അന്തര്‍ദേശീയ കാർഷീക വികസന നിക്ഷേപ സ്ഥാപനത്തിന്‍റെ   സമ്മേളന വേദി അന്തര്‍ദേശീയ കാർഷീക വികസന നിക്ഷേപ സ്ഥാപനത്തിന്‍റെ സമ്മേളന വേദി 

കര്‍ഷകരുടെ ദുരിതങ്ങള്‍ക്കു ഉത്തരം നല്‍കണമെന്ന് പാപ്പാ

റോമിൽ നടക്കുന്ന അന്തര്‍ദേശീയ കാർഷീക വികസന നിധിക്കായുള്ള സ്ഥാപനത്തിന്‍റെ നാല്പത്തി രണ്ടാം പൊതുസമ്മേളനത്തെ കുറിച്ചും ഈ സ്ഥാപനത്തിന്‍റെ പ്രവർത്തനങ്ങളോടുള്ള കത്തോലിക്കാ സഭയുടെയും ഫ്രാന്‍സിസ് പാപ്പായുടെയും സമീപനവും വീക്ഷണവും

സി.റൂബിനി സി.റ്റി.സി

അന്തര്‍ദേശീയ കാർഷീക വികസന നിക്ഷേപ സ്ഥാപനം IFAD അഥവാ (INTERNATIONAL FUND FOR AGRICULTURAL  DEVELOPMENT) 

അന്തര്‍ദേശീയ കാർഷീക വികസന നിക്ഷേപ സ്ഥാപനം IFAD അഥവാ (INTERNATIONAL FUND FOR AGRICULTURAL  DEVELOPMENT) എന്ന സ്ഥാപനം ഐക്യരാഷ്ട്ര സഭയുടെ ഒരു സവിശേഷ ശാഖയാണ്. 1970 ൽ ലോകത്തെ സാരമായി പ്രതിസന്ധിയിലാക്കിയ വരൾച്ചയുടെയും,  പട്ടിണിയുടെയും, ദാരിദ്ര്യത്തിന്‍റെയും നിലവിളിക്കുള്ള ഉത്തരമായി ഐക്യ രാഷ്ട്രസഭ രൂപപ്പെടുത്തിയ ഈ സ്ഥാപനം 1977 ലാണ് നിലവിൽ വന്നത്. ഇറ്റലിയിൽ റോമിനെ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന കാർഷിക വികസന നിക്ഷേപത്തിനായുള്ള സ്ഥാപനം വികസ്വര രാഷ്ട്രങ്ങളിലുള്ള ഗ്രാമങ്ങളിൽ കാർഷീക മേഖലയെ ആശ്രയിച്ചു ജീവിക്കുന്ന ജീവിതങ്ങളെ കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്.

ദാരിദ്ര്യത്തിന്‍റെയും പട്ടിണിയുടെയും കാരണം  പോഷകാഹാരകുറവും, കർഷക മേഖലയിലെ വരൾച്ചയും, ഭക്ഷണ ഉല്പാദനത്തില്‍ വരുന്ന കുറവുകളും മാത്രമല്ല അടിസ്ഥാനപരമായി ഘടനാപരമായ കാരണങ്ങളും കൂടിയുണ്ടെന്ന് ലോക നേതാക്കൾ തിരിച്ചറിഞ്ഞതിന്‍റെ ഫലമായി രൂപപെട്ടതാണ് ഈ പ്രസ്ഥാനം. ഗ്രാമ പ്രദേശങ്ങളിൽ ജീവിക്കുന്ന കർഷകരുടെ ജീവിത നിലവാരത്തെ ഉയർത്തുന്നതിനും, പട്ടിണിയും ദാരിദ്ര്യവും നിർമ്മൂലമാക്കണമെന്ന പ്രധാന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഈ സ്ഥാപനം ആഫ്രിക്കൻ ഭൂഖണ്ഡത്തിലുള്‍പ്പെട്ട രാഷ്ട്രങ്ങളിലെ ഗ്രാമങ്ങളിൽ ജീവിക്കുന്ന കര്‍ഷകത്തൊഴിലാളികൾക്കു കൂടുതൽ ശ്രദ്ധ നൽകുന്നു.

1974 ലാണ് ഇത് രൂപീകരിക്കപ്പെട്ടതെങ്കിലും 1977 ൽ റോമിൽ വച്ച് സംഘടിക്കപ്പെട്ട സമ്മേളനത്തിന് ശേഷമാണ് അന്താരാഷ്ട്ര കാർഷീക വികസന നിധിക്കായുള്ള സ്ഥാപനമായി ഉയർത്തപ്പെട്ടത്.

വികസ്വര രാഷ്ട്രങ്ങളിലെ ഗ്രാമങ്ങളിൽ വസിക്കുന്ന കർഷകരെ ദാരിദ്ര്യത്തിന്‍റെ ഇരുട്ടനുഭവങ്ങളിൽ നിന്ന് രക്ഷിക്കുന്നതിനും, അവരുടെ ജീവിത പ്രതിസന്ധികളിൽ സാമ്പത്തിക സഹായം നൽകി പട്ടിണിയിൽ നിന്നും വിമുക്തരാക്കുന്നതിനും വേണ്ടി  പ്രവർത്തിക്കുന്ന IFAD യുടെ ഇപ്പോഴത്തെ മേലധ്യക്ഷൻ റ്റോക്കോ സ്വദേശീയായ ഗിൽബെർട്ട് എഫ് ഹാവുങ്ബോയാണ്. നാല് വർഷമാണ് നേതൃത്വ കാലഘട്ടം.

IFAD യുടെ പ്രധാന ലക്‌ഷ്യം

വികസ്വര രാഷ്രങ്ങളിലുള്ള ദരിദ്രരായ കർഷകരെ ശക്തരാക്കുക, ഉയർന്ന വരുമാന മാർഗ്ഗങ്ങളെ ലഭ്യമാക്കി കൊടുക്കുക, സമൂഹത്തിൽ നിലവാരമുള്ള ജീവിതം നയിക്കാനുള്ള സാമ്പത്തീക സഹായം നൽകുക, പ്രകൃതി വിഭവങ്ങളായ ഭൂമിയും ജലവും സുരക്ഷിതമാക്കാന്‍ മെച്ചപ്പെട്ട സംരക്ഷണ നടപടികൾ സ്വീകരിക്കുക, കാർഷിക സാങ്കേതിക വിദ്യകളും ഫലപ്രദമായ ഉൽപാദന മാര്‍ഗ്ഗങ്ങളും, സാമ്പത്തിക സേവനങ്ങളും വിശാലമായി നല്‍കുക, കാർഷിക ഉൽപന്നങ്ങൾക്കും,ഉത്പാദനത്തിനും സുതാര്യവും മത്സരാധിഷ്ഠിതവുമായ വിപണികൾ കണ്ടെത്താന്‍ സഹായിക്കുക, ഗ്രാമീണ കൃഷിയിറക്കല്‍ മെച്ചപ്പെടുത്തുന്നതിനുള്ള അവസരങ്ങൾ പ്രാദേശിക തലത്തിലും, ദേശീയതലത്തിലും സ്വീകരിക്കുക എന്നിവയാണ്.

ലോകത്തിൽ വികസ്വര രാഷ്രങ്ങളിൽ കൂടുതൽ ജനങ്ങളും ജീവിക്കുന്നത് ഗ്രാമപ്രദേശങ്ങളിലാണ്.കാർഷീകത്തെ ജീവിത മാർഗ്ഗമാക്കി ജീവിക്കുന്ന മനുഷ്യർക്ക് IFAD നൽകുന്ന ധനസഹായം വളരെ പ്രധാന്യമര്‍ഹിക്കുന്നതാണ്. ഏഷ്യാ, പസിഫിക്ക്, കിഴക്കു തെക്കൻ ആഫ്രിക്കാ, മധ്യ ആഫ്രിക്കാ എന്നീ പ്രദേശങ്ങളിൽ സാമ്പത്തിക സഹായവും കാർഷീക മേഖലയിൽ നവീനമായ സാങ്കേതിക പദ്ധതികള്‍ ആസൂത്രണം ചെയ്തും കുറഞ്ഞ പലിശ നിരക്കിൽ ലോൺ നൽകിയും കർഷകരെ സംരക്ഷിക്കുന്ന IFAD യുടെ 860 പദ്ധതികളുടെ ഫലം 370 ലക്ഷം വരുന്ന കർഷകർ അനുഭവിക്കുന്നതായി ഈ സ്ഥാപനത്തിന്‍റെ കണക്കുകൾ രേഖപെടുത്തുന്നു.

ഇന്ത്യയിലെ കര്‍ഷകരുടെ നിലവിളികള്‍

അന്തര്‍ദേശീയ കാർഷീക വികസന നിക്ഷേപത്തിനായുള്ള  സ്ഥാപനത്തിൽ 176 രാഷ്ട്രങ്ങൾ അംഗത്വം വഹിക്കുന്നു. ഇന്ത്യയും ഈ സ്ഥാപനത്തിൽ അംഗമായിരിക്കുന്നു. മറ്റു രാഷ്രങ്ങളിൽ എന്നതിനേക്കാൾ  ഇന്ത്യയിൽ എഴുപതു ശതമാനത്തിൽ  വരുന്ന ജനങ്ങള്‍ പരോക്ഷമായോ, നേരിട്ടോ കാർഷീക മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു. എന്നാല്‍ ഇന്ത്യയിലാണ് കര്‍ഷകര്‍ കൂടുതല്‍ ആത്മഹത്യ ചെയ്യുന്നത്. ആത്മഹത്യ ചെയ്ത കര്‍ഷകരുടെ തലയോട്ടിയുമായി കര്‍ഷക മാര്‍ച്ച് ഫെബ്രുവരി പതിന‍ഞ്ചാം തിയതി ഡല്‍ഹിയില്‍ രാംലീല മൈതാനത്തില്‍ നടത്തപ്പെട്ടു.  കര്‍ഷകരുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനായി പ്രത്യേക പാര്‍ലമെന്‍റ് സമ്മേളനം വിളിക്കണമെന്നാവശ്യപ്പെട്ട് കൊണ്ടാണ് പാര്‍ലമെന്‍റിലേക്കുള്ള മാര്‍ച്ച് ആരംഭിച്ചത്.

കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളണമെന്നും, കാര്‍ഷിക വിളകള്‍ക്ക് മെച്ചപ്പെട്ട താങ്ങുവില ഏര്‍പ്പെടുത്തണമെന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ അറിയിക്കുന്നു. കടബാധ്യത, കൃഷിനാശം എന്നീ കാരണങ്ങളാലാണ് കര്‍ഷകര്‍  ആത്മഹത്യ ചെയ്യേണ്ടിവരുന്നത്. കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ നഗ്നരായി മാര്‍ച്ച് നടത്തുമെന്ന് കര്‍ഷകര്‍ ഭീഷണി മുഴക്കിയിട്ടുണ്ട്. കാലാവസ്ഥ വ്യതിയാനവും, ആധൂനീക കർഷക നയങ്ങളും, ഉല്പ്പന്നങ്ങളുടെ വിലക്കുറവും, സാമ്പത്തീക തകർച്ചയും, വളമില്ലാത്ത ഭൂമിയും, ജലക്ഷാമവും തുടങ്ങിയ കാരണങ്ങൾ കർഷകരെ കടബാധ്യതയിലാക്കുന്നു. കടബാധ്യതയിൽ നിന്നും രക്ഷപെടാൻ അവർ ആത്മഹത്യയെ മാർഗ്ഗമായി കാണുന്നു. ഈ അവസരത്തില്‍ ഫ്രാൻസിസ് പാപ്പാ കാർഷീക വികസന നിധിക്കായുള്ള സ്ഥാപനത്തിന്‍റെ നാല്പത്തി രണ്ടാം  പൊതു സമ്മേളനത്തില്‍  പങ്കുവച്ച നിർദ്ദേശങ്ങൾ ലോക ശ്രദ്ധ ആകർഷിക്കുന്നു.

കാർഷിക വികസന നിക്ഷേപത്തിന്‍റെ  42  ആം അന്തർദേശീയ അസംബ്ലിയുടെ ഉത്‌ഘാടന ചടങ്ങിൽ  ഫ്രാൻസിസ് പാപ്പാ നടത്തിയ പ്രസംഗത്തിന്‍റെ പ്രസക്ത ഭാഗങ്ങൾ.

തന്‍റെ സാന്നിധ്യം വഴി ലോകത്തിൽ വേദനിക്കുന്ന ജനസമൂഹത്തിന്‍റെ സ്വരവും ആകാംഷകളും അവതരിപ്പിക്കാൻ ആഗ്രഹിക്കുന്നു എന്നു പറഞ്ഞ പാപ്പാ കുടിക്കാനും കൃഷിക്കും വെള്ളമില്ലാത്തതുമൂലവും കഷ്ടപ്പെടുന്ന ഗ്രാമവാസികളുടെ കണ്ണീരിന്‍റെ ശബ്ദമായി മലിനമായ വായുവും, വറ്റിപ്പോയ പ്രകൃതിവിഭവങ്ങളും, വരണ്ട നദികളും, അമ്ലമയമായ മണ്ണും, മാറിയെന്ന് വ്യക്തമാക്കി. ഗ്രാമവാസികളുടെ ആരോഗ്യ സംരക്ഷണ സംവിധാനങ്ങൾ മാത്രമല്ല വീടുപോലും ദരിദ്രമാണെന്നു പാപ്പാ ചൂണ്ടികാണിക്കുന്നു.  

ലോകസമൂഹം വിജ്ഞാനത്തിൽ മികവുകൾ നേടുന്നു പക്ഷെ അപ്പോഴും ഒരുവശത്ത് ഈ നിലതന്നെ തുടരുന്നെന്നും എന്നാൽ നല്ല ഉദ്ദേശത്തോടെ സമൂഹം വിചാരിച്ചാൽ പട്ടിണിക്കും ദാരിദ്ര്യത്തിനുമെതിരായി പോരാടി നമുക്കു വിജയിക്കാൻ കഴിയുമെന്നും ഫ്രാൻസിസ് പാപ്പാ പ്രത്യാശിക്കുന്നു. "പട്ടിണിക്ക് വർത്തമാനമോ ഭാവിയോ ഇല്ല; ഭൂതകാലം മാത്രം" എന്ന മുദ്രാവാക്യത്തെ യാഥാർത്ഥ്യമാക്കാന്‍ നമുക്ക് കഴിയും. ഇതിനു അന്തർദേശീയ സമൂഹവും, പൗരസമൂഹവും,പാടവമുള്ളവരുടെ സഹായവും ഒത്തൊരുമിക്കണം. ഉത്തരവാദിത്ത്വങ്ങൾ മറ്റുള്ളവരിലേക്ക് നൽകി കൈയ്യൊഴിയാതെ പ്രത്യക്ഷമായ യഥാർത്ഥ പരിഹാരങ്ങൾ നൽകണമെന്ന് പാപ്പാ നിര്‍ദേശിക്കുന്നു.

1964 ല്‍ വി.പോൾ ആറാമൻ പാപ്പായിലൂടെ ദാരിദ്ര്യ നിർമ്മാർജ്ജനത്തിനും ഏറ്റം ദരിദ്രമായ ഇടങ്ങളുടെ സമൂലവികസനങ്ങൾക്കുമായി  ഒരു അന്തർദേശീയ നിക്ഷേപത്തിന്‍റെ ആവശ്യകതയെപ്പറ്റി നിർദേശിച്ചിരുന്നു. പിന്നീടുവന്ന എല്ലാ പാപ്പാമാരും പല അവസരങ്ങളിലും ഇങ്ങനെയുള്ള പ്രവർത്തനങ്ങൾക്കു പ്രോൽത്സാഹനം നൽകുന്നുമുണ്ട്. കാർഷീക വികസന നിധിക്കായുള്ള സ്ഥാപനത്തിന്‍റെ 42 ആം അസ്സംബ്ലിയോട് പുത്തൻ സാഹചര്യങ്ങൾ കണ്ടെത്തി, എല്ലാ ജനങ്ങളെയും അവരെ അലട്ടുന്ന പ്രശ്നങ്ങളെ നേരിടാൻ പ്രാപ്തരാക്കാൻ പാപ്പാ ആവശ്യപ്പെട്ടു.

അന്തർദേശീയ സമൂഹം വരച്ചുവച്ചിട്ടുള്ള 2030 ലെ  സ്ഥായിയായ വികസനത്തിന്‍റെ കാര്യപരിപാടികളിൽ വിശപ്പിനെതിരായുളള പോരാട്ടവും, ഭക്ഷണോത്കൃഷ്ടതയുമെന്ന രണ്ട് ലക്ഷ്യങ്ങള്‍ക്ക് പ്രാധാന്യം നൽകാന്‍ പാപ്പാ നിര്‍ദേശിച്ചു. ഗ്രാമങ്ങള്‍ വികസനം നേടിയില്ലെങ്കില്‍ ഇത് രണ്ടും അസാധ്യമാണെന്ന് പാപ്പാ ചൂണ്ടിക്കാട്ടി. ഭക്ഷണം ഉത്പാദിക്കുന്ന കർഷകരാണ് ഈ ലോകത്തിൽ വിശപ്പ് സഹിക്കുന്നതെന്നും, പോഷകാഹാരക്കുറവുള്ള 320 ദശലക്ഷം പേരെന്നതു ഒരു വിരോധാഭാസമെന്നു പറഞ്ഞ പാപ്പാ പ്രാദേശികവികസനത്തിനു അതിൽത്തന്നെ വലിയ മൂല്യമുണ്ടെന്നു ചൂണ്ടിക്കാട്ടി. ഭൂമിയിലെ ഗ്രാമീണതലങ്ങളിൽ വികസനത്തിനായുള്ള മാര്‍ഗ്ഗങ്ങള്‍ കാണണമെന്നും ഒരു പ്രശ്‍നം വരുമ്പോൾ മാത്രം ഇടപെടേണ്ട ഒന്നായി ആ പ്രദേശങ്ങളെ അവഗണിക്കരുതെന്നും ഫ്രാൻസിസ് പാപ്പാ ആവശ്യപ്പെട്ടു.

ദാരിദ്ര്യം അനുഭവിക്കുന്നവരെത്തന്നെ നേതൃത്വനിരയിൽ നിറുത്തി,  വ്യക്തി കേന്ദ്രീകൃതമായ ഒരു വികസനപ്രക്രിയ രൂപീകരിക്കേണ്ടതിന്‍റെ ആവശ്യകത പാപ്പാ എടുത്തു പറഞ്ഞു. പ്രാദേശികരെ മുന്നിൽ നിറുത്തി ഉത്പാദന പ്രക്രിയകൾ രൂപീകരിക്കുമ്പോൾ പോഷകാഹാരക്കുറവ് നീങ്ങി കാർഷിക മേഖല സ്ഥായിയായ വികസനം നേടുകയും ചെയ്യും. ഈ സാഹചര്യത്തിലാണ് പാപ്പാ ശാസ്ത്രത്തിനു മനസാക്ഷിയുണ്ടാകേണ്ടതിന്‍റെ  ആവശ്യകതയെയും, സാങ്കേതിക വിദ്യകള്‍ പാവപ്പെട്ടവർക്കായുള്ള  സേവനത്തിനായി ഉപയോഗപ്പെടുത്തണമെന്ന ആവശ്യത്തെയും വെളിപ്പെടുത്തിയത്. പുത്തൻ സാങ്കേതിക വിദ്യകൾ പ്രാദേശിക സംസ്കാരത്തെയും പരമ്പരാഗത വിജ്ഞാനത്തെയും എതിർക്കാതെ അവയെക്കൂടി ഉൾക്കൊള്ളാനും ഒരുമിച്ചു പ്രവർത്തിക്കാനും കഴിയുന്ന ഒന്നായിരിക്കണമെന്നും ആവശ്യപ്പെട്ടു.     

അന്തർദ്ദേശീയ കാർഷീക വികസന നിക്ഷേപ സംഘടന വിളിച്ചുകൂട്ടിയ 4 മത് ലോക തദ്ദേശീയ ജനവിഭാഗങ്ങളുടെ സമ്മേളനത്തിൽ ഫ്രാൻസിസ് പാപ്പാ നൽകിയ സന്ദേശം:

ആധൂനിക സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തി കൃഷി ചെയ്യുമ്പോള്‍  പരിസ്ഥിതിക്ക് സംഭവിക്കുന്ന പരിണാമങ്ങൾ ചൂണ്ടിക്കാണിച്ച പാപ്പാ തദ്ദേശീയരായ ജനങ്ങളുടെ വി‍ജ്ഞാന പരിചയം പരിഗണിക്കണമെന്ന് ആവശ്യപ്പെടുന്നു. തദ്ദേശീയരായ ജനങ്ങളുടെ  വിജ്ഞാനവും നല്ല രീതികളും കാലാവസ്ഥാ വ്യതിയാനങ്ങളെ ചെറുക്കാനും സ്ഥായിയായ വികസനത്തിനുമായി പ്രോൽസാഹിപ്പിക്കുക എന്നതായിരുന്നു. സമ്മേളനത്തിന്‍റെ വിഷയം.  പരിസ്ഥിതിയുടെ വിഷയങ്ങൾ വളരെ പ്രാധാന്യമർഹിക്കുന്നു എന്നും, മനുഷ്യന്‍റെ ആർത്തിയും, നാശങ്ങളും അനർത്ഥങ്ങളും സൃഷ്ടിക്കുന്ന യുദ്ധങ്ങളും,പ്രകൃതിക്ഷോഭങ്ങളും മുറിവേൽപ്പിച്ച  ഈ ഭൂമിയെ ശ്രദ്ധിക്കേണ്ട ആവശ്യകത എടുത്തു കാണിക്കുന്നു.

ഇതൊന്നും കണ്ടില്ല എന്ന് നടിക്കാനോ നിസ്സംഗതയോടെ നോക്കിനില്ക്കാനോ നമുക്കാവില്ല. അഗാധമായ സാഹോദര്യബോധം മാത്രമെ ഇതിന് സഹായകമാകുകയുള്ളു എന്ന് പാപ്പാ സൂചിപ്പിച്ചു. ദൈവം സകലർക്കും വേണ്ടിയാണ് ഭൂമി സൃഷ്ടിച്ചതെന്നും, ഒരാളെയും ഒഴിവാക്കാത്ത സകലരേയും സ്വാഗതം ചെയ്യുന്ന ഒരു സ്ഥലമായാണ് അതിനെ നിരൂപിച്ചതെന്നും ഫ്രാൻസിസ് പാപ്പാ പറഞ്ഞു. മനുഷ്യൻ പ്രകൃതിയുടെ ഉടമസ്ഥനല്ല, മറിച്ച് അതിനെ ശ്രദ്ധയോടെ സംരക്ഷിക്കേണ്ടവനാണ്. ഇതാണ് തദ്ദേശീയരായ ജനങ്ങളുടെ വൈവിധ്യമാർന്ന ഭാഷകളും,സംസ്കാരവും, പാരമ്പര്യങ്ങളും, വിജ്ഞാനവും പരമ്പരാഗത രീതികളും നമ്മെ പഠിപ്പിക്കുന്നത്. 

അന്തർ ദേശീയ കാർഷീക വികസന നിക്ഷേപത്തിന്‍റെ  ഉദ്യോഗസ്ഥരെ അഭിവാദ്യം ചെയ്തു  പാപ്പാ നടത്തിയ പ്രഭാഷണംഐക്യരാഷ്ട്രസഭയുടെ പ്രധാനപ്പെട ഓഫീസിൽ നിത്യവും ജോലിചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്ക് ആശംസകൾ അർപ്പിച്ച പാപ്പാ ലോകത്തിലെ ഏറ്റം പാവപ്പെട്ടവരായ ഗ്രാമ വാസികൾക്കായി ചെയ്യുന്ന അവരുടെ സേവനത്തിന് നന്ദി പറഞ്ഞു. പട്ടിണിക്കും ദുരിതങ്ങൾക്കും എതിരെയും, ഇന്നത്തെ ലോകത്തിന്‍റെ ദാരിദ്ര്യം കുറയ്ക്കാനുള്ള മന്ദതയ്ക്കും, കുറച്ചു പേരുടെ കൈയ്യില്‍ സമ്പത്ത് മുഴുവർ കേന്ദ്രീകൃതമാക്കാൻ കാണിക്കുന്ന ധൃതിക്കും എതിരെയാണ് അവരുടെ സേവനമെന്ന് ഓര്‍മ്മപ്പെടുത്തിയ പാപ്പാ കുറച്ചുപേർക്ക് ധാരാളിത്യവും വളരെപ്പേർക്ക് ഒന്നുമില്ലായ്മയും എന്ന വികലമായ അസന്തുലിതാവസ്ഥ മനുഷ്യ കുലത്തിന്‍റെ ഭാവി തകർക്കും എന്ന് നിരീക്ഷിക്കുന്നു. നിർഭാഗ്യരായ ധാരാളം ജനങ്ങൾ അവരുടെ ജോലിയുടെ ഫലമായി രക്ഷപ്പെടുന്നു. എന്നാൽ ഈ ജോലി നന്നായി ചെയ്യാൻ മാനുഷികമായ സംവേദനയും നൈപുണ്യവും വേണം. ഇതിനായി ഫ്രാൻസിസ് പാപ്പാ ഒരു അന്തരീക ജീവിതം കെട്ടിപ്പടുക്കാനും ഹൃദയവിശാലത പാലിക്കാനും ഉപദേശിച്ചു. ഉൽസാഹത്തിന്‍റെ “എൻ - തൂ സിയാസം” എന്ന ഇംഗ്ലീഷ് പദം അർത്ഥമാക്കുന്നതു ചെയ്യുന്നവയിൽ ദൈവത്തെ ചേർക്കുക എന്നാണ്. പ്രാർത്ഥന നമ്മെ ഊർജ്ജമുള്ളവരാക്കും. പ്രാർത്ഥിക്കാൻ കഴിയാത്ത അവിശ്വാസിയായ വ്യക്തിക്ക് ഹൃദയം വിശാലമാക്കാനും നന്മ ആഗ്രഹിക്കാനും കഴിഞ്ഞാൽ ഇതേ ഫലം അനുഭവിക്കാൻ കഴിയുമെന്നും ഇന്നത്തെ ചെറുപ്പക്കാർ പറയുന്നത് പോലെ 'നന്മയുടെ അലകൾ' അയയ്ക്കാൻ കഴിയും  എന്നും പാപ്പാ ഓർമ്മിപ്പിച്ചു.

ഓഫീസിലെ ജോലികളിലെ ഓരോ കടലാസ്സുകളിലും ഒരോ മുഖം കാണാൻ കഴിഞ്ഞാൽ, ആ കടലാസ്സിന് പിന്നിലുള്ള മനുഷ്യമുഖങ്ങൾ കാണാൻ ശ്രമിച്ചാൽ ഉപരിപ്ലവമാകാതെ പാവങ്ങളുടെ യാഥാർത്ഥ്യങ്ങൾ ഹൃദയസ്പർശിയായി അറിയാൻ കഴിയും. അങ്ങനെ മറ്റുള്ളവരെ, അവരുടെ ചരിത്രത്തെ ഹൃദയത്തിലേറ്റുന്ന ഒന്നായി മാറും നമ്മുടെ ജോലി. കുരിശിന്‍റെ വി.യോഹന്നാന്‍റെ വരികളുദ്ധരിച്ച് "സ്നേഹത്തിൽ ചരിക്കുന്നവൻ അപരനെ മുഷിപ്പിക്കില്ല, തളര്‍ത്തുകയുമില്ല" എന്ന് ഓർമ്മിപ്പിച്ച് ഞാൻ ചെയ്യുന്നവ എനിക്കെന്തു ഭാരമാണ് എന്നതിനേക്കാൾ ഞാൻ ചെയ്യുന്നവയിൽ ഞാൻ സ്നേഹം എത്രമാത്രം വയ്ക്കുന്നു എന്ന് ചിന്തിച്ച് മുന്നോട്ടു പോകാനും സ്നേഹത്തിൽ ഒരു സൃഷ്ടികർമ്മമാണ് നടക്കുന്നതെന്നും  പറഞ്ഞ ഫ്രാൻസിസ് പാപ്പാ സ്നേഹം അവരെ സ്രഷ്ടാക്കളാക്കി മുന്നോട്ട് നയിക്കട്ടെ എന്നാശംസിക്കുകയും ചെയ്തു.

ആഹാരമില്ലാതെ ആർക്കും ജീവിക്കാൻ കഴുകിയുകയില്ല. മറ്റുള്ളവരുടെ പട്ടിണി മാറാൻ അദ്ധ്വാനിക്കുന്ന കർഷകന്‍റെ ജീവിതമാണ് ദാരിദ്ര്യത്തിനും പട്ടിണിക്കും അടിമയാക്കപ്പെടുന്നത്. കർഷകരുടെ ജീവിത നിലവാരം ഉയർത്തപ്പെടണം.   സമൂഹവും ലോകവും വികസിക്കുന്നത് കർഷകന്‍റെ ജീവിതം സമ്പുഷ്ടമാക്കപ്പെടുമ്പോഴാണ്. മണ്ണിനെയും മഴയെയും ജീവന്‍റെ ഉറവിടമായി കണ്ട് പാപ്പാ ഉത്ബോധിപ്പിക്കുന്നതു പോലെ പ്രവർത്തനങ്ങളിൽ ദൈവത്തെ നിക്ഷേപിച്ചു നവീനതകളിലും നന്മ കണ്ടെത്തി കര്‍ഷകര്‍ നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കുവാന്‍ അവരെ സഹായിക്കാന്‍ പരിശ്രമിക്കാം.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

16 February 2019, 11:14