Bedwin Titus of Jesus Youth Kerala, from Kochi - In Panama with Pope Francis Bedwin Titus of Jesus Youth Kerala, from Kochi - In Panama with Pope Francis 

പാപ്പാ ഫ്രാന്‍സിസിനൊപ്പം ഭക്ഷണംകഴിച്ച മലയാളി യുവാവ്

യുവജനപ്രതിനിധികളുമായി പാപ്പാ ഫ്രാന്‍സിസ് പനാമയില്‍ ഉച്ചഭക്ഷണം കഴിച്ചു.
പനാമയിലെ സെമിനാരിയില്‍ - യുവജന പ്രതിനിധികള്‍ക്കൊപ്പം

പനാമ അതിരൂപതയുടെ വലിയ സെമിനാരി
ശനിയാഴ്ച ജനുവരി 26, രാവിലെ നടന്ന അന്തീഗ്വാ കന്യകാനാഥയുടെ ദേവാലയത്തിന്‍റെ പുനര്‍പ്രതിഷ്ഠയെ തുടര്‍ന്ന് പ്രാദേശിക സമയം 11.45-ന് കാറില്‍ 15 കി. മീ. അകലെ  വിശുദ്ധ യൗസേപ്പിതാന്‍റെ നാമത്തിലുള്ള പനാമ അതിരൂപതയുടെ  വലിയ സെമിനാരിയിലേയ്ക്ക് പാപ്പാ യാത്രയായി. 1970 മെയ് 1, തൊഴിലാളികളുടെ മദ്ധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിന്‍റെ തിരുനാളിലാണ് പനാമ അതിരൂപതയുടെ ഈ സെമിനാരി തുറക്കപ്പെട്ടത്. മദ്ധ്യ അമേരിക്കന്‍ രാജ്യങ്ങളില്‍നിന്നും പനാമയുടെ വിവിധ രൂപതകളില്‍നിന്നുമുള്ള സെമിനാരി വിദ്യാര്‍ത്ഥികളെ പരിശീലിപ്പിക്കാനും പഠിപ്പിക്കുവാനും അവിടെ സൗകര്യമുണ്ട്. സെമിനാരിയുടെ റെക്ടര്‍, ഫാദര്‍ സാന്തിയാഗോ ബെനിത്തേസാണ്.

ഭൂഖണ്ഡങ്ങളുടെ പ്രതിനിധികളായി 10 യുവതീയുവാക്കള്‍
പ്രാദേശിക സമയം 12.15-ന് ബസിലിക്കയില്‍നിന്നും കാറില്‍ 15 കി.മീ. ദൂരം സഞ്ചരിച്ച്
വിശുദ്ധ യൗസേപ്പിതാവിന്‍റെ സെമിനാരിയില്‍ എത്തിയ പാപ്പാ ഫ്രാന്‍സിസിനെ സെമിനാരി റെക്ടര്‍, ഫാദര്‍ സാന്തിയാഗോ ബെനിത്തേസും അദ്ധ്യാപകരായ മറ്റ് 5 വൈദികരും, വൈദികവിദ്യാര്‍ത്ഥികളും വിവിധ ഭൂഖണ്ഡക്കാരും രാജ്യക്കാരുമായ 10 യുവതീയുവാക്കളും യുവജനോത്സവത്തിന്‍റെ സംഘാടക സമിതി അദ്ധ്യക്ഷനായ ആര്‍ച്ചുബിഷപ്പ് ഉളോവയോടൊപ്പം പാപ്പായെ വരവേറ്റു.

പനാമയില്‍ പാപ്പായ്ക്കൊപ്പം  ഭക്ഷണം കഴിച്ച മലയാളി
എല്ലാവരുമായി പരിചയപ്പെട്ടും, കുശലം പറഞ്ഞുമാണ് പാപ്പാ ഫ്രാന്‍സിസ് ഭക്ഷണം കഴിച്ചത്. യുവജനങ്ങളുടെ ചോദ്യങ്ങള്‍ക്കു മറുപടി പറയാനും, സംശയങ്ങള്‍ ദൂരീകരിക്കാനും 82 വയസ്സുകാരന്‍ പാപ്പാ, ഭക്ഷണത്തിനിടയിലും ശുഷ്ക്കാന്തി കാട്ടി. യുവജനപ്രതിനിധികളില്‍ ഒരാള്‍ കേരളത്തിലെ ജീസസ് യൂത്ത് പ്രസ്ഥാനത്തില്‍നിന്നുമുള്ള കൊച്ചി സ്വദേശി ബെഡുവിന്‍ ടൈറ്റസായിരുന്നു. കപ്യൂട്ടര്‍ എഞ്ചിനീയറായ ബെഡുവിന്‍ ജീസസ് യൂത്തിന്‍റെ സജീവ പ്രവര്‍ത്തകനും, കൊച്ചിയില്‍ എസ്.ഡബ്ല്യൂ കമ്പനിയില്‍ (SW Company Kochi) ജോലിചെയ്യുന്നു. മാനേജ്മെന്‍റ് പഠനത്തില്‍ ബിരുദാന്തര ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്. അല്‍മായര്‍ക്കായുള്ള  പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ ക്ഷണപ്രകാരമാണ് കേരളത്തിലെ ജീസസ് യൂത്തിന്‍റെ പ്രതിനിധിയായി ബെഡുവിന്‍ പനാമയില്‍ എത്തിയത്.

ജാഗരപ്രാര്‍ത്ഥനയ്ക്കുള്ള ഒരുക്കം
ഭക്ഷണത്തിനുശേഷം, തൊട്ടടുത്തുള്ള കപ്പേളയില്‍ കുറച്ചു സമയം മൗനമായി പ്രാര്‍ത്ഥിച്ചു. സെമിനാരി റെക്ടറിന് സമ്മാനം നല്കിയ പാപ്പാ, യുവജന പ്രതിനിധികളോടും, അവിടത്തെ 50 സെമിനാരി വിദ്യാര്‍ത്ഥികളോടുമൊപ്പം ഫോട്ടോ എടുക്കാനും സമയം കണ്ടെത്തി. മദ്ധ്യാഹ്നം
1.30-ന് പാപ്പാ കാറില്‍ 9 കി. മീ. അധികം അകലെയുള്ള വത്തിക്കാന്‍ സ്ഥാനപതിയുടെ മന്ദിരത്തിലേയ്ക്കാണ് കാറില്‍ പുറപ്പെട്ടത്. തുടര്‍ന്ന് വൈകുന്നേരത്തെ യുവജനങ്ങളുടെ ജാഗരപ്രാര്‍ത്ഥനയില്‍ പങ്കെടുക്കാന്‍ ഒരുങ്ങുകയും, വിശ്രമിക്കുകയും ചെയ്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

27 January 2019, 19:53