തിരയുക

Vatican News
Solemnity of the Maternity of Mary - Blessing at the end of Angelus Solemnity of the Maternity of Mary - Blessing at the end of Angelus 

ഇടയന്മാര്‍ ബെതലഹേമില്‍ കണ്ട കൃപയുടെ സ്രോതസ്സ്

ജനുവരി 1-Ɔο തിയതി ചൊവ്വാഴ്ച പുതുവത്സര നാളില്‍ ദൈവമാതാവിന്‍റെ തിരുനാളിനോട് അനുബന്ധിച്ച് പാപ്പാ ഫ്രാന്‍സിസ് വത്തിക്കാനില്‍ ത്രികാല പ്രാര്‍ത്ഥനാമദ്ധ്യേ നല്കിയ സന്ദേശം:
ദൈവമാതൃത്വത്തിരുനാളിലെ ത്രികാലപ്രാര്‍ത്ഥന സന്ദേശം - ശബ്ദരേഖ

ദൈവമാതാവിന്‍റെ മഹോത്സവത്തില്‍
ശൈത്യകാലത്തിന്‍റെ ആധിക്യം കുറയ്ക്കുമാറും പുതുവത്സരത്തിന്‍റെ സന്തോഷം ഉണര്‍ത്തുമാറും സൂര്യന്‍ തെളിഞ്ഞുനിന്ന ദിവസമായിരുന്നു. വത്തിക്കാന്‍റെ ചുറ്റുപാടുകള്‍ വലിയ ക്രിബ്ബും ക്രിസ്തുമസ് മരവും അലങ്കാരങ്ങളുംകൊണ്ട് സുന്ദരവും ഉത്സവപ്രതീതി ഉണര്‍ത്തുന്നതുമായിരുന്നു. പതിവില്‍ അധികം തീര്‍ത്ഥാടകരെയും സന്ദര്‍ശകരെയും എവിടെയും കാണാമായിരുന്നു. വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍, അപ്പസ്തോലിക അരമനയുടെ മുന്‍ഭാഗത്തായി ആയിരങ്ങള്‍ സമ്മേളിച്ചിരുന്നു.  പതിവുപോലെ മദ്ധ്യാഹ്നം കൃത്യം 12 മണിക്ക് അപ്പസ്തോലിക അരമനയുടെ മൂന്നാംനിലയിലെ ജാലകത്തില്‍ പാപ്പാ ഫ്രാന്‍സിസ് പ്രത്യക്ഷപ്പെട്ടു.മന്ദസ്മിതത്തോടെ കരങ്ങള്‍ ഉയര്‍ത്തി എല്ലാവരെയും അഭിവാദ്യംചെയ്തശേഷം, പ്രഭാഷണം ആരംഭിച്ചു.

ഇടയന്മാര്‍ പുല്‍ക്കൂട്ടില്‍ കണ്ട അമ്മയും ഉണ്ണിയും
സഹോദരങ്ങളേ, പുതുവത്സരത്തിന്‍റെ ആശംസകള്‍ നേരുന്നു...! ക്രിസ്തുമസ് കഴിഞ്ഞ് എട്ടാമിടം, നാം ഇന്ന് ദൈവമാതാവിന്‍റെ തിരുനാള്‍ ആചരിക്കുകയാണല്ലോ. പുല്‍ക്കുട്ടില്‍ തന്‍റെ മടിയില്‍ ഉണ്ണിയേശുവുമായി ഇരിക്കുന്ന മറിയത്തെ നോക്കി വിസ്മയസ്തഭ്തരായി നിന്ന ബെതലഹേമിലെ ആട്ടിടയന്മാരെപ്പോലെ ഇന്നാളില്‍ നമുക്കും പുല്‍ക്കൂട്ടിലേയ്ക്ക് ദൃഷ്ടികള്‍ പതിക്കാം. തന്‍റെ കരങ്ങളില്‍ ഇരിക്കുന്ന ഉണ്ണിയെ, ലോക രക്ഷകനെ ആ അമ്മ നമുക്കു കാണിച്ചു തരികയാണ്. ഈ അമ്മയും മകനും നമ്മെ ആശീര്‍വ്വദിക്കുന്നു. ഇന്ന് ആരംഭിക്കുന്ന 2019, പുതുവര്‍ഷത്തില്‍ നമ്മുടെ ഓരോരുത്തരുടെയും ജീവിതപാതകള്‍ അവിടുന്ന് ആശീര്‍വ്വദിച്ച് തെളിയിക്കുകയാണ്. കാരണം, യേശു ലോകത്തിലേയ്ക്കു വന്നത് ദൈവികനന്മകള്‍ നമ്മള്‍ ഓരോരുത്തര്‍ക്കുമായി പങ്കുവയ്ക്കാനാണ്.

ദൈവം നമ്മെ കടാക്ഷിച്ചിരിക്കുന്നു!
യഥാര്‍ത്ഥത്തില്‍ ഇന്നാളില്‍ നാം കൈമാറുന്ന സമ്മാനങ്ങളിലും ആശംസകളിലും അടങ്ങിയിരിക്കുന്ന സത്ത ദൈവാനുഗ്രഹമാണ്. ഇന്നത്തെ ആരാധക്രമത്തിലെ ആശീര്‍വ്വാദം, പണ്ട് ഇസ്രായേലിലെ പുരോഹിത സമൂഹം ഉപയോഗിച്ചിരുന്ന അതേ പ്രാര്‍ത്ഥന തന്നെയാണ്. “ദൈവം നിങ്ങളെ അനുഗ്രഹിച്ചു നയിക്കട്ടെ! അവിടുത്തെ തിരുമുഖം നിങ്ങളെ പ്രകാശിപ്പിച്ച്, അവിടുത്തെ കൃപ നിങ്ങള്‍ക്കു സമൃദ്ധമായി ലഭിക്കട്ടെ! ദൈവം നിങ്ങളെ കടാക്ഷിച്ച്, അവിടുത്തെ സമാധാനം നിങ്ങളില്‍ വന്നിറങ്ങട്ടെ!” (സംഖ്യ 6, 24-26). തന്‍റെ ചുറ്റും സമ്മേളിക്കുന്നവരുടെ മേല്‍ കരങ്ങള്‍ ഉയര്‍ത്തി പ്രാര്‍ത്ഥിക്കുന്ന പുരോഹിതന്‍ മൂന്നു പ്രാവശ്യമാണ് “കര്‍ത്താവ്” എന്ന ദൈവനാമം ആവര്‍ത്തിക്കുന്നത്. അതായത്, വിശുദ്ധഗ്രന്ഥം സൂചിപ്പിക്കുന്നപോലെ, കര്‍ത്താവെന്ന പേര് ഉള്‍ക്കൊള്ളുന്ന യാഥാര്‍ത്ഥമായ ദൈവത്തെയാണ് ജനം വിളിച്ചപേക്ഷിക്കുന്നത്. അതിനാല്‍ ദൈവനാമം ഒരാളുടെ മേല്‍, അല്ലെങ്കില്‍ ഒരു കുടുംബത്തിന്‍റെയോ, സമൂഹത്തിന്‍റെയോ മേല്‍ പ്രാര്‍ത്ഥനയിലൂടെ ഉച്ചരിക്കപ്പെടുമ്പോള്‍ അവിടുന്നില്‍നിന്നും നിര്‍ഗ്ഗളിക്കുന്ന കൃപയുടെ മേന്മയാണ് അവര്‍ക്ക് ലഭിക്കുന്നത്.

എന്നും പ്രഭചൊരിയുന്ന ദൈവികസൂര്യന്‍
ദൈവത്തിന്‍റെ മുഖകാന്തിയെക്കുറിച്ചും അതേ പ്രാര്‍ത്ഥനയില്‍ രണ്ടു പരാമര്‍ശങ്ങളുണ്ട് :  ആദ്യം പുരോഹിതന്‍ പ്രാര്‍ത്ഥിക്കുന്നത്, ദൈവം അവരുടെമേല്‍ പ്രകാശിക്കട്ടെയെന്നാണ്. രണ്ടാമതായി, ദൈവം തന്‍റെ ജനത്തിലേയ്ക്കു തിരിഞ്ഞ് അവരില്‍ കാരുണ്യവും സമാധാനവും വര്‍ഷിക്കട്ടെ!
തിരുവെഴുത്തുകള്‍ പഠിപ്പിക്കുന്നതുപോലെ ദൈവത്തിന്‍റെ മുഖകാന്തി ദര്‍ശിക്കാന്‍ മനുഷ്യര്‍ അയോഗ്യരാണ്. ദൈവികമുഖം ദര്‍ശിച്ചവര്‍ ആരും ജീവിച്ചിരിക്കയില്ലെന്നാണ് വയ്പ്! സൂര്യനെ നമുക്ക് നേരെ നോക്കാന്‍ ആവാത്തതുപോലെ, ഇത് ദൈവത്തിന്‍റെ അത്യുത്കൃഷ്ടവും അഭൗമവും അനന്തവുമായ മഹത്വത്തെ സൂചിപ്പിക്കുന്നു. എന്നാല്‍ ദൈവിക മഹത്വം സ്നേഹമാണ്. അതിനാല്‍, അവിടുന്ന് മനുഷ്യര്‍ക്ക് അപ്രാപ്യനെങ്കിലും, സൂര്യനെപ്പോലെ അവിടുത്തെ ദിവ്യപ്രഭാകിരണമായ കൃപ ഒരോ സൃഷ്ടിയുടെയും മേല്‍ നിപതിക്കുകയും, സൃഷ്ടിയുടെ മകുടമായ ഓരോ സ്ത്രീയുടെയും പുരുഷന്‍റെയും മേല്‍ അത് ഏറ്റവും അധികം പ്രതിഫലിപ്പിക്കുകയും ചെയ്യുന്നുണ്ട്.

ലോകരക്ഷകനും സമാധാന സ്രോതസ്സും
പൗലോസ്ലീഹാ ഗലാത്തിയര്‍ക്ക് എഴുതിയ ലേഖനത്തില്‍ നാം വായിക്കുന്നു, “കാലത്തികവില്‍ ദൈവം തന്‍റെ പുത്രനെ അയച്ചു. അവിടുന്ന് സ്ത്രീയില്‍നിന്നും മനുഷ്യനായി അവതീര്‍ണ്ണനായി. നിയമത്തിന് അധീനനായി ജീവിച്ചു (ഗലാത്തി. 4, 4). ആരംഭത്തില്‍ പറഞ്ഞ, ദൈവമാതാവിന്‍റെ തിരുനാളിലെ തിരുസ്വരൂപത്തിലേയ്ക്കു നോക്കുകയാണെങ്കില്‍, ആ അമ്മ തന്‍റെ തിരുക്കുമാരനെ, ലോകരക്ഷകനായ ക്രിസ്തുവിനെ നമുക്കു നല്കുകയാണ്. അവിടുന്നു നമ്മുടെ മാത്രമല്ല സകലരുടെയും, എല്ലാ മാനവകുടുംബത്തിന്‍റെയും അനുഗ്രഹദാതാവാണ്. അവിടുന്നു കൃപയുടെയും, കാരുണ്യത്തിന്‍റെയും സമാധാനത്തിന്‍റെയും സ്രോതസ്സാണ്. അതുകൊണ്ടാണ് വിശുദ്ധനായ പോള്‍ ആറാമന്‍ പാപ്പാ  ജനുവരി ഒന്നാം തിയതി  ലോകസമാധാന ദിനമായി ആചരിക്കണമെന്ന് ആഗ്രഹിച്ചത്.

2019-ലെ ലോകസമാധാനദിനം 
“നന്മയുള്ള രാഷ്ട്രീയം സമാധാന സ്ഥാപനത്തിന്...” എന്ന പ്രതിപാദ്യവിഷയവുമായി ഇന്നു, 2019 ജനുവരി 1-ന് നാം 52-Ɔമത് ലോക സമാധാനദിനം ആചരിക്കുകയാണ്. രാഷ്ട്രീയം ഭരണകര്‍ത്താക്കള്‍ക്കും രാഷ്ടീയക്കാര്‍ക്കും മാത്രമുള്ളതാണെന്നു ധരിക്കരുത്, നാടിന്‍റെ സുസ്ഥിതിയിലും പൊതുനന്മയിലും  എല്ലാപൗരന്മാര്‍ക്കും പങ്കുണ്ട്. അതിനാല്‍ രാഷ്ട്രീയ മേഖലയില്‍  ഓരോരുത്തരും തങ്ങളുടേതായ പങ്കുവഹിച്ചുകൊണ്ട്, നാം സമാധാന നിര്‍മ്മിതിക്കായി പരിശ്രമിക്കേണ്ടതാണ്. അനുദിനം ആവശ്യമായ ഈ സമര്‍പ്പണത്തില്‍ ദൈവമാതാവായ  കന്യകാനാഥ നമ്മെ തുണയ്ക്കട്ടെ!  

01 January 2019, 18:24