Religions for peace - Pope Francis and Grand Imam At-tayyib of Egypt Religions for peace - Pope Francis and Grand Imam At-tayyib of Egypt 

യുഎഇ സ്ഥാപക സ്മരണയിലെ മതസൗഹാര്‍ദ്ദ സമ്മേളനം

മതസൗഹാര്‍ദ്ദത്തിനും വിശ്വസാഹോദര്യ പ്രഖ്യാപനത്തിനും വേദിയായ ഷെയിക് സായിദ് ബിന്‍ സുല്‍ത്താന്‍റെ സ്മാരകമണ്ഡപത്തിലെ പരിപാടികള്‍ :
സ്മാരകവേദിയിലെ മതസൗഹാര്‍ദ്ദസംഗമം - ശബ്ദരേഖ

യുഎഇയുടെ രാഷ്ട്രപിതാവിന്‍റെ സ്മരണാര്‍ത്ഥം
2004-ല്‍ അന്തരിച്ച ഷെയിക്ക് സായിദ് ബിന്‍ സുല്‍ത്താന്‍റെ പതറാത്ത തീക്ഷ്ണതയുടെയും, കൂട്ടായ്മയുടെ ദര്‍ശനത്തിന്‍റെയും സ്വപ്നസാക്ഷാത്ക്കാരമായിരുന്നു യുഎഇ എന്ന അറബി സാമ്രാജ്യം. 60-കളില്‍ ബ്രിട്ടീഷ് മേല്‍ക്കോയ്മ അവസാനിക്കവെ മരുപ്രദേശത്ത് അദ്ദേഹം ഏറ്റെടുത്ത ദൗത്യം 1971-ലാണ് പൂര്‍ത്തീകരിക്കപ്പെട്ടത് – യൂണൈറ്റെഡ് അറബ് എമിറേറ്റ്സ്! ചെറിയ 7 തെക്കന്‍ അറബിരാജ്യങ്ങളുടെ കൂട്ടായ്മയാണ് സമൃദ്ധിയില്‍ വളര്‍ന്ന്, ഇന്ന് വിശ്വസാഹോദര്യത്തിന്‍റെ കാഹളമോതുവാന്‍ വെമ്പിനില്ക്കുന്നത്.

സ്മൃതിമണ്ഡപം ഒരു  ദൃശ്യശില്പം 
20 ഏക്കര്‍ വലുപ്പമുള്ളതും പ്രകൃതി രമണീയവും, പാരിസ്ഥിതിക സമഗ്രതയുള്ളതുമായ പ്രദേശത്താണ് അതിമനോഹരമായ സ്ഥാപകസ്മാരകം നിലകൊള്ളുന്നത്. അമേരിക്കന്‍ കലാകാരനും, വാസ്തുശില്പിയുമായ റാല്‍ഫ് ഹെല്‍മിക് രൂപകല്പനചെയ്തു പണിതീര്‍ത്തതാണ് ത്രിമാന ദൃശ്യാത്ഭുതമായ ഈ സ്മാരക മണ്ഡപം. ഇവിടെയാണ് പാപ്പാ ഫ്രാന്‍സിസ് മുഖ്യപ്രഭാഷകനായുള്ള അത്യപൂര്‍വ്വ മതസൗഹാര്‍ദ്ദ സംഗമം നടന്നത്. 100 ചതുരശ്രയടി വലുപ്പമുള്ള സമചതുര ഷഡ്ഭുജമായ സ്ഫടികക്കൂടാരമാണ് ഈ ദൃശ്യാകാരം. അതിനുള്ളിലെ നക്ഷത്രസമാനവും, ചലിക്കുന്നതുമായ പ്രകാശഘടകങ്ങളും,  ഏതുദിശയില്‍നിന്നു നോക്കിയാലും അവ രൂപംനല്കുന്ന സ്ഥാപകനേതാവിന്‍റെ ചിത്രവും ആര്‍ക്കും കണ്‍കുളിര്‍ക്കുന്ന ദൃശ്യബിംബംതന്നെയാണ്.

മതസൗഹാര്‍ദ്ദ സമ്മേളനം
പ്രത്യേക മിനി ബസ്സില്‍നിന്നും ഇറങ്ങിയ പാപ്പായെയും, വലിയ ഇമാം തയ്യീബിനെയും അബുദാബിയുടെ കിരീടാവകാശി, മുഹമ്മദ് ബിന്‍ സയീദ് അല്‍ നഹ്യാന്‍ വേദിയിലേയ്ക്ക് ആനയിച്ചു. മൂന്നുപേരും തോളുരുമ്മി, പുറകില്‍ മറ്റു മന്ത്രിമാരുടെ അകമ്പടിയോടെ കൈകോര്‍ത്തു നീങ്ങിയത് പ്രകടമായ സാഹോദര്യത്തിന്‍റെ പ്രതീകമായി. യുഎഇയുടെ മറ്റു ഭരണാധിപന്മാരും, പ്രമുഖനേതാക്കളും, സഭാദ്ധ്യക്ഷന്മാരും, വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി, കര്‍ദ്ദിനാള്‍ പിയെത്രോ പരോളിന്‍ ഉള്‍പ്പെടെ ഏറെ വിശിഷ്ടവ്യക്തികളും, ക്ഷണിതാക്കളും വേദയില്‍ നേരത്തെതന്നെ ഉപവിഷ്ടരായിരുന്നു. പാപ്പായും സംഘവും വേദിയില്‍ എത്തിയതും, എല്ലാവരും എഴുന്നേറ്റുനിന്ന് വിശിഷ്ടാതിഥികളെ വരവേറ്റു. 

സ്വാഗതം 
മതസൗഹാര്‍ദ്ദ സംഗമസദസ്സിനും, പാപ്പാ ഫ്രാന്‍സിസിനും, വലിയ ഇമാം അത്-തയ്യീബിനും മറ്റു വിശിഷ്ട വ്യക്തികള്‍ക്കും സ്വാഗതംപറഞ്ഞത് യുഎഇ-യുടെ ഇപ്പോഴത്തെ വൈസ് പ്രസിഡന്‍റും,  പ്രധാനമന്ത്രിയുമായ മഹമ്മദ് ബിന്‍ റഷീദ് മാക്തമായിരുന്നു. വിവിധ മതസ്ഥര്‍ തമ്മിലുള്ള ആദരപൂര്‍വ്വമായ സംവാദവും ധാരണയും ലോകത്ത് സമാധാനവും സ്നേഹവുമുള്ള സമൂഹം വളര്‍ത്തും എന്ന പ്രത്യാശയിലാണ്,  യുഎഇയുടെ പ്രസിഡന്‍റ് ഷെയ്ക്ക് കലീഫ ബിന്‍ സയീദ് അല്‍ നഹ്യാന്‍റെ നേതൃത്വത്തില്‍ ആഗോള സഭാദ്ധ്യക്ഷനും ആരാധ്യനുമായ പാപ്പാ ഫ്രാന്‍സിസ്, ഈജിപ്തിലെ വലിയ ഇമാം ഡോ. അഹമ്മദ് അത്-തയ്യീബ് എന്നിവരുടെ നേതൃത്വത്തില്‍ ഈ സാഹോദര്യസംഗമം യാഥാര്‍ത്ഥ്യമായതെന്ന് റഷീദ് മാക്താം ആമുഖമായി പ്രസ്താവിച്ചു. അതുപോലെ വേദിയില്‍ ഒപ്പുവച്ച വിശ്വാസാഹോദര്യത്തിന്‍റെ പ്രമാണരേഖയെക്കുറിച്ചും (Human Fraternity Document) അല്‍-മാക്തം പ്രതിപാദിച്ചു. വിശ്വസാഹോദര്യത്തിനായി പ്രയത്നിക്കുന്നവര്‍ക്കുള്ള “ദാര്‍ സയീദ്” പുരസ്ക്കാരത്തിന്‍റെ പ്രഥമ പതിപ്പ് പാപ്പാ ഫ്രാന്‍സിസിനും, ഡോ. അഹമ്മദ് അത്-തയ്യീബിനും നല്കുന്നതായും അദ്ദേഹം വേദിയില്‍ പ്രഖ്യാപിച്ചു. മാനവിക സാഹോദര്യത്തിന്‍റെ പ്രയോക്താക്കളും സംരക്ഷകരുമായി യുഎഇ രാഷ്ട്രങ്ങളുടെ കൂട്ടായ്മ എന്നും ലോകത്ത് കൈകോര്‍ത്തുനില്ക്കും എന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് റഷീദ് മാക്തം സ്വാഗതാശംസ ഉപസംഹരിച്ചത്.

ഡോ. അഹമ്മദ് അല്‍-തയീബിന്‍റെ പ്രഭാഷണം
സഭാനേതാക്കളും ഇസ്ലാമിക രാഷ്ട്രങ്ങളുടെ തലവന്മാരും രാഷ്ട്രീയ പ്രമുഖരും സാമൂഹ്യ പ്രബുദ്ധരും, പണ്ഡിതന്മാരും സംഗമിക്കുന്ന ഈ വേദി മാനവിക സാഹോദര്യത്തിന്‍റെ വേദിയാണെന്ന് അല്‍-തയ്യിബ് വിശേഷിപ്പിച്ചു. അതിന്‍റെ പ്രായോഗിക മുഖമാണ് സംഗമം പ്രഖ്യാപിച്ചു പ്രസിദ്ധപ്പെടുത്തിയ വിശ്വസാഹോദര്യത്തിന്‍റെ പ്രമാണരേഖയെന്നും അദ്ദേഹം വ്യക്തമാക്കി. ലോകത്തെവിടെയും കാണുന്ന വിദ്വേഷത്തിന്‍റെയും, അനീതിയുടെയും അതിക്രമങ്ങളുടെയും രക്തച്ചൊരിച്ചിലിന്‍റെയും സംസ്കാരം വെടിഞ്ഞ്, മാനവികതയുടെ നന്മയ്ക്കും സുസ്ഥിതിക്കുമായുള്ള സമാധാനത്തിന്‍റെയും പരസ്പരാദരവിന്‍റെയും സാഹോദര്യത്തിന്‍റെയും സംസ്കാരം വളര്‍ത്തേണ്ടത് അനിവാര്യമാണെന്നും, അല്ലെങ്കില്‍ പൊതുഭവനമായ ഭൂമി ഒരു മൂന്നാം ലോക മഹായുദ്ധത്തില്‍ കെട്ടടങ്ങുമെന്ന് അല്‍-തയ്യിബ് സമര്‍ത്ഥിച്ചു. 

തുടര്‍ന്ന് പാപ്പാ ഫ്രാന്‍സിസിന്‍റെ പ്രഭാഷണമായിരുന്നു (only audio track). 

വിശ്വസാഹോദര്യത്തിന്‍റെ പ്രഖ്യാപനം
പ്രഭാഷണാനന്തരം  സ്വന്തം കൈപ്പടയില്‍  - പാപ്പാ ഫ്രാന്‍സിസ് സ്പാനിഷിലും, അല്‍ തയീബ് വലിയ ഇമാം അറബിയിലും എഴുതിയ പൊതുവായ വിശ്വസാഹാദര്യത്തിന്‍റെ പ്രഖ്യാപനം കൈമാറ്റംചെയ്യപ്പെട്ടു. അതിന്‍റെ പ്രതികള്‍ സമ്മേളനത്തിനു സമര്‍പ്പിക്കുകയും ചെയ്തു. ലോകത്തെ രണ്ടു വലിയ മതങ്ങള്‍ - ഇസ്ലാമും, ക്രിസ്തുമതവും വിശ്വസാഹോദര്യത്തിന്‍റെ പാതയില്‍ ഐക്യപ്പെടുന്നതിന്‍റെ പ്രതീകമായി അബുദാബിയില്‍, അടുത്തടുത്തായി പണിയപ്പെടാന്‍ പോകുന്ന ദേവാലയത്തിന്‍റെയും മോസ്ക്കിന്‍റെയു അടിസ്ഥാനശിലകള്‍ കിരീടാവകാശി, ഷെയിക് മുഹമ്മദ് ബിന്‍ സയീദ് സമ്മേളനത്തിനു സമര്‍പ്പിച്ചുകൊണ്ട് പ്രദര്‍ശിപ്പിച്ചു. 

ചിത്രപ്രദര്‍ശനം 
തുടര്‍ന്നുള്ള ഹ്രസ്വമായ വീഡിയോ പ്രദര്‍ശനം ലോകം ഇന്ന് അനുഭവിക്കുന്ന അനീതിയുടെയും അതിക്രമങ്ങളുടെയും യാതനകള്‍ ചൂണ്ടിക്കാട്ടിയപ്പോഴും, വിശ്വസാഹോദര്യത്തിന്‍റെയും സമാധാനത്തിന്‍റെയും പ്രചോദനം പകരുന്നതായിരുന്നു. തുടര്‍ന്ന്,  പാപ്പാ ഫ്രാന്‍സിസും, വലിയ ഇമാം അത്-തയീബും സ്ഥാപകസ്മാരത്തിന്‍റെ വേദിവിട്ട് ഇറങ്ങിയതോടെ സമ്മേളനത്തിന് പരിസമാപ്തിയായി. 7 കി.മി. അകലെയുള്ള തന്‍റെ താല്ക്കാലിക താമസ സങ്കേതമായ “അല്‍ മുഷ്റഫ്” കൊട്ടാരത്തിലേയ്ക്ക് പാപ്പാ കാറില്‍ യാത്രയായി, ഒപ്പം മറ്റു വിശിഷ്ടവ്യക്തികളും യാത്രയായി. 

മാനവിക സാഹോദര്യത്തിന്‍റെ പുതിയ  ചരിത്രസംഭവങ്ങള്‍ക്ക് സാക്ഷിയെന്നോണം അറേബ്യന്‍ ചക്രവാളത്തില്‍ സൂര്യന്‍ സായംസന്ധ്യയുടെ പ്രഭവിരിയിച്ചുനിന്നു! 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

05 February 2019, 20:24