ഓര്‍ത്തഡോക്സ് ക്രൈസ്തവരുടെ തിരുപ്പിറവിയാഘോഷം, മൊള്‍ഡോവയില്‍ നിന്നുള്ള ഒരു ദൃശ്യം, 07/01/19 ഓര്‍ത്തഡോക്സ് ക്രൈസ്തവരുടെ തിരുപ്പിറവിയാഘോഷം, മൊള്‍ഡോവയില്‍ നിന്നുള്ള ഒരു ദൃശ്യം, 07/01/19 

പൗരസ്ത്യ ക്രൈസ്തവര്‍ക്ക് തിരുപ്പിറവിത്തിരുന്നാള്‍ ആശംസകള്‍!

യേശുവുമായും നമ്മള്‍ പരസ്പരവുമുള്ള ബന്ധം സജീവമാക്കി നിലനിറുത്തുക-പാപ്പായുടെ ട്വീറ്റ്

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ജനുവരി 7-ന് തിരുപ്പിറവിത്തിരുന്നാള്‍ ആഘോഷിക്കുന്ന പൗരസ്ത്യ ക്രൈസ്തവര്‍ക്ക് പാപ്പാ ആശംസകളേകി.

തിങ്കളാഴ്ച (07/01/19) കണ്ണിചേര്‍ത്ത ട്വിറ്റര്‍ സന്ദേശത്തിലൂടെയാണ് ഫ്രാന്‍സീസ് പാപ്പാ ഈ ക്രിസ്തുമസ്സ് മംഗളങ്ങള്‍ നേര്‍ന്നത്.

പാപ്പായുടെ പ്രസ്തുത ട്വിറ്റര്‍ സന്ദേശം ഇപ്രകാരമാണ്:

“ദൈവം മനുഷ്യനായിത്തീര്‍ന്നു: നമ്മുടെ ജീവിതത്തില്‍ പങ്കുചേരുന്നതിന് യേശുവിലാണ് അവിടന്ന് മനുഷ്യരൂപം ധരിച്ചത്. അവിടന്നുമായും നമ്മള്‍ പരസ്പ്പരവുമുള്ള ഈ ബന്ധം നമുക്കു സജീവമാക്കി നിലനിറുത്താം. നമ്മുടെ സഹോദരീ സഹോദരങ്ങളായ പൗരസ്ത്യ ക്രൈസ്തവര്‍ക്ക് തിരുപ്പിറവിത്തിരുന്നാളാശംസകള്‍.”

നാം സാധാരണ പിന്‍ചെല്ലുന്ന ഗ്രിഗോറിയന്‍ പഞ്ചാംഗത്തെ അപേക്ഷിച്ച് 13 ദിവസം പിന്നോക്കം നില്ക്കുന്ന ജൂലിയന്‍ പഞ്ചാംഗം ഉപയോഗിക്കുന്ന, ചില പൗരസ്ത്യ കത്തോലിക്കാസഭകളും ഓര്‍ത്തഡോക്സു സഭകളും അനുവര്‍ഷം ജനുവരി 7-നാണ് ക്രിസ്തുമസ്സ് ആഘോഷിക്കുന്നത്.

ഞായറാഴ്ചത്തെ ട്വിറ്റര്‍ സന്ദേശം

കത്തോലിക്കാസഭ പ്രത്യക്ഷീകരണത്തിരുന്നാള്‍ ആചരിച്ച ഞായറാഴ്ച (06/01/19) പാപ്പാ കുറിച്ച ട്വിറ്റര്‍ സന്ദേശം ഇങ്ങനെ ആയിരുന്നു:

“പൂജരാജാക്കള്‍ ഉണ്ണിയേശുവിന് വിലയേറിയ സമ്മാനങ്ങളേകി. നല്കലിന്‍റെ ആനന്ദം കണ്ടെത്താന്‍ സഹായിക്കണേ എന്ന് ഇന്നു നമുക്ക് കര്‍ത്താവിനോടു പ്രാര്‍ത്ഥിക്കാം.”

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

08 January 2019, 07:33