തിരയുക

പാപ്പാ എക്യുമേനിക്കൽ പ്രതിനിധികള്‍ക്കൊപ്പം പാപ്പാ എക്യുമേനിക്കൽ പ്രതിനിധികള്‍ക്കൊപ്പം 

ക്രൈസ്തവ പാരമ്പര്യങ്ങളുടെ ഉറവിടത്തിലേക്ക് മടങ്ങണമെന്ന് പാപ്പാ

ജനുവരി 19ᴐo തിയതി, വത്തിക്കാനില്‍ ഫിൻലന്‍റിലെ ലൂതറൻ സഭയുടെ എക്യുമേനിക്കൽ പ്രതിനിധി സംഘത്തിന് നൽകിയ അഭിമുഖത്തിലാണ് ക്രിസ്തുവിന്‍റെ കുത്തിത്തുറക്കപ്പെട്ട പാർശ്വത്തിലേക്ക് തിരിച്ചു പോകണമെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചത്.

 സി. റൂബിനി സി.റ്റി.സി 

പതിറ്റാണ്ടുകളായി വിശുദ്ധ ഹെൻറിക്കിന്‍റെ തിരുനാളോടനുബന്ധിച്ച് റോമിലേക്ക് എക്യുമേനിക്കൽ തീർത്ഥാടനം നടത്താറുള്ള തീര്‍ത്ഥാടകര്‍ക്കു  സന്തോഷപൂർവ്വം ആശംസകളർപ്പിച്ച ഫ്രാൻസിസ് പാപ്പാ ഈ തീർത്ഥാടനം ക്രിസ്തീയ ഐക്യത്തിനു നൽകുന്ന സംഭാവനയെ അനുമോദിച്ചു.

എക്യുമേനിസത്തിനായുള്ള കൂട്ടായ പ്രവർത്തനം വിശ്വാസത്തിന്‍റെ സാരവത്തായ ഘടകമാണെന്നും ക്രിസ്തുവിന്‍റെ അനുയായികളില്‍ നിന്ന് ഉൽഭവിക്കുന്നതാണതെന്നും പാപ്പാ ചൂണ്ടിക്കാട്ടി. ഒരേ ഗുരുവിനെ അനുഗമിക്കുന്ന ശിഷ്യരെന്ന നിലയിൽ എക്യുമേനിസം ഒരു യാത്രയാണെന്ന് തിരിച്ചറിയണം. ഒന്നിച്ചുള്ള യാത്രകള്‍ നമ്മുടെ ഐക്യത്തെ ആഴപ്പെടുത്തുന്നവെന്നും എല്ലാ വർഷമുള്ള സന്ദർശനം അതിന്‍റെ അടയാളമാണെന്നും അതിന് കൃതജ്ഞതയുണ്ടെന്നും പാപ്പാ അറിയിച്ചു.

ഉപവി പ്രവർത്തനങ്ങളും, വിശ്വാസ സാക്ഷ്യവും നമ്മുടെ കടമയാണെന്ന് ആമുഖ പ്രാർത്ഥനാ സമയത്തില്‍ ഓർമ്മിപ്പിച്ച കുവോപിയോയിലെ ലൂതറൻ ബിഷപ്പിന് നന്ദി പറഞ്ഞ ഫ്രാൻസിസ് പാപ്പാ നമ്മുടെ മാമോദീസായിൽ ഊന്നിനിന്നു കൊണ്ട് ഒരുമിച്ചു അര്‍പ്പിക്കുന്ന  പ്രാർത്ഥനകളും, സുവിശേഷ പ്രഖ്യാപനങ്ങളും പാവപ്പെട്ടവരേയും നിർദ്ധനരേയും സേവിക്കുന്ന പ്രേക്ഷിതത്വവും നാം ഐക്യത്തില്‍ സഞ്ചരിക്കുന്നുവെന്നു പ്രത്യക്ഷമായി വെളിപ്പെടുത്തുന്നതായി അറിയിച്ചു.

ലൂതറൻ - കത്തോലിക്കാ സഭകൾ തമ്മില്‍ സംവാദത്തിനായുള്ള കമ്മീഷൻ പുറത്തിറക്കിയ "പങ്കുവയ്ക്കലും വളർച്ചയും'  എന്ന പ്രഖ്യാപനത്തെ  അടിസ്ഥാനമാക്കി ചർച്ചകൾ തുടരണമെന്ന് ആവശ്യപ്പെട്ടു. ഈ യാത്രയിൽ നമ്മൾ തനിച്ചല്ല എന്നും വിശുദ്ധ ഹെൻറിക്കിനെ പോലുള്ള വിശുദ്ധ സാക്ഷ്യങ്ങളുണ്ടെന്നും പാരമ്പര്യങ്ങൾ നമ്മുടെ അനന്യത തളച്ചിടേണ്ട ഒന്നല്ല പ്രത്യുതാ നമ്മുടെ പരസ്പര വളർച്ചയ്ക്ക് ഉപകരിക്കേണ്ട സമ്മാനമാണെന്നും പാപ്പാ ഓർമ്മിപ്പിച്ചു.

ഈ വര്‍ഷത്തെ ക്രൈസ്തവ ഐക്യവാര പ്രാര്‍ത്ഥനയുടെ പ്രമേയം നീതിക്കു വേണ്ടി നീതി മാത്രം പ്രവര്‍ത്തിക്കുക എന്ന നിയമാവർത്തനത്തിലെ 16,18-20 വചനമാണ്. കലഹങ്ങളും, വിദ്വേഷങ്ങളും, വികലമായ ദേശഭക്തിയും വിഘടനവാദങ്ങളും ഇന്നത്തെ ലോകത്തെ മുറിപ്പെടുത്തിയിരിക്കുന്നു.  അതിനാല്‍ നമ്മുടെ ഒരുമിച്ചുള്ള പ്രാർത്ഥനകളും, നീതിക്കായുള്ള പ്രവർത്തനങ്ങളും നിലയ്ക്കരുതെന്നും ഫിൻലന്‍റിലുള്ള ലൂതറൻ, ഓർത്തഡോക്സ്, കത്തോലിക്കാ സഭകൾ തമ്മിൽ ഇപ്പോഴുള്ള പരസ്പര സഹകരണം എന്നും തുടരണമെന്ന് ആശംസിക്കുകയും അനുഗ്രഹിക്കുകയും ചെയ്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

19 January 2019, 16:19