍ എന്നെ സഹായിച്ചു. ക്രിസ്തുവിന്‍റെ സുവിശേഷവും എല്ലാമക്കളുടെയും, വിശിഷ്യ, ഏറ്റം പാവപ്പെട്ടവരും അനീതികളുടെയും യുദ്ധങ്ങളുടെയും ദുരിതങ്ങളുടെയും ഇരകളുമായ മക്കളുടെ, പിതാവായ ദൈവത്തോടുള്ള പ്രാര്‍ത്ഥനയും എന്‍റെ ഹൃദയത്തില്‍ ഉണ്ടായിരുന്നു. ഇന്നത്തെ ലോകത്തില്‍ സമാധാനം സംജാതമാകുന്നതിന് ക്രൈസ്തവ ഇസ്ലാം സംഭാഷണം നിര്‍ണ്ണായക ഘടകമായിരിക്കുന്നതിനു വേണ്ടിയായിരുന്നു പ്രാര്‍ത്ഥന.

എന്നെ ഏറ്റം ആദരവോടെ സ്വീകരിച്ച കിരീടാവകാശിയായ രാജകുമാരനും യുണൈറ്റഡ് അറബ് എമിറേറ്റിസിന്‍റെ പ്രസിഡന്‍റും വൈസ്പ്രസിഡന്‍റും ഉള്‍പ്പടെയുള്ള എല്ലാ അധികാരികള്‍ക്കും ഞാന്‍ നന്ദി പറയുന്നു. ഈ നാടു കഴിഞ്ഞ പതിറ്റാണ്ടുകളില്‍ ഏറെ പുരോഗതി കൈവരിച്ചു: പാശ്ചാത്യ പൗര്സത്യ ദേശങ്ങളുടെ കവലയായി പരിണമിച്ചു, ബഹുവര്‍ഗ്ഗ-ബഹുമത ശ്വാദലഭൂമിയായി, സമാഗമ സംസ്കൃതിയെ പരിപോഷിപ്പിക്കുന്നതിനുള്ള ഒരു വേദിയായി ഭവിച്ചു. പ്രാദേശിക കത്തോലിക്കാ സമൂഹത്തിനുവേണ്ടി ഈ സന്ദര്‍ശന പരിപാടിക്ക് വേണ്ട ഒരുക്കങ്ങള്‍ നടത്തുകയും ക്രമീകരണങ്ങള്‍ ചെയ്യുകയും ചെയ്ത തെക്കെ അറേബിയയുടെ അപ്പസ്തോലിക് വികാരിയായ ബിഷപ്പ് പോള്‍ ഹിന്‍ററിനും എന്‍റെ ഹൃദയംഗമമായ നന്ദി, അന്നാട്ടില്‍ കൈസ്തവ സാന്നിധ്യം സജീവമാക്കി നിറുത്തുന്ന വൈദികര്‍ക്കും സന്ന്യാസിനികള്‍ക്കും അല്‍മായ വിശ്വാസികള്‍ക്കും എന്‍റെ നന്ദി.

ആ പ്രദേശത്ത് ആദ്യമായെത്തി നിരവധി സമൂഹങ്ങള്‍ സ്ഥാപിച്ച, 90 വയസ്സുള്ള, വൈദികനുമായി കൂടിക്കാഴ്ച നടത്തുന്നതിന് എനിക്ക് അവസരം ലഭിച്ചു. കാഴ്ച നഷ്ടപ്പെട്ട് ചക്രക്കസേരയിലാണെങ്കിലും അധരങ്ങളില്‍ സദാ പുഞ്ചിരിയുണ്ട്. കര്‍ത്താവിനെ സേവിക്കുകയും നിരവധി നന്മകള്‍ പ്രവര്‍ത്തിക്കുകയും ചെയ്തതിന്‍റെ  മന്ദസ്മിതമാണത്. നവതിയുടെ നിറവിലുള്ള മറ്റൊരു വൈദികനെയും ഞാന്‍ കണ്ടുമുട്ടി, അദ്ദേഹം ഇപ്പോഴും നടക്കുകയും പ്രവര്‍ത്തനങ്ങളില്‍ മുഴുകുകയും ചെയ്യുന്നു. അഭിനന്ദനങ്ങള്‍! ലത്തീന്‍, സീറോമലബാര്‍, സീറോമലങ്കര, മാറൊണീത്ത റീത്തുകളില്‍പ്പെട്ട നിരവധി വൈദികര്‍ ക്രൈസ്തവസമൂഹങ്ങള്‍ക്ക് ശുശ്രൂഷകളേകുന്നു. ലെബനനോന്‍, ഇന്ത്യ, ഫിലിപ്പീന്‍സ് തുടങ്ങിയ നിരവധി നാടുകളില്‍ നിന്നുള്ളവരാണ് ഈ വൈദികര്‍.

പ്രഭാഷണങ്ങള്‍ക്കു പുറമെ, അബുദാബിയില്‍ ഒരു ചുവടുകൂടെ വയ്ക്കുകയുണ്ടായി, അതായത്, ഞാനും അല്‍ അഷറിലെ വിലയ ഇമാമും മാനവസാഹോദര്യത്തിന്‍റെ ഒരു രേഖയില്‍ ഒപ്പു വച്ചു. ദൈവത്തിന്‍റെ പുത്രീപുത്രന്മാരെന്ന നിലയില്‍ സഹോദരങ്ങളായിരിക്കാന്‍ എല്ലാവര്‍ക്കുമുള്ള പൊതുവായ വിളി ഈ രേഖയില്‍ ഞങ്ങള്‍ പ്രഖ്യാപിക്കുകയും എല്ലാത്തരം അക്രമങ്ങളെയും, മതത്തിന്‍റെ പേരില്‍ നടത്തുന്ന അക്രമങ്ങളെയും അപലപിക്കുകയും ചെയ്യുന്നു. അധികൃതമൂല്യങ്ങളും സമാധാനവും വിശ്വമാകെ വ്യാപിപ്പിക്കാന്‍ ഞങ്ങള്‍ പരിശ്രമിക്കും. ഈ രേഖ നിരവധി വിദ്യാലയങ്ങളിലും സര്‍വകലാശാലകളിലും  പഠനവിഷയമാകും. നിങ്ങളും ഇതു വായിക്കണമെന്നും അതിനെക്കുറിച്ച് അറിയണമെന്നും ഞാന്‍ ശുപാര്‍ശ ചെയ്യുന്നു. കാരണം മാനവസാഹോദര്യത്തെക്കുറിച്ചുള്ള സംഭാഷണത്തില്‍ മുന്നേറാന്‍ അതു ഉത്തേജനമേകും.

ക്രൈസ്തവ-ഇസ്ലാം നാഗരികതകള്‍ തമ്മില്‍ ഒരു സംഘര്‍ഷാവസ്ഥയുണ്ടെന്ന വീക്ഷണം പുലര്‍ത്തുന്നതിനും മതങ്ങളെ സംഘര്‍ഷകാരണങ്ങളായി കാണുന്നതിനുമുള്ള പ്രലോഭനം അതിശക്തമായ നമ്മുടേതു പോലുള്ള ഒരു കാലഘട്ടത്തില്‍  ഞങ്ങള്‍ സുവ്യക്തവും നിര്‍ണ്ണായകവുമായ കൂടുതലായ ഒരടയാളം നല്കി. അതായത്, സമാഗമം സാധ്യമാണ്, പരസ്പരാദരവും സംഭാഷണവും സാധ്യമാണ്, സംസ്കൃതികളുടെയും പാരമ്പര്യങ്ങളുടെയും വൈവിധ്യങ്ങളില്‍ ക്രൈസ്തവ ലോകത്തിനും ഇസ്ലാം ലോകത്തിനും ജീവന്‍, കുടുംബം, മതാവബോധം, വൃദ്ധജനത്തോടുള്ള ആദരവ്, യുവജനശിക്ഷണം തുടങ്ങിയ പൊതുവായ മൂല്യങ്ങള്‍ വിലമതിക്കാനും സംരക്ഷിക്കാനും കഴിയും. 

യുണൈറ്റഡ് അറബ് എമിറേറ്റ്സില്‍ പത്തുലക്ഷത്തില്‍ അല്പം കൂടുതല്‍ മാത്രമാണ് തൊഴിലാളികളായ ക്രൈസ്തവര്‍. ഏഷ്യന്‍ നാടുകളില്‍ നിന്നുള്ളവരാണിവര്‍. അബുദാബിയിലെ വിശുദ്ധ യൗസേപ്പിന്‍റെ നാമത്തിലുള്ള കത്ത്രീദ്രലില്‍ വച്ച് കത്തോലിക്കാസമൂഹത്തിന്‍റെ ഒരു പ്രധിനിധിസംഘവുമായി ഞാന്‍ കൂടിക്കാഴ്ച നടത്തി. അതിനു ശേഷം ഞാന്‍ പോയി എല്ലാവര്‍ക്കുമായി സ്റ്റേഡിയത്തില്‍ ദിവ്യബലി അര്‍പ്പിച്ചു. ഏറെപ്പേര്‍ അതില്‍ പങ്കെടുത്തു. സ്റ്റേഡിയത്തിനകത്തും പുറത്തുമായി ഒരു ലക്ഷത്തി അമ്പതിനായിരത്തോളം പേര്‍ ഉണ്ടായിരുന്നുവെന്നു പറയപ്പെടുന്നു. പാത്രിയാര്‍ക്കീസുമാരും മേജര്‍ ആര്‍ച്ചുബിഷപ്പുമാരും സഹകാര്‍മ്മികരായിരുന്നു. മദ്ധ്യപൂര്‍വദേശത്തിനും യമെനും വേണ്ടിയുള്ള പ്രത്യേക നിയോഗം വച്ചുകൊണ്ട് ഞങ്ങള്‍ ഒരുമിച്ച് സമാധാനത്തിനും നീതിക്കും വേണ്ടി പ്രാര്‍ത്ഥിച്ചു.

പ്രിയ സഹോദരീസഹോദരങ്ങളേ, ഈ യത്ര ദൈവത്തിന്‍റെ “വിസ്മയങ്ങളില്‍” ഉള്‍പ്പെടുന്നു. ആകയാല്‍ നമുക്ക് അവിടത്തെയും അവിടത്തെ പരിപാലനയെയും  പ്രകീര്‍ത്തിക്കാം, വിതയ്ക്കപ്പെട്ട വിത്തുകള്‍ അവിടത്തെ തിരുഹിതമനുസരിച്ച് ഫലങ്ങള്‍ പുറപ്പെടുവിക്കുന്നതിനായി നമുക്ക് പ്രാര്‍ത്ഥിക്കാം.  നന്ദി

 ഈ വാക്കുകളില്‍ പാപ്പായുടെ, ഇറ്റാലിയന്‍ ഭാഷയിലായിരുന്ന, പ്രഭാഷണം അവസാനിച്ചതിനെ തുടര്‍ന്ന് അതിന്‍റെ സംഗ്രഹം ആംഗലവും അറബിയുമുള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെടുകയും ഓരോ വായനയുടെയും അവസാനം പാപ്പാ ആ ഭാഷാക്കാരെ ഇറ്റാലിയന്‍ ഭാഷയില്‍ അഭിവാദ്യം ചെയ്യുകയും ചെയ്തു. 

പൊതുദര്‍ശന പരിപാടിയുടെ അവസാനം യുവജനത്തെയും വൃദ്ധജനത്തെയും രോഗികളെയും നവദമ്പതികളെയും പതിവുപോലെ സംബോധന ചെയ്ത പാപ്പാ, കര്‍ത്തൃപ്രാര്‍ത്ഥന ലത്തീന്‍ ഭാഷയില്‍ ആലപിക്കപ്പെട്ടതിനെ തുടര്‍ന്ന്  എല്ലാവര്‍ക്കും  തന്‍റെ  അപ്പസ്തോലിക ആശീര്‍വ്വാദം നല്കി.

 

06 February 2019, 13:14