തിരയുക

ഫ്രാന്‍സീസ് പാപ്പായുടെ മുഖ്യകാര്‍മ്മികത്വത്തില്‍ പ്രത്യക്ഷീകരണത്തിരുന്നാള്‍ക്കുര്‍ബ്ബാന വത്തിക്കാനില്‍, വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍, 06/01/19 ഫ്രാന്‍സീസ് പാപ്പായുടെ മുഖ്യകാര്‍മ്മികത്വത്തില്‍ പ്രത്യക്ഷീകരണത്തിരുന്നാള്‍ക്കുര്‍ബ്ബാന വത്തിക്കാനില്‍, വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍, 06/01/19 

ദൈവികവെളിച്ചം എളിമായര്‍ന്ന സ്നേഹത്തില്‍ പ്രകാശിക്കുന്നു!

പൂജാരാജാക്കന്മാര്‍ ചെയ്തതു പോലെ, ലൗകികതയോടുള്ള ആസക്തികള്‍ വെടിഞ്ഞ് യാത്രപുറപ്പെടുന്നവര്‍ക്കു മാത്രമെ ദൈവത്തിന്‍റെ രഹസ്യം കണ്ടെത്താന്‍ കഴിയുകയുള്ളു- ഫ്രാന്‍സീസ് പാപ്പാ

ജോിയി കരിവേലി, വത്തിക്കാന്‍ സിറ്റി

ദൈവത്തിന്‍റെ സ്വയം വെളിപ്പെടുത്തുന്ന രീതി വിസ്മയമുണര്‍ത്തുന്നതാണെന്ന് മാര്‍പ്പാപ്പാ.

കിഴക്കുനിന്നുള്ള ജ്ഞാനികള്‍, യഹൂദരുടെ രാജാവായി പിറന്നവനെ തേടി നക്ഷത്രഅടയാളം പിന്‍ചെന്ന് ബത്ലഹേമിലെ കാലിത്തൊഴുത്തിലെത്തി, ഉണ്ണയേശുവിന് പൊന്നും കുന്തുരുക്കവും മീറയും കാഴ്ചവെച്ച് അവിടത്തെ ആരാധിച്ച സംഭവം അനുസ്മരിച്ച ദൈവാവിഷ്ക്കാരത്തിരുന്നാള്‍ ദിനത്തില്‍, ഞായറാഴ്ച (06/10/19) വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേ വചനസന്ദേശം നല്കുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

ജറുസലേമില്‍ രാജകൊട്ടാരത്തിലല്ല, ബെത്ലഹേമിലെ ഒരു കാലിത്തൊഴുത്തില്‍, ദാരിദ്ര്യത്തില്‍ ദൈവപുത്രന്‍ പിറന്നതും ചരിത്രത്തിന്‍റെ രാജാവിന്‍റെ ജനനം അക്കാലത്തെ ശക്തന്മാരായ അധികാരികള്‍ക്ക് തിരിച്ചറിയാന്‍ കഴിയാതിരുന്നതും, പിന്നീട് 30 വര്‍ഷം കഴിഞ്ഞപ്പോള്‍, മരുഭൂമിയില്‍ നിന്ന് വന്ന് സ്നാപകയോഹന്നാന്‍ യേശുവിന്‍റെ  വരവറിയിക്കുന്നതുമെല്ലാം സൂചിപ്പിച്ചുകൊണ്ട് ലോകത്തിന്‍റെ  ചിന്താരീതികള്‍ക്കും പ്രതീക്ഷകള്‍ക്കുമൊക്കെ വിരുദ്ധവും അങ്ങനെ അത്ഭുതമുളവാക്കുന്നതുമായിരുന്നു ദൈവത്തിന്‍റെ സ്വയം വെളിപ്പെടുത്തല്‍ എന്ന് പാപ്പാ വിശദീകരിച്ചു.

സ്വയാവിഷ്ക്കാരത്തിന് ലോകത്തിന്‍റെ വെള്ളിവെളിച്ചത്തിന്‍റെ ആവശ്യം ദൈവത്തിനുണ്ടായിരുന്നില്ലയെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു.

സ്വന്തം വെളിച്ചത്താല്‍ പ്രകാശിക്കുന്നവരിലേക്കു ദൈവത്തിന്‍റെ പ്രകാശം എത്തില്ലയെന്നും അവിടന്ന് അടിച്ചേല്‍പ്പിക്കുകയല്ല മുന്നോട്ടുവയ്ക്കുകയും, കണ്ണഞ്ചിപ്പിക്കുകയല്ല പ്രകാശിപ്പിക്കുകയുമാ ചെയ്യുകയെന്നും ദൈവത്തിന്‍റെ  പ്രകാശവും ലോകത്തിന്‍റെ പ്രകാശവും തമ്മില്‍ കൂട്ടിക്കുഴയ്ക്കാനുള്ള വലിയൊരു പ്രലോഭനം തന്നെ ഉണ്ടെന്നും ദൈവത്തിന്‍റെ പ്രശാന്തമായ പ്രകാശം എളിമയാര്‍ന്ന  സ്നേഹത്തിലാണ് ജ്വലിക്കുന്നതെന്നും പാപ്പാ പറഞ്ഞു.

ഉണ്ണിയേശുവിനെ തേടിയെത്തിയ ജ്ഞാനികളെക്കുറിച്ചു സൂചിപ്പിച്ച പാപ്പാ അവര്‍ സ്വഭവനം വിട്ട് ദൈവത്തിന്‍റെ പാതകളിലൂടെ തീര്‍ത്ഥാടകരായി സഞ്ചരിച്ചുവെന്നും, അവരെപ്പോലെ, ലൗകികതയോടുള്ള ആസക്തികള്‍ വെടിഞ്ഞ് യാത്രപുറപ്പെടുന്നവര്‍ക്കു മാത്രമെ ദൈവത്തിന്‍റെ രഹസ്യം കണ്ടെത്താന്‍ കഴിയുകയുള്ളുവെന്ന് ഉദ്ബോധിപ്പിച്ചു.

പൂജരാജാക്കള്‍ ഉണ്ണയേശുവിന് പൊന്നും കുന്തുരുക്കവും മീറയും കാഴ്ചവെച്ചതിനെക്കുറിച്ചു പരാമര്‍ശിച്ച പാപ്പാ അവര്‍ കര്‍ത്താവിന്‍റെ പക്കലേക്കു പോയത് എന്തെങ്കിലും നേടുന്നതിനല്ല പ്രത്യുത നല്കുന്നതിനാണെന്നു പറഞ്ഞു.

അവര്‍ കാഴ്ചവെച്ച വസ്തുക്കളില്‍ വിലയേറിയ വസ്തുവായ സ്വര്‍ണ്ണം ദ്യോതിപ്പിക്കുന്നത് ദൈവത്തിനായിരിക്കണം പ്രഥമ സ്ഥാനം നാം നല്കേണ്ടതെന്നും നാം അവിടത്തെ ആരാധിക്ക​ണമെന്നുമാണെന്ന് പാപ്പാ വിശദീകരിച്ചു.

അങ്ങനെ ചെയ്യണമെങ്കില്‍ നാം നമ്മുടെ ഒന്നാമത്തെ സ്ഥാനം ഉപേക്ഷിക്കുകയും നാം ആവശ്യത്തിലിരിക്കുന്നവരാണെന്ന അവബോധം പുലര്‍ത്തുകയും വേണമെന്നും പാപ്പാ പറഞ്ഞു.

കുന്തുരുക്കം കര്‍ത്താവുമായുള്ള ബന്ധത്തിന്‍റെയും പ്രാര്‍ത്ഥനയുടെയും പ്രതീകമാണെന്നും സുഗന്ധം പരത്തുന്നതിന് കുന്തുരുക്കം എരിയുന്നതു പോലെ നാം കര്‍ത്താവിനുവേണ്ടി പ്രാര്‍ത്ഥനയില്‍ ചിലവഴിക്കുന്നതിന് നമ്മുടെ സമയം എരിയിക്കണമെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.

കുരിശില്‍ നിന്നിറക്കിയ യേശുവിന്‍റെ മൃതദേഹത്തില്‍ പൂശുന്നതിന് പിന്നീട് ഉപയോഗിക്കപ്പെട്ട സുഗന്ധദ്രവ്യമായ മീറ സീചിപ്പിക്കുന്നത് പീഢിതരെ നാം പരിചരിക്കുന്നത് ദൈവത്തിന് പ്രീതികരമാണ് എന്നതാണെന്ന് പാപ്പാ വിശദീകരിച്ചു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

07 January 2019, 07:57