തിരയുക

ഫ്രാന്‍സീസ് പാപ്പാ ,പ്രതിവാര പൊതുകൂടിക്കാഴ്ചാവേളയില്‍, വത്തിക്കാനില്‍, പോള്‍ ആറാമന്‍ ശാലയില്‍ 16/01/19 ഫ്രാന്‍സീസ് പാപ്പാ ,പ്രതിവാര പൊതുകൂടിക്കാഴ്ചാവേളയില്‍, വത്തിക്കാനില്‍, പോള്‍ ആറാമന്‍ ശാലയില്‍ 16/01/19 

"ആബ്ബാ"-പിതാവേ! പാപ്പായുടെ പൊതുകൂടിക്കാഴ്ചാ വിചിന്തനം

നീ അന്വേഷിക്കുന്നില്ലെങ്കിലും ദൈവം നിന്നെ തേടുന്നു. നീ ദൈവത്തെ മറന്നാലും അവിടന്ന് നിന്നെ സ്നേഹിക്കുന്നു. നിന്‍റെ താലന്തുകള്‍ നീ പാഴാക്കിക്കളഞ്ഞു എന്നു നീ ചിന്തിക്കുമ്പോഴും ദൈവം നിന്നില്‍ ഒരു മനോഹാരിത കാണുന്നു. ദൈവം പിതാവു മാത്രമല്ല, സ്വന്തം കുഞ്ഞിനെ സ്നേഹിക്കുന്നതില്‍ ഒരിക്കലും മടുക്കാത്ത ഒരമ്മയെപ്പോലെയുമാണ്, ഫ്രാന്‍സീസ് പാപ്പാ.

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ശൈത്യകാലമെങ്കിലും റോമില്‍ പൊതുവെ തണുപ്പു അല്പം കുറഞ്ഞ കാലാവസ്ഥയായിരുന്നു ഈ ബുധനാഴ്ച (16/01/19). ബുധനാഴ്ചകളിലെ  പതിവനുസരിച്ച്, ഫ്രാന്‍സീസ് പാപ്പാ വത്തിക്കാനില്‍ അനുവദിച്ച പ്രതിവാര പൊതുകൂടിക്കാഴ്ചയില്‍ പങ്കെടുക്കുന്നതിന് ദക്ഷിണ കൊറിയക്കാരുള്‍പ്പടെയുള്ള വിവിധരാജ്യക്കാരായിരുന്ന തീര്‍ത്ഥാടകരും സന്ദര്‍ശകരുമായി ഏഴായിരത്തിലേറെപ്പേര്‍ എത്തിയിരുന്നു. വിശുദ്ധ പത്രോസിന്‍റെ  ബസിലിക്കയുടെ അടുത്തുള്ള അതിവിശാലമായ പോള്‍ ആറാമന്‍ ശാല ആയിരുന്നു പൊതുദര്‍ശനപരിപാടിയുടെ വേദി ഈ ആഴ്ചയും. പാപ്പാ ശാലയിലെത്തിയപ്പോള്‍  കരോഘോഷവും ആനന്ദാരവങ്ങളുമുയര്‍ന്നു. ഏവര്‍ക്കും അഭിവാദ്യമര്‍പ്പിച്ചുകൊണ്ട് പാപ്പാ ജനങ്ങള്‍ക്കിടയിലൂടെ, പ്രത്യേകം തിരിച്ചിരുന്ന, ഇടനാഴിയിലൂടെ സാവധാനം നീങ്ങി. കുഞ്ഞുങ്ങളെ തൊട്ടുതലോടുകയും ആശീര്‍വദിക്കുകയും സ്നേഹചുംബനമേകുകയും മുതിര്‍ന്നവരില്‍ ചിലരുമായി കുശലം  പറയുകയും ചെയ്യുന്നുണ്ടായിരുന്നു പാപ്പാ. ചിലരേകിയ ചെറുസമ്മാനങ്ങളും പാപ്പാ സ്വീകരിച്ചു. ഒരു യുവാവ് നല്കിയ പാനീയവും പാപ്പാ രുചിച്ചു നോക്കി.   പ്രസംഗവേദിയിലെത്തിയ പാപ്പാ, റോമിലെ സമയം രാവിലെ 09.30 ഓടെ, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 2 മണിയോടെ, ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന്  വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണമായിരുന്നു.

ദൈവവചനം

“ ദൈവാത്മാവിനാല്‍ നയിക്കപ്പെടുന്നവരെല്ലാം ദൈവത്തിന്‍റെ പുത്രന്മാരാണ്.15 നിങ്ങളെ വീണ്ടും ഭയത്തിലേക്കുനയിക്കുന്ന അടിമത്തത്തിന്‍റെ ആത്മാവിനെയല്ല, മറിച്ച് പുത്രസ്വീകാര്യത്തിന്‍റെ ആത്മാവിനെയാണ് നിങ്ങള്‍ കൈക്കൊണ്ടിരിക്കുന്നത്. ഈ ആത്മാവുമൂലമാണ് നാം “ആബ്ബാ”- പിതാവേ എന്നു വിളിക്കുന്നത്.16 നാം ദൈവത്തിന്‍റെ മക്കളാണെന്ന് ഈ ആത്മാവ് നമ്മുടെ ആത്മാവിനോടു ചേര്‍ന്ന് സാക്ഷ്യം നല്കുന്നു”. (പൗലോസപ്പസ്തോലന്‍ റോമാക്കാര്‍ക്കെഴുതിയ ലേഖനം  8:14-16)                 

 

ഈ വിശുദ്ധഗ്രന്ഥഭാഗം വായിക്കപ്പെട്ടതിനുശേഷം, ജനസഞ്ചയത്തെ സംബോധനചെയ്ത പാപ്പാ “സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ” എന്ന കര്‍ത്തൃപ്രാര്‍ത്ഥനയെ അധികരിച്ചു നടത്തിപ്പോരുന്ന പ്രബോധനപരമ്പര “ആബ്ബാ” - പിതാവേ എന്ന സംബോധനയെ അവലംബമാക്കി തുടര്‍ന്നു. പാപ്പായുടെ, ഇറ്റാലിയന്‍ ഭാഷയിലായിരുന്ന,  പ്രഭാഷണത്തിലെ പ്രസക്ത ഭാഗങ്ങള്‍:

“സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ” എന്ന പ്രാര്‍ത്ഥനയെ അധികരിച്ചുള്ള പ്രബോധനത്തിന്‍റെ തുടര്‍ച്ചയില്‍ ഇന്ന് നാം ആരംഭിക്കുക, പുതിയ നിയമത്തില്‍ ഈ പ്രാ‍ര്‍ത്ഥന “ആബാ”- “പിതാവേ” എന്ന ഏക പദത്തില്‍ കേന്ദ്രീകരിച്ചുകൊണ്ട് സത്തയിലേക്കെത്തിച്ചേരാന്‍ ശ്രമിക്കുന്നു എന്ന നിരീക്ഷണത്തില്‍ നിന്നാണ്.

നിങ്ങളെ വീണ്ടും ഭയത്തിലേക്കുനയിക്കുന്ന അടിമത്തത്തിന്‍റെ ആത്മാവിനെയല്ല, മറിച്ച് പുത്രസ്വീകാര്യത്തിന്‍റെ ആത്മാവിനെയാണ് നിങ്ങള്‍ കൈക്കൊണ്ടിരിക്കുന്നത്. ഈ ആത്മാവുമൂലമാണ് നാം “ആബ്ബാ”- പിതാവേ എന്നു വിളിക്കുന്നത്” (റോമാക്കാര്‍ക്കുള്ള ലേഖനം 8,15) എന്ന പൗലോസപ്പസ്തോലന്‍റെ വാക്കുകള്‍ നാം ശ്രവിച്ചു. ഗലാത്തിയക്കാര്‍ക്കുള്ള ലേഖനത്തില്‍ പൗലോസപ്പസ്തോലന്‍ പറയുന്നു:”നിങ്ങള്‍ മക്കളായതുകൊണ്ട് “ആബ്ബാ”-പിതാവേ എന്നു വിളിക്കുന്ന തന്‍റെ പുത്രന്‍റെ ആത്മാവിനെ ദൈവം നമ്മുടെ ഹൃദയത്തിലേക്ക് അയച്ചിരിക്കുന്നു”  (ഗലാത്തിയര്‍ 4,6) ഈ ഒരേ സംബോധന രണ്ടുതവണ ആവര്‍ത്തിക്കപ്പടുന്നു. ഈ സംബോധനയില്‍ സുവിശേഷത്തിന്‍റെ നവീനത സംഗ്രഹിക്കപ്പെടുന്നു. യേശുവിനെ അറിയുകയും അവിടത്തെ പ്രഭാഷണം ശ്രവിക്കുകയും ചെയ്തതുമുതല്‍ ക്രൈസ്തവന്‍, ദൈവത്തെ ഭയപ്പെടേണ്ട ഒരു സ്വേച്ഛാധിപതിയായിട്ടല്ല കാണുന്നത്, അവിടത്തെ ഇനി ഭയമില്ല, അവിടന്നിലുള്ള വിശ്വാസം അവന്‍റെ ഹൃദയത്തില്‍ പൂവണിഞ്ഞു. സ്രഷ്ടാവിനെ പിതാവ് എന്ന് സംബോധനചെയ്തുകൊണ്ട് അവിടന്നുമായി സംഭാഷണത്തിലേര്‍പ്പെടാന്‍ അവനു സാധിക്കും. പിതാവ്  എന്നതിന്‍റെ മൂലരൂപമായ “ആബ്ബാ” എന്ന പദം അവികലം കാത്തു സൂക്ഷിക്കത്തക്കവിധം അത്രമാത്രം സുപ്രധാനമാണ് ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം ആ പ്രയോഗം. “ആബ്ബാ” എന്ന പദം പൗലോസ് അപ്പസ്തോലന്‍ സമഗ്രമായിത്തന്നെ നിലനിറുത്തിയിരിക്കുന്നു.

ആദിമ ക്രൈസ്തവരുടെ പ്രാര്‍ത്ഥന

യേശു പിതാവിനെ സംബോധന ചെയ്ത  “ആബ്ബാ”എന്ന അറമായപദം ഉപയോഗിച്ച് ആദിമ ക്രൈസ്തവര്‍ പരിശുദ്ധാരൂപിയാല്‍ പ്രേരിതരായി, പ്രാര്‍ത്ഥിച്ചിരുന്നുവെന്ന് പൗലോസപ്പസ്തോലന്‍റെ ലേഖനങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. പിതാവുമായുള്ള ഗാഢവും വിശ്വാസപൂര്‍ണ്ണവുമായ തന്‍റെ ബന്ധത്തില്‍ പങ്കുചേരുകയാണ് പ്രാര്‍ത്ഥിക്കുക എന്നത് എന്ന് സ്വശിഷ്യരെ പഠിപ്പിച്ച യേശുവിന്‍റെ സ്വരത്തിന്‍റെ മുഴക്കം കര്‍ത്തൃപ്രാര്‍ത്ഥനയുടെ ആരംഭത്തില്‍ നമുക്ക്  കേള്‍ക്കാം.

സ്വര്‍ഗ്ഗീയ പിതാവിനെയും അവിടത്തെ അപരിമേയ സ്നേഹത്തെയും, കാരുണ്യത്തെയും മാപ്പുനല്കലിനെയും നാം ഏതു രീതിയില്‍ മനസ്സിലാക്കണമെന്നാണ് താന്‍ അഭിലഷിക്കുന്നതെന്ന് യേശു സ്വര്‍ഗ്ഗീയ പിതാവിനെയും അവിടത്തെ അപരിമേയ സ്നേഹത്തെയും നാം ഏതു രീതിയില്‍ മനസ്സിലാക്കണമെന്നാണ് താന്‍ അഭിലഷിക്കുന്നതെന്ന് യേശു ധൂര്‍ത്തപുത്രന്‍റെ  ഉപമയിലൂടെ സുവ്യക്തമായി കാണിച്ചു തരുന്നുണ്ട്.  തീര്‍ച്ചയായും പിതാവിന്‍റെ സ്നേഹത്തില്‍ അല്പം മാതൃസ്നേഹവും കലര്‍ന്നിരിക്കുന്നു.  അതാണ് തന്‍റെ ദത്തുപുത്രീപുത്രന്മാരെന്ന നിലയില്‍ നമ്മുടെ ക്രിസ്തുവിലുള്ള നവജീവന്‍റെ വളര്‍ച്ചയെ സഹായിക്കുകയും പോഷിപ്പിക്കുകയും ചെയ്യുന്നത്.

നിന്നെ തേടുന്ന ദൈവം

നീ അന്വേഷിക്കുന്നില്ലെങ്കിലും ദൈവം നിന്നെ തേടുന്നു. നീ ദൈവത്തെ മറന്നാലും അവിടന്ന് നിന്നെ സ്നേഹിക്കുന്നു. നിന്‍റെ താലന്തുകള്‍ നീ പാഴാക്കിക്കളഞ്ഞു എന്നു നീ ചിന്തിക്കുമ്പോഴും ദൈവം നിന്നില്‍ ഒരു മനോഹാരിത കാണുന്നു. ദൈവം പിതാവു മാത്രമല്ല, സ്വന്തം കുഞ്ഞിനെ സ്നേഹിക്കുന്നതില്‍ ഒരിക്കലും മടുക്കാത്ത ഒരമ്മയെപ്പോലെയുമാണ് ദൈവം.

 “പിതാവേ” എന്നു വിളിക്കാന്‍ ഒരിക്കലും മറക്കരുത്

ധൂര്‍ത്തപുത്രന് സംഭവിച്ചതുപോലെ, ഒരു പക്ഷേ, ദൈവത്തില്‍ നിന്നകന്ന വഴികളില്‍ നാം സഞ്ചരിച്ചേക്കാം; അല്ലെങ്കില്‍, ലോകത്തില്‍ പരിത്യക്തനാണെന്ന പ്രതീതിയുളവാക്കുന്ന ഏകാന്തതയില്‍ നിപതിച്ചേക്കാം; അതുമല്ലെങ്കില്‍, തെറ്റിലകപ്പെടുകയും കുറ്റബോധത്താല്‍ തളരുകയും ചെയ്തേക്കാം. ക്ലേശകരങ്ങളായ ആ വേളകളിലെല്ലാം നമുക്ക് പ്രാര്‍ത്ഥിക്കാനുള്ള ശക്തി കണ്ടെത്താനും "പിതാവേ” എന്ന വാക്കുകൊണ്ട് വീണ്ടും തുടങ്ങാനും സാധിക്കും. ഒരു കുഞ്ഞ് പിതാവിനെ വിളിക്കുന്നതു പോലെ ആ ആര്‍ദ്രതയോടുകൂടിയായിരിക്കണം, ആബ്ബാ, അപ്പാ എന്നു വിളിക്കേണ്ടത്. തന്‍റെ വദനം അവിടന്ന് നിന്നില്‍ നിന്ന് മറയ്ക്കില്ല. ഒരു പക്ഷേ ഒരുവന്‍റെ അന്തരംഗം തിന്മകളാല്‍ നറഞ്ഞതായിരിക്കാം, പ്രശ്നങ്ങള്‍ എങ്ങനെ പരിഹരിക്കണമെന്നറിയില്ലായിരിക്കാം, ചെയ്തു പോയകാര്യങ്ങളുടെ കയ്പ്പനുഭവപ്പെടുന്നുണ്ടാകാം. ദൈവം അവിടത്തെ മുഖം നിന്നില്‍ നിന്നു മറയ്ക്കില്ല. അവിടന്ന് നിശബ്ദനായിരിക്കില്ല. നീ അവിടത്തെ വിളിക്കുക, അവിടന്ന് പ്രത്യുത്തരിക്കും. നിനക്ക് ഒരു പിതാവുണ്ട്. ഉണ്ട് എന്നത് ശരിതന്നെ, എന്നാല്‍ ഞാന്‍ ഒരു അപരാധിയാണ്... എന്ന് ചിന്തിക്കുന്നവന്‍ ഓര്‍ക്കുക, നിന്നെ സ്നേഹിക്കുന്ന ഒരു പിതാവുണ്ട്. പിതാവേ എന്നു വിളിച്ചു പ്രാര്‍ത്ഥിക്കുക. അപ്പോള്‍ അവിടന്ന് മൗനമായി നമ്മോടു പറയും നമ്മെ സദാ കാണുന്നുണ്ടെന്ന്. ഞാന്‍ എല്ലാം കാണുന്നുവെന്ന്. ഞാന്‍ എന്നും അവിടെ, നിന്‍റെ ചാരെ ഉണ്ടായിരുന്നു, എനിക്ക് നിന്നോടുള്ള സ്നേഹത്തില്‍ ഞാന്‍ വിശ്വസ്തനാണ് എന്ന്. ഇതായിരിക്കും ഉത്തരം. “പിതാവേ” എന്നു വിളിക്കാന്‍ ഒരിക്കലും മറക്കരുത്. നന്ദി.                       

ഈ വാക്കുകളില്‍ പാപ്പായുടെ, ഇറ്റാലിയന്‍ ഭാഷയിലായിരുന്ന, പ്രഭാഷണം അവസാനിച്ചതിനെ തുടര്‍ന്ന് അതിന്‍റെ സംഗ്രഹം ആംഗലവും അറബിയുമുള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെടുകയും ഓരോ വായനയുടെയും അവസാനം പാപ്പാ ആ ഭാഷാക്കാരെ ഇറ്റാലിയന്‍ ഭാഷയില്‍ അഭിവാദ്യം ചെയ്യുകയും ചെയ്തു.

ക്രൈസ്തവൈക്യത്തിനായുള്ള പ്രാര്‍ത്ഥനാവാരം

വെള്ളിയാഴ്ച (18/01/19) ക്രൈസ്തവൈക്യത്തിനായുള്ള പ്രാര്‍ത്ഥനാവാരം റോമാനഗരത്തിന്‍റെ ചുമരുകള്‍ക്കു വെളിയിലുള്ള വിശുദ്ധ പൗലസപ്പസ്തോലന്‍റെ  നാമത്തിലുള്ള ബസിലിക്കയില്‍ ആരംഭിക്കുന്നതും, “യഥാര്‍ത്ഥ നീതിമാന്മാരായിരിക്കാന്‍ ശ്രമിക്കുക” എന്ന വിചിന്തന പ്രമേയം ഇക്കൊല്ലം ഈ പ്രാര്‍ത്ഥനാവാരം സ്വീകരിച്ചിരിക്കുന്നതു പാപ്പാ അനുസ്മരിച്ചു.

പൊതുദര്‍ശന പരിപാടിയുടെ അവസാനം യുവജനത്തെയും വൃദ്ധജനത്തെയും രോഗികളെയും നവദമ്പതികളെയും പതിവുപോലെ സംബോധന ചെയ്ത പാപ്പാ, പത്രോസിന്‍റെ പിന്‍ഗാമിയുടെ സാര്‍വ്വത്രിക ശുശ്രൂഷയോടുള്ള കൂ‌ട്ടായ്മ നവീകരിക്കാന്‍ ഈ കൂടിക്കാഴ്ച അവര്‍ക്ക് സഹായകമാകട്ടെയെന്ന് ആശംസിച്ചു.

പാപ്പായുടെ ഈ വാക്കുകളെ തുടര്‍ന്ന് കര്‍ത്തൃപ്രാര്‍ത്ഥന ലത്തീന്‍ ഭാഷയില്‍ ആലപിക്കപ്പെട്ടു. തദ്ദനന്തരം പാപ്പാ  എല്ലാവര്‍ക്കും  തന്‍റെ  അപ്പസ്തോലിക ആശീര്‍വ്വാദം നല്കി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

16 January 2019, 12:24