Way of the Cross attended by about 2 lakhs of Youth from all over the world Way of the Cross attended by about 2 lakhs of Youth from all over the world 

യുവജനങ്ങള്‍ കുരിശിന്‍ ചുവട്ടിലെ മാതൃസാന്നിദ്ധ്യം ധ്യാനിച്ചു

ജനുവരി 25, വെള്ളിയാഴ്ച പാപ്പാ ഫ്രാന്‍സിസ് യുവജനങ്ങളുടെ കുരിശിന്‍റെവഴിക്ക് നേതൃത്വംനല്കി.

- ഫാദര്‍ വില്യം നെല്ലിക്കല്‍

യുവജനങ്ങളുടെ കുരിശിന്‍റെവഴി - റിപ്പോര്‍ട്ട് ശബ്ദരേഖ

 മനോഹരമായ മേരിയന്‍ വേദി
സിന്ത കോസ്തേരാ – അന്തീഗ്വാ കന്യകാനാഥയുടെ നാമത്തിലുള്ള കായല്‍ത്തീര മുനമ്പാണ് (Cape of Cinta Costera)  യുവജനങ്ങള്‍ ഭക്തിനിര്‍ഭരമായി കുരിശിന്‍റെവഴി അനുഷ്ഠിച്ച സ്ഥലം. പനാമ രാജ്യത്തിന്‍റെ പടിഞ്ഞാറന്‍ തീരങ്ങളെ തഴുകി കിടക്കുന്നതും ശാന്തസമുദ്രത്തിലേയ്ക്ക് ചാടിക്കിടക്കുന്നതുമായ മുനമ്പാണ് സിന്താ കോസ്തേരാ. അവിടെനിന്നാല്‍ പനാമ നഗരത്തിന്‍റെ സുന്ദരമായ ദൃശ്യവും പനാമയുടെ പ്രത്യേകതയായ ഉള്‍ക്കടലിലേയ്ക്കുള്ള കപ്പല്‍ഗതാഗതവും സുവ്യക്തമായി കാണാനാകും.  ലോക യുവജനോത്സവത്തിനായി, നാടിന്‍റെ ദേശീയ മദ്ധ്യസ്ഥയായ അന്തീഗ്വാ കന്യകാനാഥയുടെ പേരില്‍ താല്ക്കാലികമായി നാമകരണംചെയ്യപ്പെട്ടതാണ് സിന്തോ കോസ്തോര മുനമ്പ്. ഉദ്യാനങ്ങളും നടപ്പാതകളും, വിസ്തൃതവും പച്ചവിരിച്ചതുമായ മൈതാനങ്ങളും, ഹോട്ടല്‍ സമുച്ഛയങ്ങളുംകൊണ്ട് അതിമനോഹരമാണ്, 4 ലക്ഷത്തോളം പേരെ ഉള്‍ക്കൊള്ളുമാറ് വിസ്തൃതിയുള്ളതും, ഇപ്പോള്‍ അന്തീഗ്വാ കന്യകാനാഥയുടെ നാമത്തിലുള്ളതുമായ മുനമ്പം.

യുവജനങ്ങള്‍ക്ക് പ്രിയപ്പെട്ട കുരിശിന്‍റെവഴി
പനാമയില്‍ പാപ്പായുടെ താല്ക്കാലിക വസതിയായ, വത്തിക്കാന്‍ സ്ഥാനപതിയുടെ മന്ദിരത്തില്‍നിന്നും പ്രാദേശിക സമയം വൈകുന്നേരം 5. 15-ന്  യുവജനങ്ങള്‍ നടത്തുന്ന കുരിശിന്‍റെവഴിക്ക് കാര്‍മ്മികത്വം വഹിക്കാനായി  കാറില്‍ ഏകദേശം 9 കി. മീറ്റര്‍ ദൂരം സഞ്ചരിച്ച് അന്തീഗ്വാ കന്യകാനാഥയുടെ നാമത്തിലുള്ള മുനമ്പത്ത് പാപ്പാ ഫ്രാന്‍സിസ് എത്തിച്ചേര്‍ന്നു. പാപ്പായുടെ കൂടെ കാറില്‍ പനാമ രൂപതാദ്ധ്യക്ഷനും, യുവജനോത്സവത്തിന്‍റെ സംഘാടക സമിതി അദ്ധ്യക്ഷനുമായ ആര്‍ച്ചുബിഷപ്പ് ഹൊസ്സെ ദൊമീങ്കോ ഉളോവയും, വത്തിക്കാന്‍റെ സ്ഥാനപതി ആര്‍ച്ചുബിഷപ്പ് ആഡംഷിക് മീറോസ്ലാവും എത്തിയിരുന്നു. പാപ്പായുടെ സാന്നിദ്ധ്യം വിളിച്ചോതുമാറ് യുവജനങ്ങള്‍ ആനന്ദത്താല്‍ ആര്‍ത്തിരമ്പിയും ഗാനങ്ങള്‍ ആലപിച്ചും പാപ്പായെ വേദിയിലേയ്ക്ക് വരവേറ്റു.

ജോണ്‍ പോള്‍ രണ്ടാമന്‍ യുവജനങ്ങളെ ഏല്പിച്ച മരക്കുരിശ്
കുരിശിന്‍റെവഴിക്കായി പ്രത്യേകമായി ഒരുക്കിയ താല്കാലിക വേദിയിലേയ്ക്കു പാപ്പാ ഫ്രാന്‍സിസ് ശുശ്രൂഷകര്‍ക്കൊപ്പം പ്രവേശിച്ചത്, ആഗോളയുവജനോത്സവത്തിന്‍റെ ചിഹ്നമായി യുവജനങ്ങള്‍ എവിടെയും സംവഹിക്കാറുള്ള വലിയ മരക്കുരിശിന്‍റെ പ്രദക്ഷിണത്തോടെയാണ്. പ്രസ്ഥാനത്തിന്‍റെ ഉപജ്ഞാതാവ്, വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ ലോകയുവജനോത്സവത്തിന് തുടക്കംകുറിച്ചുകൊണ്ട് വത്തിക്കാനില്‍വച്ച് യുവജനപ്രതിനിധികളെ ഏല്പിച്ചതാണ് ഈ മരിക്കുരിശ്. യുവാക്കള്‍ പാപ്പയുടെ അഭ്യര്‍ത്ഥന ഇന്നും നിറവേറ്റുന്നു. ആഗോള തലത്തിലുള്ള യുവജന സമ്മേളനങ്ങളിലെല്ലാം ഈ മരക്കുരിശ്ശ് എത്തിച്ചേരുകയും പ്രധാന വേദിയില്‍ സ്ഥാനംപിടിക്കുകയും ചെയ്യുന്നുണ്ട്.

മാനവികതയുടെ ആവശ്യങ്ങള്‍ക്കായി പ്രാര്‍ത്ഥിച്ച കുരിശുയാത്ര
പനാമയിലെ കുരിശിന്‍റെവഴിയുടെ ധ്യാനചിന്തകള്‍ വിശുദ്ധനായ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടേതാണ്. അദ്ദേഹം ക്രാക്കോയിലെ മെത്രാനായിരിക്കവെ, പേപ്പല്‍ വസതിയില്‍ തപസ്സുകാലത്തു നടത്തിയ ധ്യാനത്തിന് ഉപയോഗിച്ചിട്ടുള്ള പ്രാര്‍ത്ഥനയും ചിന്തകളുമാണ് ഇത്തവണ പനാമയില്‍ ഉപയോഗിക്കുന്നത്. യുവജനങ്ങള്‍ ഏറെ ഇഷ്ടപ്പെടുന്നതും സംസ്ക്കാരവും ആത്മീയതയും ന‍ടനവും സംഗീതവും കലയും കോര്‍ത്തിണക്കപ്പെടുന്നതുമായി ഈ അത്യപൂര്‍വ്വ പ്രാര്‍ത്ഥനയുടെ രംഗവിതാനങ്ങള്‍ പീഡനങ്ങള്‍ അനുഭവിക്കുന്ന സഭയ്ക്കുവേണ്ടിയാണ് പനാമയിലെ യുവജനങ്ങള്‍ സമര്‍പ്പിച്ചിരിക്കുന്നത്. 

ദരിദ്രര്‍, ജീവിതതിരഞ്ഞെടുപ്പ്, സഭകളുടെ കൂട്ടായ്മ, തദ്ദേശജനത, പരിസ്ഥിതി, അഭയാര്‍ത്ഥികളും കുടിയേറ്റക്കാരും അവരുടെ ജീവതപ്രത്യാശയും, സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍, മനുഷ്യാവകാശം, അഴിമതി, മാതൃത്വം, ഭ്രൂണഹത്യ, ഭീകരപ്രവര്‍ത്തനങ്ങള്‍ എന്നിങ്ങനെ  വ്യത്യസ്തവിഷയങ്ങള്‍   യുവജങ്ങള്‍ ഓരോ  സ്ഥലത്തും ധ്യാനവിഷയമാക്കി. സ്പാനിഷ് ഭാഷയില്‍ ചൊല്ലിയ കുരിശിന്‍റെവഴിയുടെ 12-Ɔο സ്ഥലത്ത് ക്രിസ്തുവിന്‍റെ കുരിശുമരണം ധ്യാനിച്ചത് ആഗോളഭാഷയായ ഇംഗ്ലിഷിലായിരുന്നു. “അങ്ങേ കുരിശിലും അതിന്‍റെ വിജയത്തിലുമാണ് ഞങ്ങളുടെ മഹത്വം. അങ്ങാണ് ഞങ്ങളുടെ രക്ഷയും, ജീവനും ഉത്ഥാനവും...!” എന്ന ഇറ്റാലിയന്‍ ആമുഖഗീതി ഗായസംഘത്തോടു ചേര്‍ന്ന് എല്ലാവരും ആലപിച്ചു.

പാപ്പായ്ക്കൊപ്പം യുവജനങ്ങളുടെ സജീവ പങ്കാളിത്തം
തുടര്‍ന്ന് പാപ്പാ ഫ്രാന്‍സിസ് ചൊല്ലിയ ത്രിത്വസ്തുതിയുള്ള പ്രാരംഭപ്രാര്‍ത്ഥനയോടെ കുരിശിന്‍റെവഴിക്ക് തുടക്കമായി. തുടര്‍ന്ന് ആമുഖ വചനപാരായണവും, അതിന്‍റെ ധ്യാനവും നിയുക്തരായ യുവജനങ്ങള്‍,  ഓരോ സ്ഥലത്തും മാറിമാറി പാരായണം ചെയ്തു. “ക്രിസ്തുവിന്‍റെ സ്നേഹത്തില്‍നിന്ന് ആരു നമ്മെ വേര്‍പെടുത്തും? ക്ലേശമോ ദുരിതമോ പീഡനമോ പട്ടിണിയോ നഗ്നതയോ ആപത്തോ വാളോ?” എന്നു തുടങ്ങുന്ന പൗലോസ് അപ്പസ്തോലന്‍റെ വാക്കുകളെ ധ്യാനിച്ചുകൊണ്ടാണ് ഒന്നാം സ്ഥലം... ഈശോയെ വിധിക്കുന്ന രംഗം യുവജനങ്ങള്‍ വേദിയില്‍ അരങ്ങേറ്റിയത്  (റോമാ 8, 35-39). വേദിയില്‍ നാട്ടിയിരുന്ന യുവജമേളയുടെ മരക്കുരിശ് വിവിധ രാജ്യക്കാരായ 10 യുവതീയുവാക്കള്‍ ചേര്‍ന്ന് വഹിച്ചുകൊണ്ടാണ് കുരിശിന്‍റെവഴി അനുഷ്ഠിക്കപ്പെട്ടത്. പാപ്പായും ശുശ്രൂഷകരും, കൂടെ ഏതാനും യുവജനപ്രതിനിധികളും വേദിയുടെ ഏറ്റവും പിന്നിലായി നിലയുറപ്പിച്ചുകൊണ്ടാണ് കുരിശിന്‍റെവഴിയില്‍ പങ്കെടുത്തത്. തുറസ്സായ വേദിയില്‍നിന്ന ആയിരങ്ങള്‍ ഭക്തിനിര്‍ഭരമായും ആത്മീയചൈതന്യത്തോടെയും ക്രിസ്തുവിന്‍റെപീഡകളുടെ വികാരനിര്‍ഭരമായ രംഗങ്ങള്‍ അയവിറച്ചു.

മാതൃഭക്തിയുടെ മാദ്ധ്യസ്ഥം തേടിയുള്ള ആത്മീയസംഗമം
കുരിശിന്‍റെ ഓരോ സ്ഥലങ്ങളും പ്രത്യേക നിയോഗങ്ങള്‍ക്കായി സമര്‍പ്പിക്കപ്പെട്ടപ്പോള്‍, അമേരിക്കന്‍  ഭൂഖണ്ഡത്തിലെ വിവിധ രാജ്യങ്ങളിലെ ദൈവമാതാവിന്‍റെ പ്രത്യേകഭക്തിയോടു ചേര്‍ത്താണ് അവ സമര്‍പ്പിക്കപ്പെട്ടത്. അങ്ങനെ പനാമയിലെ കുരിശുയാത്രയില്‍ 34-Ɔമത് ലോകയുവജന സംഗമത്തിന്‍റെ മേരിയന്‍ പ്രമേയം യുവജനങ്ങള്‍ നിലനിര്‍ത്തിയത് ശ്രദ്ധേയമായിരുന്നു. ഒരു സ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്തേയ്ക്കുള്ള  കുരിശുയാത്രയിലെ പരിണാമത്തില്‍ വേദിയില്‍ത്തന്നെ പ്രതീകാത്മകമായി നീങ്ങുമ്പോള്‍  “ഈശോയേ... അങ്ങേ കുരിശിനെ ഞങ്ങള്‍ കുമ്പിട്ടു വണങ്ങുന്നു...” എന്ന പ്രഭണിതം ആലപിക്കപ്പെട്ടു. ആലാപനത്തിന്‍റെ മൃദുതാളലയത്തില്‍ മാലാഖമാരെ പ്രതിനിധാനംചെയ്ത ശുഭ്രവസ്ത്രധാരികളായ യുവതീയുവാക്കള്‍ വേദിയില്‍ അവതരിപ്പിച്ച ലളിതമായ ചുവടുവയ്പ്പുകള്‍ ഭക്തിയും ഒപ്പം വണക്കവും പ്രേക്ഷകമനസ്സില്‍ ഉണര്‍ത്തുന്നതായിരുന്നു.

യുവജനങ്ങള്‍ ധ്യാനിച്ച 14 സ്ഥലങ്ങള്‍
ഗദ്സെമന്‍ തോട്ടം മുതല്‍ ജരൂസലത്തെ കല്ലറവരെ

1.        ഈശോ ഗദ്സെമന്‍ തോട്ടത്തില്‍ - യുവജങ്ങളുടെ ജീവിത തിരഞ്ഞെടുപ്പുകള്‍ക്കുവേണ്ടി ...ഹോണ്ടൂരാസിലെ സുയാപാ കന്യകാനാഥയുടെ മാദ്ധ്യസ്ഥതയില്‍ പ്രാര്‍ത്ഥിച്ചു.

2.       യൂദാസിന്‍റെ ഒറ്റുകൊടുക്കല്‍ - സഭകളുടെ ഐക്യത്തിനായി ക്യൂബയിലെ കോബറിലെ കന്യകാനാഥയുടെ മാദ്ധ്യസ്ഥത്തിലാണു യാചിച്ചത്.

3.        ഈശോയെ സെന്‍ഹെദ്രിന്‍ വിധിക്കുന്നു – പീഡിത സഭയ്ക്കുവേണ്ടി – ഏല്‍ സാല്‍വദേറിലെ ലാ-പാസ് കന്യകാനാഥയുടെ മാദ്ധ്യസ്ഥം അപേക്ഷിച്ചു.

4.        പത്രോസ് ക്രിസ്തുവിനെ തള്ളിപ്പറഞ്ഞു – ലോകത്തെ തദ്ദേശിയ ജനതകള്‍ക്കുവേണ്ടി - ഗൗതമാലയിലെ ജപമാലരാജ്ഞിയുടെ മാദ്ധ്യസ്ഥം തേടി.

5.        പീലാത്തോസിന്‍റെ വിധി പറയല്‍ - പാരിസ്ഥിതിക സുസ്ഥിതിക്കായി കോസ്ത-റിക്കയിലെ മാലാഖമാരുടെ രാജ്ഞിയുടെ സഹായം തേടിയുള്ളതായിരുന്നു.

6.        ചമ്മട്ടിയടിയും മുള്‍മുടിധാരണവും – കുടിയേറ്റക്കാര്‍ക്കും അഭയാര്‍ത്ഥികള്‍ക്കുവേണ്ടി – വെനസ്വേലയിലെ തൊരൊമോത്തോ കന്യകാംബികയുടെ മാദ്ധ്യസ്ഥം യാചിച്ചു.

7.        ക്രിസ്തു കുരിശുവഹിക്കുന്നു – പ്രകൃതിദുരന്തങ്ങളില്‍പ്പെട്ടവര്‍ക്കായി – ഹായ്ത്തിയിലെ നിത്യസാഹായ നാഥയുടെ മാദ്ധ്യസ്ഥമാണു പ്രാര്‍ത്ഥിച്ചത്.

8.        ഈശോയെ സൈറീന്‍കാരന്‍ ശീമോന്‍ സഹായിക്കുന്നു – യുവജനങ്ങള്‍ക്കുവേണ്ടി... ബ്രസീലിലെ അപ്പരസീദായിലെ കന്യകാനാഥയുടെ സഹായം പ്രാര്‍ത്ഥിച്ചു.

9.        ജരൂസലേമിലെ സ്ത്രീകളെ ഈശോ ആശ്വസിപ്പിക്കുന്നു – പീഡിതരായ സ്ത്രീകള്‍ക്കുവേണ്ടി – ഡോമിനിക്കന്‍ റിപ്പബ്ലിക്കിലെ ഏറ്റവും കൃപാപൂര്‍ണ്ണയായ ദൈവമാതാവില്‍ ശരണപ്പെടുകയായിരുന്നു.

10.     ഈശോ ക്രൂശിതനായി – അനുരജ്ഞനത്തിനും സമാധാനത്തിനുമായി കൊളംബിയയിലെ ചിക്കിങ്കിരയിലെ ദിവ്യജനനിയുടെ മാദ്ധ്യസ്ഥം അപേക്ഷിച്ചു.

11.     മാനസാന്തരപ്പെട്ട കള്ളന് ഈശോ രക്ഷ വാഗ്ദാനംചെയ്യുന്നു – അഴിമതിക്കെതിരെ – പുവര്‍ത്തെ റീക്കോയിലെ ദൈവപരിപാലനയുടെ നാഥയുടെ നാമത്തില്‍ പ്രാര്‍ത്ഥിച്ചു.

12.     ഈശോ കുരിശില്‍ക്കിടന്ന് അമ്മയോടും ശിഷ്യനോടും സംസാരിക്കുന്നു – ലോകത്തെ അമ്മമാര്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചത് – അമേരിക്ക വണങ്ങുന്ന പരിശുദ്ധ അമലോത്ഭവനാഥയുടെ സഹായം തേടിക്കൊണ്ടായിരുന്നു.

13.     ഈശോ കുരിശില്‍ മരിക്കുന്നു – ഭീകരപ്രവര്‍ത്തനങ്ങള്‍ ദുരീകരിക്കാന്‍ മെക്സിക്കോയിലെ ഗ്വാദലൂപെ നാഥയോടാണ് യുവജനങ്ങള്‍ കേണപേക്ഷിച്ചത്.

14.     ഈശോയെ കല്ലറയില്‍ സംസ്ക്കരിക്കുന്നു – ഭ്രൂണഹത്യയ്ക്കെതിരെ – നിക്കരാഗ്വയിലെ അമലോത്ഭവനാഥയുടെ മാദ്ധ്യസ്ഥവും അപേക്ഷിച്ചു.

കുരിശും അതിന്‍റെ പ്രകാശവും  എന്നതായിരുന്നു 14-Ɔο സ്ഥലത്ത്  അവസാനമായി യുവജനങ്ങള്‍ പങ്കുവച്ച ധ്യാനം.  തുടര്‍ന്ന്, പാപ്പാ ഫ്രാന്‍സിസ് കുരിശിന്‍റെവഴിയുടെ  പ്രഭാഷണം നടത്തി :

(പാപ്പായുടെ പ്രഭാഷണത്തിന്‍റെ പ്രസക്തഭാഗം ശബ്ദരേഖയില്‍ മാത്രം)
 

സമാപനാശീര്‍വ്വാദം
ലോകരക്ഷയ്ക്കായുള്ള ക്രിസ്തുവിന്‍റെ  കുരിശിലെ   സ്വയാര്‍പ്പണത്തെ പ്രതിഫലിപ്പിക്കുമാറ് ചുവന്ന ഉത്തരീയം ധരിച്ചുകൊണ്ട് പാപ്പാ ഫ്രാന്‍സിസ് നല്കിയ അപ്പസ്തോലിക ആശീര്‍വ്വാദത്തോടെയാണ് കുരിശിന്‍റെവഴി സമാപിച്ചത്. ഒന്നര മണിക്കൂര്‍ നീണ്ട കുരിശിന്‍റെവഴിയുടെ സമാപനത്തില്‍, വെള്ളിയാഴ്ച പ്രാദേശിക സമയം വൈകുന്നേരം 7 മണിക്കാണ് പാപ്പാ വേദിവിട്ട് കാറില്‍  9 കി.മീ. യാത്രചെയ്ത് വത്തിക്കാന്‍ സ്ഥാനപതിയുടെ മന്ദിരത്തിലേയ്ക്കു മടങ്ങിയത്. അത്താഴം കഴിച്ച് പാപ്പാ അവിടെ വിശ്രമിച്ചു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

26 January 2019, 19:17