Mariam Teresia Beata India - the cloister of Kuzhikkatussery convent in Kerala Mariam Teresia Beata India - the cloister of Kuzhikkatussery convent in Kerala 

മറിയം ത്രേസ്യയും കര്‍ദ്ദിനാള്‍ ന്യൂമാനും വിശുദ്ധപദത്തിലേയ്ക്ക്

വിശുദ്ധരുടെ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘം (Congregation for Saints) വിശുദ്ധപദ പ്രഖ്യാപനം സംബന്ധിച്ച ഡിക്രി പ്രസിദ്ധപ്പെടുത്തി :

- ഫാദര്‍ വില്യം നെല്ലിക്കല്‍

വിശുദ്ധപദം ചൂടുന്ന രണ്ടു വാഴ്ത്തപ്പെട്ടവര്‍
വാഴ്ത്തപ്പെട്ടവരായ മറിയം ത്രേസ്യയുടെയും കര്‍ദ്ദിനാള്‍ ഹെന്‍ട്രി ന്യൂമാന്‍റെയും മാദ്ധ്യസ്ഥതയില്‍‍ ലഭിച്ച അത്ഭുത രോഗശാന്തികള്‍ പാപ്പാ ഫ്രാന്‍സിസ് അംഗീകരിച്ചു. വിശുദ്ധരുടെ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘം ഇതു സംബന്ധിച്ച ഡിക്രി ഫെബ്രുവരി 13-Ɔο തിയതി ബുധനാഴ്ച പ്രസിദ്ധപ്പെടുത്തി. ഈ രണ്ടു വാഴ്ത്തപ്പെട്ടവരും ആസന്ന ഭാവിയില്‍ വിശുദ്ധപദത്തിലേയ്ക്ക് ഉയര്‍ത്തപ്പെടും.

കേരളക്കരയില്‍നിന്നു വീണ്ടും ഒരു വിശുദ്ധ
കേരളത്തിലെ തിരുക്കുടുംബ  സന്ന്യാസിനീ സമൂഹത്തിന്‍റെ  (Congregation of the Sisters of Holy Family)  സ്ഥാപകയാണ് വാഴ്ത്തപ്പെട്ട മറിയം ത്രേസ്യ ചിറമ്മേല്‍ മങ്കിടിയാന്‍. 1876-ല്‍ തൃശൂര്‍ ജില്ലയിലെ പുത്തന്‍ചിറയിലായിരുന്നു ജനനം. 1926-ല്‍ കുഴിക്കാട്ടുശേരിയില്‍ മരണമടഞ്ഞു.

കര്‍ദ്ദിനാള്‍ ന്യൂമാന്‍ വിശുദ്ധപദത്തിലേയ്ക്ക്
വാഴ്ത്തപ്പെട്ട കര്‍ദ്ദിനാള്‍ ന്യൂമാന്‍ ആഗോളതലത്തില്‍ അറിയപ്പെട്ട പ്രഭാഷകനും ആത്മീയാചാര്യനും, ദൈവശാസ്ത്രപണ്ഡിതനും കവിയുമാണ്. ഫിലിപ്പ് നേരിയുടെ നാമത്തിലുള്ള ഇംഗ്ലണ്ടിലെ ഓറട്ടറിയുടെ സ്ഥാപകനായിട്ടും കര്‍ദ്ദിനാള്‍ ന്യൂമാന്‍ അറിയപ്പെടുന്നു. Lead kindly light… മലയാളത്തിലെ നിത്യമാം പ്രകാശമേ, നയിക്കുകെന്നെ നീ... എന്ന ഗാനം കര്‍ദ്ദിനാള്‍ ന്യൂമാന്‍റേതാണ്. 1801-ലണ്ടനില്‍ ജനിച്ചു. എഡ്ജ്ബാസ്റ്റണില്‍ അന്തരിച്ചു.

ഇക്വഡോറിലെ രക്തസാക്ഷി
ദൈവദാസന്‍ വിത്തോറിയോ എമീലിയോ മോസ്കോസോ കാര്‍ദെനാസിന്‍റെ രക്തസാക്ഷിത്വം പാപ്പാ ഫ്രാന്‍സിസ് അംഗീകരിച്ചു. 1846-ല്‍ തെക്കെ അമേരിക്കന്‍ രാജ്യമായ ഇക്വഡോറില്‍ ജനിച്ച അദ്ദേഹം ഈശോസഭാ വൈദികനാണ്. 1897-ല്‍ റിയോബാംബായിലാണ് അദ്ദേഹം രക്തസാക്ഷിത്വം വരിച്ചത്. വിശ്വാസത്തോടുള്ള വിദ്വേഷത്തെപ്രതിയാണ് എമീലിയോ മോസ്കോസോ കൊല്ലപ്പെട്ടതെന്ന് രേഖകള്‍ പരിശോധിച്ച പാപ്പാ ഫ്രാന്‍സിസ് സ്ഥിരീകരിച്ചു.

അഞ്ചുപേര്‍ ധന്യപദത്തിലേയ്ക്ക്
അഞ്ചു ദൈവദാസരുടെ വീരോചിത പുണ്യങ്ങളും ഡിക്രിയില്‍ പാപ്പാ ഫ്രാന്‍സിസ് അംഗീകരിക്കുകയുണ്ടായി. ഈ പുണ്യാത്മാക്കള്‍ ഡിക്രി പ്രകാരം ധ്യനപദത്തിലേയ്ക്ക് ഉയര്‍ത്തപ്പെടുകയാണ്  :

ഹങ്കറിയിലെ കര്‍ദ്ദിനാള്‍ ജോസഫ് മിന്‍സേന്തി
1. ദൈവദാസന്‍, കര്‍ദ്ദിനാള്‍ ജോസഫ് മിന്‍സേന്തി - ഹങ്കറിയിലെ എസ്തര്‍ഗോമിലെ മെത്രാപ്പോലീത്തയായിരുന്നു. അദ്ദേഹം ഹങ്കറിയിലെ ഷിയസെമിന്‍സേന്തില്‍ 1892-ല്‍  ജനിച്ചു. 1975-ല്‍ ഓസ്ട്രിയയിലെ വിയെന്നയില്‍ അന്തരിച്ചു.

ഇറ്റലിക്കാരന്‍  ഇടവക വൈദികന്‍ ജോണ്‍ ബാപ്റ്റിസ്റ്റ് സുവബോനി  
2. ഇടവക വൈദികനും, തിരുക്കുടുംബ  നാമത്തിലുള്ള അല്‍മായ പ്രസ്ഥാനത്തിന്‍റെ (Secular Institute of the Holy Family) സ്ഥാപകനുമായ ദൈവദാസന്‍ ജോണ്‍ ബാപ്റ്റിസ്റ്റ് സുവബോനി. ഇറ്റലിയിലെ വെസ്തോണെയില്‍ 1880-ല്‍ ജനിച്ചു. 1939-ല്‍ ബ്രേഷ്യയില്‍ അന്തരിച്ചു.

സ്പെയിനിലെ ഇമ്മാനുവേല്‍ ഗാര്‍ഷ്യാ
3 ദൈവദാസന്‍ ഇമ്മാനുവേല്‍ ഗാര്‍ഷ്യാ നിയേത്തോ - വൈദികനും ഈശോ സഭാംഗവുമാണ്. 1894-ല്‍ സ്പെയിനിലെ മക്കോത്തെരായില്‍ ജനിച്ചു, കൊമീലാസില്‍ 1974-ല്‍ മരണമടഞ്ഞു.

ഇറ്റലിയിലെ ദൈവദാസി ലെത്തീസിയ
4 ലെത്തീസിയ എന്നറിയപ്പെട്ട, ദൈവദാസി സെറഫീനാ ഫോര്‍മായ് സുവിശേഷത്തിന്‍റെ മിഷണറി സഹോദരിമാരുടെ സന്ന്യാസ സമൂഹ സ്ഥാപകയാണ് (Congregation of the Missionary Sisters of the Good News). 1876-ല്‍ ഇറ്റലിയിലെ കാസൊളാ ലുനീജിയാനയില്‍ ജനിച്ചു. 1954-ല്‍ പൊന്ത്രെമോളിയില്‍ അന്തരിച്ചു.

കൊളംബിയക്കാരി ബേര്‍ണിസ് ദൂങ്ക്വേ
5 അന്ന ജൂലിയ എന്നറിയപ്പെട്ട, ദൈവദാസി. മിയ ബേര്‍ണിസ് ദൂങ്ക്വേ ഹെങ്കര്‍ - മംഗലവാര്‍ത്തയുടെ  സന്ന്യാസിനീ  സമൂഹത്തിന്‍റെ സ്ഥാപകയാണ് (Congregation of the Sisters of the Annunciation). കൊളംബിയയിലെ സലാമിനയില്‍ 1898-ല്‍ ജനിച്ചു. മെദെലിനില്‍ 1993-ല്‍ മരണമടഞ്ഞു.    

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

13 February 2019, 16:42