തിരയുക

ക്രിസ്തുമസ്സ് മരത്തിനു മുകളിലെ ദീപ്ത താരകം ക്രിസ്തുമസ്സ് മരത്തിനു മുകളിലെ ദീപ്ത താരകം 

നയനങ്ങള്‍ ഉയര്‍ത്തുക, വഴികാട്ടിയായ നക്ഷത്രം ദര്‍ശിക്കുക!

പ്രതിവാര പൊതുകൂ‌ടിക്കാഴ്ചാ വേളയില്‍ പാപ്പായുടെ അഭിവാദ്യങ്ങള്‍

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

നന്മയുടെ സരണികളിലൂടെ സഞ്ചരിക്കാന്‍ നമ്മെ ക്ഷണിക്കുന്ന നക്ഷത്രം കാണാന്‍ നമുക്കു സാധിക്കണമെങ്കില്‍, നാം, പൗരസ്ത്യദേശത്തു നിന്ന് ഉണ്ണിയേശുവിനെ ദര്‍ശിക്കാന്‍ ബത്ലഹേമിലെത്തിയ ജ്ഞാനികളെപ്പോലെ, ഉന്നതത്തിലേക്കു നോക്കണമെന്ന് മാര്‍പ്പാപ്പാ.

ബുധനാഴ്ച (02/01/19) വത്തിക്കാനിലെ പോള്‍ ആറാമന്‍ ശാലയില്‍ അനുവദിച്ച പ്രതിവാരപൊതുകൂടിക്കാഴ്ചയുടെ അവസാനം യുവതയെും വൃദ്ധജനത്തെയും നവദമ്പതികളെയും രോഗികളെയും പ്രത്യേകം സംബോധനചെയ്യവെ ഫ്രാന്‍സീസ് പാപ്പാ ആറാം തിയതി ഞായറാഴ്ച (06/01/18)  ദൈവാവിഷ്ക്കാരത്തിരുന്നാള്‍, അഥവാ, എപ്പിഫനി ആഘോഷിക്കുന്നതിനെക്കുറിച്ച് പരാമര്‍ശിക്കുകയായിരുന്നു.

പൊതുകൂടിക്കാഴ്ചയില്‍ പങ്കെടുത്ത ക്യൂബക്കാരായ സര്‍ക്കസ്സ് അഭ്യാസികളുടെ സംഘത്തെയും, ഈ പരിപാടിയുടെ അവസാനഭാഗത്ത്, പാപ്പാ, പ്രത്യേകം അഭിവാദ്യം ചെയ്യുകയും അവര്‍ കാഴ്ചവച്ച പ്രകടനത്തിന് നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.

ഈ സര്‍ക്കസ്സ് കലാകാരന്മാരുടെ പ്രകടനത്തിന്‍റെ മനോഹാരിതയെക്കുറിച്ചു പരാമാര്‍ശിച്ച പാപ്പാ ഈ സൗന്ദര്യം ഏറെ പരിശ്രമം, അതായത്, പരിശീലനം ആവശ്യപ്പെടുന്നതാണെന്ന് അനുസ്മരിച്ചു.

ലാവണ്യം എന്നും ഹൃദയത്തെ ഉയര്‍ത്തുകയും നമ്മെ എല്ലാവരേയും കൂടുതല്‍ നല്ലവരാക്കിത്തീര്‍ക്കുകയും നന്മയിലേക്കും ദൈവത്തിലേക്കും നമ്മെ കൊണ്ടുപോകുകയും ചെയ്യുന്നുവെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.

ലോകത്തിനു മുഴുവന്‍ ഈ ചാരുത പകര്‍ന്നുകൊണ്ട് മുന്നേറാന്‍ പാപ്പാ സര്‍ക്കസ്സ് കലാകാരന്മാര്‍ക്ക് പ്രചോദനം പകരുകയും ചെയ്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

03 January 2019, 08:51