തിരയുക

Vatican News
ഫ്രാന്‍സീസ് പാപ്പാ പ്രതിവാര പൊതുകൂടിക്കാഴ്ചാവേളയില്‍, വത്തിക്കാനിലെ പോള്‍ ആറാമന്‍ ശാലയില്‍ 09/01/19 ഫ്രാന്‍സീസ് പാപ്പാ പ്രതിവാര പൊതുകൂടിക്കാഴ്ചാവേളയില്‍, വത്തിക്കാനിലെ പോള്‍ ആറാമന്‍ ശാലയില്‍ 09/01/19  (Vatican Media)

"ചോദിക്കുവിന്‍ നിങ്ങള്‍ക്കു ലഭിക്കും"

യേശുവിന്‍റെ പ്രാര്‍ത്ഥനാഭരിത ജീവിതം, അവിടന്ന് ഇപ്പോഴും നമുക്കായി പ്രാര്‍ത്ഥിക്കുന്നു- ഫ്രാന്‍സീസ് പാപ്പായുടെ പൊതുകൂടിക്കാഴ്ചാ വിചിന്തനം.

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ഇറ്റലിയുടെ ഉത്തരഭാഗത്തും യൂറോപ്പിലെ മറ്റു പലഭാഗങ്ങളിലും കനത്ത ഹിമപാതം  ജനജീവിതം ദുസ്സഹമാക്കുകയും ശൈത്യം ആധിപത്യമുറപ്പിക്കുകയും ചെയ്തിരിക്കയാണെങ്കിലും റോമില്‍ പൊതുവെ തണുപ്പു അല്പം കുറഞ്ഞ കാലാവസ്ഥയാണ് ഈ ബുധനാഴ്ച (09/01/19) അനുഭവപ്പെട്ടത്. ചൊവ്വാഴ്ച ഉച്ചതിരിഞ്ഞതു മുതലുള്ള മഴ, കനത്തതല്ലെങ്കിലും, ബുധനാഴ്ച അതിരാവിലെയും തുടരുന്നുണ്ടായിരുന്നു. ഉച്ചയാകാറായപ്പോഴേക്കും വെയില്‍ തെളിഞ്ഞുതുടങ്ങിയിരുന്നു. പതിവുപോലെ, ഫ്രാന്‍സീസ് പാപ്പാ വത്തിക്കാനില്‍ അനുവദിച്ച പ്രതിവാര പൊതുകൂടിക്കാഴ്ചയില്‍ പങ്കെടുക്കുന്നതിന് വിവിധരാജ്യക്കാരായിരുന്ന തീര്‍ത്ഥാടകരും സന്ദര്‍ശകരുമായി ഏഴായിരത്തിലേറെപ്പേര്‍ എത്തിയിരുന്നു ഈ ബുധനാഴ്ചയും.. വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ അടുത്തുള്ള അതിവിശാലമായ പോള്‍ ആറാമന്‍ ശാല ആയിരുന്നു പൊതുദര്‍ശനപരിപാടിയുടെ വേദി ഈ ആഴ്ചയും. ശാലയിലേക്ക് പാപ്പാ സാവധാനം നടന്നെത്തിയപ്പോള്‍ തങ്ങളുടെ ആനന്ദം ജനസഞ്ചയം കൈയ്യടിച്ചും ആരവമുയര്‍ത്തിയും പ്രകടിപ്പിച്ചു. ഏവര്‍ക്കും അഭിവാദ്യമര്‍പ്പിച്ചുകൊണ്ട് പാപ്പാ ജനങ്ങള്‍ക്കിടയിലൂടെ, പ്രത്യേകം തിരിച്ചിരുന്ന, ഇടനാഴിയിലൂടെ സാവധാനം നീങ്ങി. കുഞ്ഞുങ്ങളെ തൊട്ടുതലോടുകയും ആശീര്‍വദിക്കുകയും സ്നേഹചുംബനമേകുകയും മുതിര്‍ന്നവരില്‍ ചിലരുമായി കുശലം  പറയുകയും ചെയ്യുന്നുണ്ടായിരുന്നു പാപ്പാ. ചിലരേകിയ ചെറുസമ്മാനങ്ങളും പാപ്പാ സ്വീകരിച്ചു. ഒരാള്‍ നല്കിയ പാനീയവും പാപ്പാ രുചിച്ചു നോക്കി.  പ്രസംഗവേദിയിലെത്തിയ പാപ്പാ, റോമിലെ സമയം രാവിലെ 09.30 ഓടെ, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 2 മണിയോടെ, ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന്  വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണമായിരുന്നു.

സുവിശേഷം:

“യേശു സ്വശിഷ്യരോടു പറഞ്ഞു: ചോദിക്കുവിന്‍; നങ്ങള്‍ക്കു ലഭിക്കും. അന്വേഷിക്കുവിന്‍; നിങ്ങള്‍ കണ്ടെത്തും. മുട്ടുവിന്‍; നിങ്ങള്‍ക്കു തുറന്നുകിട്ടും.10 എന്തെന്നാല്‍ ചോദിക്കുന്ന ഏവനും ലഭിക്കുന്നു. അന്വേഷിക്കുന്നവന്‍ കണ്ടെത്തുന്നു. മുട്ടുന്നവനു തുറന്നുകിട്ടുകയും ചെയ്യുന്നു. 11 നിങ്ങളില്‍ ഏതൊരു പിതാവാണ് മകന്‍ മീന്‍ ചോദിച്ചാല്‍ പകരം പാമ്പിനെ കൊടുക്കകു? 12 മുട്ട ചോദിച്ചാല്‍ പകരം തേളിനെ കൊടുക്കുക?. 13 മക്കള്‍ക്കു നല്ല ദാനങ്ങള്‍ നല്കാന്‍ ദുഷ്ടരായ നിങ്ങള്‍ക്ക്   അറിയാമെങ്കില്‍, സ്വര്‍ഗ്ഗസ്ഥനായ പിതാവ്  തന്നോടു ചോദിക്കുന്നവര്‍ക്ക്   എത്രയധികമായി പരിശുദ്ധാത്മാവിനെ നല്‍കുകയില്ല നല്കും. (ലൂക്കായുടെ സുവിശേഷം 11:9-13)                 

ഈ സുവിശേഷ ഭാഗം വായിക്കപ്പെട്ടതിനുശേഷം, ജനസഞ്ചയത്തെ സംബോധനചെയ്ത പാപ്പാ “സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ” എന്ന കര്‍ത്തൃപ്രാര്‍ത്ഥനയെ അധികരിച്ചു നടത്തിപ്പോരുന്ന പ്രബോധനപരമ്പര തുടര്‍ന്നു. ഇറ്റാലിയന്‍ 

പ്രഭാഷണസംഗ്രഹം:

പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം,

ഇന്നത്തെ പ്രബോധനം ലൂക്കായുടെ സുവിശേഷവുമായി ബന്ധപ്പെട്ടു നില്ക്കുന്നു. വാസ്തവത്തില്‍ ഈ സുവിശേഷം, യേശുവിന്‍റെ ബാല്യകാല വിവരണം മുതല്‍ തന്നെ, പ്രാര്‍ത്ഥനാനിര്‍ഭരാന്തരീക്ഷത്തിലാണ് അവിടത്തെ അവതരിപ്പിക്കുന്നത്. സഭ അനുദിനം പ്രാര്‍ത്ഥനയില്‍ ഉരുവിടുന്ന മൂന്നു ഗീതങ്ങള്‍, സഖറിയായുടെ പ്രവചനഗീതം (benedictus ബെനെദിക്തൂസ് ലൂക്കാ 1:68-79) മറിയത്തിന്‍റെ സ്തോത്രഗീതം (magnificat മാഞ്ഞീഫിക്കാത്, ലൂക്കാ 1:46-55) ശിമയോന്‍റെ ഗീതം ( Nunc dimittis- നൂങ്ക് ദിമീത്തിസ് ലൂക്കാ:2,29-32) ലൂക്കായുടെ സുവിശേഷത്തില്‍ അടങ്ങിയിരിക്കുന്നു.

പ്രാര്‍ത്ഥിക്കുന്ന യേശു

“സ്വര്‍ഗ്ഗസ്ഥനായ പിതാവേ” എന്ന പ്രാര്‍ത്ഥനയെക്കുറിച്ചുള്ള ഈ പ്രബോധനത്തില്‍ നാം കാണുക പ്രാര്‍ത്ഥിക്കുന്ന യേശുവിനെയാണ്. യേശു പ്രാര്‍ത്ഥിക്കുന്നു. ലൂക്കായുടെ വിവരണത്തില്‍, ഉദാഹരണമായി രൂപാന്തരീകരണ രംഗം പ്രാര്‍ത്ഥനയുടെ നിമിഷത്തിലാണ് സംഭവിക്കുന്നത്. ആ വിവരണം ഇങ്ങനെയാണ്: “പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുമ്പോള്‍ യേശുവിന്‍റെ മുഖഭാവം മാറി, വസ്ത്രം വെണ്മയോടെ ശോഭിച്ചു”. (ലൂക്കാ 9,29) യേശുവിന്‍റെ ജീവിതത്തിലെ ഓരോ ഘട്ടവും, സകല പ്രവൃത്തികളിലും അവിടത്തെ നയിക്കുന്ന പരിശുദ്ധാത്മവിന്‍റെ നിശ്വാസത്താല്‍ പ്രചോദിതമായാണ് മുന്നോട്ടു പോകുന്നത്. ജോര്‍ദ്ദാനില്‍ മാമ്മോദീസാവേളയില്‍ യേശു പ്രാര്‍ത്ഥിക്കുന്നു, സുപ്രധാന തീരുമാനങ്ങള്‍ എടുക്കുന്നതിനു മുമ്പ് അവിടന്ന് പിതാവുമായി സംഭാഷിക്കുന്നു, പ്രാര്‍ത്ഥിക്കുന്നതിനായി അവിടന്ന് പലപ്പോഴും വിജനസ്ഥലത്തേക്കു പോകുന്നു. തന്നെ അല്പം കഴിഞ്ഞ് തള്ളിപ്പറയാന്‍ പോകുന്ന പത്രോസിനു വേണ്ടി യേശു പ്രാര്‍ത്ഥിക്കുന്നു. അവിടന്നു പറയുന്നു: “ ശിമയോന്‍, ശിമയോന്‍, ഇതാ സാത്താന്‍ നിങ്ങളെ ഗോതമ്പു പോലെ പാറ്റാന്‍ ഉദ്യമിച്ചു; എന്നാല്‍ നിന്‍റെ വിശ്വാസം ക്ഷയിക്കാതിരിക്കാന്‍ ഞാന്‍ നിനക്കുവേണ്ടി പ്രാര്‍ത്ഥിച്ചു” (ലൂക്കാ 22,31-32). ഇത് സാന്ത്വനദായകമാണ്: അതായത്, യേശു നമുക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നു എന്നത്. അവിടന്ന് എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നു, നമ്മുടെ വിശ്വാസം ക്ഷയിക്കാതിരിക്കുന്നതിനായി നമുക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്നു. ഇതു സത്യമാണ്. എന്നാല്‍ പിതാവേ യേശു ഇപ്പോഴും പ്രാര്‍ത്ഥിക്കുന്നുണ്ടോ എന്നു ചോദിച്ചാല്‍, ഉണ്ട്, അവിടന്ന് പിതാവിന്‍റെ  സന്നിധിയില്‍ നമുക്കായി പ്രാര്‍ത്ഥിക്കുന്നു. ആകയാല്‍ ഓരോ വ്യക്തിക്കും യേശുവിനോട് ഇങ്ങനെ പറയാന്‍ സാധിക്കും: “അങ്ങ് എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നു, ആ പ്രാര്‍ത്ഥന എനിക്ക് ആവശ്യമാകയാല്‍ അങ്ങ് അത് തുടരണമേ” അങ്ങനെ പറയാന്‍ ധൈര്യമുള്ളവരായിരിക്കുക.

യേശുവിന്‍റെ പീഢാസഹനമരണങ്ങള്‍ പ്രാര്‍ത്ഥനാമുഖരിത അന്തരീക്ഷത്തില്‍

മിശിഹായുടെ മരണം പോലും പ്രാര്‍ത്ഥനാഭരിതമായ ഒരന്തരീക്ഷത്തിലായിരുന്നു, പീഢാസഹനത്തിന്‍റെ മണിക്കൂറുകള്‍ വിസ്മയകരമായ ഒരു പ്രശാന്തതയാല്‍ മുദ്രിതമായിരുന്നതായി കാണപ്പെടുന്നു. യേശു സ്ത്രീകളെ സമാശ്വസിപ്പിക്കുന്നു, തന്നെ ക്രൂശിച്ചവര്‍ക്കായി അവിടന്ന് പ്രാര്‍ത്ഥിക്കുന്നു, അവിടന്നു നല്ല കള്ളന് പറുദീസ വാഗ്ദാനം ചെയ്യുന്നു, അവിടന്ന് ജീവന്‍ വെടിയുന്നത് ഇപ്രകാരം പറഞ്ഞുകൊണ്ടാണ്: “പിതാവേ അങ്ങയുടെ കരങ്ങളില്‍ എന്‍റെ ആത്മാവിനെ ഞാന്‍ സമര്‍പ്പിക്കുന്നു” (ലൂക്കാ:23,46). യേശുവിന്‍റെ പ്രാര്‍ത്ഥന, അക്രമാസക്തമായ വികാരങ്ങളെയും പ്രതികാരഭിവാഞ്ഛകളെയും നിര്‍വീര്യമാക്കുകയും മനുഷ്യന്‍റെ കൊടിയ ശത്രുവായ മരണവുമായി അവനെ പൊരുത്തപ്പെടുത്തുകയും ചെയ്യുന്നു.

പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിക്കണേ......

തങ്ങളെ പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിക്കണെ എന്ന് ഒരു ശിഷ്യന്‍ യേശുവിനോട് അഭ്യര്‍ത്ഥിക്കുന്നതു കാണുന്നതും ലൂക്കായുടെ സുവിശേഷത്തില്‍ തന്നെയാണ്. കര്‍ത്താവേ, ഞങ്ങളെ പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിക്കണേ എന്ന അഭ്യര്‍ത്ഥനയില്‍ നിന്നാണ് തീര്‍ത്തും വപുലമായ ഒരു പ്രബോധനം ജന്മം കൊള്ളുന്നത്. ഏതെല്ലാം വാക്കുകള്‍ ഉപയോഗിച്ചും ഏതെല്ലാം വികാരങ്ങളോടെയുമാണ് ദൈവത്തോട് പ്രാര്‍ത്ഥിക്കേണ്ടതെന്ന് അതിലൂടെ യേശു പഠിപ്പിക്കുന്നു.

പിതാവ് എന്ന സംബോധന

ഈ പ്രബോധനത്തിന്‍റെ പ്രഥമ ഭാഗം “ഞങ്ങളുടെ പിതാവേ” എന്നതാണ്. അവിടന്നു പറയുന്നു: ഇങ്ങനെ പ്രാര്‍ത്ഥിക്കുക “സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ”. പിതാവേ, ഇത് മനോഹരമായ ഒരു പദമാണ്. ആ ഒരു വാക്കുകൊണ്ടു മാത്രം നമുക്കു പ്രാര്‍ത്ഥനയില്‍ ചിലവഴിക്കാന്‍ സാധിക്കും. ഒരു അധിപനല്ല,   മറിച്ച്, ഒരു പിതാവാണ് നമുക്കുള്ളതെന്ന് നാം അനുഭവിച്ചറിയുന്നു.

പ്രാര്‍ത്ഥനയില്‍ സ്ഥൈര്യവും നമ്മുടെ പിതാവ് നമ്മുടെ പ്രാര്‍ത്ഥനയ്ക്ക് ഉത്തരം നല്കുമെന്ന അചഞ്ചല വിശ്വാസവും നമുക്കുണ്ടായിരിക്കണമെന്ന് പഠിപ്പിക്കുന്നതിന്  യേശു രണ്ട് ഉപമകളും പറയുന്നുണ്ട്. നല്ലവനായ പിതാവെന്ന നിലയില്‍ ദൈവം അവിടത്തെ രക്ഷാകരപദ്ധതിയ്ക്കനുസൃതം തക്ക സമയത്ത് എല്ലാ പ്രാര്‍ത്ഥനകള്‍ക്കും  ഉത്തരമരുളും.

പ്രാര്‍ത്ഥിക്കുക. പ്രാ‍ര്‍ത്ഥന യാഥാര്‍ത്ഥ്യത്തെ മാറ്റിമറിക്കും എന്നത് നാം മറക്കരുത്. വസ്തുക്കളെയാകാം നമ്മുടെ ഹൃദയങ്ങളെയാകാം പ്രാര്‍ത്ഥന പരിവര്‍ത്തനം ചെയ്യുന്നത്. എന്തു തന്നെയായാലും പ്രാര്‍ത്ഥന എന്നും മാറ്റങ്ങള്‍ വരുത്തുന്നു. ഏകാന്തതയെയും നിരാശയെയും ജയിക്കുന്നതിനായി ഇപ്പോള്‍ മുതല്‍ തന്നെ പ്രാര്‍ത്ഥിക്കുക. സകലവും പ്രതീക്ഷിച്ചിരിക്കുന്ന, കൈകള്‍ വിരിച്ചു പിടിച്ച്  നമ്മെ കാത്തിരിക്കുന്ന ഒരു പിതാവുണ്ട്. ആ പിതാവിങ്കലേക്ക് നമ്മുടെ നയനങ്ങള്‍ തിരിക്കാം.

നന്ദി.

പ്രഭാഷണാനന്തര അഭിവാദ്യങ്ങളില്‍ നിന്ന്....

ഈ വാക്കുകളില്‍ പാപ്പായുടെ, ഇറ്റാലിയന്‍ ഭാഷയിലായിരുന്ന, പ്രഭാഷണം അവസാനിച്ചതിനെ തുടര്‍ന്ന് അതിന്‍റെ സംഗ്രഹം ആംഗലവും അറബിയുമുള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെടുകയും ഓരോ വായനയുടെയും അവസാനം പാപ്പാ ആ ഭാഷാക്കാരെ ഇറ്റാലിയന്‍ ഭാഷയില്‍ അഭിവാദ്യം ചെയ്യുകയും ചെയ്തു.

പൊതുദര്‍ശന പരിപാടിയുടെ അവസാനം യുവജനത്തെയും വൃദ്ധജനത്തെയും രോഗികളെയും നവദമ്പതികളെയും പതിവുപോലെ സംബോധന ചെയ്ത പാപ്പാ, അടുത്ത ഞായറാഴ്ച (13/01/19) കര്‍ത്താവിന്‍റെ ജ്ഞാനസ്നാനത്തിരുന്നാളാണെന്ന് ഓര്‍മ്മിപ്പിക്കുകയും ഈ തിരുന്നാളോടുകൂടി ആരാധനാക്രമവത്സരത്തിലെ തിരുപ്പിറവിക്കാലം സമാപിക്കുമെന്ന് അറിയിക്കുകയും ചെയ്തു.

നമ്മെ ക്രൈസ്തവരാക്കി മാറ്റിയ നമ്മുടെ മാമ്മോദീസായുടെ കൗദാശികാനുഗ്രഹം വീണ്ടും കണ്ടെത്താന്‍ ഈ തിരുന്നാള്‍ നമ്മെ ക്ഷണിക്കുന്നുവെന്ന് പാപ്പാ പറഞ്ഞു.

യേശുവിന്‍റെ ധീര സാക്ഷികളായിത്തീരാനുള്ള ശക്തി പരിശുദ്ധാരൂപിയോട് അപേക്ഷിക്കാന്‍ പാപ്പാ എല്ലാവരെയും ക്ഷണിക്കുകയും ചെയ്തു.

പാപ്പായുടെ ഈ വാക്കുകളെ തുടര്‍ന്ന് കര്‍ത്തൃപ്രാര്‍ത്ഥന ലത്തീന്‍ ഭാഷയില്‍ ആലപിക്കപ്പെട്ടു. തദ്ദനന്തരം പാപ്പാ  എല്ലാവര്‍ക്കും  തന്‍റെ  അപ്പസ്തോലിക ആശീര്‍വ്വാദം നല്കി.

09 January 2019, 12:58