തിരയുക

Vatican News
Vatican's public security officers met Pope in Clementine hall Vatican's public security officers met Pope in Clementine hall  (Vatican Media)

ലോകത്തിന് ക്രിസ്തു പ്രത്യാശയുടെ തെളിദീപകം

ക്രിസ്തുവില്‍ ലോകത്തിനു ലഭ്യമായ ദൈവികസാമീപ്യം മനുഷ്യജീവിതങ്ങള്‍ക്ക് അര്‍ത്ഥവും പ്രത്യാശയും പകരുന്ന ദിവ്യവെളിച്ചമാണെന്ന് പാപ്പാ ഫ്രാന്‍സിസ് പ്രസ്താവിച്ചു.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

ജനുവരി 17-Ɔο തിയതി വ്യാഴാഴ്ച രാവിലെ വത്തിക്കാനിലെ പൊതുവായ കാര്യങ്ങളുടെ സുരക്ഷ ഉദ്യോഗസ്ഥന്മാരുമായി ക്ലെമെന്‍റൈന്‍ ഹാളില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ നല്കിയ പ്രഭാഷണത്തില്‍നിന്നും അടര്‍ത്തിയെടുത്ത ചിന്തകള്‍  :

സഹോദരങ്ങളോട് ഐക്യപ്പെട്ടാല്‍  ദൈവത്തോടും ഐക്യപ്പെട്ടിരിക്കാം
വര്‍ഷത്തിന്‍റെ ആരംഭത്തില്‍ പതിവുള്ള ഈ കൂട്ടിക്കാഴ്ചയില്‍ ക്രിസ്തുമസ്സിന്‍റെയും പുതുവത്സരത്തിന്‍റെയും ഓര്‍മ്മകള്‍ ദൈവസ്നേഹത്തിന്‍റെ അപാരതയെയും മനുഷ്യരോടുള്ള അവിടുത്തെ സാമീപ്യത്തെയും ധ്യാനിക്കാന്‍ നമ്മെ  പ്രാപ്തരാക്കുന്നു. ദൈവം മനുഷ്യരിലേയ്ക്ക് താഴ്മയില്‍ ഇറങ്ങിവന്നെന്ന ധ്യാനം, ഇന്നു നാം നേരിടുന്ന നിരവധിയായ ചെറുതും വലുതുമായ പ്രതിസന്ധികളില്‍നിന്നും ഉയര്‍ന്നു,  പ്രത്യാശയോടെ മുന്നോട്ടുപോകാനുള്ള കരുത്തുപകരുന്നു. ദൈവികസാമീപ്യത്തിന്‍റെ  ചിന്ത അനുദിന ജീവിതത്തെ മനോഹരവും ഫലവത്തുമാക്കുമെന്നു  പാപ്പാ ഉദ്ബോധിപ്പിച്ചു. ദൈവവുമായി ഐക്യപ്പെട്ടവര്‍ക്കാണ് സഹോദരങ്ങളുമായി, പ്രത്യേകിച്ചും രോഗവും, പരിത്യക്തതയും, ഏകാന്തതയും, പാര്‍ശ്വവത്ക്കരണവും അനുഭവിക്കുന്നവരുമായി സ്നേഹത്തോടെ ജീവിക്കാനും അവരുമായി കാരുണ്യത്തോടെ ഇടപഴകാനും സാധിക്കുന്നത്.

തീര്‍ത്ഥാടകര്‍ക്കു നല്കുന്ന സേവനത്തിനു നന്ദി!
ജനങ്ങളുമായി ഇടപഴകുക എന്നത് സുരക്ഷാസേവകരുടെ പ്രത്യേകതയും ജോലിയുടെ ഭാവവുമാണ്. ലോകത്തിന്‍റെ നാനാഭാഗങ്ങളില്‍നിന്നും വത്തിക്കാനില്‍ എത്തുന്ന ആയിരക്കണക്കിന് തീര്‍ത്ഥാടകരും സന്ദര്‍ശകരുമായിട്ടാണ് ഇവിടത്തെ സുരക്ഷാസേവകര്‍ ഇടപഴകുന്നത്.  വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ എത്തുന്ന ആയിരക്കണക്കിന് തീര്‍ത്ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കും അവര്‍ നല്കുന്ന സംരക്ഷണയ്ക്കും സൗഹൃദപരമായ നിര്‍ദ്ദേശങ്ങള്‍ക്കും സഹായങ്ങള്‍ക്കും പാപ്പാ നന്ദിയര്‍പ്പിച്ചു. വത്തിക്കാന്‍റെ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ കാര്യക്ഷമതയും ഔദാര്യവും സ്തുത്യര്‍ഹമെന്ന് പാപ്പാ പ്രസ്താവിച്ചു. ക്ഷീണിതരാകുമ്പോഴും പ്രതിബന്ധങ്ങള്‍ ഉള്ളപ്പോഴും എല്ലാവരോടും  സ്നേഹത്തോടും ക്ഷമയോടുംകൂടെ പെരുമാറാന്‍ സാധിക്കുന്നതു കാണുന്നതിലുള്ള  സന്തോഷവും നന്ദിയും പാപ്പാ ഫ്രാന്‍സിസ് വാക്കുകളില്‍ രേഖപ്പെടുത്തി.

പാപ്പായ്ക്കു നല്കുന്ന വിശ്വാസമുള്ള സേവനങ്ങള്‍
തന്‍റെ അജപാലന യാത്രകളിലും അത് റോമിലോ റോമിനു പുറത്തോ ആയാലും;  രാപകലില്ലാതെയും, കാലാവസ്ഥയെ മറികടന്നും നല്കുന്ന അവരുടെ വിശ്വാസമുള്ള സേവനങ്ങള്‍ക്ക്  പാപ്പാ ഏറെ സംതൃപ്തി രേഖപ്പെടുത്തി. സുരക്ഷാസേവകരുടെ ജോലിവഴി അവരുടെ കുടുംബങ്ങളോടും താന്‍ കടപ്പെട്ടിരിക്കുന്നെന്നും, അവരെ ഓര്‍ക്കുകയും, അവര്‍ക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്നെന്നും  പാപ്പാ പ്രസ്താവിച്ചു.

തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ടും, സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു അപ്പസ്തോലിക ആശീര്‍വ്വാദം നല്കിക്കൊണ്ടുമാണ് പാപ്പാ പ്രഭാഷണം ഉപസംഹരിച്ചത്.

18 January 2019, 12:23