ഫ്രാന്‍സീസ് പാപ്പാ ക്യൂബക്കാരായ സര്‍ക്കസ് അഭ്യാസികളുമൊത്ത്, വത്തിക്കാനില്‍, പോള്‍ ആറാമന്‍ ശാലയില്‍ പ്രതിവാര പൊതുകൂടിക്കാഴ്ചാ വേളയില്‍ 02/01/18 ഫ്രാന്‍സീസ് പാപ്പാ ക്യൂബക്കാരായ സര്‍ക്കസ് അഭ്യാസികളുമൊത്ത്, വത്തിക്കാനില്‍, പോള്‍ ആറാമന്‍ ശാലയില്‍ പ്രതിവാര പൊതുകൂടിക്കാഴ്ചാ വേളയില്‍ 02/01/18 

പ്രാര്‍ത്ഥനയ്ക്കുള്ള പ്രതിബന്ധങ്ങള്‍ ?

കപടനാട്യവും ഔപചാരികതയും അമിതഭാഷണവും പ്രാര്‍ത്ഥനയ്ക്ക് വിഘാതങ്ങളാണെന്നും ദൈവിക കടാക്ഷത്തിന്‍ കീഴില്‍ ആയിരിക്കുകയും ദൈവത്തിന്‍റെ സ്നേഹം നാം ഓര്‍ക്കുകയും ചെയ്താല്‍ മതി അവിടന്നു നമ്മുടെ മൗന പ്രാര്‍ത്ഥന കേള്‍ക്കുമെന്നും ഫ്രാന്‍സീസ് പാപ്പാ.

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ഇക്കഴിഞ്ഞ ദിനങ്ങളില്‍ റോമില്‍ ശൈത്യത്തിന് അല്പം ശമനമുണ്ടായിരുന്നെങ്കിലും തണുപ്പ് വീണ്ടും ആധിപത്യം സ്ഥാപിക്കാന്‍ തുടങ്ങിയിരിക്കുന്നു.  ഈ ബുധനാഴ്ച (02/01/19) താപമാപനിയില്‍ സൂചിക 1 ഡിഗ്രി സെല്‍ഷ്യസ് വരെ താണു. കൂടിയ താപനില 13 ആയിരുന്നു. രാവിലെ പൊതുവെ, കാര്‍മേഘാവൃതമായിരുന്ന റോമില്‍  ശൈത്യം ശക്തമായിരുന്നെങ്കിലും ഫ്രാന്‍സീസ് പാപ്പാ വത്തിക്കാനില്‍ അനുവദിച്ച പ്രതിവാര പൊതുകൂടിക്കാഴ്ചയില്‍ പങ്കെടുക്കുന്നതിന് വിവിധരാജ്യക്കാരായിരുന്ന തീര്‍ത്ഥാടകരും സന്ദര്‍ശകരുമായി ഏഴായിരത്തിലേറെപ്പേര്‍ എത്തിയിരുന്നു. വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ അടുത്തുള്ള അതിവിശാലമായ പോള്‍ ആറാമന്‍ ശാല ആയിരുന്നു പൊതുദര്‍ശനപരിപാടിയുടെ വേദി ഈ ആഴ്ചയും. ശാലയിലേക്ക് പാപ്പാ സാവധാനം നടന്നെത്തിയപ്പോള്‍ ഹര്‍ഷാരവങ്ങളും കരഘോഷങ്ങളും അന്തരീക്ഷത്തില്‍ അലതല്ലി.ഏവര്‍ക്കും അഭിവാദ്യമര്‍പ്പിച്ചുകൊണ്ട് പാപ്പാ ജനങ്ങള്‍ക്കിടയിലൂടെ, പ്രത്യേകം തിരിച്ചിരുന്ന, ഇടനാഴിയിലൂടെ സാവധാനം നീങ്ങി. കുഞ്ഞുങ്ങളെ തൊട്ടുതലോടുകയും ആശീര്‍വദിക്കുകയും സ്നേഹചുംബനമേകുകയും മുതിര്‍ന്നവരില്‍ ചിലരുമായി കുശലം  പറയുകയും ചെയ്യുന്നുണ്ടായിരുന്നു പാപ്പാ. ചിലരേകിയ ചെറുസമ്മാനങ്ങളും പാപ്പാ സ്വീകരിച്ചു. ഒരു യുവതി നല്കിയ പാനീയവും പാപ്പാ രുചിച്ചു നോക്കി. പ്രസംഗവേദിയിലെത്തിയ പാപ്പാ, റോമിലെ സമയം രാവിലെ 09.30 ഓടെ, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 2 മണിയോടെ, ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന്  വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണമായിരുന്നു.

ദൈവവചനം:

“നിങ്ങള്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ കപടനാട്യക്കാരെപ്പോലെ ആകരുത്. അവര്‍ മറ്റുള്ളവരെ കാണിക്കാന്‍ വേണ്ടി സിനഗോഗുകളിലും തെരുവീഥികളുടെ കോണുകളിലും നിന്നു പ്രാര്‍ത്ഥിക്കാനാണ് ഇഷ്ടപ്പെടുന്നത്. സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: അവര്‍ക്കു പ്രതിഫലം ലഭിച്ചു കഴിഞ്ഞു. എന്നാല്‍ നീ പ്രാര്‍ത്ഥിക്കുമ്പോള്‍ നിന്‍റെ മുറിയില്‍ കടന്ന്, കതകടച്ച്, രഹസ്യമായി നിന്‍റെ പിതാവിനോടു പ്രാര്‍ത്ഥിക്കുക; രഹസ്യങ്ങള്‍ അറിയുന്ന പിതാവ് നിനക്കു പ്രതിഫലം നല്കും” (മത്തായിയുടെ സുവിശേഷം 6:5-06)

 

ഈ സുവിശേഷ ഭാഗം വായിക്കപ്പെട്ടതിനുശേഷം, ജനസഞ്ചയത്തെ സംബോധനചെയ്ത പാപ്പാ “സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ” എന്ന കര്‍ത്തൃപ്രാര്‍ത്ഥനയെ അധികരിച്ചു നടത്തിപ്പോരുന്ന പ്രബോധനപരമ്പര ഒരു ഇടവേളയ്ക്കു ശേഷം പുനരാരംഭിച്ചു. 

പാപ്പായുടെ ഇ റ്റാലിയന്‍ ഭാഷയിലായിരുന്ന  പ്രഭാഷണത്തിലെ പ്രസക്ത ഭാഗങ്ങള്‍:

പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം, പുതുവത്സാരാശംസകളും.

ഏതാനും ദവസങ്ങള്‍ക്കുമുമ്പ് നാം ആഘോഷിച്ച തിരുപ്പിറവിയുടെ രഹസ്യത്താല്‍ പ്രബുദ്ധരായി നമുക്ക് “സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ” എന്ന പ്രാര്‍ത്ഥനയെ അധികരിച്ചുള്ള പ്രബോധനം തുടരാം.

ഗിരിപ്രഭാഷണവും കര്‍ത്തൃപ്രാര്‍ത്ഥനയും

“സ്വര്‍ഗ്ഗസ്ഥാനായ പിതാവേ” എന്ന പ്രാര്‍ത്ഥനയെ മത്തായിയുടെ സുവിശേഷം സുപ്രധാനമായ ഒരു ഭാഗത്താണ്, അതായത്, “ഗിരിപ്രഭാഷണത്തിന്‍റെ” കേന്ദ്രസ്ഥാനത്താണ്, ചേര്‍ത്തിരിക്കുന്നത്. നമുക്ക് ആ രംഗം ഒന്നു നിരീക്ഷിക്കാം: തടാകത്തിനടുത്തുള്ള ഒരു കുന്നില്‍ മുകളിലേക്ക് യേശു കയറുന്നു, എന്നിട്ട് അവിടെ ഇരിക്കുന്നു; യേശുവിന്‍റെ ഏറ്റവുമടുത്ത ശഷ്യരാല്‍ അവിടന്നു വലയിതനാണ്. അപരിചിതരായ വ്യക്തികളുടെ ഒരു വലിയ കൂട്ടവുമുണ്ട്. ഈ വൈജാത്യസമൂഹമാണ് “സ്വര്‍ഗ്ഗസ്ഥനായ പിതാവേ” എന്ന പ്രാര്‍ത്ഥന ആദ്യം സ്വീകരിക്കുന്നത്. ഇത് വലിയ കൂട്ടമാണ്.

സുവിശേഷത്തിന്‍റെ വിപ്ലവാത്മകത

മുമ്പു സൂചിപ്പിച്ചതു പോലെ ഈ പ്രാര്‍ത്ഥന പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നിടം സുപ്രധാനമാണ്. “ഗിരിപ്രഭാഷണം” എന്ന ശീര്‍ഷകത്തിന്‍ കീഴില്‍ വരുന്ന സുദീര്‍ഘമായ ഈ പ്രബോധനത്തില്‍, യേശു, അവിടത്തെ സന്ദേശത്തിന്‍റെ മൗലിക മാനങ്ങള്‍ സംക്ഷേപിക്കുന്നു. ഇതിന്‍റെ തുടക്കം ഉത്സവത്തിനുള്ള അലംങ്കൃത കമാനം പോലെയാണ്. സുവിശേഷ സൗഭാഗ്യങ്ങളാണ് ആരംഭം. തന്‍റെ കാലത്തിലെയും നമ്മുടെ ഇക്കാലത്തമുള്ള, അധികമൊന്നും പരിഗണിക്കപ്പെടാത്തവരായ വ്യക്തികളുടെ വിവിധ വിഭാഗങ്ങളെ ആനന്ദ കീരിടമണിയിക്കുകയാണ് യേശു. ദരിദ്രരും, സൗമ്യശീലരും കാരുണ്യമുള്ളവരും വീനീതഹൃദയരും ഭാഗ്യവാന്മാര്‍... ഇത് സുവിശേഷത്തിന്‍റെ  വിപ്ലവാത്മകതയാണ്. സുവിശേഷം എവിടെയുണ്ടൊ അവിടെ വിപ്ലവമുണ്ട്. സുവിശേഷം അനങ്ങാതിരിക്കില്ല, അത് സമ്മര്‍ദ്ദം ചെലുത്തും: അതു വിപ്ലവാത്മകമാണ്. അന്നുവരെ ചരിത്രത്തിന്‍റെ അരികുകളിലേക്കു തള്ളപ്പെട്ടിരുന്നവരായ സ്നേഹിക്കാന്‍ കഴിവുറ്റവരും, സമാധാനത്തിന്‍റെ ശില്പികളുമായിരുന്നവരാണ് ദൈവരാജ്യ സംസ്ഥാപകര്‍. നിയമം, അതിന്‍റെ കല്പനകളോടുകൂടി, പൂര്‍ത്തീകരിക്കപ്പെടുന്നത് സ്നേഹത്തിന്‍റെയും അനുരഞ്ജനത്തിന്‍റെയും സുവിശേഷത്തിലാണ്. മാംസം ധരിച്ച ദൈവ പുത്രന്‍ നമ്മെ അവിടത്തെ സഹോദരന്മാരും സഹോദരികളുമാക്കിത്തീര്‍ക്കുന്നു, നമ്മുടെ സ്വര്‍ഗ്ഗീയ പിതാവിന്‍റെ പുത്രന്മാരും പുത്രികളുമാക്കിത്തീര്‍ക്കുന്നു.

പ്രാര്‍ത്ഥനയ്ക്ക് വിഘാതം സൃഷ്ടിക്കുന്ന ഘടകങ്ങള്‍: കപടനാട്യവും അമിതഭാഷണവും

“സ്വര്‍ഗ്ഗസ്ഥാനായ പിതാവേ” എന്ന പ്രാര്‍ത്ഥന നമുക്കു നല്കുന്നതിനു മുമ്പ് യേശു പ്രാര്‍ത്ഥനയ്ക്ക് പ്രതിബന്ധമായി വരുന്ന രണ്ടു കാര്യങ്ങളെക്കുറിച്ച് മുന്നറിയിപ്പു നല്കുന്നുണ്ട്. യേശുവിന്‍റെ കാലഘട്ടത്തിലെ രണ്ടു ഗണം വ്യക്തികളെ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് അവിടന്ന് ഈ മുന്നറിയിപ്പേകുന്നത്.  സര്‍വ്വോപരി കപട നാട്യക്കാരെക്കുറിച്ചു യേശു പറയുന്നു : ““നിങ്ങള്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ കപടനാട്യക്കാരെപ്പോലെ ആകരുത്. അവര്‍ മറ്റുള്ളവരെ കാണിക്കാന്‍ വേണ്ടി സിനഗോഗുകളിലും തെരുവീഥികളുടെ കോണുകളിലും നിന്നു പ്രാര്‍ത്ഥിക്കാനാണ് ഇഷ്ടപ്പെടുന്നത്” (മത്തായി 6,5). ദേവാലയത്തില്‍ പോകുകയും ദിവസം മുഴുവനും അവിടെ ചിലവിടുകയൊ എല്ലാദിവസവും ദേവാലയത്തില്‍ പോകുകയൊ ചെയ്യുന്നവരും അതിനു ശേഷം മറ്റുള്ളവരോടു വെറുപ്പു കാട്ടുകയൊ പരദൂഷണം പറഞ്ഞു നടക്കുകയൊ ചെയ്തുകൊണ്ടു ഉതപ്പിനു കാരണമാകുന്നവരുമായ വ്യക്തികളെ നാം എത്രയോ തവണ നാം കാണുന്നു. ഇത് അപമാനകരമാണ്! അപ്പോള്‍ പള്ളിയില്‍ പോകാതിരിക്കുന്നതാണ് നല്ലത്!. അങ്ങനെ, നീ ഒരു നാസ്തികനായി മാറുന്നു. എന്നാല്‍ നീ ദേവാലയത്തില്‍ പോകുകയും പുത്രനെപ്പോലെയും സഹോദരനെപ്പോലെയും ജീവിക്കുകയും ചെയ്യുകയാണെങ്കില്‍ നീ വിരുദ്ധ സാക്ഷ്യമല്ല, യഥാര്‍ത്ഥ സാക്ഷ്യം ഏകുകയാണ്. സ്വന്തം മനസ്സാക്ഷിയല്ലാതെ മറ്റൊരു വിശ്വാസയോഗ്യമായ സാക്ഷി ക്രിസ്തീയ പ്രാര്‍ത്ഥനയ്ക്കില്ല. പിതാവുമായി തീവ്രവും നിരന്തരവുമായ ഒരു സംഭാഷണമാണ് മനസ്സാക്ഷിയില്‍ നടക്കുക. “നീ പ്രാര്‍ത്ഥിക്കുമ്പോള്‍ നിന്‍റെ മുറിയില്‍ കടന്ന്, കതകടച്ച്, രഹസ്യമായി നിന്‍റെ  പിതാവിനോടു പ്രാര്‍ത്ഥിക്കുക; രഹസ്യങ്ങള്‍ അറിയുന്ന പിതാവ് നിനക്കു പ്രതിഫലം നല്കും”  (മത്തായി 6,6)  ആന്തരികപരിവര്‍ത്തനവും വിനയവും ഇല്ലാത്ത ബാഹ്യമായ പ്രകടനം ആണ് കപടനാട്യം.

ഔപചാരികതയും വാചാലതയും

രണ്ടാമത്തെ  പ്രതിബന്ധം ഔപചാരികതയും വാചാലതയും ആണ്. ദൈവഹിതത്തോടു തുറവു കാട്ടാതെ പരാതികള്‍ സമര്‍പ്പിക്കുകമാത്രമാണ് ഇവിടെ.

യേശു ഇതിനു ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നത് വിജാതീയരുടെ പ്രാര്‍ത്ഥനയാണ്.

പ്രാര്‍ത്ഥിക്കുമ്പോള്‍ വിജാതീയരെപ്പോലെ നിങ്ങള്‍ അതിഭാഷണം ചെയ്യരുത്. അതിഭാഷണം വഴി തങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കുമെന്ന് അവര്‍ കരുതുന്നു” (മത്തായി 6,7)

ബാല്‍ ദേവന്‍റെ പുരോഹിതരെ ഏലിയ പ്രവാചകന്‍ വെല്ലുവിളിക്കുന്ന കര്‍മ്മലമലയിലെ രംഗം ഒന്നു ചിന്തിച്ചു നോക്കൂ.  തങ്ങള്‍ ആവശ്യപ്പെടുന്ന നിരവധികാര്യങ്ങള്‍ ബാല്‍ ദേവന്‍ കേള്‍ക്കുന്നതിനായി അവര്‍ ഉച്ചത്തില്‍ അപേക്ഷിക്കുകയും നൃത്തംചെയ്യുകയും ചെയ്തു  എന്നാല്‍ ഏലിയ പ്രവാചകന്‍ നിശബ്ദനായി പ്രാര്‍ത്ഥിക്കുകയും കര്‍ത്താവ് ഏലിയായ്ക്ക് സ്വയം വെളിപ്പെടുത്തുകയും ചെയ്തു.  വാചാലതയാണ് പ്രാര്‍ത്ഥനയെന്ന് വിജാതീയര്‍ കരുതി. എന്നോടു ക്ഷമിക്കുക, ഒരു തത്തയെപ്പോലെ വാക്കുകള്‍ ആവര്‍ത്തിക്കുകയാണ് പ്രാര്‍ത്ഥനയെന്നു കരുതുന്ന ക്രൈസ്തവരുമുണ്ട്. തത്തമ്മയെപ്പോലെ സംസാരിക്കുകയല്ല പ്രാര്‍ത്ഥന, അതു ഹൃദയത്തില്‍ നിന്നു പുറപ്പെടേണ്ടതാണ്. പുത്രന്‍ പിതാവിനോടെന്നപോലെ ദൈവത്തോടു പ്രാര്‍ത്ഥിക്കാനാണ് യേശു പറയുന്നത്. നമ്മള്‍ ചോദിക്കുന്നതിനു മുമ്പുതന്നെ നമ്മുടെ  ആവശ്യങ്ങള്‍ എന്തെന്ന് പിതാവിനറിയാം. “സ്വര്‍ഗ്ഗസ്ഥനായ പിതാവേ” എന്ന പ്രാര്‍ത്ഥന മൗനമായി ചൊല്ലിയാലും മതി. എന്നാല്‍ അവിടത്തെ കടാക്ഷത്തിന്‍ കീഴിലായിരിക്കണം, അവിടത്തെ സ്നേഹം നാം ഓര്‍ക്കണം. ഇത്രയും മതി നമ്മുടെ പ്രാര്‍ത്ഥന അവിടന്നു കേള്‍ക്കാന്‍.

ദൈവത്തിന് ബലികളല്ല ആവശ്യം

ദൈവത്തിന്‍റെ അനുഗ്രഹം ലഭിക്കുന്നതിന് നമ്മുടെ ദൈവത്തിന് ബലികള്‍ ആവശ്യമില്ല എന്ന ചിന്ത എത്ര മനോഹരമാണ്! നമ്മുടെ ദൈവത്തിന് ഒന്നും ആവശ്യമില്ല. നാം അവിടത്തെ എന്നും ഏറ്റം സ്നേഹിക്കപ്പെടുന്ന മക്കളാണെന്നു കണ്ടെത്തുന്നതിനുള്ള വിനിമയമാര്‍ഗ്ഗം എന്നും പ്രാര്‍ത്ഥനയില്‍ തുറന്നി‌ട്ടാല്‍ മതി എന്നു മാത്രമാണ് അവിടന്ന് നമ്മോട് ആവശ്യപ്പെടുന്നത്.                          

ഈ വാക്കുകളില്‍ പാപ്പായുടെ പ്രഭാഷണം അവസാനിച്ചതിനെ തുടര്‍ന്ന് അതിന്‍റെ സംഗ്രഹം ആംഗലവും അറബിയുമുള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെടുകയും ഓരോ വായനയുടെയും അവസാനം പാപ്പാ ആ ഭാഷാക്കാരെ ഇറ്റാലിയന്‍ ഭാഷയില്‍ അഭിവാദ്യം ചെയ്യുകയും ചെയ്തു.

പൊതുദര്‍ശന പരിപാടിയുടെ അവസാനം യുവജനത്തെയും വൃദ്ധജനത്തെയും രോഗികളെയും നവദമ്പതികളെയും പതിവുപോലെ സംബോധന ചെയ്ത പാപ്പാ കര്‍ത്തൃപ്രാര്‍ത്ഥന ലത്തീന്‍ ഭാഷയില്‍ ആലപിക്കപ്പെട്ടതിനെ തുടര്‍ന്ന് എല്ലാവര്‍ക്കും  തന്‍റെ  അപ്പസ്തോലിക ആശീര്‍വ്വാദം നല്കി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

02 January 2019, 12:57