The Logo of the Apostolic visit to Morocco in March 2019 The Logo of the Apostolic visit to Morocco in March 2019 

ഫ്രാന്‍സിസിന്‍റെ സമാധാന വഴികളില്‍ മറ്റൊരു ഫ്രാന്‍സിസ്

സമാധാനദൂതുമായി രണ്ടു മുസ്ലീം രാഷ്ട്രങ്ങളിലേയ്ക്ക് – യുഎഇ, മൊറോക്കോ. മൊറോക്കോ അപ്പസ്തോലിക സന്ദര്‍ശനത്തിന്‍റെ ചിഹ്നം പ്രകാശനംചെയ്തു.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

പ്രത്യാശയുടെ ദാസനായി മുസ്ലീം രാഷ്ട്രത്തിലേയ്ക്ക്

“പ്രത്യാശയുടെ ദാസന്‍,” the Servant of Hope എന്ന ശീര്‍ഷകത്തിലാണ് മാര്‍ച്ച് 30-31 തിയതികളില്‍ പാപ്പാ ഫ്രാന്‍സിസ് വടക്കന്‍ ആഫ്രിക്കന്‍ രാജ്യമായ മൊറോക്കോ  സന്ദര്‍ശിക്കുന്നത്. ബഹുഭൂരിപക്ഷവും മുസ്ലീങ്ങളുള്ള മൊറോക്കോയിലെ റബാത്ത്, കാസാബ്ലാങ്കാ എന്നീ നഗരങ്ങള്‍ കേന്ദ്രീകരിച്ചാണ് പാപ്പായുടെ സന്ദര്‍ശനം.  ഇത്  26-Ɔമത് അപ്പസ്തോലിക പര്യടനമാണ്.

യാത്രയുടെ ഔദ്യോഗിക ചിഹ്നം
ചിഹ്നത്തിന്‍റെ കേന്ദ്രഭാഗത്തു വൃത്താകാരത്തില്‍ വിരിഞ്ഞുനില്ക്കുന്ന നിലാവും കുരിശും, ഇസ്ലാം ക്രൈസ്തവ മതങ്ങളുടെ പ്രതീകമാണ്. ക്രൈസ്തവരും മുസ്ലീംങ്ങളും തമ്മിലുള്ള മതസൗഹാര്‍ദ്ദത്തെ ദ്യോതിപ്പിക്കുന്നതാണ് ഈ ചിഹ്നം. വൃത്താകാരത്തില്‍ ബഹുവര്‍ണ്ണത്തിലുള്ള ചിഹ്നത്തിനു താഴെ സന്ദര്‍ശനത്തിന്‍റെ ശീര്‍ഷകമാണ് : “പാപ്പാ ഫ്രാന്‍സിസ് പ്രത്യാശയുടെ ദാസന്‍.” അതിനു താഴെ, Morocco 2019 എന്നും കുറിച്ചിരിക്കുന്നു.  “മൊറോക്കോ”യെന്ന് ഔദ്യോഗിക ഭാഷയായ അറബിയില്‍ കുറിച്ചത് തദ്ദേശീയതയുടേയും ദേശഭക്തിയുടേയും പ്രതീകമാണ്. കൂടാതെ രണ്ടു രാജ്യങ്ങളുടെയും നിറങ്ങള്‍ ചിഹ്നത്തില്‍ തെളിഞ്ഞുകാണാം - മൊറോക്കോയുടെ പച്ചയും ചുവപ്പും, വത്തിക്കാന്‍റെ മഞ്ഞയും വെള്ളയും.

സംവാദത്തിന്‍റെ പാതയില്‍

മൊറോക്കോ യാത്രയ്ക്കു മുന്‍പ്, ഫെബ്രുവരി മാസത്തില്‍ 3-മുതല്‍ 5-വരെ തിയതികളില്‍ പാപ്പാ ഫ്രാന്‍സിസ് യുഎഇ, United Arab Emirates മറ്റൊരു മുസ്ലീം സാമ്രാജ്യം സന്ദര്‍ശിക്കുന്നത് ശ്രദ്ധേയമാണ്. ജനുവരി 7-Ɔο തിയതി തിങ്കളാഴ്ച നയതന്ത്രപ്രധിനിധികളുടെ കൂട്ടായ്മയെ വത്തിക്കാനില്‍ അഭിസംബോധനചെയ്യവെ, രണ്ടു മുസ്ലീം രാഷ്ട്രങ്ങളിലേയ്ക്ക്, യുഎഇ-യിലേയ്ക്കും മൊറോക്കോയിലേയ്ക്കും നടത്താന്‍ പോകുന്ന സന്ദര്‍ശനങ്ങളെക്കുറിച്ച് പാപ്പാ തന്നെ പ്രതിപാദിച്ചത്, “മതാന്തര സംവാദത്തിന്‍റെ പാതയില്‍ പുരോഗമിക്കാനും, രണ്ടു മതങ്ങളുടെയും അനുയായികള്‍ തമ്മില്‍ പരസ്പരം കൂടുതല്‍ അറിയാനും അടുക്കാനു”മുള്ള സന്ദര്‍ശനങ്ങള്‍ എന്നായിരുന്നു.

ഫ്രാന്‍സിസിന്‍റെ സമാധാനവഴികളിലെ ഫ്രാന്‍സിസ്
രണ്ടുദിവസം നീളുന്ന ഈ അപ്പസ്തോലിക യാത്രയില്‍ പാപ്പാ ഫ്രാന്‍സിസ് മൊറോക്കോയിലെ മുസ്ലീം നേതാക്കളുമായി സംവദിക്കും. 880 വര്‍ഷങ്ങള്‍ക്കു മുന്‍പ് അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസ് ഈജിപ്തിലെ സുല്‍ത്താന്‍ അല്‍-മാലിക് അല്‍-കമീലുമായി കൂടിക്കാഴ്ച നടത്തിയതിന്‍റെ 800-Ɔο വാര്‍ഷികം ഈ സന്ദര്‍ശനവുമായി സന്ധിക്കുന്നത് പ്രതീകാത്മകമാണ്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

11 January 2019, 18:16