Panamian mural getting ready for World Youth Day Panamian mural getting ready for World Youth Day 

പാപ്പാ ഫ്രാന്‍സിസിനെ സ്വീകരിക്കാന്‍ പനാമ ഒരുങ്ങുന്നു!

“അങ്ങേ വചനം എന്നില്‍ നിറവേറട്ടെ!” എന്ന മേരിയന്‍ പ്രമേയവുമായിട്ടാണ് യുവജനങ്ങള്‍ പാപ്പാ ഫ്രാന്‍സിസിനോടൊപ്പം പനാമയില്‍ സംഗമിക്കുന്നത് (ലൂക്കാ 1 37).

- ഫാദര്‍ വില്യം  നെല്ലിക്കല്‍

മദ്ധ്യ അമേരിക്കന്‍ രാജ്യമായ പനാമയില്‍ അരങ്ങേറുന്ന ആഗോള യുവജനോത്സവത്തില്‍ പങ്കെടുക്കാനാണ് ജനുവരി 23-‍Ɔο തിയതി ബുധനാഴ്ച പാപ്പാ ഫ്രാന്‍സിസ് പനാമയിലെത്തുന്നത്.
ലോകത്തിന്‍റെ വിവിധ ഭൂഖണ്ഡങ്ങളില്‍നിന്നുമായി പനാമയില്‍ സംഗമിക്കുന്ന രണ്ടു ലക്ഷത്തില്‍ അധികംവരുന്ന യുവജനങ്ങള്‍ക്കൊപ്പം 5 ദിവസങ്ങള്‍ പാപ്പാ ഫ്രാന്‍സിസ് ചിലവഴിക്കും. ഭരണകര്‍ത്താക്കളുമായുള്ള ഒദ്യോഗിക കൂടിക്കാഴ്ചകള്‍ക്കും, മറ്റു സന്ദര്‍ശന പരിപാടികള്‍ക്കും പുറമെ യുവജനോത്സവത്തിന്‍റെ ഉദ്ഘാടനം, കുരിശിന്‍റെവഴി, ജാഗരാനുഷ്ഠാനം, ദിവ്യകാരുണ്യാരാധന, സമൂഹബലിയര്‍പ്പണം എന്നിവയ്ക്ക് പനാമയുടെ അതിമനോഹരമായ “സിന്താ കൊസ്തേര” (Cinta Costera) കായല്‍ത്തീര മൈതാനത്തിലെയും, നഗരപ്രാന്തത്തിലെ പ്രകൃതി രമണീയമായ “മെട്രോ പാര്‍ക്കി”ലെയും (Metro Park) വേദികളില്‍ പാപ്പാ ഫ്രാന്‍സിസ് നേതൃത്വംനല്കും. യുവജനങ്ങളുടെ എല്ലാപരിപാടികളിലും പങ്കെടുക്കുന്ന പാപ്പാ ജനുവരി 28-Ɔο തിയതി തിങ്കളാഴ്ച രാവിലെ വത്തിക്കാനില്‍ തിരിച്ചെത്തും.

പാനാമയിലെ ആഗോള യുവജനോത്സവത്തിലെ
പരിപാടികളുടെ വിശദാംശങ്ങള്‍ താഴെ ചേര്‍ക്കുന്നു :

2019 ജനുവരി 23 ബുധനാഴ്ച
പ്രാദേശിക സമയം 9.35-ന് റോമിലെ ഫുമിചീനോ (Fumicino) രാജ്യാന്തര വിമാനത്താവളത്തില്‍നിന്നും  പാപ്പാ ഫ്രാന്‍സിസ് പനാമയിലേയ്ക്ക് പുറപ്പെടും.
വൈകുന്നേരം 04.30-ന് പനാമയിലെ റ്റോക്യുമന്‍ (Tocumen) രാജ്യാന്തര വിമാനത്താവളത്തില്‍ ഇറങ്ങും.  സ്വീകരണച്ചടങ്ങിനെ തുടര്‍ന്ന്  04.50-ന് പനാമയിലെ വത്തിക്കാന്‍റെ സ്ഥാനപതിയുടെ മന്ദിരത്തിലേയ്ക്കു റോഡുമാര്‍ഗ്ഗം പുറപ്പെടും.  പാപ്പാ അന്ന് അവിടെ വിശ്രമിക്കും.

24 ജനുവരി വ്യാഴാഴ്ച

പ്രാദേശിക സമയം രാവിലെ
09.45 പ്രസിഡന്‍ഷ്യല്‍ മന്ദിരത്തിലെ (Palacio de las Garzas) ഔദ്യോഗിക സ്വീകരണച്ചടങ്ങാണ്.       
10.40 പ്രസിഡന്‍റുമായുള്ള സ്വകാര്യകൂടിക്കാഴ്ച
11.45 മദ്ധ്യമേരിക്കന്‍ രാജ്യങ്ങളിലെ മെത്രാന്മാരുമായുള്ള കൂടിക്കാഴ്ച
പനാമ നഗരമദ്ധ്യത്തിലുള്ള അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസിന്‍റെ ഭദ്രാസന ദേവാലയത്തില്‍

5.30 വൈകുന്നേരം

ലോകയുവജനോത്സവത്തിന്‍റെ ഉദ്ഘാടനകര്‍മ്മവും യുവജനങ്ങളുടെ സാംസ്ക്കാരിക പരിപാടികളും “കന്യകാനാഥയുടെ വേദി”യെന്ന് നാമകരണം ചെയ്യപ്പെട്ടിട്ടുള്ള “സിന്താ കോസ്തേര” തീരമൈതാനിയില്‍ അരങ്ങേറും.

25 ജനുവരി വെള്ളിയാഴ്ച
രാവിലെ 10.30 പ്രായപൂര്‍ത്തിയെത്താത്ത കുട്ടികളുടെ തടവറ (Las Garzas de Pacora) സന്ദര്‍ശിച്ച്, അവര്‍ക്കുവേണ്ടിയുള്ള ലളിതമായ അനുതാപശുശ്രൂഷ പാപ്പാ നടത്തും.
11.50-ന് ഹെലിക്കോപ്റ്ററില്‍ വത്തിക്കാന്‍ സ്ഥാനപതി മന്ദിരത്തിലേയ്ക്കും മടങ്ങും.
വൈകുന്നേരം 5.30-ന് യുവജനങ്ങള്‍ക്കൊപ്പമുള്ള കുരിശിന്‍റെവഴി – കന്യകാനാഥയുടെ നാമത്തില്‍ സിന്താ കോസ്തേരായിലെ സംഗമ വേദിയില്‍ നടത്തപ്പെടും

26 ശനിയാഴ്ച

രാവിലെ 9.15-ന് കന്യകാനാഥയുടെ നാമത്തിലുള്ള പുനരുത്ഥരിക്കപ്പെട്ട പുരാതന ബസിലിക്കയില്‍ (Cathedral Basilica of Santa Maria la Antigua) വൈദികര്‍ക്കും സന്ന്യസ്തര്‍ക്കും അല്‍മായരുടെ സംഘടനാ പ്രതിനിധികള്‍ക്കുമൊപ്പം പാപ്പാ സമൂഹബലിയര്‍പ്പിക്കും, നവീകരിക്കപ്പെട്ട അള്‍ത്താരവേദി ആശീര്‍വ്വദിക്കും.
12.15-ന് വിശുദ്ധ യൗസേപ്പിതാവിന്‍റെ നാമത്തിലുള്ള വലിയ സെമിനാരിയില്‍ യുവജനപ്രതിനിധികള്‍ക്കൊപ്പം പാപ്പാ ഉച്ചഭക്ഷണം കഴിക്കും.

വൈകുന്നേരം 6.30-ന്
വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെ നാമത്തിലുള്ള മെട്രോ പാര്‍ക്കില്‍ സംഘടിപ്പിക്കുന്ന യുവജനങ്ങളുടെ ജാഗരപ്രാര്‍ത്ഥനയ്ക്കും, ആരാധനയ്ക്കും പാപ്പാ ഫ്രാന്‍സിസ് നേതൃത്വംനല്കും, സമാപനമായി പരിശുദ്ധകുര്‍ബ്ബാനയുടെ ആശീര്‍വ്വാദംനല്കും.

27 ഞായറാഴ്ച

രാവിലെ 08.00 മണിക്ക് ജോണ്‍ പോള്‍ രണ്ടാമന്‍ മൈതാനം എന്നു വിളിക്കുന്ന “മെട്രോ പാര്‍ക്കില്‍” (Metro Park) പാപ്പാ ഫ്രാന്‍സിസ് യുവജനങ്ങള്‍ക്കൊപ്പം സമൂഹബലിയര്‍പ്പിക്കും  വചനചിന്തകള്‍ പങ്കുവയ്ക്കും. ദിവ്യബലിയുടെ അന്ത്യത്തില്‍ പാപ്പാ ഫ്രാന്‍സിസ് അടുത്ത ലോകയുവജനോത്സവത്തിന്‍റെ വേദി പ്രഖ്യാപിക്കുന്ന ചടങ്ങും നടക്കും.
10.45-ന് സ്ഥലത്തെ “നല്ല സമറിയക്കാരന്‍” ഭവനത്തിലെ (HIV) എയിഡ്സ് രോഗബാധിതരെ സന്ദര്‍ശിക്കും.  അവിടെവച്ച് മദ്ധ്യാഹ്നം 12.00 മണിക്ക്  സന്ദേശം നല്കിയശേഷം ജനങ്ങള്‍ക്കൊപ്പം ത്രികാലപ്രാര്‍ത്ഥന ചൊല്ലുകയും,  അപ്പസ്തോലിക ആശീര്‍വ്വാദം നല്കുകയും ചെയ്യും. 

വൈകുന്നേരം 4.30-ന്
ലോകയുവജനോത്സവത്തിലെ സന്നദ്ധസേവകരുടെ കൂട്ടായ്മയുമായി (Volunteers of WYD Panama) പനാമയിലെ റൊമേല്‍ ഫെര്‍ണാണ്ടസ് സ്റ്റേഡിയത്തില്‍ പാപ്പാ ഫ്രാന്‍സിസ് നേര്‍ക്കാഴ്ച നടത്തും.
06.00 മണിക്ക് പനാമ രാജ്യാന്തര വിമാനത്താവളത്തില്‍ എത്തുന്ന പാപ്പാ ഫ്രാന്‍സിസ്,  പ്രസിഡന്‍റ് ജുവാന്‍ കാര്‍ളോസ് വരേലായുടെ നേതൃത്വത്തിലുള്ള യാത്രയയപ്പില്‍ പങ്കെടുക്കും.
06.15-ന് പാപ്പാ  റോമിലേയ്ക്കുള്ള മടക്കയാത്ര ആരംഭിക്കും.

28 ജനുവരി തിങ്കളാഴ്ച
രാവിലെ 11.50-ന് പാപ്പാ ഫ്രാന്‍സിസ് റോമിലെ ചമ്പീനോ വിമാനത്താവളത്തില്‍ ഇറങ്ങി, കാറില്‍  വത്തിക്കാനിലേയ്ക്ക് മടങ്ങും.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

16 January 2019, 17:57