തിരയുക

Vatican News
ഫ്രാന്‍സീസ് പാപ്പാ, പൊതുകൂടിക്കാഴ്ചാവേളയില്‍, വത്തിക്കാനിലെ പോള്‍ ആറാമന്‍ ശാലയില്‍ 30/01/19 ഫ്രാന്‍സീസ് പാപ്പാ, പൊതുകൂടിക്കാഴ്ചാവേളയില്‍, വത്തിക്കാനിലെ പോള്‍ ആറാമന്‍ ശാലയില്‍ 30/01/19  (AFP or licensors)

പാനമ സന്ദര്‍ശനം - പുനരവലോകനം!

ക്രൈസ്തവയുവത, ലോകത്തില്‍, സമാധാനത്തിന്‍റെ പുളിമാവാണ്- പാപ്പായുടെ പൊതുകൂടിക്കാഴ്ചാ പ്രഭാഷണം

ജോയി കരിവേലി, വത്തിക്കാന്‍സിറ്റി

റോമില്‍ അതിശൈത്യം അനുഭവപ്പെട്ട ഒരു ദിനമായിരുന്നു ഈ ബുധനാഴ്ച (30/01/19). താപ നില ന്യൂനം ഒന്നുവരെ, അതായത് -1 സെല്‍ഷ്യസ് ഡിഗ്രി വരെ, താണു. എന്നിരുന്നാലും ഫ്രാന്‍സീസ് പാപ്പാ  പതിവനുസരിച്ച്, വത്തിക്കാനില്‍ അനുവദിച്ച പ്രതിവാര പൊതുകൂടിക്കാഴ്ചയില്‍ പങ്കെടുക്കുന്നതിന് വിവിധരാജ്യക്കാരായിരുന്ന തീര്‍ത്ഥാടകരും സന്ദര്‍ശകരുമായി ഏഴായിരത്തിലേറെപ്പേര്‍ എത്തിയിരുന്നു. വിശുദ്ധ പത്രോസിന്‍റെ  ബസിലിക്കയുടെ അടുത്തുള്ള അതിവിശാലമായ പോള്‍ ആറാമന്‍ ശാല ആയിരുന്നു പൊതുദര്‍ശനപരിപാടിയുടെ വേദി ഈ ആഴ്ചയും. പാപ്പാ ശാലയിലെത്തിയപ്പോള്‍  കരോഘോഷവും ആനന്ദാരവങ്ങളുമുയര്‍ന്നു. കഴിഞ്ഞ ബുധനാഴ്ച താന്‍ ലോകയുവജനദിനാഘോഷത്തില്‍ പങ്കുചേരുന്നതിന് പാനമയിലേക്കു യാത്രപുറപ്പെട്ടതിനാല്‍ അന്നുമുടങ്ങിയ പ്രതിവാരപൊതുദര്‍ശനം പുനരാരംഭിക്കുന്നതിന് ശാലയിലെത്തിയ പാപ്പാ ഏവര്‍ക്കും അഭിവാദ്യമര്‍പ്പിച്ചുകൊണ്ട്, ജനങ്ങള്‍ക്കിടയിലൂടെ, പ്രത്യേകം തിരിച്ചിരുന്ന, ഇടനാഴിയിലൂടെ സാവധാനം നീങ്ങി. കുഞ്ഞുങ്ങളെ തൊട്ടുതലോടുകയും ആശീര്‍വദിക്കുകയും സ്നേഹചുംബനമേകുകയും മുതിര്‍ന്നവരില്‍ ചിലരുമായി കുശലം  പറയുകയും ചെയ്യുന്നുണ്ടായിരുന്നു പാപ്പാ. പാപ്പയുടെ കരസ്പര്‍ശനത്തിനായും പാപ്പായ്ക്ക് ചെറുസമ്മാനങ്ങളേകാനും കരങ്ങള്‍ നീളുന്നതും കാണാമായിരുന്നു. ഇതിനിടയ്ക്ക് ഒരു യുവാവ് വച്ചു നീട്ടിയ പാനീം പാപ്പാ രുചിച്ചു നോക്കി.   പ്രസംഗവേദിയിലെത്തിയ പാപ്പാ, റോമിലെ സമയം രാവിലെ 09.30 ഓടെ, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 2 മണിയോടെ, ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന്  വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണമായിരുന്നു.

സുവിശേഷം

“ മറിയം പറഞ്ഞു: ഇതാ കര്‍ത്താവിന്‍റെ ദാസി! നിന്‍റെ വാക്ക് എന്നില്‍ നിറവേറട്ടെ! അപ്പോള്‍ ദൂതന്‍ അവളുടെ മുമ്പില്‍ നിന്നു മറഞ്ഞു.39 ആദിവസങ്ങളില്‍, മറിയം യൂദയായിലെ മലമ്പ്രദേശത്തുള്ള ഒരു പട്ടണത്തിലേക്കു തിടുക്കത്തില്‍ യാത്രപുറപ്പെട്ടു” (ലൂക്കായുട സുവിശേഷം 1:38-39)                 

ഈ വിശുദ്ധഗ്രന്ഥഭാഗം വായിക്കപ്പെട്ടതിനുശേഷം, ജനസഞ്ചയത്തെ സംബോധനചെയ്ത പാപ്പാ ഇക്കഴിഞ്ഞ 23 മുതല്‍ 28 വരെ (23-28/01/19) നീണ്ട പാനമ സന്ദര്‍ശനം പുനരവലോകനം ചെയ്തു. 

പാപ്പായുടെ ഇറ്റാലിയന്‍ ഭാഷയിലായിരുന്ന റെ മുഖ്യ പ്രഭാഷണത്തിന്‍റെസംഗ്രഹം:

പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം,

ഇക്കഴിഞ്ഞ ദിനങ്ങളില്‍ പാനമയില്‍ ഞാന്‍ നടത്തിയ അപ്പസ്തോലികയാത്രയെക്കുറിച്ച് ഇന്ന് ഞാന്‍ നിങ്ങളുമായി പങ്കുവയ്ക്കയാണ്. അന്നാട്ടിലെ സഭയ്ക്കും ആ ജനതയ്ക്കും കര്‍ത്താവേകിയ കൃപയ്ക്ക് എന്നോടൊപ്പം നന്ദിയേകാന്‍ ഞാന്‍ നിങ്ങളെ ക്ഷണിക്കുകയാണ്. എനിക്കേകിയ സ്നേഹോഷ്മള സ്വീകരണത്തിന് ഞാന്‍, പാനമയുടെ പ്രസിഡന്‍റിനും ഇതര അധികാരികള്‍ക്കും മെത്രാന്മാര്‍ക്കും നിരവധിയായിരുന്ന സന്നദ്ധസേവകര്‍ക്കും നന്ദിപറയുന്നു. വലിയ വിശ്വാസത്തോടും ഉത്സാഹത്തോടും കൂടി എന്നെ സര്‍വ്വത്ര അഭിവാദ്യം ചെയ്യാനെത്തിയ ജനങ്ങളിലും തെളിഞ്ഞുനിന്നിരുത് ഇതേ വികാരമായിരുന്നു. എന്‍റെ ഹൃദയത്തെ സ്പര്‍ശിച്ച ഒരുകാര്യം, ജനങ്ങള്‍ കുഞ്ഞുങ്ങളെ കരങ്ങളില്‍ ഉയര്‍ത്തിപ്പിടിച്ചിരുന്നതാണ്. ഇതാ എന്‍റെ അഭിമാനം ഇതാ എന്‍റെ  ഭാവിയെന്ന വിളിച്ചു പറയുന്നതു പോലെയായിരുന്നു പേപ്പല്‍ വാഹനം കടന്നുപോകവെ അവര്‍ കുഞ്ഞുങ്ങളെ ഉയര്‍ത്തിപ്പിടിച്ചിരുന്നത്. ഈ പ്രവര്‍ത്തിയില്‍ അന്തര്‍ലീനമായിരിക്കുന്നത് എത്രമാത്രം ഔന്നത്യമാണെന്നും യൂറോപ്പില്‍ ജനസംഖ്യാപരമായ ശീതകാലത്തില്‍ നമ്മള്‍ ജീവിക്കുമ്പോള്‍ ഇത് എത്രമാത്രം വാചാലമാണെന്നും ഞാന്‍ ചിന്തിച്ചു. ആ കുടുംബങ്ങളുടെ അഹങ്കാരമാണ് കുട്ടികള്‍. ഭാവിയുടെ സുരക്ഷിതത്വമാണ് കുട്ടികള്‍. കുട്ടികളില്ലാതെ വരുമ്പോള്‍ സംഭവിക്കുന്ന ജനസംഖ്യാ ശൈത്യം രൂക്ഷമാണ്. അങ്ങനെയല്ലേ?

എന്‍റെ യാത്രയുടെ ലക്ഷ്യം ലോകയുവജനോത്സവമായിരുന്നു. എന്നിരുന്നാലും യുവജനങ്ങളുമായുള്ള എല്ലാ കൂടിക്കാഴ്ചകളിലും അന്നാടിന്‍റെ ഇതര യാഥാര്‍ത്ഥ്യങ്ങളുമായുള്ള സമാഗമങ്ങള്‍ ഇഴചേര്‍ക്കപ്പെട്ടു. പൗരാധികാരികള്‍, മെത്രാന്മാര്‍, യുവതടവുകാര്‍, സമര്‍പ്പിതര്‍, എയ്ഡ്സ് രോഗികള്‍ക്ക് പരിചരണമേകുന്ന ഭവനത്തിലെ അംഗങ്ങള്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. എല്ലാവര്‍ക്കും, പാനമയ്ക്കും നിരവധിയായ ദുന്തങ്ങളാല്‍ മുദ്രിതവും പ്രത്യാശയും സമാധാനവും നീതിയും ആവശ്യമുള്ളതുമായ മദ്ധ്യഅമേരിക്കയ്ക്കു മുഴുവനും ഒരുത്സവമായിരുന്നു.

ഈ ലോക യുവജനദിനത്തിനു മുമ്പ് തദ്ദേശീയരും ആഫ്രൊഅമേരിക്കന്‍ വംശജരുമായ യുവജനങ്ങളുടെ പഞ്ചദിന സംഗമം നടന്നു. ആ സംഗമം ലോകയുവജനദിനാഘോഷത്തിനുള്ള കവാടം തുറന്നു. ഈ സമാഗമം ലത്തീനമേരിക്കയിലെ സഭയുടെ വൈവിധ്യമാര്‍ന്ന വദനങ്ങള്‍ക്കാവിഷ്ക്കാരമേകുന്ന സുപ്രധാനമായ ഒരു സംഭവം ആയിരുന്നു. ലോകത്തിന്‍റെ വിവിധഭാഗങ്ങളില്‍ നിന്നെത്തിയ യുവജനസംഘങ്ങള്‍ ലോകയുവജനോത്സവത്തിന്‍റെ തനതായ, വദനങ്ങളുടെയും ഭാഷകളുടെയും സ്വരലയം തീര്‍ത്തു. കൂടിക്കാഴ്ച്ചനടത്തുന്നതില്‍ ആനന്ദതുന്ദിലാരായ യുവതീയുവാക്കളുടെ കരങ്ങളില്‍ പതാകകള്‍ ഏന്തിയിരിക്കുന്നതും ആ പതാകകള്‍ അവരുടെ കരങ്ങളില്‍ പാറുന്നതും കാണുന്നത് ഒരു പ്രവാചക ചിഹ്നം ആണ്. മതിലുകളുയര്‍ത്തുകയും സാര്‍വ്വത്രികതയുടെ വാതില്‍ കൊട്ടിയടയ്ക്കുകയും ചെയ്യുന്ന, ഇന്നിന്‍റെ സംഘര്‍ഷാത്മകദേശീയവാദത്തിന്‍റെ ഖേദകരമായ പ്രവണതകളുടെ ഒഴുക്കിനെതിരായ ഒരടയാളമാണ്. അത് ക്രൈസ്തവ യുവത ലോകത്തില്‍ സമാധാനത്തിന്‍റെ പുളിമാവാണ് എന്നതിന്‍റെ അടയാളമാണ്.

പരിശുദ്ധ മറിയത്തിന്‍റെ മുദ്രപതിഞ്ഞ ഒരു യുവജനോത്സവമായിരുന്നു ഇത്. എന്തെന്നാല്‍ “ഇതാ കര്‍ത്താവിന്‍റെ ദാസി, നിന്‍റെ വാക്ക് എന്നില്‍ നിറവേറട്ടെ” എന്ന് മറിയം ദൈവദൂതനോടു പറഞ്ഞ ഈ വാക്കുകളായിരുന്നു ഈ യുവജനദിനാഘോഷത്തിന്‍റെ ആദര്‍ശപ്രമേയം.

ലോകയുവജനോത്സവത്തിന്‍റെ വിവിധ ഘട്ടങ്ങളില്‍ എന്നും കുരിശിന്‍റെ വഴിയുണ്ട്. യേശുവിന്‍റെ പിന്നാലെ മറിയത്തോടൊപ്പം നടക്കുക ക്രിസ്തീയ ജീവിതത്തിന്‍റെ  വിദ്യാലയമാണ്. ഞാന്‍ നിങ്ങളോട് ഒരു രഹസ്യം പറയാം, അതായത്, കുരിശിന്‍റെ  വഴി എനിക്ക് ഏറെ ഇഷ്ടമാണ്. കാരണം അത് യേശുവിന്‍റെ പിന്നാലെ മറിയത്തോടൊപ്പം സഞ്ചരിക്കലാണ്. മദ്ധ്യ അമേരിക്കയിലും ലോകമാസകലവും യാതനകളനുഭവിക്കുന്ന നിരവധിയായ സഹോദരീസഹോദരന്മാരുടെ അവസ്ഥകളുടെ ഭാരം പാനമയില്‍ യുവജനം യേശുവിനോടും മറിയത്തോടും കൂടെ ചുമന്നു. യാതനകളനുഭവിക്കുന്ന ഈ സഹോദരങ്ങളില്‍ വിവിധരൂപങ്ങളിലുള്ള അടിമത്തത്തിന്‍റെയും ദാരിദ്ര്യത്തിന്‍റെയും ഇരകളുണ്ട്. ഈയൊരര്‍ത്ഥത്തില്‍ കുട്ടികള്‍ക്കായുള്ള ദുര്‍ഗുണപരിഹാരപാഠശാലയായ കേന്ദ്രത്തില്‍ നടത്തിയ അനുതാപ ശുശ്രൂഷയും എച്ച് ഐവി-എയ്ഡ്സ് ബാധിതരായവര്‍ക്കായുള്ള നല്ലസമറയാക്കാരന്‍റെ  നാമത്തിലുള്ള ഭവന സന്ദര്‍ശനവും സാരസാന്ദ്രങ്ങളായിരുന്നു.

യുവജനോത്സവത്തിന്‍റെയും അപ്പസ്തോലികയാത്രയുടെയും ഉച്ചകോടി യുവജനങ്ങളുമൊത്തുള്ള ജാഗരപ്രാര്‍ത്ഥനാ ശുശ്രൂഷയും ദിവ്യബലിയുമായിരുന്നു. ദിവ്യബലിയില്‍ ഞാന്‍ യുവതയോടു വീണ്ടും സംസാരിച്ചു. സുവിശേഷം ഇന്ന്, ജീവിക്കാന്‍ ഞാന്‍ ലോകയുവതയെ ക്ഷണിച്ചു. കാരണം യുവജനങ്ങള്‍ “നാളെ” അല്ല, അവര്‍ “നാളെയ്ക്കു” വേണ്ടിയുള്ള “ ഇന്ന്” അല്ല. അവര്‍ “ഇടവേള” അല്ല. അവര്‍ “ഇന്ന്” ആണ്. സഭയുടെയും ലോകത്തിന്‍റെയും “ഇന്ന്” ആണ്. പുതിയ തലമുറകള്‍ക്ക്  വിദ്യഭ്യാസത്തിന്‍റെയും തൊഴിലിന്‍റെയും സമൂഹവത്തിന്‍റെയും കുടുംബത്തിന്‍റെയും അഭാവം ഉണ്ടാകാതിരിക്കുന്നതിനുവേണ്ടി പരിശ്രമിക്കാന്‍ ഞാന്‍ മുതിര്‍ന്നവരോട് അഭ്യര്‍ത്ഥിച്ചു.

മദ്ധ്യ അമേരിക്കയിലെ മെത്രാന്മാരുമായുള്ള കൂടിക്കാഴ്ച എനിക്ക് സവിശേഷ സാന്ത്വനത്തിന്‍റെ നിമിഷമായിരുന്നു. പാനമയില്‍, ല അന്തീഗ്വ പരിശുദ്ധ മറിയത്തിന്‍റെ നാമത്തിലുള്ള പുതുക്കിപ്പണിയപ്പെട്ട‍ കത്തീദ്രലിന്‍റെ അള്‍ത്താരയുടെ ആശീര്‍വ്വാദകര്‍മ്മം   ശക്തമായ പ്രതീകാത്മക മൂല്യം ഉള്ളതായിരുന്നു. യേശുക്രിസ്തുവിന്‍റെ യുവ പ്രേഷിതശിഷ്യര്‍ക്ക് ലോകത്തില്‍ തീര്‍ത്ഥാടനം തുടരുന്നതിനും ലോകമെങ്ങും പരക്കുന്നതിനും പരിശുദ്ധാരൂപിയില്‍നിന്ന് ജീവന്‍റെ ശക്തിയാര്‍ജ്ജിക്കാന്‍  പാനമയിലെയും ലോകം മുഴുവനിലെയും സഭാകുടുംബത്തിന് സാധിക്കട്ടെ.

നന്ദി.  

30 January 2019, 12:57