Video message to the people of UAE Video message to the people of UAE 

യുഎഇ-യിലെ ജനങ്ങള്‍ക്ക് പാപ്പാ ഫ്രാന്‍സിസിന്‍റെ സന്ദേശം

പാപ്പായുടെ ഇറ്റാലിയന്‍ സന്ദേശത്തിന് അറബിയില്‍ തത്സമയമുള്ള പരിഭാഷ ശബ്ദലേഖനം ചെയ്തിട്ടുള്ളതാണ് 3 മിനിറ്റു മാത്രം ദൈര്‍ഘ്യമുള്ള സന്ദേശം :

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

ഫെബ്രുവരി 3-മുതല്‍ 5-വരെ തിയതികളിലാണ് പാപ്പാ ഫ്രാന്‍സിസിന്‍റെ യുഎഇ അപ്പസ്തോലിക പര്യടനം. “അല്‍ സലാമൂ ആലയ്ക്കും!” നിങ്ങള്‍ക്കു സമാധാനം! അറബി ആശംസയോടെയാണ് പാപ്പാ ഫ്രാന്‍സിസ്  സന്ദേശം ആരംഭിച്ചത്.

പാപ്പാ ഫ്രാന്‍സിസിന്‍റെ വീഡിയോ സന്ദേശം

യുഎഇ – കൂട്ടായ്മയുടെ നാട്
മാനവികതയുടെ സഹവര്‍ത്തിത്വത്തിന്‍റെയും വിശ്വസാഹോദര്യത്തിന്‍റെയും, വംശങ്ങളും സംസ്കാരങ്ങളും തമ്മിലുള്ള കൂട്ടായ്മയുടെയും മാതൃകയായ നാടാണ് യുഎഇ! ജനതകള്‍ക്ക് ജോലിചെയ്യാനും ഉപജീവനം തേടാനും, വൈവിദ്ധ്യങ്ങളെ ആദരിക്കാനും തുറവുകാട്ടുന്ന എമിറേറ്റ്സ് നാടു സന്ദര്‍ശിക്കുന്നതിലുള്ള സന്തോഷം വാക്കുകളിലും ഭാവത്തിലും പാപ്പാ ഫ്രാന്‍സിസ് രേഖപ്പെടുത്തി.

യുവജനങ്ങളാണ് നാടിന്‍റെ സമ്പത്ത്
ഭാവിയിലേയ്ക്കു ഉറ്റുനോക്കിക്കൊണ്ട് ഇന്നിന്‍റെ ജീവിതത്തെ ക്രമീകരിക്കുന്ന ഒരു ജനതയെയാണ് താന്‍ യുഎഇ-യില്‍ കാണുന്നത്. “യഥാര്‍ത്ഥമായ ധനം ഭൗതിക സമ്പത്തിലും അതിന്‍റെ സ്രോതസുകളിലും മാത്രമല്ല. ജനങ്ങള്‍ ഒരു നാടിന്‍റെ സമ്പത്താണ്. രാജ്യത്തിന്‍റെ ഭാവി കരുപ്പിടിപ്പിക്കുന്ന ജനതയാണ് ഒരു നാടിന്‍റെ സമ്പത്ത്!” യുഎഇ-യുടെ സ്ഥാപകനും രാഷ്ട്രപിതാവുമായ ഷെയ്ക് സയീദിന്‍റെ വാക്കുകള്‍ പാപ്പാ ഫ്രാന്‍സിസ് സന്ദേശത്തില്‍ ഉദ്ധരിച്ചു.

ക്ഷണിച്ചതിന് നന്ദി!
“മാനവിക സാഹോദര്യ”ത്തെ സംബന്ധിച്ച് അബുദാബിയില്‍ അരങ്ങേറുന്ന രാജ്യാന്തര സംഗമത്തെ അഭിസംബോധനചെയ്യാന്‍ തന്നെ അവിടേയ്ക്കു ക്ഷണിച്ച, യുഎഇ-യുടെ രാജാവ് മുഹമ്മദ് ബിന്‍ സയേദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാനു പാപ്പാ ഫ്രാന്‍സിസ് പ്രത്യേകം നന്ദിയര്‍പ്പിച്ചു. സന്ദര്‍ശനത്തിന്‍റെ വിജയത്തിനായി എല്ലാസൗകര്യങ്ങളും ചെയ്തുതരുന്ന യുഎഇ-യുടെ സര്‍ക്കാരിന്‍റെ വിവിധ വകുപ്പുകള്‍ക്കും മുന്‍കൂറായി കൃതജ്ഞതപറ‍ഞ്ഞു.

വിശ്വാസം ഒരിക്കലും വിഭജിക്കില്ല
സാഹോദര്യത്തിന്‍റെ ഈ സംഗമത്തിന് വഴിയൊരുക്കാനുള്ള ധൈര്യവും സന്മനസ്സും കാട്ടിയ തന്‍റെ സുഹൃത്തും സഹോദരനുമായ ഈജിപ്തിലെ വലിയ ഇമാമും, അല്‍-അസാര്‍ യൂണിവേഴ്സിറ്റിയുടെ ചെയര്‍മാനുമായ ഡോ. അഹമ്മദ് അല്‍-തയ്യേബിനു നന്ദിപറഞ്ഞ പാപ്പാ ഫ്രാന്‍സിസ്, ദൈവത്തിലുള്ള മനുഷ്യന്‍റെ വിശ്വാസം ഒരിക്കലും നമ്മെ വിഭജിക്കില്ല! മറിച്ച് വെറുപ്പും വൈരാഗ്യവും അകറ്റി മനുഷ്യരെ ഐക്യപ്പെടുത്തുമെന്ന ഉറപ്പാണു അത് നല്കുന്നത്.

വ്യത്യസ്തരെങ്കിലും സഹോദരങ്ങളായിരിക്കാം!
മനുഷ്യര്‍ വ്യത്യസ്തരായിരിക്കുമ്പോഴും സഹോദരങ്ങളായിരിക്കാം, എന്നു ഉറപ്പുവരുത്തുന്ന വിധത്തില്‍ മതങ്ങള്‍ തമ്മിലുള്ള ബന്ധങ്ങളുടെ ഒരു പുതിയ അദ്ധ്യായം യുഎഇ-സന്ദര്‍ശനത്തോടെ ചരിത്രത്തില്‍ തുറക്കുമാറ് തന്‍റെ ഈ യാത്രയ്ക്കു വഴിതെളിച്ച നല്ലവനായ ദൈവത്തോടു സന്തോഷപുരസ്സരം ഹൃദയംതുറക്കുന്നെന്നു പാപ്പാ പ്രസ്താവിച്ചു.

“സയീദിന്‍റെ പുത്രീപുത്രന്മാരെ സയീദിന്‍റെ ഭവനത്തില്‍”  - സമൃദ്ധിയുടെയും സമാധാനത്തിന്‍റെയും നാട്ടില്‍, സൂര്യതാപത്തിന്‍റെയും, എന്നാല്‍ കൂട്ടായ്മയുടെയും നാട്ടില്‍, സംഗമത്തിന്‍റെയും സഹവര്‍ത്തിത്വത്തിന്‍റെയും നാട്ടില്‍ നേരില്‍ കാണാനും സംവദിക്കാനും സാധിക്കുന്നതിലുണ്ടാകുന്ന അതിയായ സന്തോഷം പാപ്പാ ഫ്രാന്‍സിസ് വാക്കുകളില്‍ രേഖപ്പെടുത്തി. തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ടും, നേരില്‍ക്കാണുംവരെ ഏറെ നന്ദിയോടും ഭാവുകങ്ങളോടുംകൂടെ....!  ഇങ്ങനെയാണ് പാപ്പാ ഫ്രാന്‍സിസ് സന്ദേശം ഉപസംഹരിച്ചത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

31 January 2019, 17:22