ഫ്രാ‍ന്‍സീസ് പാപ്പാ നയതന്ത്രപ്രധിനിധികളെ വത്തിക്കാനില്‍ സ്വീകരിച്ചപ്പോള്‍, 07/01/19 ഫ്രാ‍ന്‍സീസ് പാപ്പാ നയതന്ത്രപ്രധിനിധികളെ വത്തിക്കാനില്‍ സ്വീകരിച്ചപ്പോള്‍, 07/01/19 

കുടിയേറ്റക്കാര്‍ക്ക് സഹായഹസ്തം നീട്ടുക-പാപ്പാ സര്‍ക്കാരുകളോ‌ട്.

രാഷ്ട്രങ്ങളുടെ ആഭ്യന്തര ജീവിതത്തില്‍ കൈകടത്താന്‍ പരിശുദ്ധ സിംഹാസാനം ആഗ്രഹിക്കുന്നില്ല എന്നാല്‍ നരകുലത്തെ അലട്ടുന്ന പ്രശ്നങ്ങള്‍ സശ്രദ്ധം ശ്രവിക്കാനും നരകുലത്തിന്‍റെ നന്മയ്ക്കായി ആത്മാര്‍ത്ഥമായും താഴ്മയോടും കൂടെ പ്രവര്‍ത്തിക്കാനും അഭിലഷിക്കുന്നു- പാപ്പാ.

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

പരിശുദ്ധസിംഹാസനത്തിന് മാനവകുലം മുഴുവനെയും  അതിന്‍റെ ഭൗതിക- സാമൂഹ്യാവശ്യങ്ങളെയും കുറിച്ചുള്ള ഔത്സുക്യത്തിന്‍റെ അടിസ്ഥാനം, യേശു പത്രോസ് ശ്ലീഹായക്ക് നല്കിയ, “എന്‍റെ ആടുകളെ മേയിക്കുക” എന്ന കല്പനയാണെന്ന് മാര്‍പ്പാപ്പാ.

ലോകരാഷ്ട്രങ്ങള്‍ പരിശുദ്ധസിംഹാനത്തിനു വേണ്ടി നിയമിച്ചിട്ടുള്ള സ്ഥാനപതികളുള്‍പ്പടെയുള്ള നയതന്ത്ര പ്രതിനിധികളെ,  പതിവുപോലെ, ഇക്കൊല്ലവും, നവവത്സരാശംസകള്‍ കൈമാറുന്നതിന്, വത്തിക്കാനില്‍ തിങ്കളാഴ്ച (07/01/19) സ്വീകരിച്ചു സംബോധന ചെയ്യുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

രാഷ്ട്രങ്ങളുടെ ആഭ്യന്തര ജീവിതത്തില്‍ കൈകടത്താന്‍ പരിശുദ്ധ സിംഹാസാനം ആഗ്രഹിക്കുന്നില്ല എന്നാല്‍ നരകുലത്തെ അലട്ടുന്ന പ്രശ്നങ്ങള്‍ സശ്രദ്ധം ശ്രവിക്കാനും നരകുലത്തിന്‍റെ നന്മയ്ക്കായി ആത്മാര്‍ത്ഥമായും താഴ്മയോടും കൂടെ പ്രവര്‍ത്തിക്കാനും അഭിലഷിക്കുന്നുവെന്ന് പാപ്പാ പറഞ്ഞു.

പരിശുദ്ധസിംഹസാനത്തിനു ലോകരാഷ്ട്രങ്ങളുമായുള്ള ബന്ധത്തെക്കുറിച്ചും പരാമര്‍ശിച്ച പാപ്പാ അനതിവിദൂരഭാവിയില്‍ വിയറ്റ്നാമിനു വേണ്ടി ഒരു നയതന്ത്ര പ്രതിനിധിയെ നാമനിര്‍ദ്ദേശം ചെയ്യുമെന്ന സൂചന നല്കുകയും അദ്ദേഹത്തിന്‍റെ സാന്നിധ്യം, സര്‍വ്വോപരി,  അന്നാട്ടിലെ സഭയുടെ കാര്യത്തില്‍ പത്രോസിന്‍റെ പിന്‍ഗാമിയ്ക്കുള്ള ഔത്സുക്യത്തിന്‍റെ പ്രകടനമായിരിക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തു.

ചൈനയില്‍ മെത്രാന്മാരെ നിയമിക്കുന്നതിനെ സംബന്ധിച്ച് സെപ്റ്റമ്പര്‍ 22 ന് ഒപ്പുവച്ച താല്ക്കാലിക ഉടമ്പടിയെയും പ്രാദേശിക സഭയോടു പത്രോസിന്‍റെ പിന്‍ഗാമിയ്ക്കുള്ള ഔത്സുക്യത്തിന്‍റെ ആവിഷ്ക്കാരമായിത്തന്നെ കാണണമെന്ന് പാപ്പാ പറഞ്ഞു.

കുടിയേറ്റക്കാരും അഭയാര്‍ത്ഥികളുമുള്‍പ്പടെയുള്ള വേധ്യരായ ജനങ്ങള്‍ക്ക് സംരക്ഷണം ഉറപ്പുനല്കാന്‍ അന്താരാഷ്ട്രസമൂഹത്തിനുള്ള കടമയെക്കുറിച്ചും പരാമര്‍ശിച്ച പാപ്പാ ദാരിദ്ര്യം, അതിക്രമങ്ങള്‍, പീഢനങ്ങള്‍, പ്രകൃതിദുരന്തങ്ങള്‍, കാലവസ്ഥ പ്രശ്നങ്ങള്‍  തുടങ്ങിയ വിവിധങ്ങളായ കാരണങ്ങള്‍ മൂലം കുടിയേറാന്‍ നിര്‍ബന്ധിതരായവര്‍ക്ക് സഹായഹസ്തം നീട്ടാന്‍ സര്‍ക്കാരുകളോ‌ടുള്ള അഭ്യര്‍ത്ഥന നവീകരിച്ചു.

നിലവിലുള്ള അന്താരാഷ്ട്ര പ്രശ്നങ്ങളില്‍ പാപ്പാ ഇസ്രായേല്‍ പലസ്തീന്‍ പ്രശ്നം എടുത്തു പറയുകയും ഇരുവിഭാഗങ്ങളുടെയും ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കുന്ന ധാരണയില്‍ എത്തിച്ചേരാന്‍ കഴിയുന്നതിനു വേണ്ടി സംഭാഷണം പുനരാരംഭിക്കാന്‍ അവര്‍ക്ക് സാധിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.

183 നാടുകള്‍ പരിശുദ്ധസിംഹാസനവുമായി നയതന്ത്ര ബന്ധം സ്ഥാപിച്ചിട്ടുണ്ട്.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

08 January 2019, 07:24