തിരയുക

Vatican News
വിശുദ്ധ മദര്‍ തെരേസയുടെ സാന്ത്വന സാമീപ്യം വേദനയുടെ വദനത്തില്‍ പുഞ്ചിരിയുടെ പ്രഭ പരത്തിയപ്പോള്‍ വിശുദ്ധ മദര്‍ തെരേസയുടെ സാന്ത്വന സാമീപ്യം വേദനയുടെ വദനത്തില്‍ പുഞ്ചിരിയുടെ പ്രഭ പരത്തിയപ്പോള്‍ 

ദാനം ഒരു മാതൃകയായി പ്രതിഷ്ഠിക്കപ്പെടണം- ഫ്രാന്‍സീസ് പാപ്പാ

“ദാനമായി നിങ്ങള്‍ക്കു കിട്ടി, ദാനമായിത്തന്നെ കൊടുക്കുവിന്‍” - ഇക്കൊല്ലം ഫെബ്രുവരി 11-ന് ആചരിക്കപ്പടുന്ന ഇരുപത്തിയേഴാം ലോക രോഗീദിനത്തിനുള്ള പാപ്പായുടെ സന്ദേശം പ്രകാശിതമായി.

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

രോഗീ പരിചരണത്തില്‍, തൊഴില്‍ നൈപുണ്യവും ആര്‍ദ്രതയും, തലോടല്‍ പോലുള്ള ലളിതവും സത്വരവുമായ ദാനഭാവമാര്‍ന്ന പ്രവര്‍ത്തികളും ആവശ്യമാണെന്ന് മാര്‍പ്പാപ്പാ.

അനുവര്‍ഷം ലൂര്‍ദ്ദ് നാഥയുടെ തിരുന്നാള്‍ ദിനത്തില്‍, ഫെബ്രുവരി 11-ന് ആചരിക്കപ്പെടുന്ന ലോകരോഗീ ദിനത്തിന് ഇക്കൊല്ലം നല്കിയ സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പായുടെ ഈ ഉദ്ബോധനമുള്ളത്.

ചൊവ്വാഴ്ചയാണ് (08/01/19)  ഈ സന്ദേശം പരസ്യപ്പെടുത്തപ്പെട്ടത്.

“ദാനമായി നിങ്ങള്‍ക്കു കിട്ടി, ദാനമായിത്തന്നെ കൊടുക്കുവിന്‍” മത്തായിയുടെ സുവിശേഷം പത്താം അദ്ധ്യായത്തിലെ എട്ടാം വാക്യത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത ഈ ആഹ്വാനമാണ് ഇരുപത്തിയേഴാം ലോക രോഗീദിനത്തിന്‍റെ ആദര്‍ശ പ്രമേയം.

ജീവന്‍ ദൈവിക ദാനം

“ദാനമായി ലഭിച്ചതല്ലാതെ നിനക്കെന്തുണ്ട്”? എന്ന പൗലോസപ്പസ്തോലന്‍ കോറിന്തോസുകാര്‍ക്കെഴുതിയ ഒന്നാം ലേഖനം, നാലാം അദ്ധ്യായം, ഏഴാം വാക്യത്തില്‍ ഉയര്‍ത്തുന്ന ചോദ്യത്തെക്കുറിച്ചു സൂചിപ്പിച്ചുകൊണ്ട് പാപ്പാ, ജീവന്‍ ദൈവത്തിന്‍റെ  ദാനമാണ് എന്ന സത്യത്തെക്കുറിച്ച് ഓര്‍മ്മിപ്പിക്കുന്നു.

ദാനമാണ് എന്നതിനാല്‍ തന്നെ ജീവനെ സ്വകാര്യസ്വത്തൊ, കേവലം കൈവശം വയ്ക്കാവുന്ന വസ്തുവോ ആയി കണക്കാക്കാനാകില്ലയെന്ന് പാപ്പാ വ്യക്തമാക്കുന്നു.

നിസ്സംഗതയുടെ സംസ്ക്കാരത്തില്‍ ദാനം  മാതൃകയാക്കപ്പെടണം

വലിച്ചെറിയലിന്‍റെയും നിസ്സംഗതയുടെയുമായ ഒരു സംസ്ക്കാരത്തില്‍ ദാനം ഒരു മാതൃകയായി പ്രതിഷ്ഠിക്കപ്പെടണമെന്ന് ഉദ്ബോധിപ്പിക്കുന്ന പാപ്പാ വ്യക്തിമാഹാത്മ്യവാദത്തെയും സാമൂഹ്യശൈഥില്യത്തെയും ചെറുക്കുന്നതിനും ജനതകളും സംസ്ക്കാരങ്ങളും തമ്മിലുള്ള ബന്ധങ്ങളും നാനാതരത്തിലുള്ള സഹകരണവും പരിപോഷിപ്പിക്കുന്നതിനും ഇത് ആവശ്യമാണെന്ന് വ്യക്തമാക്കുന്നു.

സമൂഹത്തിന്‍റെ അധികാരവിനിയോഗത്തിന്‍റെ വ്യവസ്ഥാപിത രൂപങ്ങളെ ഭേദിക്കാന്‍ പര്യാപ്തമായ മാനവ പുരോഗതിയുടെയും വളര്‍ച്ചയുടെയും ബന്ധങ്ങള്‍ക്ക് വാതില്‍ തുറന്നുകൊടുക്കുന്ന സംഭാഷണം ദാനത്തിന് മുന്‍വ്യവസ്ഥയാണെന്നും പാപ്പാ പറയുന്നു.

കല്‍ക്കട്ട- ലോക രോഗീദിനാചാരണത്തിന്‍റെ മുഖ്യവേദി

ഇക്കൊല്ലത്തെ ലോക രോഗീദിനാചാരണത്തിന്‍റെ മുഖ്യവേദി കല്‍ക്കട്ടയാണെന്ന് തന്‍റെ  സന്ദേശത്തില്‍ സൂചിപ്പിക്കുന്ന പാപ്പാ പാവപ്പെട്ടവരോടും രോഗികളോടും ദൈവത്തിനുള്ള സ്നേഹത്തെ ദൃശ്യമാക്കിത്തീര്‍ത്ത ഉപവിയുടെ മാതൃകയായ വിശുദ്ധ മദര്‍ തെരേസയെ പ്രത്യേകം അനുസ്മരിക്കുന്നു.

വിശുദ്ധ മദര്‍ തെരേസ ദൈവികാരുണ്യത്തിന്‍റെ സംവേദക

മനുഷ്യജീവനെ സ്വീകരിക്കുകയും സംരക്ഷിക്കുകയും ചെയ്തുകൊണ്ട് സകലര്‍ക്കും   സംലഭ്യയായിത്തീര്‍ന്ന വിശുദ്ധ മദര്‍ തെരേസ ദൈവിക കാരുണ്യത്തിന്‍റെ ഉദാരയായ വിതരണക്കാരിയായിരുന്നുവെന്നും ഭാഷയുടെയൊ, സംസ്ക്കാരത്തിന്‍റെയോ, വര്‍ഗ്ഗത്തിന്‍റെയോ മതത്തിന്‍റെയോ വിത്യാസം കൂടാതെ സകലര്‍ക്കുമുള്ള സൗജന്യ സ്നേഹമായിരിക്കണം പ്രവര്‍ത്തനത്തിന്‍റെ ഏക മാനദണ്ഡമെന്ന് മനസ്സിലാക്കാന്‍ നമ്മെ സഹായിക്കുന്നുവെന്നും പാപ്പാ പറയുന്നു.

09 January 2019, 08:15