ഫ്രാന്‍സീസ് പാപ്പാ മെട്രൊ പാര്‍ക്കില്‍ വിശുദ്ധ ജോണ്‍പോള്‍ രണ്ടാമന്‍റെ നാമത്തിലുള്ള മൈതാനിയില്‍, യുവജനദിനസമാപനദിവ്യബലി അര്‍പ്പിക്കാന്‍ എത്തുന്നു 27/01/19 ഫ്രാന്‍സീസ് പാപ്പാ മെട്രൊ പാര്‍ക്കില്‍ വിശുദ്ധ ജോണ്‍പോള്‍ രണ്ടാമന്‍റെ നാമത്തിലുള്ള മൈതാനിയില്‍, യുവജനദിനസമാപനദിവ്യബലി അര്‍പ്പിക്കാന്‍ എത്തുന്നു 27/01/19 

യുവജനം ഭാവിയല്ല, വര്‍ത്തമാനകാലം- ഫ്രാന്‍സീസ് പാപ്പാ

സകലരും പറയാന്‍ ഇഷ്ടപ്പെടുന്ന ഒന്നാണ് യുവജനം ഭാവിയാണെന്ന്. എന്നാല്‍ നിങ്ങള്‍ ഭാവിയല്ല, നിങ്ങള്‍ ദൈവത്തിന്‍റെ നാളെയല്ല, പ്രത്യുത ദൈവത്തിന്‍റെ ഈ നിമിഷമാണ്, വര്‍ത്തമാനകാലമാണ്-പാപ്പാ

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ഫ്രാന്‍സീസ് പാപ്പാ, പാനമയില്‍,മെട്രൊ പാര്‍ക്കിലെ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മൈതാനിയില്‍ ഞായറാഴ്ച (27/01/19)  34-Ↄ○ ലോകയുവജനദിനത്തിന്‍റെ സമാപനദിവ്യബലി മദ്ധ്യേ നടത്തിയ വചനസമീക്ഷയിലെ പ്രസക്ത ഭാഗങ്ങള്‍:

“സിനഗോഗില്‍ ഉണ്ടായിരുന്ന എല്ലാവരും അവനെ ഉറ്റു നോക്കിക്കൊണ്ടിരുന്നു. അപ്പോള്‍, അവന്‍ അവരോടു പറയാന്‍ തുടങ്ങി:നിങ്ങള്‍ കേട്ടിരിക്കെത്തന്നെ ഇന്ന് ഈ തിരുവെഴുത്ത് നിറവേറിയിരിക്കുന്നു”. ലൂക്കായുടെ സുവിശേഷം 4:20-21.

ഈ സുവിശേഷവാക്യം അവലംബമാക്കി പാപ്പാ ഇപ്രകാരം തുടര്‍ന്നു:

ഇപ്രകാരമാണ് സുവിശേഷം യേശുവിന്‍റെ പരസ്യജീവിതാരംഭത്തെ അവതരിപ്പിക്കുന്നത്. “ദരിദ്രരോടു സുവിശേഷം അറിയിക്കുകയും തടവുകാര്‍ക്കു മോചനവും അന്ധര്‍ക്ക്  കാഴ്ചയും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് സ്വാതന്ത്ര്യവും കര്‍ത്താവിന്‍റെ കൃപാവത്സരവും പ്രഘോഷിക്കപ്പെടേണ്ട” തന്‍റെ വര്‍ത്തമാനകാലത്തില്‍ പങ്കുചേരാന്‍ നമ്മെയും ക്ഷണിക്കാന്‍ വരുന്ന  ദൈവത്തിന്‍റെ വര്‍ത്തമാനകാലം യേശു വെളിപ്പെടുത്തുകയാണ്. ദൈവത്തിന്‍റെ ഈ നിമിഷം, അഥവാ, വര്‍ത്തമാനകാലം യേശുവഴി സന്നിഹിതമാകുന്നു, അതിന് ഒരു മുഖം ഉണ്ടാകുന്നു, മാംസം ധരിക്കുന്നു, കരുണാര്‍ദ്ര  സ്നേഹമായിത്തീരുന്നു. അതിന്‍റെ ആവിഷ്ക്കാരത്തിന് അത് അനുയോജ്യമോ പരിപൂര്‍ണ്ണമോ ആയ സഹചര്യങ്ങള്‍ കാത്തിരിക്കുകയും ഒഴികഴിവ് സ്വീകരിക്കുകയും ചെയ്യുന്നില്ല. സര്‍വ്വ സാഹചര്യങ്ങളെയും സകലയിടങ്ങളെയും യുക്തവും അവസരങ്ങളുമാക്കി മാറ്റുന്ന ദൈവത്തിന്‍റെ സമയമാണ്  യേശു. ഭാവി വാഗ്ദാനം യേശുവില്‍ തുടക്കമിടുകയും ജീവന്‍ സ്വീകരിക്കുകയും ചെയ്യുന്നു.

ദൈവത്തിന്‍റെ സ്നേഹം മൂര്‍ത്തമാക്കപ്പെടുകയും ചരിത്രത്തിന്‍റെ വേദനാജനകവും സന്തോഷകരവുമായ സകലവിധ പരിവര്‍ത്തനങ്ങളോടുകൂടെ ചരിത്രത്തില്‍ ഏതാണ്ട് അനുഭവവേദ്യമാകുകയും ചെയ്യുന്നു എന്നത് ഉള്‍ക്കൊള്ളുന്നതിന് നമുക്ക് ബുദ്ധിമുട്ടനുഭവപ്പെടുന്നു. ദൈവം സത്യമാണ്, എന്തെന്നാല്‍ സ്നേഹം സത്യമാണ്. ദൈവം സമൂര്‍ത്തമാണ്, എന്തെന്നാല്‍ സ്നേഹം സമൂര്‍ത്തമാണ്. സത്യത്തില്‍         “സ്നേഹത്തിന്‍റെ ഈ സമൂര്‍ത്തതയാണ് ക്രിസ്തീയജീവിതത്തിന്‍റെ സത്താപരമായ ഘടകങ്ങളില്‍ ഒന്ന്”

എന്നാല്‍ യേശുവിനെ ശ്രവിച്ചവരില്‍ ഒരു വിഭാഗത്തിന് തങ്ങള്‍ ക്ഷണിക്കപ്പെട്ടവരാണ് അല്ലെങ്കില്‍ വിളിച്ചുകൂട്ടപ്പെട്ടവരാണ് എന്ന അവബോധം ഉണ്ടായില്ല. “അവന്‍ യൗസേപ്പിന്‍റെ മകനല്ലേ” എന്നു ചിലര്‍ ചോദിച്ചു.

സുവിശേഷത്തിലെ സംഭവം നമ്മുടെ സമൂഹങ്ങളിലും ആവര്‍ത്തിക്കപ്പെടുമ്പോള്‍      നസ്രത്തിലെ ജനങ്ങള്‍ക്കു പറ്റിയ തെറ്റ് നമുക്കും സംഭവിക്കാവുന്ന അപകടമുണ്ട്. ദൈവരാജ്യത്തിന്‍റ പ്രവാചകസ്വരമാകാന്‍, ദൈവരാജ്യത്തിന്‍റെ വിളംബരമാകാന്‍ ജന്മം കൊണ്ടവനെ കേവലം സമൂഹത്തിലെ ഒരു സാധാരണക്കാരനാക്കി നാം തരം താഴ്ത്തും. ദൈവത്തിന്‍റെ വചനത്തെ സാമൂഹ്യവത്ക്കരിക്കുന്ന പ്രലോഭനം സാധാരണമായിരിക്കുന്നു.

പ്രിയയുവജനങ്ങളേ, നിങ്ങളുടെ ദൗത്യവും വിളിയും നിങ്ങളുടെ ജീവിതം പോലും, വര്‍ത്തമാനകാലവുമായി യാതൊരു ബന്ധവുമില്ല, എല്ലാം ഭാവിയുമായി ബന്ധപ്പെട്ട വാഗ്ദാനമാണ് എന്ന് ചിന്തിക്കുമ്പോഴെല്ലാം നിങ്ങള്‍ക്കും ഇതു സംഭവിക്കുന്നു. തന്‍റെ   ഊഴം പ്രതീക്ഷിച്ച് കാത്തിരിപ്പുശാലയില്‍ കഴിയുന്നവരുടെ പര്യായമാണ് യുവജനം എന്നു തോന്നിപ്പോകും.

സകലരും പറയാന്‍ ഇഷ്ടപ്പെടുന്ന ഒന്നാണ് യുവജനം ഭാവിയാണെന്ന്. എന്നാല്‍ നിങ്ങള്‍ ഭാവിയല്ല, നിങ്ങള്‍ ദൈവത്തിന്‍റെ നാളെയല്ല, പ്രത്യുത ദൈവത്തിന്‍റെ ഈ നിമിഷമാണ്, വര്‍ത്തമാനകാലമാണ്. ദൈവം നിങ്ങളെ വിളിച്ചുകൂട്ടുന്നു, നിങ്ങളുടെ മുത്തശ്ശീമുത്തശ്ശന്മാരെയും മുതിര്‍ന്നവരെയും തേടിയിറങ്ങാന്‍ നിങ്ങളുടെ സമൂഹത്തിലും പട്ടണത്തിലും  അവിടന്ന് നിങ്ങളെ വിളിക്കുന്നു. എഴുന്നേറ്റ് അവരോടൊപ്പം സ്വതന്ത്രമായി സംസാരിക്കുകയും ദൈവത്തിന് നിങ്ങളെക്കുറിച്ചുള്ള സ്വപ്നം സാക്ഷാത്ക്കരിക്കുകയും ചെയ്യുക. നിങ്ങള്‍ക്ക് ഒരു ദൗത്യമുണ്ടെന്ന അവബോധം പുലര്‍ത്തുകയും കര്‍ത്താവിനാല്‍ സ്നേഹിക്കപ്പെടാന്‍ നിങ്ങള്‍ നിങ്ങളെ വിട്ടുകൊടുക്കുകയും ചെയ്യുക. കര്‍ത്താവ് സകലവും തീരുമാനിച്ചുകൊള്ളും.

പ്രിയ യുവജനമേ, യേശുവിന്‍റെ സ്നേഹം നിങ്ങളുടെ ജീവിതത്തില്‍ സമൂര്‍ത്തമാക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ? സഭയ്ക്കും ലോകത്തിനും പുതിയൊരു പന്തക്കുസ്താ പരിശുദ്ധാരൂപി സമ്മാനിക്കുന്നതിനുള്ള പ്രവേശന കവാടം നിങ്ങളു‍ടെ സമ്മതമായിരിക്കട്ടെ.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

28 January 2019, 13:05