Pope Francis left for Panama Pope Francis left for Panama  

യുവജനങ്ങള്‍ക്കു ഹരമായി പാപ്പാ ഫ്രാന്‍സിസ് പനാമയിലേയ്ക്ക്...!

ലോക യുവജനോത്സവത്തിനായി പാപ്പാ ഫ്രാന്‍സിസ് പനാമയിലേയ്ക്ക് പുറപ്പെട്ടു.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

സാന്താ മാര്‍ത്തയില്‍നിന്നു  തുടക്കം
മദ്ധ്യമേരിക്കന്‍ രാജ്യമായ പനാമയില്‍ ജനുവരി 22-മുതല്‍ 27-വരെ അരങ്ങേറുന്ന ആഗോള യുവജനോത്സവത്തില്‍ പങ്കെടുക്കാനായി ജനുവരി 23-‍Ɔο തിയതി ബുധനാഴ്ച പ്രാദേശിക സമയം രാവിലെ 8.55-ന് വത്തിക്കാനിലെ സാന്താ മാര്‍ത്താ, പേപ്പല്‍ വസതിയില്‍നിന്നും പാപ്പാ ഫ്രാന്‍സിസ് യാത്രയായി. കാറില്‍ കയറുംമുന്‍പേ, ദൈവദാസന്‍ ഫാദര്‍ അരൂപ്പെയുടെ നാമത്തില്‍ റോമിലുള്ള അഭയാര്‍ത്ഥി കേന്ദ്രത്തില്‍നിന്നും എത്തിയ 8 വിവിധ രാജ്യക്കാരായ യുവജനങ്ങളുമായി പാപ്പാ കൂടിക്കാഴ്ച നടത്തുകയുണ്ടായി. അഭയം തേടി എത്തിയ യുവജനങ്ങള്‍ക്ക് പാപ്പായുടെ വാക്കുകള്‍ സാന്ത്വനമായി. പനാമയില്‍ സംഗമിക്കുന്ന ആയിരക്കണക്കിന് യുവജനങ്ങളുമായി താന്‍ നടത്താന്‍ പോകുന്ന നേര്‍ക്കാഴ്ചയ്ക്കു മുന്നോടിയായിരുന്ന അഭയാര്‍ത്ഥികളായ യുവജനങ്ങളുമായുള്ള ഈ ഹ്രസ്വസംവാദം. 

ഏകദേശം 30 കി. മീറ്റര്‍ ദൂരം കാറില്‍ യാത്രചെയ്ത്, 9.35-ന് റോമിലെ ഫുമിചീനോ രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിയ പാപ്പായെ യാത്രയയ്ക്കാന്‍ സ്ഥലത്തെ രൂപതാമെത്രാന്‍, ബിഷപ്പ് ജീനോ റിയാലിയും മറ്റു വത്തിക്കാന്‍ പ്രതിനിധികളും സന്നിഹിതരായിരുന്നു.

റോമിലെ വിമാനത്താവളത്തില്‍
പതിവുപോലെ തന്‍റെ ചെറിയ കറുത്ത തുകല്‍ ബാഗുമായി അലിത്താലിയ ഏ330 (Alitalia A330) പ്രത്യേക വിമാനത്തിന്‍റെ പടവുകള്‍ കയറിച്ചെന്ന പാപ്പായെ പൈലറ്റും മറ്റു സഹപ്രവര്‍ത്തകരും ചേര്‍ന്നു വരവേറ്റു. തന്നെ യാത്രയയ്ക്കാന്‍ താഴെ കാത്തുനിന്ന എല്ലാവരെയും വിമാനകവാടത്തില്‍ തിരിഞ്ഞുനിന്ന്, കരങ്ങള്‍ ഉയര്‍ത്തി അഭിവാദ്യംചെയ്തുകൊണ്ടാണ് പാപ്പാ ഫ്രാന്‍സിസ് വിമാനത്തിലേയ്ക്കു കയറിയത്.
പ്രാദേശിക സമയം കൃത്യം 9.51-ന് പാപ്പായുടെ വിമാനം മദ്ധ്യമേരിക്കന്‍ രാജ്യമായ പനാമ ലക്ഷ്യമാക്കി, ശാന്തസമുദ്രത്തിന്‍റെ പടിഞ്ഞാറന്‍ ചക്രവാളത്തിലേയ്ക്ക് പറന്നുയര്‍ന്നു.

പനാമയിലെ സ്വീകരണം
ഏകദേശം 13 മണിക്കൂര്‍ യാത്രചെയ്യുന്ന പാപ്പാ ഫ്രാന്‍സിസ്, ബുധാഴ്ച, പനാമയിലെ സമയം വൈകുന്നേരം 04.30-ന് റ്റോക്യുമന്‍ (Tocumen) രാജ്യാന്തര വിമാനത്താവളത്തില്‍ ഇറങ്ങും. പനാമയുടെ പ്രസിഡന്‍റ്, ജുവാന്‍ കാര്‍ളോ വരേലയും, അവിടത്തെ വത്തിക്കാന്‍റെ സ്ഥാനപതി, ആഡംഷിക് മിറോസ്ലാവ്, രാഷ്ട്രത്തിന്‍റെയും സഭയുടെയും പ്രതിനിധികള്‍, യുവജനങ്ങള്‍, വിശ്വാസസമൂഹം എന്നിവര്‍ ചേര്‍ന്ന് പാപ്പായെ വരവേല്‍ക്കും. തുടര്‍ന്ന് 5 മണിയോടെ വിമാനത്താവളത്തില്‍നിന്നും കാറില്‍ 28 കി.മീ. അകലെ പനാമ നഗരമദ്ധ്യത്തിലെ അപ്പസ്തോലിക സ്ഥാനപതിയുടെ മന്ദിരത്തിലേയ്ക്കു പുറപ്പെടും. അവിടെ അത്താഴം കഴിച്ച് പാപ്പാ വിശ്രമിക്കും.

പാപ്പായുടെ പരിപാടികള്‍
“അങ്ങേ വചനം എന്നില്‍ നിറവേറട്ടെ!” എന്ന മേരിയന്‍ പ്രമേയവുമായിട്ടാണ് യുവജനങ്ങള്‍ പാപ്പാ ഫ്രാന്‍സിസിനോടൊപ്പം പനാമയില്‍ സംഗമിക്കുന്നത്  (ലൂക്കാ 1 37). വിവിധ ഭൂഖണ്ഡങ്ങളില്‍നിന്നുമായി പനാമയില്‍ സംഗമിക്കുന്നത് രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൂന്നു ലക്ഷത്തോളം യുവജനങ്ങളാണ്. ബുധനാഴ്ച മുതല്‍ ഞായറാഴ്ചവരെ അവര്‍, 5 ദിവസങ്ങള്‍ പാപ്പാ ഫ്രാന്‍സിസിനോടൊപ്പം വിവിധ വേദികളിലെ പരിപാടികളുമായി പനാമയില്‍ ചെലവഴിക്കും. 

ഭരണകര്‍ത്താക്കളുമായുള്ള ഒദ്യോഗിക കൂടിക്കാഴ്ചകള്‍, സഭാസ്ഥാപനങ്ങളിലെ സന്ദര്‍ശന പരിപാടികള്‍, ഏതാനും സ്വകാര്യകൂടിക്കാഴ്ചകള്‍ എന്നിവയ്ക്കു പുറമെ, വ്യാഴാഴ്ച -യുവജനോത്സവത്തിന്‍റെ ഉദ്ഘാടനം, വെള്ളിയാഴ്ച – യുവജനങ്ങളുടെ അനുതാപശുശ്രൂഷ, കുരിശിന്‍റെവഴി, ശനിയാഴ്ച - ജാഗരാനുഷ്ഠാനം ദിവ്യകാരുണ്യ ആരാധന, ഞായറാഴ്ച- സമൂഹബലിയര്‍പ്പണം, തുടര്‍ന്ന് സമാപനപരിപാടികള്‍ എന്നിവ സംഗമത്തിലെ ശ്രദ്ധേയമായ ഇനങ്ങളാണ്. യുവജനങ്ങളുടെ എല്ലാപരിപാടികളിലും പാപ്പാ ഫ്രാന്‍സിസ് പങ്കെടുത്ത് അവര്‍ക്കു സന്ദേശം നല്കുകയും, അവരുമായി സംവദിക്കുകയും ചെയ്യും.

യുവജനോത്സവ വേദികള്‍
പനാമയുടെ അതിമനോഹരമായ “സിന്താ കൊസ്തേര” (Cinta Costera) കായല്‍ത്തീര മൈതാനവും, നഗരപ്രാന്തത്തിലെ പ്രകൃതി രമണീയമായ “മെട്രോ പാര്‍ക്കു”മാണ് (Metro Park) യുവജനങ്ങള്‍ക്കൊപ്പമുള്ള പാപ്പാ ഫ്രാന്‍സിസിന്‍റെ പരിപാടികള്‍ക്ക് വേദിയാകുന്നത്.

മടക്കയാത്ര
ഞായറാഴ്ച, ജനുവരി 27-ന് പനാമയിലെ സമയം വൈകുന്നേരം 6.15-ന് റ്റോക്യുമെന്‍ രാജ്യാന്തര വിമാനത്താവളത്തില്‍നിന്നും യാത്രതിരിച്ച്,  28-Ɔο തിയതി തിങ്കളാഴ്ച പ്രാദേശിക സമയം, രാവിലെ 11.50-ന് റോമിലെ ചമ്പീനോ വിമാനത്താവളത്തില്‍ ഇറങ്ങുന്ന പാപ്പാ ഫ്രാന്‍സിസ് കാറില്‍ വത്തിക്കാനിലേയ്ക്ക്  തിരിക്കും.  

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

23 January 2019, 12:07